സിറിയയിൽ സൈനിക സേവനം നിർബന്ധമായതുകൊണ്ട് സർക്കാരുദ്യോഗസ്ഥനായ അവന്‍റെ പിതാവ് തന്‍റെ മകനെ ദുബൈയിലേക്കയച്ച് കൂടുതൽ സുരക്ഷിതനാക്കിയത് എത്രയോ ഡോളർ ഗവൺമെന്‍റിനു കെട്ടിവെച്ചാണ്. ഐസിസും ഭീകരരും, വിമതരും, സൈന്യവും പരസ്പരം ഏറ്റുമുട്ടിയപ്പോൾ അവധിക്ക് നാട്ടിലേയ്ക്ക് പോലും പോകാൻ കഴിയാതെ മെഹന്നദ് സമ്മർദത്തിലായി...
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
'ഹെയ്വാൻ 'അഥവാ 'മൃഗം 'എന്ന് എന്നെ സ്നേപൂർവ്വം അഭിസംബോധന ചെയ്യുന്ന ഒരു സുഹൃത്തായിരുന്നു മൊഹന്നദ്. ഹയാത്ത് (ജീവിതം ) തന്ന അള്ളാഹു റസിക്കും (ജീവിതം നില നിർത്താനുള്ളതെല്ലാം ) തരും എന്ന ഖുറാൻ വചനം അചഞ്ചലമായി വിശ്വസിച്ചിരുന്ന ആ സിറിയക്കാരൻ എന്നെ എത്രമാത്രം അത്ഭുതപെടുത്തിയിട്ടുണ്ടെന്നോ...
ഒരു ഹിന്ദിക്കുരങ്ങിന്‍റെ കുറവു കൂടിയുണ്ടായിരുന്നു ഈ കാഴ്ചബംഗ്ലാവിന്. എന്‍റെ സ്നേഹിതാ നീയതു പരിഹരിച്ചു എന്ന് ഒമ്പതു കൊല്ലം മുമ്പ് ആദ്യമായി ജോലിക്ക് ചേരാനെത്തിയപ്പോൾ മൊഹന്നദ് പറയുന്നത് കേട്ട് ഞാൻ അമ്പരന്നു നിന്നു പോയി. ''നമ്മളിനി ഒരു കുടുബമാണ് '' ചെറുപുഞ്ചിരിയോടെ ഇരു കവിളിലും 'ബ്ജ്' എന്ന ശബ്ദത്തോടെ അവൻ മൂന്നുവട്ടം ചുംബിച്ചു.
''നിനക്കു മറ്റെവിടെങ്കിലും ജോലിക്ക് ചേരാമായിരുന്നില്ലേ? ഈ കമ്പനി ഉപ്പിലിട്ട ഒലിവിൻ കായ് നുണയും പോലെ നിന്‍റെ യൗവ്വനം ചപ്പിയെടുത്ത് ഉപയോഗമില്ലാത്ത കുരുവാകുമ്പോൾ നിർദാഷിണ്യം തുപ്പിക്കളയും.'' അവന്‍റെ മുന്നറിയിപ്പ് ഒരു ദീർഘനിശ്വാസത്തിലൊതുക്കി അന്നു മുതൽ ഞാനും അവിടെ ജോലിയാരംഭിച്ചു.
മെട്രോ നഗരത്തിന്‍റെ ശീലങ്ങളറിയാത്ത തനി മലയോര വാസിയായിരുന്ന എന്നെ പരിഹസിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും അവൻ ഒരിക്കലും പാഴാക്കിയിരുന്നില്ല. ഷൂ പോളീഷ് ചെയ്യാത്തതിന്, കറുത്ത ഷൂവിനൊപ്പം ബ്രൗൺ ബെൽറ്റ് ധരിച്ചതിന്, കളർ സെൻസില്ലാതെ വസ്ത്രം ധരിക്കുന്നതിനുമൊക്കെ...
മരണം ജീവിതത്തേക്കാൾ ആശ്വാസമാണ് ഇപ്പോളെനിക്ക്
'ഹിന്ദി' എന്ന വിളിയിൽത്തന്നെ ഒരുതരം ആക്ഷേപമുള്ള പോലെ തോന്നാറുണ്ട്. അത് പലപ്പോഴും നമുക്ക് അരോചകവുമാണ്. അതുകൊണ്ട്, നീ ഏതു രാജ്യക്കാരനാണ് എന്ന ചോദ്യത്തിന് ഞാൻ 'മലബാറി 'എന്ന് പറഞ്ഞ് തടി തപ്പാറുമുണ്ട്. സിറിയ, ഫലസ്തീൻ, ടുണീഷ്യാ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സുന്ദരികൾക്കും സുന്ദരന്മാർക്കുമൊപ്പം ജോലി ചെയ്യുമ്പോൾ കറുപ്പും വെളുപ്പമല്ലാത്ത തവിട്ടു കളറുള്ള എനിക്ക് അപകർഷത തോന്നാറുമുണ്ട്.
ഒരുമിച്ച് ഭഷണം കഴിച്ചും, യാത്ര ചെയ്തും, പരസ്പരം ചീത്ത വിളിച്ചും, കഥകൾ പറഞ്ഞും വർഷങ്ങൾ കടന്നു പോയപ്പോൾ ഞാനും മൊഹന്നദും നല്ല സുഹൃത്തുക്കളായി. സർക്കാരുദ്യോഗം ഒന്നുമില്ലാത്ത നാട്ടിലെ കർഷക കുടുംബങ്ങളിലെ ചെറുപ്പക്കാരുടെ വിവാഹം വൈകാറുള്ളതുപോലെ മധ്യവർഗ്ഗത്തിലുള്ള സിറിയയിലെ മിക്ക ചെറുപ്പക്കാരെല്ലാം വൈകി വിവാഹിതരാവുന്നവരാണ്. റിഹാമിനെ നാൽപതാമത്തെ വയസ്സിലാണ് മൊഹന്നദ് വിവാഹം കഴിച്ചത്. അഞ്ചു കൊല്ലം മുമ്പേ നിശ്ചയിച്ച വിവാഹമാണത്രേ.
കാശിനൊപ്പം വധുവിനെ ഇങ്ങോട്ടു തരുന്ന നമ്മുടെ രീതിയിൽ നിന്നു വ്യത്യസ്തമായി, ജീവിക്കാനുള്ള വീടും മറ്റു സൗകര്യങ്ങളും കാട്ടിക്കൊടുത്ത് പണവും കൊടുക്കേണ്ടതുള്ളതുകൊണ്ട് വിവാഹം വളരെ വൈകും.
''ഹേ ഹെയ്വാൻ നിങ്ങൾ ഹിന്ദികൾ ജീവിക്കാനറിയാത്തവരാണ്. നല്ല ഭഷണം കഴിക്കില്ല. നല്ല റൂമിൽ താമസിക്കില്ല. കാശുണ്ടേലും ടയോട്ട കൊറോളയോ നിസ്സാൻ സണ്ണിയോ മാത്രേ വാങ്ങൂ'' തന്‍റെ പഴയ ബി എം ഡബ്ല്യു കാറിൽ എന്നെ ഡ്രോപ്പ് ചെയ്യമ്പോഴെല്ലാം അവൻ കളിയായി പറയും.
സിറിയയിൽ ആഭ്യന്തര യുദ്ധം ശക്തമാവുകയും ഐസിസ് ഭീകരർ മൊഹന്നദിന്‍റെ കുടുംബം താമസിക്കുന്ന സിറ്റി താവളമാക്കുകയും ചെയ്തതോടെ മൊഹന്നദിന്‍റെ ചിരിയും തമാശകളും മാഞ്ഞു.
സിറിയയിൽ സൈനിക സേവനം നിർബന്ധമായതുകൊണ്ട് സർക്കാരുദ്യോഗസ്ഥനായ അവന്‍റെ പിതാവ് തന്‍റെ മകനെ ദുബൈയിലേക്കയച്ച് കൂടുതൽ സുരക്ഷിതനാക്കിയത് എത്രയോ ഡോളർ ഗവൺമെന്‍റിനു കെട്ടിവെച്ചാണ്. ഐസിസും ഭീകരരും, വിമതരും, സൈന്യവും പരസ്പരം ഏറ്റുമുട്ടിയപ്പോൾ അവധിക്ക് നാട്ടിലേയ്ക്ക് പോലും പോകാൻ കഴിയാതെ മെഹന്നദ് സമ്മർദത്തിലായി...
അപ്രതീക്ഷിതമായി അയാൾ ഒരാഴ്ച ജോലിക്ക് വരാഞ്ഞപ്പോൾ മൊഹന്നദിനെ തിരക്കി ഞാനവന്‍റെ വീട്ടിൽ ചെന്നു. പരമ ദയനീയമായ കാഴ്ച കണ്ട് ഞാൻ തരിച്ചുനിന്നു പോയി. ഒരു ഭ്രാന്തനെ പോലെ അവൻ അവിടെ ഉണ്ടായിരുന്നു. അലങ്കോലമായി കിടക്കുന്ന റൂമിൽ നിറയെ സിഗരറ്റു കുറ്റികൾ. എന്നെ കണ്ട് അവൻ ഒന്നും സംസാരിച്ചേയില്ല.
സിറിയയിലുള്ള അവന്‍റെ വീട് ഐസിസ് അക്രമിച്ചു. അവന്‍റെ രണ്ടു സഹോദരന്മാരെ കഴുത്തറുത്തു കൊന്നു. അവന്‍റെ പെങ്ങൾ സാറായെ അവർ പിടിച്ചു കൊണ്ടുപോയി. വീടിനു തീയിട്ട് അവന്‍റെ വാപ്പയേയും ഉമ്മയേയും കൊന്നുകളഞ്ഞു. അവന്‍റെ പിതാവും ഒരു സഹോദരനും സർക്കാർ ഉദ്യോഗസ്ഥരായതിനാൽ അവർ ചാരന്മാരാണ് എന്നാരോപിച്ചായിരുന്നത്രേ ഈ ക്രൂരത. മൊഹന്നദിന് സംസാരിക്കാനായില്ല. അവന്‍റെ ഗർഭിണിയായ ഭാര്യ റിഹാം തന്‍റെ പരിമിതമായ ഇംഗ്ലീഷ് ഭാഷയിൽ എന്നെ പറഞ്ഞു മനസ്സിലാക്കുമ്പോൾ അവളുടെ ചുവന്ന മുഖത്തെ നീല കണ്ണുകളിൽ നിന്ന് തുളുമ്പി ഒഴുകിയ കണ്ണീർ ആ നിറവയർ കൂടി കുതിർത്തു.
അവർക്കു മുന്നിൽ നിസ്സഹായതയുടെ പരകോടിയിൽന്നിന്നു ഞാൻ വിയർത്തു... ഒരാഴ്ചക്കു ശേഷം മൊഹന്നദ് ജോലിക്കു വന്നു തുടങ്ങിയത് അങ്ങേയറ്റത്തെ അവന്‍റെ നിസ്സഹായത കൊണ്ടായിരുന്നു. നിശബ്ദനായി അവൻ ഒരോന്നു ചെയ്തു കൊണ്ടിരുന്നു. 'സാറ, എന്‍റെ സഹോദരി. അവളെവിടെയാണ്, അവളെ അവർ കൊന്നിരുന്നെങ്കിൽ... അള്ളാഹു അവൾക്ക് സ്വർഗ്ഗം കൊടുക്കുമായിരുന്നു... അവൾ എന്തെല്ലാം സഹിക്കണം എന്‍റെ അള്ളാ... എന്തിനാണീ യുദ്ധം? ആർക്കു വേണ്ടിയാണ്?' അവന്‍റെ തേങ്ങലുകൾ ഞങ്ങൾ സഹപ്രവത്തകരുടെ കരളലിയിപ്പിക്കുന്നതായിരുന്നു.
അവന്‍റെ സഹോദരന്‍റെ പന്ത്രണ്ടും എട്ടും വയസ്സുള്ള രണ്ടു കുട്ടികൾ സ്കൂളിലായിരുന്നതിനാൽ കൊല്ലപ്പെട്ടില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വലിയ ആശ്വസത്തോടെ അവൻ എന്നോടു പറഞ്ഞു സാറയുടെ ജഡം കിട്ടി. അവരവളെ വെടിവെച്ചു കൊന്നു.
''സ്നേഹമുള്ള എന്റെ കൂട്ടുകാരാ, നിനക്കറിയാമോ? മരണം ജീവിതത്തേക്കാൾ ആശ്വാസമാണ് ഇപ്പോളെനിക്ക്. അവൾ സ്വർഗ്ഗത്തിലുണ്ടാവും.. തീർച്ച..'' ആ തേങ്ങലിൽ അവൻ ശ്വാസം കിട്ടാതെ പിടയുന്നതു പോലെ തോന്നി.
ഇതിനിടയിൽ അവന് ഒരു മകൻ പിറന്നു, അബ്ദുള്ള. ജ്യേഷ്ഠന്‍റെ പുത്രിമാരെ വളരെ കഷ്ടപ്പെട്ടു ദുബൈയിലെത്തിച്ചു. കടം വാങ്ങിയും ലോണെടുത്തും സുഹൃത്തുക്കളുടെ കാരുണ്യവും കൊണ്ട് വീണ്ടും അവൻ നിലനിന്നു. പക്ഷേ, വിധി ക്രൂരമായി അവനെ പിന്തുടർന്നു കൊണ്ടിരുന്നു. നാൽപ്പതു വയസ്സുകാരൻ മൊഹന്നദിനെ കണ്ടാൽ അറുപത് വയസ്സ് പ്രായം പറയും. മുഖത്തെ ചൈതന്യമെല്ലാം എന്നേ നഷ്ടപ്പെട്ടിരുന്നു.
''നിനക്കറിയുമോ സഹോദരാ, ഞാനൊന്നുറങ്ങിയിട്ട് എത്ര കാലമായെന്ന്. ഇനിയുമെനിക്കതിനു കഴിയുമെന്നു തോന്നുന്നില്ല.''
''സാരമില്ല മൊഹന്നദ് എല്ലാം ശരിയാകും..'' ഞാൻ വെറുതെ ഭംഗിവാക്കു പറഞ്ഞു.
എന്‍റെ സ്നേഹമേ, നമ്മൾ ഇനി കാണില്ല, നീ എന്‍റെ തെറ്റുകൾ പൊറുക്കണം
ഒരു ദിവസം ജോലിക്കിടയിൽ അവൻ മറിഞ്ഞു വീണു നട്ടെല്ലിനു പരിക്കു പറ്റിയതിനാൽ സർജ്ജറിയും തുടർന്ന് മൂന്നു മാസത്തെ വിശ്രമവും ഡോക്ടർ നിർദ്ദേശിച്ചു. ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിച്ചെങ്കിലും കൃത്യമായി ജോലി ചെയ്യാൻ പിന്നീട് അവനു കഴിയാതെ വന്നു.
ഒരു ദിവസം പ്രതീക്ഷിച്ച പോലെ തന്നെ ആ നോട്ടീസ് എത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ട്. മനുഷ്യത്വം... സാധാരണക്കാരായ നമുക്കല്ലേ ബാധകമുള്ളൂ, കോർപ്പറേറ്റ് കമ്പനിക്ക് വേണ്ടത് ലാഭമാണല്ലോ. നോട്ടീസ് കൈപ്പറ്റി വീണ്ടും വീണ്ടും വായിച്ചു കൊണ്ട് രക്തമയമില്ലാതെ നിർവ്വികാരനായി ആ വെളുത്ത ശരീരം നിൽക്കുന്ന ചിത്രം ഒരിക്കലും മറക്കാനാവില്ല.
തീർത്താൽ തീരാത്ത ബാധ്യതകൾ, ഭാര്യക്കും കുഞ്ഞിനുമൊപ്പം ജ്യേഷ്ഠന്‍റെ അനാഥരായ രണ്ടു കുട്ടികൾ, ജോലിക്ക് വഴങ്ങാത്ത ശരീരം... ''സിറിയയിലേയ്ക്ക് ഞാൻ മടങ്ങുകയാണ്. ജോലിയില്ലാതെ ഈ രാജ്യത്ത് നിൽക്കാനാവില്ലല്ലോ...''
അപ്പോൾ അവന്‍റെ സ്വപ്നങ്ങളെക്കുറിച്ച് ഞാനോർത്തു. സ്വന്തമായി ഒരു ഒലിവ് തോട്ടവും രണ്ടു കിടപ്പുമുറികളുള്ള ചെറിയ വീടും. എന്തൊക്കെ സ്വപ്നങ്ങളുമായാണ് ഒരോരുത്തരും പ്രവാസിയാകുന്നത്. പക്ഷേ, നേടുന്നവർ ചുരുക്കവുമാണ്. എന്നാല്‍, ഉണ്ടായിരുന്നതു കൂടി നഷ്ടപ്പെട്ട ഒരാൾ...
''അവിടെ നിനക്കെന്തുണ്ട്? നീ എങ്ങനെ ഭഷണം കഴിക്കും? കുട്ടികളെന്തു ചെയ്യും?'' ഞാൻ ചോദിച്ചു
''അള്ളാഹുവാണ് ജീവിതം തന്നത് റസിക്കും കാരുണ്യവാൻ കണ്ടു വെച്ചിട്ടുണ്ട്...''
യുദ്ധം കൊണ്ട് തകർന്ന നാട്, വീടില്ല സഹായിക്കാനാരുമില്ല ദൈവമേ എന്തൊരു ദുർവിധിയാണ്. തകർച്ചയിലും ശൂന്യതയിലും മനുഷ്യന്‍റെ പ്രത്യാശ ദൈവമല്ലാതെ മറ്റെന്താണുള്ളത്.
അയൽപക്കക്കാരന്‍റെ അഭിവൃദ്ധിക്കൊപ്പമെത്താനുള്ള പരക്കം പാച്ചിലിലുള്ള സംഘർഷവും സമ്മർദ്ദവും മാത്രമാണ് മലയാളികളുടെ പ്രശ്നമെന്ന് ഞാനോർത്തു. യുദ്ധം നമുക്ക് കേട്ടു കേൾവിയും വാർത്തകളും മാത്രമാണ്. സുന്ദരമായ നാടും പ്രകൃതിയും വീടും വീട്ടുകാരും സൗഹൃദങ്ങളും നമുക്കുണ്ട്. മതവും കക്ഷി രാഷ്ട്രീയവും അതിരുകൾ ഭേദിച്ച് മാനവ ബന്ധങ്ങളെ മലിനമാക്കി അസ്വസ്ഥതകൾ ഇരന്നു വാങ്ങുന്നവരായി നമ്മൾ പരിണമിച്ചത് നമ്മുടെ സൗകര്യങ്ങൾ മെച്ചപ്പെട്ടതുകൊണ്ടാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
മൊഹന്നദ് സഹപ്രവത്തകരോട് യാത്ര പറഞ്ഞ് എന്‍റെ അടുത്തെത്തി. ''ഹേ ഹെയ്വാൻ, നിനക്കും പൊയ്ക്കൂടെ ഇവിടുന്ന്?'' അവൻ പാതി തമാശയായി പറഞ്ഞു. ''എന്‍റെ സ്നേഹമേ, നമ്മൾ ഇനി കാണില്ല, നീ എന്‍റെ തെറ്റുകൾ പൊറുക്കണം. നീ എനിക്കു വേണ്ടി പ്രാർത്ഥിക്കണം.'' അവൻ എന്‍റെ ഇരുകവിളിലും മൂന്നു ചുബനങ്ങൾ തന്നു. ഒൻപതു കൊല്ലത്തെ സൗഹൃദം... ഇനി ഒരിക്കലും ഞങ്ങൾ കണ്ടുമുട്ടില്ല എന്നുറപ്പുണ്ടായിട്ടും ഞാൻ പറഞ്ഞു, 'ഇനിയും കാണാം...' എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാന്‍ തേങ്ങിക്കരഞ്ഞു പോയി.
അവന്‍റെ അബ്ദുള്ളയും യത്തീമുകളായ പെൺകുട്ടികളും ഭഷണം കഴിച്ചിട്ടുണ്ടാവുമോ?
''നിനക്കറിയുമോ എന്‍റെ കണ്ണുകൾ നിറയില്ല എനിക്കിനി കണ്ണീർ വരില്ല'' അവൻ മന്ദഹസിച്ചു. ആ നീലക്കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമില്ലായിരുന്നു. കാറ്റു നിലച്ച കുളം പോലെ അത് നിർജ്ജീവമായിരുന്നു. അവൻ തിരിഞ്ഞു നടന്നു.
മൊഹന്നദ്... അവനിപ്പോൾ എവിടെയായിക്കും? അവന്‍റെ അബ്ദുള്ളയും യത്തീമുകളായ പെൺകുട്ടികളും ഭഷണം കഴിച്ചിട്ടുണ്ടാവുമോ? ഒലിവിൻ തോട്ടത്തിനു നടുവിൽ അവൻ വീടുണ്ടാക്കി കാണുമോ? അതോ അള്ളാഹുവിന്‍റെ തോട്ടത്തിലേയ്ക്ക് അവനേയും അവർ അയച്ചിട്ടുണ്ടാവുമോ...
ചില സൗഹൃദങ്ങളിങ്ങനെയാണ് ഉത്തരമില്ലാത്ത ചേദ്യങ്ങളും നീറ്റലുകളുമവശേഷിപ്പിക്കും...