ബാര്‍ബര്‍ ഷോപ്പ് തിരഞ്ഞു തിരഞ്ഞ് ഒടുവില്‍...

By Deshantharam Series  |  First Published Dec 14, 2018, 6:58 PM IST

എന്‍റെ നടത്തത്തിന് ഓട്ടത്തിന്‍റെ വേഗം കൈവന്നു. അങ്ങനെ കുറെയേറെ മുന്നോട്ട് നടന്നപ്പോള്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് മിന്നിത്തെളിയുന്ന ആ എഴുത്ത് എന്‍റെ ശ്രദ്ധയില്‍ പെട്ടു 'ബാര്‍ബര്‍ ഷോപ്പ്'. പിന്നെയും കുറച്ച് മുന്നോട്ട് നടന്നു വേണം രണ്ടുനിലകളുള്ള ആ കെട്ടിടത്തിന്‍റെ  രണ്ടാമത്തെ നിലയില്‍ ഒത്ത നടുക്ക് സ്ഥിതിചെയ്യുന്ന മുടിമുറി പീടികയിലെത്താൻ.


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Latest Videos

undefined

അമേരിക്കയിലെത്തിയിട്ട്  മാസം ഒന്ന് കഴിഞ്ഞു, ആഘോഷങ്ങളിലും, ആസ്വദിക്കലുകളിലും ഒന്നും  വലിയ കമ്പമില്ലാത്ത എന്നോട് അമേരിക്കയിലേക്ക് പോകണമെന്ന് കമ്പനി പറഞ്ഞപ്പോള്‍ തന്നെ എന്‍റെ  മനസ്സ് പലവട്ടം എന്നോട് തന്നെ പറഞ്ഞതാ, 'ഇതൊന്നും നിനക്ക് പറ്റിയ പണിയല്ല' എന്ന്. പക്ഷെ, മാസാവസാനം ശമ്പളം മുടങ്ങരുതെന്ന ഒരൊറ്റ ചിന്തയാണ് പെട്ടിയുമെടുത്ത് ഇങ്ങോട്ട്  പോരാന്‍ എന്നെ പ്രേരിപ്പിച്ചത്. ദുബായിലായിരുന്നപ്പോള്‍ ആഴ്ച്ചക്ക്  ഒരുപ്രാവശ്യമെങ്കിലും മുടിയും താടിയും വെട്ടി ഒതുക്കുന്ന ഞാന്‍ ഇന്ന്... ആഴ്ചകള്‍ ‍ ആറായി ഒന്ന് ബാര്‍ബര്‍ ഷോപ്പിന്‍റെ പടികടന്നിട്ട്. 

രാവിലെ ഓഫീസിലേക്കും വൈകുന്നേരം ഹോട്ടല്‍ മുറിയിലേക്കുമുള്ള എന്‍റെ യാത്രകള്‍ ഒരിക്കലും കണ്ണഞ്ചിപ്പിക്കുന്ന അമേരിക്കന്‍ കാഴ്ച്ചകളൊന്നും  ആസ്വദിക്കാന്‍ പാകമായിരുന്നില്ല, ഒരു അമേരിക്കന്‍ പെണ്ണിന്‍റെ കയ്യിലേക്ക് എന്‍റെ തലയും മുഖവും വെച്ച് കൊടുക്കാതിരിക്കാന്‍ ആണായി പിറന്ന ഒരു മുടിവെട്ടുകാരനെ പരതുകയായിരുന്നു എന്‍റെ രണ്ട് കണ്ണുകളും.

പല മുടിവെട്ട് കേന്ദ്രങ്ങളും സന്ദര്‍ശിച്ചു, പക്ഷെ നിരാശയായിരുന്നു ഫലം. ഇനി ഇങ്ങനെ  എല്ലായിടത്തും (സലൂണുകള്‍) കയറി ഇറങ്ങിയിട്ട് കാര്യമില്ലെന്നും ബാര്‍ബര്‍ ഷോപ്പ് കണ്ടെത്തിയാല്‍ അവിടെ പുരുഷന്മാരായ മുടിവെട്ടുകാര്‍ ഉണ്ടാകുമെന്നും ഓഫീസിലെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള, കൌമാരത്തില്‍ തന്നെ മുടി മുഴുവന്‍ കൊഴിഞ്ഞ് വെളിയിലെപ്പുറം പോലെയിരിക്കുന്ന മൊട്ടത്തല തടവിക്കൊണ്ട്   ഗാരി എന്ന വെള്ളക്കാരന്‍ പറഞ്ഞതനുസരിച്ച്  ഞാൻ ബാര്‍ബര്‍ ഷോപ്പ് കണ്ടുപിടിക്കാനുള്ള ഭഗീരഥ പ്രയത്നം ആരംഭിച്ചു.

ഇപ്പോൾ ഞാന്‍ ലക്ഷ്യസ്ഥാനത്തിന്‍റെ അടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു

അങ്ങനെ ഒരു ദിവസം  പുതുതായി താമസം മാറിയ ഹോട്ടലിലേക്ക്  പോകുന്ന വഴി ഞാൻ ആ  ബോര്‍ഡ് കണ്ടു. മിന്നിമറയുന്ന വൈദ്യുതി വിളക്കുകളുടെ വെളിച്ചത്തില്‍ 'ബാര്‍ബര്‍ ഷോപ്പ്' എന്നെഴുതിവെച്ചിരിക്കുന്നു. പാതി മരിച്ച എന്‍റെ സൗന്ദര്യബോധം വീണ്ടും തളിര്‍ത്ത് തുടങ്ങി. പ്രവൃത്തി ദിവസങ്ങളിലെ തിരക്കുകള്‍ തീര്‍ത്ത് വാരാന്ത്യത്തില്‍, അച്ചടക്കമില്ലാതെ പാറിക്കളിക്കുന്ന മുടിയും സ്കൂള്‍ അസംബ്ലിയില്‍ എത്ര ശ്രമിച്ചാലും വരിതെറ്റി നില്‍കുന്ന വികൃതിക്കുട്ടിയെപോലെ കൂട്ടം തെറ്റി നടക്കുന്ന താടിയും ഒന്ന് വെട്ടി ഒതുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ശനിയാഴ്ച  കുളിയും അലക്കും ഒക്കെ നേരത്തെ തന്നെ തീര്‍ത്ത്  ബാര്‍ബര്‍ ഷോപ്പ്  ലക്ഷ്യമാക്കി ഞാന്‍ നടന്നു. ഉദ്ദേശം ഒരു പതിനഞ്ചു മിനുട്ട് നടന്നാലേ ഇപ്പറഞ്ഞ സ്ഥലത്ത് എത്തുകയുള്ളൂ. വീടുകാര്‍ കണ്ടുറപ്പിച്ച ശേഷം പെണ്ണ് കാണാന്‍ പോകുന്ന ഒരു പ്രതീതിയായിരുന്നു എനിക്ക്. മുടിയൊന്ന് വെട്ടിയൊതുക്കാൻ ലോക പൊലീസ് ചമഞ്ഞു നടക്കുന്ന ട്രംപിന്‍റെ നാട്ടിൽ ഇത്ര ബദ്ധപ്പാടുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചതല്ല. എന്നിരുന്നാലും അനുകൂലമായ കാലാവസ്ഥയും വഴിയോരങ്ങളില്‍ വളര്‍ന്നു പന്തലിച്ച് നില്‍കുന്ന പൈന്‍ മരങ്ങളും, പിന്നെ ഇളം തെന്നലും എന്‍റെ നടത്തത്തിന് ശരവേഗം  നല്‍കി. 

തെളിഞ്ഞതും എന്നാല്‍ ഇടയ്ക്ക് മേഘ മുഖരിതമായതും... അങ്ങനെ, രണ്ടും  ഇടകലര്‍ന്ന അന്തരീക്ഷം. ചീറിപ്പായുന്ന വാഹനങ്ങള്‍, സിഗ്നല്‍ കാത്തുകിടക്കുന്ന കുറച്ച് കാല്‍നട യാത്രക്കാര്‍, റോഡിനിരുവശവും ഒത്തവലിപ്പമുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. എങ്ങും പച്ചപ്പ്‌ മാത്രമുള്ള ഭൂപ്രദേശങ്ങള്‍. തലങ്ങും വിലങ്ങും വളഞ്ഞ് പുളഞ്ഞൊഴുകുന്ന അരുവികള്‍. അങ്ങനെ അമേരിക്കയുടെ സുന്ദരമായ കാഴ്ചകള്‍ കണ്ട് ഞാന്‍ ലക്ഷ്യസ്ഥാനം തേടി ആഞ്ഞു നടക്കുകയാണ്.

എന്‍റെ നടത്തത്തിന് ഓട്ടത്തിന്‍റെ വേഗം കൈവന്നു. അങ്ങനെ കുറെയേറെ മുന്നോട്ട് നടന്നപ്പോള്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് മിന്നിത്തെളിയുന്ന ആ എഴുത്ത് എന്‍റെ ശ്രദ്ധയില്‍ പെട്ടു 'ബാര്‍ബര്‍ ഷോപ്പ്'. പിന്നെയും കുറച്ച് മുന്നോട്ട് നടന്നു വേണം രണ്ടുനിലകളുള്ള ആ കെട്ടിടത്തിന്‍റെ  രണ്ടാമത്തെ നിലയില്‍ ഒത്ത നടുക്ക് സ്ഥിതിചെയ്യുന്ന മുടിമുറി പീടികയിലെത്താൻ.  അങ്ങനെ, ഇപ്പോൾ ഞാന്‍ ലക്ഷ്യസ്ഥാനത്തിന്‍റെ അടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു.

എന്നെയും കാത്ത്, ഒരു കോട്ടുമിട്ട്  കയ്യില്‍ കത്രികയുമായ് നില്‍കുന്ന വെള്ളക്കാരനെയും  പ്രതീക്ഷിച്ചുകൊണ്ട്  ഞാന്‍ പതുക്കെ മരപ്പലക  കൊണ്ട് ഉണ്ടാക്കിയ തേഞ്ഞു തീരാറായ  കോണി കയറി രണ്ടാം നിലയിലെത്തി. വാരാന്ത്യ ഒഴിവ് ദിവസമായത് കൊണ്ടാകണം മിക്കവാറും എല്ലാ കടകളും അടഞ്ഞു കിടക്കുകയാണ്. എല്‍ ഇ ഡി  ബള്‍ബുകള്‍ മിന്നിത്തെളിയുന്നതിനാല്‍ മുടിവെട്ടുകാരന്‍ അതിനകത്ത്  ഉണ്ടെന്ന്  എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ ഞാന്‍ അവസാനം 'ബാര്‍ബര്‍ ഷോപ്പ്'  എന്നെഴുതിയ ആ ഒറ്റമുറി കടയുടെ  മുന്നിലെത്തി. ചില്ലുപാളികളാൽ തീർത്ത പ്രവേശന കവാടത്തിന്‍റെ അരികിലെത്തിയ എനിക്ക് കടമുറിയുടെ അകം കാഴ്ചകൾ കാണുക സാധ്യമായിരുന്നില്ല. പക്ഷെ, കടമുറിക്കുള്ളില്‍ നിന്നും കത്രിക ചലിക്കുന്ന ശബ്ദങ്ങള്‍ എനിക്ക് വ്യക്തമായി കേള്‍ക്കാം.  മുറിക്ക്  ഉള്ളിലേക്ക്  കടക്കാന്‍ വേണ്ടി ഞാന്‍ കതകില്‍ രണ്ടു പ്രാവശ്യം മുട്ടി. ടിക് ടിക്... തുടര്‍ന്ന് പതിയെ വാതിലിന്‍റെ  പിടിയില്‍ ഒന്ന് അമര്‍ത്തി ഞാൻ  ഉള്ളിലേക്ക് കടന്നു. 'ഹായ്' എന്ന് പറഞ്ഞ് ഉള്ളിലേക്ക് കാലെടുത്ത് വെച്ച എനിക്ക് നിരാശയുണ്ടാക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്.  കറങ്ങുന്ന കസേരയില്‍ ആയാസരഹിതമായ് മുടി വെട്ടാനിരുന്ന ഒരു ചെറുപ്പക്കാരന്‍റെ തലമുടിയില്‍  തന്‍റെ കരവിരുതിന്‍റെ  സാമര്‍ത്ഥ്യം തെളിയിക്കാന്‍ കത്രികയോട്  പടവെട്ടുന്ന ഒരു വെളുത്ത പെമ്പറന്നോള്‍... 

ഞാനും പറഞ്ഞു  " its alright, i will come back - thank you

കാഴ്ചയില്‍ ഏതോ ഏഷ്യന്‍ രാജ്യത്ത് നിന്നും കത്രികയും ചീര്‍പ്പും പടവളാക്കി ജീവിതം കരുപിടിപ്പിക്കാന്‍ വന്ന ഒരു മധ്യവയസ്ക. പ്രതീക്ഷയുടെ രമ്യഹര്‍മ്യങ്ങള്‍    നിമിഷ നേരം കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന എന്നെ നോക്കി അവർ  ചിരിച്ച് കൊണ്ട് പറഞ്ഞു,  "you have to wait two hours, by this time i will go home". വളയിട്ട കൈകളാല്‍  മുടിവെട്ടണമെന്ന  മോഹവുമായ് വന്നു തങ്ങളുടെ ഊഴം കാത്തിരിക്കുന്ന മറ്റ് രണ്ടുപേരുടെ  രൂക്ഷമായ നോട്ടം എന്നെ വല്ലാതെ അലോസരപെടുത്തുന്നുണ്ടായിരുന്നു.  ജാള്യത ഉണ്ടെങ്കിലും അതൊന്നും മുഖത്ത് കാണിക്കാതെ സൌമ്യമായ ഭാഷയിൽ  ഞാനും പറഞ്ഞു  " its alright, i will come back - thank you." 

ഇതും പറഞ്ഞ്  പുറത്തേക്കിറങ്ങിയ ഞാന്‍ വീണ്ടും എന്‍റെ  താമസസ്ഥലം ലക്ഷ്യമാക്കി നടന്നു. 'ഒരു പാവം പയ്യന് മുടിവെട്ടിത്തരാന്‍ ആണായി പിറന്നവരാരും  ഈ അമേരിക്കന്‍ മണ്ണിലില്ലേ' എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ട് ഇന്ധനം തീരാറായ  ഒരു എന്‍ജിനെ പോലെ കിതച്ചു കിതച്ച് ഞാന്‍ മുന്നോട്ടേക്കുള്ള പ്രയാണം ആരംഭിച്ചു. വെട്ടിയൊതുക്കിയ മുടിയും താടിയുമായി വാരാന്ത്യ അവധി കഴിഞ്ഞ്  ജോലിക്ക് പോകണമെന്ന എന്‍റെ മോഹം ഇപ്പോഴും ഒരു മരീചികയായി അവശേഷിക്കുകയാണ്.

click me!