ഒരുപാട് പ്രവാസികള്‍, ഇങ്ങനെ വേദനയോടെ തിരികെ മടങ്ങിയിരിക്കാം...

By Deshantharam Series  |  First Published Dec 29, 2018, 3:41 PM IST

പിന്നെയും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനു ആക്കം കൂടിക്കൊണ്ടിരുന്നു. അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അദ്ദേഹത്തിനോട് വല്ലാത്തൊരു ബഹുമാനമാണുള്ളത്. ദൈവത്തിനോടുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മതയുടെ നൂറിൽ ഒരു അംശം പോലും ഞങ്ങൾക്കില്ലല്ലോ എന്നും തോന്നിപ്പോയിട്ടുണ്ട്.


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Latest Videos

undefined

അബ്ദുൽ റഹ്മാൻ ഇക്കയെ ഞാൻ ആദ്യമായി കാണുന്നത് എന്‍റെ ഓഫീസിനു മുന്നിൽ കാർ നിർത്തി ഇറങ്ങി വന്നു 'സലാം' പറഞ്ഞൊരു ദിവസത്തിലായിരുന്നു. പരിചയപ്പെട്ടു, പേരുകേട്ടൊരു കമ്പനിയിൽ പി ആർ ഓ ആണെന്നു പരിചയപ്പെടുത്തി. സാധാരണ പോലെയുള്ളൊരു കസ്റ്റമർ അതായിരുന്നു അന്ന് അദ്ദേഹം എനിക്ക്. 

വന്നത് അദ്ദേഹത്തിന്റെ കമ്പനി സംബന്ധമായ ഒരു ആവശ്യത്തിനായിരുന്നു. ഞാൻ അതു ചെയ്തുകൊടുത്തു. പിന്നെയും മൂന്നുദിവസങ്ങൾക്കു ശേഷം അദ്ദേഹം വന്നുപറയുന്നു "അനസ്, ബോസ് പറയുന്നു അന്ന് നമ്മൾ റെഡി ആക്കിയ ഡോക്യൂമെന്‍റ്സിൽ അദ്ദേഹം തൃപ്തനല്ല. അദ്ദേഹം ഉദ്ദേശിച്ചതു ഇതല്ല. എന്തെങ്കിലും ചെയ്യാൻ പറ്റുമോ" എന്റെ കിളി ശരിക്കും പറന്നുപോയി. കാരണം 1500 ദിർഹംസ് (27000 ഇന്ത്യൻ രൂപ)  ചിലവാക്കി ഉണ്ടാക്കിയ ഡോക്യുമെന്‍റ്സ് ആണ്. ഇനി അത് മാറ്റണമെങ്കിൽ അത്രയും തന്നെ പണം കൊടുക്കണം.

ഇത് എന്റെ ബോസ്സിന്റെ ഒരു കൂട്ടുകാരന് വേണ്ടിയാണ്

വിഷമത്തോടെ ഞാൻ അത് അദ്ദേഹത്തോട് പറഞ്ഞു. കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല പുള്ളി. പിന്നെ പറഞ്ഞു തുടങ്ങി "മോനെ ഞാൻ ഈ കമ്പനിയിൽ ഏതാണ്ട് പത്തുമുപ്പതു വർഷമായി, ഇത് എന്റെ ബോസ്സിന്റെ സ്വന്തം ആവശ്യത്തിനുള്ളതാണ്. ഇതുവരെ എന്നെ ഏല്പിച്ച ഒരു കാര്യത്തിനും ഞാൻ മുടക്കം വരുത്തിയിട്ടില്ല. സാരമില്ല, ക്യാഷ് ഞാൻ എന്റെ കയ്യിൽ നിന്നും തരാം. നീ പുതിയതായി ഒന്നുകൂടെ റെഡി ആക്കി തരൂ." 

ഞാൻ ദിവസവും ഒരുപാട് പി ആർ ഒ മാരെയും അവരുടെ ഉഡായിപ്പുകളും കാണുന്നതാണല്ലോ, അപ്പോൾ ഇതും ഞാൻ അതിലൊന്നായിട്ടേ കണ്ടുള്ളൂ. അദ്ദേഹം എനിക്ക് പണം തന്നു. ഞാൻ വീണ്ടും പുള്ളിയുടെ ബോസ് പറഞ്ഞതുപോലെ ഡോക്യൂമെന്‍റ്സ് റെഡി ആക്കി കൊടുത്തു. പിന്നെ, ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ച്ചകൾ അദ്ദേഹത്തിനെ അടുത്തറിയാൻ ഇടയാക്കി. ഫാമിലി ഇവിടെ കൂടെയുണ്ട്, മകൻ നല്ലൊരു കമ്പനിയിൽ ജോലി നോക്കുന്നുണ്ട്. മക്കളും ചെറുമക്കളുമായി അബ്ദുൽ റഹ്മാൻ എന്ന വ്യക്തിയുടെ കുടുംബം സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് അറിയാൻ കഴിഞ്ഞു. മൂന്ന് മാസത്തിനു ശേഷം പിന്നെയും മറ്റൊരു ഡോക്യുമെന്റ് ശേരിയാക്കി തരണം എന്ന ആവശ്യവുമായി അദ്ദേഹം വീണ്ടും എന്റെ ഓഫീസിലെത്തി.

ഇതിനിടയിൽ ഞാനും അദ്ദേഹവും തമ്മിൽ സൗഹൃദത്തിന്റെയും അപ്പുറത്തേയ്ക്ക് ഒരു ബന്ധം ഉണ്ടായിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ''ഇത് എന്റെ ബോസ്സിന്റെ ഒരു കൂട്ടുകാരന് വേണ്ടിയാണ്. നീ നിന്‍റെ ലാഭം എടുത്തിട്ട് ഡോക്യൂമെന്‍റ്സ് കൊടുത്താൽ മതി''. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ''ഇക്ക കഴിഞ്ഞ പ്രാവശ്യം നിങ്ങളുടെ കയ്യിൽനിന്നും ചിലവായ ക്യാഷ് ഞാൻ നിങ്ങള്‍ക്ക് ഇതിൽ നിന്നും അഡ്ജസ്റ്റ് ചെയ്തു തരാം.'' പക്ഷെ, അദ്ദേഹത്തിന്റെ മറുപടി എന്നെ അമ്പരപ്പിച്ചു കളഞ്ഞു, "വേണ്ട മോനെ എനിക്ക് ആ ക്യാഷ് ഹഖ് (അർഹത) ആയതല്ല അതുകൊണ്ട് എനിക്ക് അത് വേണ്ട. അനസ് ബിസിനസ് ആണ് ചെയ്യുന്നത്. അതിന്റെ ലാഭം എടുത്തു കൊള്ളൂ" ഞാൻ വീണ്ടും ചോദിച്ചു, ''ഇക്ക കഴിഞ്ഞ തവണ നിങ്ങളുടെ കൈയിലെ ക്യാഷ് അല്ലെ കൊടുത്തത്. ഇപ്പോൾ അത് തിരിച്ചെടുക്കുന്നു അത്രയല്ലേയുള്ളു. ''വേണ്ട  മോനെ എനിക്ക് ആവശ്യമുള്ളതെല്ലാം എന്റെ നാഥൻ എനിക്ക് ആവശ്യമുള്ള സമയങ്ങളിൽ എത്തിച്ചു തരുന്നുണ്ട്. ഞാൻ അതിൽ തൃപ്തനാണ്''. കുറച്ചു സമയത്തേക്ക് എനിക്ക് വാക്കുകളൊന്നും കിട്ടിയില്ല മറുപടി പറയാൻ. 

പിന്നെയും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനു ആക്കം കൂടിക്കൊണ്ടിരുന്നു. അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അദ്ദേഹത്തിനോട് വല്ലാത്തൊരു ബഹുമാനമാണുള്ളത്. ദൈവത്തിനോടുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മതയുടെ നൂറിൽ ഒരു അംശം പോലും ഞങ്ങൾക്കില്ലല്ലോ എന്നും തോന്നിപ്പോയിട്ടുണ്ട്. ശരിക്കും, ഏതൊരു മകന്റെയും സ്വപ്നമാണ് അദ്ദേഹത്തെ പോലൊരു പിതാവ്. 

ഒരു പ്രായം കഴിഞ്ഞാൽ എക്സ്പീരിയൻസിനൊന്നും ഒരു വിലയും ഉണ്ടാകില്ല

കഴിഞ്ഞ രണ്ടു മാസങ്ങൾക്കു മുമ്പ് വീണ്ടും കണ്ടപ്പോൾ ഒരു സങ്കടഭാവമുണ്ടായിരുന്നു അദ്ദേഹത്തിൽ. കാര്യം ചോദിച്ചപ്പോൾ പറഞ്ഞു, ''മോനെ എന്റെ ജോലി പോയി. ഞാൻ ഓവർ എയ്ജ് ആയില്ലേ അതുകൊണ്ടാണെന്ന്.'' ഞാൻ പറഞ്ഞു, ''സാരമില്ല, ഇക്കയ്ക്ക് ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഉള്ളതല്ലേ? എവിടെയെങ്കിലും ജോലി കിട്ടും.'' ''അനസ് ഒരു പ്രായം കഴിഞ്ഞാൽ എക്സ്പീരിയൻസിനൊന്നും ഒരു വിലയും ഉണ്ടാകില്ല. ഞാൻ വയസ്സനായില്ലേ.'' ഒരു വിളറിയ ചിരിയോടെ അദ്ദേഹം പറഞ്ഞു. ഞാൻ വീണ്ടും സമാധാനിപ്പിച്ചു, ''ഞാൻ ഒന്ന് നോക്കട്ടെ. എന്തെങ്കിലും വേക്കൻസി ഉണ്ടോയെന്ന്...'' ''ഇൻശാഅല്ലാഹ്‌ നോക്ക് എന്തെങ്കിലും എനിക്ക് പറ്റിയ വേക്കൻസി ഉണ്ടെങ്കിൽ അറിയിക്ക്... അസ്സലാമുഅലയ്ക്കും'' ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയി. എന്റെ മനസ്സിൽ, നാളെ എന്റെയും, അല്ല ലോകത്തിലെ എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതാണെന്ന സത്യം കടന്നുവന്നു. ഞാൻ ഒരുപാട് പേരോട് വേക്കൻസി അന്വേഷിച്ചു. പക്ഷെ, എല്ലാവർക്കും മുപ്പതുവയസിൽ താഴെയുള്ള എംപ്ലോയിയെ മതി.

ഇടയ്ക്ക് ഇക്ക എന്നെ ഫോണിൽ വിളിക്കും. എന്റെ കാര്യങ്ങൾ അന്വേഷിക്കും. എന്റെ കുടുംബത്തിന്റെ കാര്യങ്ങൾ ചോദിക്കും. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങൾ എന്നോട് പറയും. എന്നോട് ചോദിക്കാറില്ലെങ്കിലും ഞാൻ പറയും, 'ഇക്ക, ജോലിയുടെ കാര്യം ഞാൻ ചിലരോടൊക്കെ പറഞ്ഞിട്ടുണ്ട് കേട്ടോ...' 'സാരമില്ലെടോ അള്ളാഹു കല്‍പ്പിച്ചതുപോലെ വരട്ടെ.' ഇതാണ് അദ്ദേഹത്തിന്റെ മറുപടി.

വിഷമം ഉണ്ട് മുപ്പത്തഞ്ചു കൊല്ലത്തോളമായി ഇവിടെ

കഴിഞ്ഞ ദിവസം അദ്ദേഹം എന്റെ ഓഫീസിൽ വന്നിരുന്നു. സലാം പറഞ്ഞതിന് ശേഷം കുറച്ചു നേരം മിണ്ടാതിരുന്നു. ഞാൻ ചോദിച്ചു, 'സുഖമല്ലേ ഇക്ക?' 'ഞാൻ പോവുകയാണ് മോനെ' ഇതായിരുന്നു മറുപടി. ഞാൻ ചോദിച്ചു, എവിടേക്ക്... നാട്ടിലേയ്ക്ക് പോവുകയാണ് മോനെ ഇന്ന്. അതിനു മുമ്പ് നിന്നെ ഒന്ന് കാണാൻ വന്നതാണ്. പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ എനിക്ക് വല്ലാതെ തോന്നി. ചിരിച്ചു കൊണ്ട് വീണ്ടും അദ്ദേഹം പറഞ്ഞു, 'വിഷമം ഉണ്ട് മുപ്പത്തഞ്ചു കൊല്ലത്തോളമായി ഇവിടെ... ഇതിപ്പോൾ സ്വന്തം നാടുപോലെയായി. പക്ഷേങ്കിൽ പോയല്ലേ പറ്റൂ... നാട്ടിൽ ചെന്നിട്ടു കുറച്ചുനാൾ കഴിഞ്ഞ് എനിക്ക് ഹജ്ജിനു പോകണം. എന്റെ വീട് പാലക്കാടിനടുത്താണ്. നാട്ടിൽ വരുമ്പോൾ നീ വരുമോ?'

ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അദ്ദേഹം എനിക്കൊരു ഉമ്മ തന്നു. അപ്പോൾ, എനിക്ക് മനസിലായി. അദ്ദേഹത്തിന് ഞാനും ഒരു മകനായിരുന്നുവെന്ന്. അതോടെ, എന്റെ ഖൽബിന്റെ നിയന്ത്രണം പോയി. കാരണം അറിയാതെ ഞാന്‍ കരയാൻ തുടങ്ങി. അദ്ദേഹത്തിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്... 'ശരി മോനെ ഞാൻ പോകുന്നു. വിധിയുണ്ടെങ്കിൽ നമുക്ക് ഇനിയും കാണാം'. അദ്ദേഹം ഇറങ്ങി നടന്നു. ഞാൻ ഓഫീസിനു പുറത്തേയ്ക്കിറങ്ങി നോക്കി. ആദ്യം കാണുമ്പോൾ കാറിൽ വന്ന അദ്ദേഹം ഇന്ന് നടന്നു പോവുകയാണ്. തിരിഞ്ഞുപോലും നോക്കാതെ... ഇതാണ് യഥാർത്ഥ പ്രവാസി എന്ന് പറയാതെ പറഞ്ഞുകൊണ്ട്.

click me!