അങ്ങനെ വിമാനത്തിൽ കയറേണ്ട ധന്യ മുഹൂർത്തം വന്നു. വിറച്ചു വിറച്ച് ഏണിപ്പടികൾ കയറി ഞാൻ അകത്തെത്തി. ഹായ് കൊള്ളാലോ ഏരിയ. ചന്തമുണ്ട്, ചന്തമുണ്ട്... സീറ്റ് കണ്ടുപിടിച്ചു തന്ന ചേച്ചിക്ക് ഒരു നന്ദി ഒക്കെ പറഞ്ഞ് ഞാൻ ഇരുന്നു. രാജേട്ടനും ശങ്കരേട്ടനും വേറെ സീറ്റിലാണ്. കാണാൻ ഒരു വഴീം ഇല്ല.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
2008 ജൂൺ പതിനഞ്ച്... കേരളത്തിൽ നിന്നും 'പൊതുജന താല്‍പര്യാർത്ഥം' എന്നെ നാട് കടത്തിയ ദിവസം. പൂരങ്ങളും, വേലകളും, വേലവെയ്പുകളും എല്ലാം നിർത്തി, അൽ അറബിയുടെ അൽ ഇടം കൈ ആവാൻ ഒരു പോക്ക്... അതെന്‍റെ ജീവിതം മാറ്റിമറിച്ച പോക്കായിരുന്നു.
രാവിലെ ആയിരുന്നു ഫ്‌ളൈറ്റ്, ആറു മണിക്ക്. വീട്ടിൽ നിന്നും എല്ലാവരും ഉണ്ടായിരുന്നു എന്‍റെ പോക്ക് കാണാൻ. കൂടാതെ ചങ്ക് കൂട്ടാരും. എയർപ്പോർട്ടിൽ എത്തണ വരെ ആകെ ഒരു മ്ലാനത ആയിരുന്നു... അധികമൊന്നും മിണ്ടാതെ അങ്ങനെ അങ്ങനെ... അവിടെത്തി വണ്ടിയിൽ നിന്നും ഇറങ്ങി. സാധനങ്ങളൊക്കെ ട്രോളിയിൽ എടുത്തുവെച്ചു. നേരെ ആപ്പീസിലേക്ക് കേറാൻ വേണ്ടി വല്ലാത്തൊരു മൊഞ്ചിൽ ആയിരുന്നു എന്‍റെ പോക്ക്.
എന്‍റെ സർട്ടിഫിക്കറ്റുകളും അടങ്ങിയ എന്‍റെ ബാഗ് ഞാൻ കൈയിൽ തന്നെ വെച്ചു
ഈ 'ഗൾഫ് ഗൾഫ്' എന്ന് കേട്ടിട്ടേ ഉള്ളൂ. അവിടെ ഉള്ള അവസ്ഥ അറിയാത്തു കൊണ്ട് പഴംപൊരിക്ക് റബ്ബർബാൻഡ് ഇട്ടപോലെ ഷർട്ട് ഇൻസെർട്ട് ഒക്കെ ചെയ്തു ഒരു വല്ലാത്ത ഷൂസും ഒക്കെ കെട്ടി. എന്‍റെ പള്ളീ... എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നുന്ന പോലെ ഒരു പോക്ക്. അത്രേം നേരം കൂൾ ആയി (എന്നപോലെ) നിന്ന എനിക്ക്, ഉള്ളിലേക്ക് കയറുന്ന സമയം വന്നപ്പോൾ വല്ലാത്ത ഒരു ഉൾക്കിടിലം. അപ്പോഴാണ് ഞാൻ കാര്യായി ചിന്തിക്കുന്നത്, 'ഭഗോത്യേ, സ്വന്തം നാട്ടിലെ വിരുന്നുകാരൻ' എന്ന ലേബലിലേക്ക് ഞാനും...
അമ്മയോട് യാത്രപറഞ്ഞപ്പോഴാണ് ഞാനൊരു നിരക്ഷരൻ ആണ് എന്നെനിക്ക് മനസ്സിലായത്. ഞാനൊരു ഊമയാണ് എന്നും. 'പോയി വരാം' എന്ന് പറയണമെന്ന് മനസ്സിൽ ഉണ്ട്. പക്ഷെ, പുറത്തേക്ക് വരുന്നില്ല. അമ്മയോട് പറയാനുള്ളത് കണ്ണുകൾ പറയുന്നുണ്ടായിരുന്നു. ഒഴുകിയിറങ്ങിയ കണ്ണീരിലൂടെ...
ട്രോളിയുമുരുട്ടി ഉള്ളിലേക്ക്. എന്ത് ചെയ്യണം എന്നോ എങ്ങനെ പെരുമാറണം എന്നോ ഒരു രൂപവും ഇല്ലാത്ത ഈ ഞാൻ, എയർപ്പോർട്ടിൽ വെച്ച് മണ്ണാർക്കാട്ടുകാരായ രാജേട്ടനേം ശങ്കരേട്ടനേം കണ്ടത് നന്നായി. അവർ സഹായിച്ചു, എമിഗ്രേഷനും എല്ലാം. അവരുടെ കൂടെ തന്നെ നേരെ ഉള്ളിലേക്ക്. കൈകാലുകൾ പടാപടാന്നു വിറക്കുന്നു. ലഗ്ഗേജ് എടുത്ത് അവർ കൺവെയർ ബെൽറ്റിൽ വിട്ടു. അത് ആ വഴിക് പോയി. ഇനി മസ്കറ്റിൽ ചെന്നാൽ കിട്ടുമത്രേ. പാസ്പോര്‍ട്ടും, എന്‍റെ സർട്ടിഫിക്കറ്റുകളും അടങ്ങിയ എന്‍റെ ബാഗ് ഞാൻ കൈയിൽ തന്നെ വെച്ചു. ആർക്കും കൊടുക്കാതെ. ചിന്തകൾ ഇങ്ങനെ കടന്നു വരാൻ തുടങ്ങി. ഇതിപ്പോ എങ്ങനെ ആയിരിക്കും ഗൾഫ്. സിനിമകളിൽ കാണുന്നപോലെ ഒരു ഐറ്റം ആണെങ്കി കയ്ച്ചിലായി. ദേവിയേയ്... അവിടെ, കുടിവെള്ളത്തിൽ പെട്രോൾ വരാൻ ചാൻസുണ്ട്. ഒരു കൂട്ടാരൻ പറഞ്ഞത് അവരുടെ റൂമിൽ ഒരു പൂച്ച ചത്തപ്പോൾ കുഴിച്ചിടാൻ വേണ്ടി മണ്ണിൽ ഒന്ന് മാന്തിയപ്പോ പെട്രോൾ ആണത്രേ ചീറ്റിയത്. 'എന്‍റെ ഗണോത്യേ... എന്നെ കാത്തോണേ...'
മൊത്തത്തിലുള്ള പരവേശം കണ്ടിട്ടാ തോന്നുന്നു എയർഹോസ്റ്റസ് ചേച്ചി വന്ന് ബെൽറ്റൊക്കെ മുറുക്കി തന്നു
അങ്ങനെ വിമാനത്തിൽ കയറേണ്ട ധന്യ മുഹൂർത്തം വന്നു. വിറച്ചു വിറച്ച് ഏണിപ്പടികൾ കയറി ഞാൻ അകത്തെത്തി. ഹായ് കൊള്ളാലോ ഏരിയ. ചന്തമുണ്ട്, ചന്തമുണ്ട്... സീറ്റ് കണ്ടുപിടിച്ചു തന്ന ചേച്ചിക്ക് ഒരു നന്ദി ഒക്കെ പറഞ്ഞ് ഞാൻ ഇരുന്നു. രാജേട്ടനും ശങ്കരേട്ടനും വേറെ സീറ്റിലാണ്. കാണാൻ ഒരു വഴീം ഇല്ല. ആകെ പകച്ചു പണ്ടാരടങ്ങി നിൽക്കണ എന്നോട് ആ ചേച്ചി കയ്യിലെ ബാഗ് കണ്ടിട്ട് അത് മുകളിൽ വെക്കാൻ പറഞ്ഞു. 'എന്നെ കൊന്നാലും തരൂല്ല ഡീ ബാഗ്' എന്നു ഞാനും. കുഞ്ഞു കുട്ട്യേ പോലെ ബാഗും മുറുകെ പിടിച്ച് ഒറ്റ ഇരിപ്പ്. ആദ്യം കുറച്ചു മുട്ടായി ഒക്കെ കിട്ടി. ആദ്യായിട്ട് സ്‌കൂളിൽ പോണ കുട്ട്യോൾക്ക് കിട്ടണപോലെ. അടുത്താണെങ്കി ആരും ഇല്ല. ഞാൻ വിൻഡോ സീറ്റിൽ. രണ്ടു സീറ്റ് കാലി. അപ്പുറത്തെ സീറ്റിലും ആരൂല്ല. സീറ്റ് ബെൽറ്റ് ഇടാൻ ഒക്കെ പറയുന്നു. കാറിന്‍റെ പോലെ സൈഡിൽ ഒക്കെ നോക്കി. കിം തുനാ. കാര്യല്ല... എന്‍റെ മൊത്തത്തിലുള്ള പരവേശം കണ്ടിട്ടാ തോന്നുന്നു എയർഹോസ്റ്റസ് ചേച്ചി വന്ന് ബെൽറ്റൊക്കെ മുറുക്കി തന്നു. ശോ... എനിക്ക് നാണം വന്നു. വിമാനം ഉരുണ്ടു നീങ്ങി പറന്നു പൊങ്ങി... സംഗതി എനിക്കിഷ്ടായി... കിടു ആയിട്ടുണ്ട്.
അങ്ങനെ മ്മടെ വിമാനവണ്ടി പോയിക്കൊണ്ടിരിക്കുകയാണ്. രാവിലെ നേരത്തെ ഇറങ്ങിയത് കൊണ്ട് അധികം ഒന്നും കഴിക്കാൻ പറ്റില്ല. വിമാനത്തിൽ കക്കൂസ് ഉണ്ടാവുമോ എന്ന പേടി ആയിരുന്നു അതിനു കാരണം എന്ന് സമ്മതിക്കാൻ എനിക്കിന്നും ഒരു മടിയുമില്ല. അങ്ങനെ കാലി ഉദരനായി വിമാനത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കയാണ്. നല്ല വിശപ്പുണ്ട്. അപ്പോഴാണ് ഫുഡ് വരുന്നത്. ഉന്തി തള്ളി ആ ട്രോളി എന്‍റെ അടുത്തെത്തി. വല്ലാണ്ടെ ചിരിച്ചോണ്ട് ആ ചേച്ചി ചോദിച്ചു "എന്താ വേണ്ടേ" ന്നു. ഞാനൊരു സെക്കന്‍റ് ആലോചിച്ചു. മണ്ണാർക്കാട് കെപിഎം ഹോട്ടലിൽ കയറാൻ തന്നെ എനിക്ക് പേടിയാണ്. ബില്ല് കൂടും. മ്മക്ക് അച്ചായന്‍റെ ഹോട്ടലും, സന്തോഷേട്ടന്‍റെ വെജിറ്റേറിയൻ ഹോട്ടലും, സലീന ഹോട്ടലും ഒക്കെയാണ് സന്തോഷം.
ഇതാണെങ്കി ഏസി വിമാനം. ആകാശ ഭോജനം... ഹോ. ഇതിന്‍റെ ഉള്ളിൽ നിന്നും കാലിച്ചായ കഴിക്കാൻ തന്നെ വേണ്ടി വരും ആയിരങ്ങൾ. ഇനീപ്പോ വല്ലതും കഴിച്ചാ ഇവര് വിമാനം കഴുകിക്കൊടുത്താലേ വിടൂ. എന്‍റെ കയ്യില്‍ ആണെങ്കില്‍ കാശും കൊറവാണല്ലോ. നമ്മളെന്തിന് റിസ്ക് എടുക്കണം... നഹീന്നു പറഞ്ഞാ നഹീ. എന്നും പറഞ്ഞ് ഞാൻ പുറത്തോട്ട് നോക്കിയിരുന്നു. വീട്ടിലാരുന്നെങ്കി..! കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വെള്ളം കൊണ്ട് വന്നു. ചെറ്യേ ഒരു സീൽ ചെയ്ത കപ്പിൽ. അത് ഒരെണ്ണം വാങ്ങി കുടിച്ചു. പൈസ എത്രയാണ് ചോദിയ്ക്കാൻ തുടങ്ങുമ്പോഴേക്കും അവര്‍ പോയി. ങാ... ഇറങ്ങുമ്പോ പൈലറ്റ് ചോയ്ക്കേണ്ടാവും... അച്ചായൻ ക്യാഷിലിരുന്നു ചോദിക്കണ പോലെ. "ബടെ ന്തൊക്കെയാ" അപ്പൊ എയർഹോസ്റ്റസ് ചേച്ചി പറയും. "അവിടെ ഒരു വെള്ളം മാത്രം അറന്നൂർപ്പ്യ".
ഒന്ന് മൂത്രൊഴിക്കാൻ തോന്നീട്ട് എണീറ്റില്ല ഞാൻ. എന്‍റെ കയ്യില് ചില്ലറ ണ്ടാർന്നില്ല. ഇനി നൂറു രൂപ കൊടുത്താ ബാക്കി എയർപ്പോർട്ടിന് വാങ്ങിക്കോന്നും പറഞ്ഞു ടിക്കറ്റിന്‍റെ പിന്നിലെങ്ങാനും എഴുതി തന്നാലോ. പണ്ടാരം കിട്ടേം ഇല്ല പിന്നെ. അടക്കിപിടിച്ചിരുന്നു... ന്‍റെ മൂത്രാണിക്കാവിലമ്മേ...
വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു ഞാൻ. മസ്കറ്റിലേക്ക് അടുക്കുന്തോറും പുറത്തു കൊറേ മലകൾ മാത്രം... പിന്നേം കൊറേ മലകൾ... മല മലോ മല മല... ഭാഗോത്യേ ഇതാണോ ഗൾഫ്? വല്യ ബിൽഡിങ്ങും ഒക്കെ കാണണ്ടേ? ഇതിപ്പോ ലാൻഡിങ് ആയി. കംപ്ലീറ്റ് മലകൾ... ഹമ്പ. എന്തായാലും ഇറങ്ങുന്നേനു മുന്നേ കുറച്ചു ടൌൺ കണ്ടു. അടിപൊളി... അടുത്ത കടമ്പ പുറത്തേക്ക് ഇറങ്ങൽ ആണ്.
എന്തായാലും ഇറങ്ങുന്നേനു മുന്നേ കുറച്ചു ടൌൺ കണ്ടു
അങ്ങനെ വരി നിന്നും ടെൻഷൻ അടിച്ചും ഒരു വിധം ഞാൻ പുറത്തെത്തി. രാജേട്ടനും ശങ്കരേട്ടനും ഒരുപാട് സഹായിച്ചു. കൊണ്ടു പോവാൻ കമ്പനിയിൽ നിന്നും ആള് വരുന്നത് വരെ അവർ കൂടെ നിന്നു. അവസാനം ഒന്നര മണിക്കൂറിനു ശേഷം കമ്പനി പി ആർ ഓ വന്ന് എന്നെ കൊണ്ടുപോവുന്നത് വരെ അവരും ഉണ്ടായിരുന്നു കൂടെ.
ഇനിയും ഓർമ്മകൾ എഴുതുവാൻ ഒരുപാടുണ്ട്... അന്ന് തുടങ്ങിയ പ്രവാസം... ഒരു ജീവിതം, ഒരുപാട് മാറ്റങ്ങൾ വരുത്തിയ പ്രവാസം. എന്നെ ഞാനാക്കി മാറ്റി ആ പ്രവാസം... ഇന്ന് ഓർക്കുമ്പോള്‍ ചിരിയാണ്. അന്നത്തെ ടെൻഷൻ... അറിവില്ലായ്മ... ജീവിതം അങ്ങനെയാണ്... കൊറേ ടെൻഷൻ അടിപ്പിക്കും... പിന്നീട് ചിരിപ്പിക്കാൻ.