പ്രവാസം, ഒരിക്കല്‍ രുചിച്ചാൽ വീണ്ടും വീണ്ടും തിരികെ വിളിക്കുന്നൊരു പ്രതിഭാസമാണ്

By Deshantharam Series  |  First Published Feb 2, 2019, 1:37 PM IST


അന്നുമുതൽ വിശാലമായ ഓഫീസ് കോംപൌണ്ടിലെ പോർട്ടോകേബിനിലായി എന്റെ പൊറുതി. അത്രനാളും വെള്ളമെടുത്തൊഴിച്ച് വീടു മൊത്തം കഴുകുകയും തുടക്കുകയും ചെയ്തു ശീലിച്ച ഏതൊരു മലയാളിയെയും പോലെ പോർട്ടോ കേബിനിലെ ക്ലീനിംങ്ങും കുക്കിംങ്ങും കുളിയും എന്നെ സംബന്ധിച്ച് ശരിക്കുമൊരു അഭ്യാസം തന്നെയായിരുന്നു. 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Latest Videos

undefined

സൗദി ജീവിതത്തിന് തിരശ്ശീലയിട്ട ശേഷം ഏതൊരു പ്രവാസിയെയും പോലെ സ്വന്തം നാട്ടിൽ ജീവിക്കാനുള്ള കൊതിയോടെ, പല പരിപാടികളും നടത്തിയെങ്കിലും ഒന്നും കരപറ്റാതെ മറ്റൊരു ഭാഗ്യപരീക്ഷണമെന്ന നിലയില്‍ മസ്ക്കറ്റിലെക്ക് പോയ രാജീവേട്ടനു പിറകെ ഞാനും കടലു കടന്നു .

പ്രവാസം അങ്ങനെയാണ്, ഒരിക്കല്‍ രുചിച്ചാൽ വീണ്ടും വീണ്ടും തിരികെ വിളിക്കുന്നൊരു പ്രതിഭാസമാണത്. സത്യം പറഞ്ഞാൽ മിഡിൽ ക്ലാസ്സ് ഫാമിലിയിലെ വീട്ടമ്മമാര്‍, പകൽ സമയം ഫ്ലാറ്റിലെ നാലു ചുമരുകൾക്കുള്ളിൽ കിടന്നു വീർപ്പുമുട്ടിയാലും അവർ ഭർത്താവിന്റെ കൂടെ കഴിയാനാണ് ആഗ്രഹിക്കുക എന്ന് തോന്നാറുണ്ട്.

മരുഭൂമി അല്ലെങ്കിലും, ഇടയ്ക്ക് ചില പാമ്പിനെ ഒക്കെ കാണാറുണ്ട്

മസ്ക്കറ്റിനടുത്ത് ഗാല എന്ന സ്ഥലത്തായിരുന്നു രാജീവേട്ടനു ജോലി ശരിയായത്. രണ്ടുമാസം കൊണ്ടുതന്നെ എന്‍റെ വിസയും അനുവദിച്ചു. മസ്ക്കറ്റിലെക്ക് പുറപ്പെടുന്നതിനോടടുത്തപ്പോൾ, ഫോൺവിളികളിലൊക്കെ, പുതിയ സ്ഥലത്ത് അല്പം സൗകര്യകുറവുണ്ടെന്ന് സൂചിപ്പിക്കാറുണ്ടായിരുന്നു.  സൗദി ജീവിതത്തിൽ അത്യാവശ്യം സൗകര്യങ്ങൾ ആസ്വദിച്ചതിന്റെ ബലത്തിൽ, കിലുക്കത്തിൽ രേവതി ലോട്ടറി അടിച്ചെന്ന വ്യാജവാർത്ത വായിച്ചു കൊടുക്കുമ്പോഴുള്ള ഇന്നസെന്‍റിന്‍റെ ഭാവത്തോടെ, 'ഉം, ആയിക്കോട്ടെ, ആയിക്കോട്ടെ...' എന്ന് പറയുകയായിരുന്നു. വിമാനം ഇറങ്ങി കൂട്ടിക്കൊണ്ടു പോയി കാർ നിർത്തി ഇറങ്ങാന്‍ പറഞ്ഞപ്പോഴും ചിന്തിക്കുന്നത്, ഓഫീസ് പരിസരം കാണാൻ കൊണ്ടു വന്നതാണെന്നായിരുന്നു. സൗദി ജീവിതത്തില്‍ കണ്ടിട്ടോ, കേട്ടിട്ടോയില്ലാത്ത 'പോർട്ടോ കേബിൻ' എന്ന ട്രെയിന്‍ ബോഗി പോലുള്ള സംഭവത്തിലാണ് ഇനിയുള്ള ജീവിതമെന്ന് തിരിച്ചറിഞ്ഞതോടെ തലക്കൊരു അടി കിട്ടിയതു പോലൊരു അനുഭവം ആയിരുന്നു.

അന്നുമുതൽ വിശാലമായ ഓഫീസ് കോംപൌണ്ടിലെ പോർട്ടോകേബിനിലായി എന്റെ പൊറുതി. അത്രനാളും വെള്ളമെടുത്തൊഴിച്ച് വീടു മൊത്തം കഴുകുകയും തുടക്കുകയും ചെയ്തു ശീലിച്ച ഏതൊരു മലയാളിയെയും പോലെ പോർട്ടോ കേബിനിലെ ക്ലീനിംങ്ങും കുക്കിംങ്ങും കുളിയും എന്നെ സംബന്ധിച്ച് ശരിക്കുമൊരു അഭ്യാസം തന്നെയായിരുന്നു. അതും നാട്ടിൽ സാമാന്യം ഭേദപ്പെട്ട  രണ്ടുനില വീട് പൂട്ടിയിട്ടു വന്ന ഞാനാണെന്നോർക്കണം. എങ്കിലും എന്തു സുഖസൗകര്യങ്ങളെക്കാളും ഭർത്താവിന്റെ കാര്യങ്ങൾ ചെയ്തുകൊടുത്തുള്ള ജീവിതം മതിയെന്ന നിലപാടിൽ ഞാനവിടവുമായി ഇണങ്ങി ചേർന്നു.

രാജീവേട്ടനായിരുന്നു ആ ഓഫീസിലെ അഡ്മിന്‍ അക്കൗണ്ട് വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ആ പരിസരത്ത്, അടുത്തൊന്നും ഒരു ഫ്ലാറ്റ് കിട്ടാനുമുണ്ടായിരുന്നില്ല. അല്പം ദൂരേക്ക് പോകാമെന്നു വച്ചാല്‍ ലൈസന്‍സും കിട്ടിയിരുന്നില്ല. പെട്ടെന്നൊരു അധികചിലവുകൾ ഉണ്ടാക്കാവുന്ന സാഹചര്യവും ആയിരുന്നില്ല.

അവധി ദിവസങ്ങളില്‍ കേബിനിനകത്തിരുന്ന് മടുക്കുമ്പോൾ, രണ്ടുമൂന്ന് ഏക്കറോളം പരന്നു കിടക്കുന്ന ഓഫീസ് കോംപൌണ്ടിലൂടെ, ഹെവി എക്യുപ്മെൻറുകളായ ക്രെയിനിന്റെയും, ഫോർക്ക് ലിഫ്റ്റിന്റെയും, റോഡ്റോളറിന്റെയും ഇടയിലൂടെ പ്രേം നസീറും ഷീലയും എന്നപോൽ നടന്നും പച്ചക്കറി കൃഷി ചെയ്തും, നമുക്ക് മുന്നെ ഉണ്ടായിരുന്ന ആരോ നട്ടുപിടിപ്പിച്ച കറിവേപ്പിനെയും, മുരിങ്ങമരത്തെയും പരിപാലിച്ചും കഴിഞ്ഞു പോന്നു. കൂടെ അനേകം പൂച്ചകളെ, ഓരോരുത്തർക്കും പേരുകളിട്ടു വിളിച്ചും വളർത്തി പോന്നു. മരുഭൂമി അല്ലെങ്കിലും, ഇടയ്ക്ക് ചില പാമ്പിനെ ഒക്കെ കാണാറുണ്ട്, ഒരിക്കൽ ഓഫീസിനകത്തു പോലും കണ്ടിരുന്നു. വിഷമുള്ളവയാണോയെന്നറിയില്ല. ദൈവാധീനം കൊണ്ടാവാം, ആർക്കും കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നോർക്കുമ്പോൾ പേടി തോന്നാറുണ്ട്.

അങ്ങനെ ആ സ്ഥലത്തു നിന്നും കമ്പനി മബേല എന്ന സ്ഥലത്തേക്കു മാറി. ലൈസന്‍സും കിട്ടി. പടിപടിയായി നമ്മളൊരു വൺബെഡ്റൂം ഫ്ലാറ്റിലെക്ക് മാറി. അവിടുന്ന് റെസിഡെന്‍ഷ്യല്‍ ഏരിയയിലെ ഒരു നല്ല വില്ലയിലെക്കും മാറി. അവിടെയും പച്ചക്കറി കൃഷിയും പൂച്ചകളുമൊക്കെയായി ജീവിതം ആസ്വദിച്ചു തുടങ്ങുമ്പോഴെക്കും ദുബായിലേക്ക് മാറേണ്ടി വരികയും പുതിയൊരു സ്ഥലത്ത് എത്തിപ്പെട്ടതിന്റെതായ  അസൗകര്യങ്ങൾ തരണം ചെയ്ത് കാലുറപ്പിക്കാൻ ശ്രമിക്കുകയാണിപ്പോൾ.

അവനവൻ കണ്ടതും അറിഞ്ഞതും മാത്രമാവില്ലല്ലോ ജീവിതം

പറഞ്ഞു വന്നത് മറ്റൊന്നുമല്ല, പ്രവാസി വീട്ടമ്മമാരായ പലരോടും, നാട്ടിലെ വീട്ടമ്മമാര്‍ അല്പം കുശുമ്പോടെ പറയാറില്ലെ , 'ഓ ഇടയ്ക്കിടെ വിമാനം കയറി പോവേം വരികേം ചെയ്യാണല്ലേ.. എന്താ സുഖം, അവിടെ പണിയൊന്നുമില്ലല്ലോയെന്നൊക്കെ..' ദയവുചെയ്ത് ഇനിയെങ്കിലും ആരോടും അങ്ങനെയൊന്നും  പറയരുത്. മഹാപാപമാണത്. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ച്, ഗൾഫുകാരുടെ ഭാഷയിൽ പറഞ്ഞാൽ ആവശ്യത്തിനുള്ള ''ഫ്രെഷ് എയർ '' പോലും കിട്ടാതെ, സൂര്യപ്രകാശം കിട്ടാതെ, വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടുള്ള ശാരീരികാസ്വസ്ഥതകൾ അനുഭവിക്കുന്നവരാണ് ഞാനുൾപ്പെടുന്ന മിക്ക വീട്ടമ്മമാരും.

അപ്പോൾ നിങ്ങൾ ചോദിക്കും എന്തിന് അവിടെ പിടിച്ചു തൂങ്ങി ജീവിക്കുന്നെന്ന്, പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ എന്നു പറയുന്നതു പോലെ, ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ടാവാം. അവനവൻ കണ്ടതും അറിഞ്ഞതും മാത്രമാവില്ലല്ലോ ജീവിതം. പുറംമോടികൾക്കപ്പുറത്തും ആരോരുമറിയാത്ത അനുഭവങ്ങൾ കാത്തുവച്ചവരാണ് ഓരോ പ്രവാസിയും. പലരും കൊതിയോടെ നോക്കി കാണുന്ന വിമാനയാത്രയുടെ മുഷിച്ചിൽ നിവൃത്തികേട് കൊണ്ട് സഹിക്കുന്നവരാണ് ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുന്ന  പ്രവാസികൾ.

click me!