തിരികെ നീന്തിയെത്താന്‍ പറ്റാത്ത ദൂരമാണ് ഓരോ പ്രവാസവും ബാക്കിയാക്കുന്നത്

By Deshantharam Series  |  First Published Dec 23, 2018, 4:20 PM IST

രാവിലെ ആറരമുതൽ സന്ധ്യക്ക് ആറരവരെ പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി! ഫാക്ടറിയിൽ നിന്നും കണ്ടെയ്നറുകളിൽ എത്തിച്ച് സംഭരിച്ച്  ടയറുകൾ വിതരണം ചെയ്യുന്ന ഒരു കൂറ്റൻ കെട്ടിടം. നല്ല ചൂടു സമയം. രാവിലെ കുറച്ചു വണ്ടികൾ വന്നു ലോഡ് കൊണ്ടു പോയിക്കഴിഞ്ഞാൽ പിന്നെ പ്രത്യേകിച്ച് അനക്കമൊന്നുമുണ്ടാകില്ല. 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Latest Videos

undefined

പ്രവാസം! എഴുതിയാലോ, പറഞ്ഞാലോ തീരാത്ത അത്രയും കാര്യങ്ങൾ കൂടിച്ചേർന്ന ഒരു ലോകം. അവിടെ കണ്ണീരുപ്പു കലർന്ന സന്തോഷങ്ങളുണ്ട്, ദുഖങ്ങളുണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകളുണ്ട്, അപ്രതീക്ഷിതമായ നേട്ടങ്ങളുണ്ട്, നഷ്ടങ്ങളുണ്ട്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ചില വ്യക്തികൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാറുള്ളത്. കുറച്ചുനേരത്തെ പരിചയം കൊണ്ട് ഒരുപാടു സന്തോഷം നൽകുന്നവർ, മനസ്സിൽ വിങ്ങൽ നൽകുന്നവർ. പ്രവാസത്തിന്‍റെ ഒഴുക്കിൽ പലരെയും നാം മനപ്പൂർവമല്ലെങ്കിൽ കൂടി മറവിയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാറുണ്ട്. തിരക്കുകളുടെ, ടെൻഷന്‍റെ ഇടയിൽ സംഭവിച്ചു പോകുന്നതാണത്. എന്നാൽ, കേവലം 20-25 മിനുട്ടിൽ തീർത്ത  സംസാരത്തിലൂടെ  എന്‍റെ മനസ്സിലിന്നും തിളങ്ങി നിൽക്കുന്ന ഒരു വ്യക്തിയുണ്ട്. പ്രവാസത്തിന്‍റെ മറവികളിലേക്ക് ഞാൻ വലിച്ചെറിയാത്ത, ആൾക്കൂട്ടത്തിൽ ഇന്നും തിരയുന്ന ഒരു മുഖമുണ്ട്. ഓർക്കുമ്പോൾ വേദനയും സന്തോഷവും  നിറഞ്ഞ സമ്മിശ്രമായ വികാരമുണർത്തുന്ന ഒരു വ്യക്തിത്വം.

ഗവണ്‍മെന്‍റ് സ്ഥാപനങ്ങൾക്കും മാളുകൾക്കും ഫാക്ടറികൾക്കും സ്കൂളുകൾക്കുമൊക്കെ സെക്യൂരിറ്റി ഗാർഡുകളെ കോണ്‍ട്രാക്ട് വ്യവസ്ഥയിൽ നൽകുന്ന കമ്പനിയാണ് എന്‍റേത്. കമ്പനിയിൽ ജോയിൻ ചെയ്ത് എട്ടു മാസങ്ങൾക്കു ശേഷം അപ്രതീക്ഷിതമായാണ് ഒരു കാൾ കമ്പനിയിൽ നിന്നും വന്നത്. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ ഞങ്ങൾക്കുള്ള ചില ഡ്യൂട്ടി ലൊക്കേഷനുകളിലൊന്നിലെ ഒരു നൈജീരിയൻ ഗാർഡിന് വയ്യാതെയായി. അവനു മൂന്നു ദിവസത്തെ മെഡിക്കൽ ലീവായതിനാൽ പകരം കമ്പനി എന്നെയാണ് അയക്കാൻ പോകുന്നത്.

ഏകദേശം നാൽപതിനു മുകളിൽ പ്രായം വരുന്ന ഒരു മനുഷ്യൻ

രാവിലെ ആറരമുതൽ സന്ധ്യക്ക് ആറരവരെ പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി! ഫാക്ടറിയിൽ നിന്നും കണ്ടെയ്നറുകളിൽ എത്തിച്ച് സംഭരിച്ച്  ടയറുകൾ വിതരണം ചെയ്യുന്ന ഒരു കൂറ്റൻ കെട്ടിടം. നല്ല ചൂടു സമയം. രാവിലെ കുറച്ചു വണ്ടികൾ വന്നു ലോഡ് കൊണ്ടു പോയിക്കഴിഞ്ഞാൽ പിന്നെ പ്രത്യേകിച്ച് അനക്കമൊന്നുമുണ്ടാകില്ല. ഉച്ചക്ക് ശേഷമാണ് പിന്നീട് കണ്ടെയ്‌നറുകൾ വരിക. പുറത്തെ ഏസി ക്യാബിനിലെ തണുപ്പിലും ചൂടും ഉഷ്ണവും അതിന്‍റെ തനി സ്വഭാവം കാണിച്ചു കൊണ്ടേയിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിച്ചു കഴിഞ്ഞ് ക്യാബിനിൽ ഇരിക്കുന്ന സമയത്താണ് ഡോറിൽ ആരോ മുട്ടിയത്.

തുറന്നപ്പോൾ കണ്ടത് മുഷിഞ്ഞ വസ്ത്രം ധരിച്ച, തലയിലൊരു തുണി വട്ടക്കെട്ടു കെട്ടിയ, അനുസരണയില്ലാതെ വളർത്തിയിരിക്കുന്ന താടിയുള്ള, ഏകദേശം നാൽപതിനു മുകളിൽ പ്രായം വരുന്ന ഒരു മനുഷ്യൻ. 'തോടാ പാനി ദേദോ ബേട്ടാ... ദൂപ്മേ പൈതലാക്കേ ബഹുത്ത് തബാൻ ഹോഗയാ' (കുറച്ചു വെള്ളം തരൂ മോനേ... വെയിലത്ത് നടന്നു വല്ലാതെ ക്ഷീണിച്ചു). ഒറ്റനോട്ടത്തിൽ തിരിച്ചറിയാം പാകിസ്ഥാനിയാണ്. 

പുറത്തെ വെയിലിന്‍റെയും ചൂടിന്‍റെയും കാഠിന്യം കാരണം അദ്ദേഹത്തെ അകത്തേക്കു വിളിക്കാതെ നിർവ്വാഹമുണ്ടായിരുന്നില്ല. അകത്തേക്ക് വിളിച്ചുവെങ്കിലും മടിച്ചു മടിച്ചാണദ്ദേഹം ക്യാബിനുള്ളിലേക്ക് വന്നത്. കസേര ചൂണ്ടിക്കാണിച്ച് ഇരിക്കുവാൻ പറഞ്ഞുവെങ്കിലും ദേഹം അഴുക്കാണെന്നു പറഞ്ഞ് അദ്ദേഹം തറയിൽ കുത്തിയിരുന്നു. കൊടുത്ത തണുത്ത വെള്ളം ഒറ്റവലിക്ക്  കുടിച്ചുതീർത്തു.

കുപ്പി എന്‍റെ നേരെ നീട്ടി വിടവുള്ള കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു, നന്ദി പറഞ്ഞു. അടുത്തൊരു വലിയ കെട്ടിടം പണിയുന്നുണ്ട്. അവിടുത്തെ ഹെൽപ്പറാണ്. കൂടെയുള്ള പണിക്കാർക്കുള്ള റൊട്ടി വാങ്ങാൻ പോയി വരുന്ന വഴിയാണ്. തുച്ഛമായ ശമ്പളമാണ് ഇത്തരക്കാർക്ക്. എത്ര കാലമായി ഇവിടെ എത്തിയിട്ട് എന്ന എന്‍റെ ചോദ്യത്തിന് ഇരുപതിൽ കൂടുതലായെന്നു മറുപടി. എന്നിട്ട് കറപിടിച്ച വിടവുള്ള പല്ലുകൾ കാട്ടി കുലുങ്ങിക്കുലുങ്ങി ചിരിച്ചു. പിന്നെയും കുറേ സംസാരിച്ചു. കഷ്ടപ്പാടുകളെ കുറിച്ച്... നേട്ടങ്ങളെക്കുറിച്ച്... നഷ്ടങ്ങളെക്കുറിച്ച്... ഗതികേടുകളെ കുറിച്ച്.

ഒടുവിലെന്നെ അത്ഭുതപ്പെടുത്തിയത് ഈ കഷ്ടപ്പാടിലും സംതൃപ്തനാണെന്ന, ആരോഗ്യം  മാത്രം നിലനിർത്തിത്തരുവാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു എന്ന അയാളുടെ മറുപടിയാണ്. ബാഗിൽ കരുതിയിരുന്ന ഒന്നുരണ്ട് ആപ്പിളും പഴവും പകുതി പാക്കറ്റ് ബ്രെഡ്ഡും കൊടുത്ത് അയാളെ യാത്രയാക്കുമ്പോൾ, 'ഒരു പരിധി കഴിഞ്ഞാൽ ഇവിടെ നിൽക്കരുത് ബേട്ടാ... ഇങ്ങോടു വന്നതിനേക്കാൾ പാടാണ് ഇവിടെ നിന്നുള്ള തിരിച്ചു പോക്കെ'ന്നാണ് അദ്ദേഹം നൽകിയ ഉപദേശം.

 ക്യാംപിൽ വന്ന നൈജീരിയൻ ഗാർഡ് എനിക്കൊരു തണ്ണിമത്തങ്ങ കൊണ്ടുത്തന്നു

മൂന്നു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു വരുന്നതു വരെ നോക്കിയിരുന്നു കണ്ടില്ല. അതങ്ങനെയാണ് പല ദിവസം പല സ്ഥലത്താകും അവരുടെ ഡ്യൂട്ടി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഡ്യൂട്ടി കഴിഞ്ഞു  ക്യാംപിൽ വന്ന നൈജീരിയൻ ഗാർഡ് എനിക്കൊരു തണ്ണിമത്തങ്ങ കൊണ്ടുത്തന്നു. എന്നെ കാണാൻ അദ്ദേഹം വന്നിരുന്നുവത്രേ, അപ്പോള്‍ കൊടുത്തതാണ്. ഇനി വന്നാൽ കൊടുക്കുവാൻ ഞാനെന്‍റെ നമ്പർ അവന്‍റെ കയ്യിൽ എഴുതിക്കൊടുത്തു. പിന്നീടൊക്കെ അവനോടു ചോദിക്കുമ്പോൾ വന്നിട്ടില്ല എന്നായിരുന്നു മറുപടി.

വർഷങ്ങൾക്ക് ശേഷം ഇന്നും ഞാൻ ആൾക്കൂട്ടത്തിൽ, മുഖങ്ങൾക്കിടയിൽ തിരയാറുണ്ട് കറപിടിച്ച, വിടവുള്ള പല്ലുകൾ കാട്ടി കുലുങ്ങിക്കുലുങ്ങി ചിരിക്കുന്ന അദ്ദേഹത്തെ. അല്ല, ഉള്ളതിൽ സംതൃപ്തി കണ്ടെത്തി ജീവിക്കുന്ന ആ യഥാർത്ഥ മനുഷ്യനെ. പ്രവാസത്തിൽ ഇതൊരൊറ്റപ്പെട്ട സംഭവമല്ല. ഒറ്റപ്പെട്ട വ്യക്തിയല്ല. എന്‍റെ മാത്രം അനുഭവമായിരിക്കില്ല. പല രൂപത്തിലും ഭാവത്തിലും ഉള്ള അനുഭവങ്ങളിലെ ഒരധ്യായം മാത്രം.

എന്തൊക്കെയോ നേടാനുള്ള വെപ്രാളത്തിൽ പ്രവാസമെന്ന തുരുത്തിലേക്ക് നീന്തിക്കയറുന്ന പലർക്കും മനസ്സിലാകാത്തൊരു കാര്യമുണ്ട്. തിരികെ നീന്തിയെത്താൻ പറ്റാത്ത വിധം പിന്നിട്ട വഴികളൊക്കെയും കടലെടുത്തുവെന്ന്. ഇവിടെ നിന്നൊരു തിരിച്ചു പോക്ക് എളുപ്പമല്ലെന്ന്.

click me!