യുവതീപ്രവേശനം ആചാരവിരുദ്ധമാണെന്ന് ആധികാരികമായി പറയുന്ന പിള്ളസാറിന് പതിനെട്ടാം പടിയിൽ പാലിക്കേണ്ട ആചാരമൊന്നും അറിയുകയുമില്ല. ആർഎസ്എസിന്‍റെ മഹാനായ നേതാവ് വത്സൻ തില്ലങ്കേരിക്കും ആചാരമൊന്നും അറിയില്ല. ആകെ അറിയാവുന്ന കാര്യം ശബരിമലയിൽ സ്ത്രീകളെ കണ്ടാൽ അടിച്ചോടിക്കണം എന്നത് മാത്രമാണ്.
ശ്രീധരൻ പിള്ളയും സുധാകരനും യാത്രകളിലാണ്. ശ്രീധരൻപിള്ളയുടേത് രഥയാത്ര, സാരഥിയും കുതിരകളും ഇല്ലാത്തതുകൊണ്ട് യന്ത്രസഹായത്തോടെ ഓടുന്ന രഥത്തിലാണ് അദ്ദേഹത്തിന്‍റെ സഞ്ചാരം. ശ്രീധരൻ പിള്ളസാർ പാരമ്പര്യം വിട്ടുകളിക്കാത്ത ആളാണ്. നിവൃത്തിയുണ്ടായിരുന്നെങ്കിൽ കുതിരകളെത്തന്നെ വച്ച് രഥമോടിച്ചേനെ. ബിജെപി വാഴ നനയ്ക്കുമ്പോൾ കെ.സുധാകരന്‍റെ ചീര നനയുന്നത് സ്വാഭാവികം. സുധാകരന്‍റേയും ശ്രീധരൻ പിള്ളയുടേയും യാത്രകൾ കേരളം ഉഴുതുമറിക്കാൻ പോവുകയാണ്. അത് വർഗ്ഗീയതയുടെ വിഷവിത്താണോ പാകുന്നതെന്ന് കാത്തിരുന്ന് കണ്ടാൽമതി. സിന്ധു സൂര്യകുമാര്‍ എഴുതുന്നു.
undefined
ശബരിമലയെ സംബന്ധിച്ച സുപ്രീം കോടതി വിധി വന്നിട്ട് അഞ്ചാഴ്ചയാകുന്നു. അന്നുമുതൽ കവർ സ്റ്റോറി ഒരു കാര്യം പറയുന്നു. ബിജെപിയും ആർഎസ്എസും കാണിക്കുന്നത് രാഷ്ട്രീയ അഭ്യാസം മാത്രമാണെന്ന്. അന്നൊന്നും കവർ സ്റ്റോറിയെ വിശ്വസിക്കാത്തവർ ഇപ്പോൾ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അത് നേരിട്ടു പറഞ്ഞപ്പോൾ വിശ്വാസമായിക്കാണുമല്ലോ? ആർക്കുമാർക്കും ബുദ്ധിമുട്ടില്ലാതെ, ഇക്കണ്ട ഗുണ്ടായിസം ഒന്നുമില്ലാതെ ശബരിമല പ്രശ്നം പരിഹരിക്കാൻ കഴിയുന്ന ഏക വിഭാഗം ബിജെപിയും ആർഎസ്എസുമാണ്. അവർ കേന്ദ്രസർക്കാരിനോട് ഒന്നു പറഞ്ഞാൽ ഒരു നിയമം പാസാക്കി ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ. അതു ചെയ്യാതെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്ന ബിജെപിയേയും ആർഎസ്എസിനേയും ഇനിയെങ്കിലും സാധാരണക്കാരായ വിശ്വാസികൾ തിരിച്ചറിയണം.
പിഎസ് ശ്രീധരൻ പിള്ള സത്യത്തിൽ ഒരു സാധുവാണ്. യുവമോർച്ച സമ്മേളനത്തിൽ തന്‍റെ പ്രസംഗം കേൾക്കാതിരിക്കാൻ മാധ്യമപ്രവർത്തകരെ പുറത്താക്കിയപ്പോൾ ആ പ്രസംഗം സ്വന്തം നേതാവുതന്നെ ഫേസ്ബുക്കിൽ ലൈവടിക്കുമെന്ന് പിഎസ് ശ്രീധരൻ പിള്ള കരുതിയില്ല. മാധ്യമപ്രവർത്തകരെ പുറത്താക്കി കതകടച്ച് പ്രസംഗിക്കുന്നത് കണ്ടിട്ടും ആ പ്രസംഗം ലൈവാക്കിയ മഹാനായ യുവനേതാവിന്‍റെ ബുദ്ധിയെ നമിക്കണം. ഇവരുടെ കയ്യിൽ ബിജെപിയുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് ശ്രീധരൻ പിള്ളയ്ക്ക് ആശ്വസിക്കാം.
“ഏതായാലും ഇന്ന് അജണ്ട ബിജെപിയുടെ കയ്യിലാണ്. അജണ്ട ബിജെപിയുടെ കയ്യിൽ എത്തിയിരിക്കുന്നു... ആ അജണ്ടയ്ക്ക് എതിരായും ചിലർ ശബ്ദിക്കുന്നു. പക്ഷേ, ബിജെപിയുടെ ചരിത്രത്തിൽ ബിജെപിക്ക് വീണുകിട്ടിയ, ലഭിച്ച ഏറ്റവും വലിയ ഗോൾഡൻ ഓപ്പർച്യൂണിറ്റിയായി ഞാനിതിനെ കാണുകയാണ്.”
(പിഎസ് ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗത്തിൽ നിന്ന്)
സുപ്രീം കോടതി വിധി തള്ളിക്കളയുന്നു എന്ന് പിഎസ് ശ്രീധരൻ പിള്ള ഇതുവരെ പറഞ്ഞിട്ടില്ല
യുവതികൾ ശബരിമലയിൽ വരണം എന്നാഗ്രഹിക്കുന്ന പാർട്ടിയാണ് ബിജെപി, പിന്തുണച്ചവരാണ് ആർഎസ്എസ്. ആ അനുവാദം കുറേയധികം വിശ്വാസികളെ മുറിപ്പെടുത്തിയെന്നും മറ്റുചിലർ മുതലെടുക്കുന്നുവെന്നും കണ്ടപ്പോൾ അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി രാഷ്ട്രീയം കളിക്കാനിറങ്ങിയവരാണ് ബിജെപിയും ആർഎസ്എസും. സുപ്രീം കോടതി വിധി തള്ളിക്കളയുന്നു എന്ന് പിഎസ് ശ്രീധരൻ പിള്ള ഇതുവരെ പറഞ്ഞിട്ടില്ല. വിധി അംഗീകരിക്കില്ല എന്നും പ്രഖ്യാപിച്ചിട്ടില്ല.
“ഞാനിന്നുവരെ സുപ്രീം കോടതി വിധിക്കെതിരായി ഒരു സ്ഥലത്തും വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഞാനൊന്നും പറഞ്ഞിട്ടില്ല. പിന്നെ നിങ്ങളെപ്പോലുള്ള ആൾക്കാര് പറഞ്ഞാൽ ഞാനെന്ത് പറയാൻ പറ്റും. ഇന്നുവരെ എത്രയോ പത്രസമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്.''
ചോദ്യം: സമരം ആർക്കെതിരെയാണ്?
ഉത്തരം: സമരമോ? സമരം ശബരിമലയെ തകർക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നയത്തിന് എതിരെയാണ്.”
(2018 നവംബർ അഞ്ചിന് ശ്രീധരൻ പിള്ള നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്)
യുവതീപ്രവേശനം ആചാരവിരുദ്ധമാണെന്ന് ആധികാരികമായി പറയുന്ന പിള്ളസാറിന് പതിനെട്ടാം പടിയിൽ പാലിക്കേണ്ട ആചാരമൊന്നും അറിയുകയുമില്ല. ആർഎസ്എസിന്‍റെ മഹാനായ നേതാവ് വത്സൻ തില്ലങ്കേരിക്കും ആചാരമൊന്നും അറിയില്ല. ആകെ അറിയാവുന്ന കാര്യം ശബരിമലയിൽ സ്ത്രീകളെ കണ്ടാൽ അടിച്ചോടിക്കണം എന്നത് മാത്രമാണ്. അതുകൊണ്ടാണ് തില്ലങ്കേരി പതിനെട്ടുപടികളും ചുമ്മാ ചുമ്മാ കയറിയിറങ്ങി അയ്യപ്പസ്വാമിക്ക് പിൻതിരിഞ്ഞു നിന്നത്. ദോഷം പറയരുതല്ലോ, തില്ലങ്കേരി കാട്ടിക്കൂട്ടിയതൊക്കെ അയ്യപ്പനെ രക്ഷിക്കാനായിരുന്നു.
ദൈവത്തെ രക്ഷിക്കാൻ തൽക്കാലം ശ്രീധരൻ പിള്ളയ്ക്കും വത്സൻ തില്ലങ്കേരിക്കും മാത്രമേ കഴിയുള്ളൂവെന്നാണ് ബിജെപിയും ആർഎസ്എസും പറയുന്നത്. പോരുകോഴികളെപ്പോലെ പാഞ്ഞുനടന്ന് കണ്ടവരെയൊക്കെ തല്ലി, തലയ്ക്ക് തേങ്ങായെറിഞ്ഞ്, പുലഭ്യം വിളിച്ച്, അശ്ലീല ആംഗ്യം കാണിച്ച് നടന്നവരൊക്കെ തില്ലങ്കേരി ഒച്ചയെടുത്തപ്പോൾ ശാന്തരായി! മഹാത്ഭുതം!!
ഇത്തവണ നടതുറപ്പിന് മറ്റൊരു ഐജി വക തില്ലങ്കേരി പൂജ
“ഇവിടെ ചില ആളുകൾ, ഒരഞ്ചുപത്ത് ആളുകൾ ഈ കൂട്ടത്തിൽ കുഴപ്പം ഉണ്ടാക്കണം എന്നുദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തിൽ വീണുപോകാൻ പാടില്ല. നമ്മൾ സമാധാനപരമായി, ശാന്തമായി ദർശനം നടത്തണം. ദർശനം നടത്താൻ പ്രായപരിധിക്ക് പുറത്തുള്ള ആളുകൾ വന്നാൽ അവർക്കുള്ള സൗകര്യം ചെയ്തുകൊടുക്കണം. പ്രായപരിധിക്ക് ഉള്ളിലുള്ളവർ വന്നാൽ അവരെ തടയാനുള്ള സംവിധാനം ഇവിടെയുണ്ട്. അതിവിടെ നടക്കില്ല.”
(2018 നവംബർ ആറാം തീയതി സന്നിധാനത്ത്, പതിനെട്ടാം പടിക്ക് സമീപം, വത്സൻ തില്ലങ്കേരി പൊലീസിന്‍റെ മെഗാഫോണിലൂടെ നടത്തിയ പ്രസംഗം)
കണ്ണൂരിലെ സിപിഎം നേതാക്കളുടെ കണ്ണിലെ കരടായ വത്സൻ തില്ലങ്കേരിക്ക് മെഗാഫോൺ പിടിച്ചുകൊടുക്കുന്നത് പിണറായി വിജയന്‍റെ പൊലീസാണ്. കഴിഞ്ഞ നടതുറപ്പിന് ഒരു ഐജി വക കണ്ണീരൊഴുക്ക്. ഇത്തവണ നടതുറപ്പിന് മറ്റൊരു ഐജി വക തില്ലങ്കേരി പൂജ. നവോത്ഥാന നായകൻ പിണറായി വിജയന്‍റെ പൊലീസ് ശബരിമലയിൽ ഓടിയൊളിച്ചത് എന്തിനാണാവോ?
ഐജി അജിത് കുമാർ, അതിനുതാഴെ മൂന്നാല് എസ്.പിമാർ, ആവശ്യത്തിന് ഡിവൈഎസ്.പിമാർ, പൊലീസുകാർ, കമാൻഡോകൾ... എന്തിനായിരുന്നു ഈ സന്നാഹം? ഇവരെയൊക്കെ കൊണ്ടുപോയി തീറ്റിപ്പോറ്റിയ കാശുണ്ടായിരുന്നുവെങ്കിൽ നിലയ്ക്കലിലും പമ്പയിലും പത്തുവീതം കക്കൂസുണ്ടാക്കാമായിരുന്നു. നാട്ടുകാർക്ക് ഗുണമുണ്ടായേനെ.
വത്സൻ തില്ലങ്കേരിയെ കണ്ടപ്പോൾ ഓടിയൊളിച്ച പതിനെട്ടാംപടി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കൊക്കെ പിണറായി സർക്കാർ കൃത്യമായി ശമ്പളവും ബത്തയും കൊടുക്കുമല്ലോ അല്ലേ? നാടുനീളെ നടന്ന് പ്രസംഗിക്കുന്നതൊന്നും മൂക്കിനുതാഴെയുള്ള പൊലീസുകാർക്ക് പോലും മനസ്സിലായില്ലെങ്കിൽ ആ പ്രസംഗമങ്ങ് നിർത്തണം മുഖ്യമന്ത്രീ...
ശബരിമലയിൽ സാധാരണനിലയിൽ ഒരു ഭക്തൻ വന്ന് ദർശനം നടത്തി എന്തൊക്കെ ചെയ്യുന്നോ അതെല്ലാം ചെയ്യാൻ അവസരമുണ്ട് എന്നാണ് ഐജി എംആർ അജിത് കുമാർ പറഞ്ഞത്. യാതൊരു നിയന്ത്രണവും അവിടെയില്ല, എല്ലാ ഭക്തർക്കുമുള്ള സകല സുരക്ഷയും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സന്നിധാനത്തുവച്ച് മാധ്യമങ്ങളോട് പറഞ്ഞു.
എന്തു സുരക്ഷിതത്വമാണ് ഈ ഐജി അവിടെ നൽകിയത്? കീഴുദ്യോഗസ്ഥരെക്കൊണ്ട് മര്യാദയ്ക്ക് ജോലി ചെയ്യിപ്പിക്കാനറിയില്ലെങ്കിൽ ഇദ്ദേഹത്തെ എന്തിന് വിശ്വസിക്കണം? അതോ വിശ്വാസ, ആചാരഭക്തി മൂത്ത ഐജിയും സംഘവും സർക്കാർ നിർദ്ദേശം അട്ടിമറിച്ചതാണോ? രണ്ടായാലും ഗംഭീരമായി. ഏതായാലും പിണറായി വിജയന്‍റെ പൊലീസ് ആർഎസ്എസുകാർക്ക് ഉപകാരപ്പെട്ടു. അതൊരു ചെറിയ കളിയല്ല.
ശ്രീധരൻ പിള്ളയും സുധാകരനും യാത്രകളിലാണ്. ശ്രീധരൻപിള്ളയുടേത് രഥയാത്ര, സാരഥിയും കുതിരകളും ഇല്ലാത്തതുകൊണ്ട് യന്ത്രസഹായത്തോടെ ഓടുന്ന രഥത്തിലാണ് അദ്ദേഹത്തിന്‍റെ സഞ്ചാരം. ശ്രീധരൻ പിള്ളസാർ പാരമ്പര്യം വിട്ടുകളിക്കാത്ത ആളാണ്. നിവൃത്തിയുണ്ടായിരുന്നെങ്കിൽ കുതിരകളെത്തന്നെ വച്ച് രഥമോടിച്ചേനെ. ബിജെപി വാഴ നനയ്ക്കുമ്പോൾ കെ.സുധാകരന്‍റെ ചീര നനയുന്നത് സ്വാഭാവികം. സുധാകരന്‍റേയും ശ്രീധരൻ പിള്ളയുടേയും യാത്രകൾ കേരളം ഉഴുതുമറിക്കാൻ പോവുകയാണ്. അത് വർഗ്ഗീയതയുടെ വിഷവിത്താണോ പാകുന്നതെന്ന് കാത്തിരുന്ന് കണ്ടാൽമതി.
“ഒരു വിധിവന്നു. ആ വിധി പ്രാവർത്തികമാക്കുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന പ്രതിചലനങ്ങളെക്കുറിച്ച് ഒരു ഭരണാധികാരി ബുദ്ധിപൂർവം ആലോചിക്കേണ്ടേ? ആയിരക്കണക്കിന് സിപിഎമ്മിന്‍റെ ഗുണ്ടകളുടെ പിന്തുണയിൽ ഏതാനും ആക്ടിവിസ്റ്റുകളെ കൊണ്ടുവന്ന് പൊലീസ് വേഷമണിയിച്ച് തിരുസന്നിധിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസിന്‍റേയും സിപിഎം ക്രിമിനലുകളുടേയും നടപടി ഭക്തജനങ്ങളെ അപമാനിക്കുന്നതിന് തുല്യമല്ലേ?” കെ.സുധാകരൻജിയുടെ ചോദ്യമാണ്. അദ്ദേഹത്തിന്‍റെ ആശയാദർശങ്ങളെല്ലാം യോജിക്കുന്നത് ബിജെപിയുമായാണത്രേ. സുധാകരൻ ജി ബിജെപിയിൽ ചേർന്ന് ബിജെപിയെ ശക്തിപ്പെടുത്തണമെന്ന് ചിലർ ആഗ്രഹിച്ചിരുന്നു. ചിലർ തന്നെ വന്നു കണ്ടിരുന്നുവെന്ന് സുധാകരൻജി തന്നെ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, കോൺഗ്രസിൽ നിന്നുകൊണ്ടുതന്നെ ബിജെപിയുടെ ആദർശം നടപ്പിലാക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. പോകെപ്പോകെ ഈ രണ്ട് ആദർശങ്ങൾ തമ്മിൽ ലയിച്ചാലും കുഴപ്പമില്ലല്ലോ!
ആ പാർട്ടിയെ പിണറായി വിജയൻ വിചാരിച്ചാലും ആ പാർട്ടിയെ രക്ഷിക്കാനാകില്ല
കോൺഗ്രസ് എന്ന പാർട്ടിയെ മുച്ചൂടും മുടിച്ചുതീർത്തേക്കാമെന്ന് ഉഗ്രശപഥം എടുത്തവരെല്ലാം കൂടി ഒറ്റയടിക്ക് നേതാക്കൻമാരായാൽ ആ പാർട്ടിയെ പിണറായി വിജയൻ വിചാരിച്ചാലും ആ പാർട്ടിയെ രക്ഷിക്കാനാകില്ല.
“കോൺഗ്രസിലെ ചിലരെല്ലാം നിങ്ങളുടെ കൂടെ വരുമായിരിക്കും. പക്ഷേ കോൺഗ്രസ് ദേശീയപ്രസ്ഥാനത്തിന്‍റെ പാരമ്പര്യമുള്ള ഒരു പാർട്ടിയാണ്. ആ പാർട്ടിക്കകത്ത് മതനിരപേക്ഷ വിശ്വാസികളായ ധാരാളം ആളുകളുണ്ട്. അവർ മതനിരപേക്ഷത ഉയർത്തിപ്പിടിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.”
(2018 നവംബർ 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പൊതുപ്രസംഗത്തിൽ നിന്ന്)
എന്തിനുമേതിനും ശക്തിയുക്തം പ്രതികരിച്ചിരുന്ന വിഡി സതീശനൊക്കെ ഇപ്പോഴും നാട്ടിലുണ്ടോ എന്തോ? ശബരിമലയ്ക്ക് പോകാനിരുന്ന ബിന്ദു കൃഷ്ണ കെ.സുധാകരന് മുന്നിൽ സാഷ്ടാംഗം നമസ്കരിച്ച് ധ്വജപ്രണാമം നൽകിയോ എന്തോ? രാഹുൽ ഗാന്ധിയാണ് നേതാവ്, രാഹുലിന്‍റേതാണ് നിലപാട് എന്നു പറഞ്ഞിരുന്ന യുവസിംഹങ്ങൾ സുധാകരന്‍റെ രഥമാണോ ശ്രീധരൻ പിള്ളയുടെ രഥമാണോ തള്ളുന്നതെന്ന് കണ്ടുപിടിക്കേണ്ടിവരും. ഇവരുടെയൊക്കെ അഭിപ്രായമാണോ ഇപ്പോൾ കെപിസിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നറിയാൻ ഇവരുടെയൊക്കെ വായിൽ കമ്പിട്ട് കുത്തി നാക്കുണ്ടെന്ന് ഉറപ്പിക്കേണ്ടിവരും.
മിണ്ടാതിരിക്കുന്നതിൽ തെറ്റൊന്നുമില്ല, മറ്റു പാർട്ടികളിലെ യുവ വനിതാസിംഹങ്ങൾ ഇതുപോലെ ഓരോരോ പ്രശ്നങ്ങളിൽ അവരുടെ പാർട്ടിക്കെതിരായി പറയാതിരിക്കുന്നതിൽ ധാർമികരോഷം ഒഴുക്കാതിരുന്നാൽ മതി. വരുന്ന തെരഞ്ഞെടുപ്പിൽ ഏതൊക്കെ ഖദറുകാരാണ് താമരയേന്തുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ്. എന്തായാലും ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ കോൺഗ്രസിനേക്കാൾ നല്ലത് ബിജെപിയാണ്. അതിൽ സംശയം വേണ്ട.
കോൺഗ്രസിന്‍റെ വോട്ടുകൂടി കിട്ടിയാൽ ബിജെപിക്ക് സാധ്യത കൂടും
“രണ്ടു ജാഥ ഇന്ന് പുറപ്പെടുകയാണല്ലോ, രണ്ടുപേരും രണ്ട് രഥത്തിലിങ്ങനെ പുറപ്പെടുകയാണ്. എവിടെവച്ചാണ് ഇവർ ഒന്നാകുന്നത് എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. അങ്ങേയറ്റത്തുനിന്ന് പുറപ്പെടുന്ന ജാഥ ഏകദേശം അപ്പുറം പോയി, ങാ.. അവിടെയെത്തി എന്നെല്ലാവരും കണക്കാക്കി, പെട്ടെന്ന് ഇങ്ങോട്ടുപോന്നു എന്നുതോന്നുന്ന ഒരാളാണ് നയിക്കുന്നത്.”
(മുഖ്യമന്ത്രി പിണറായി വിജയൻ 2018 നവംബർ എട്ടാം തീയതി നടത്തിയ പൊതുപ്രസംഗത്തിൽ നിന്ന്)
കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ അധപതനമാണ് കാണുന്നത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ട മനസ്സിലായിട്ടും എതിർത്ത് പറയാനാകാതെ ഓച്ഛാനിച്ചാണ് നിൽപ്പ്. സ്വന്തമായി വ്യക്തതയുള്ളത് ഒന്നും പറയാനുമാകുന്നില്ല. വിശ്വാസികൾ എന്ന, യഥാർത്ഥത്തിൽ ആചാരം ആഗ്രഹിക്കുന്ന ജനങ്ങളെ പ്രീതിപ്പെടുത്താനുള്ള വിഫലശ്രമം നടത്തി പരിഹാസ്യരാകുകയും ചെയ്യുന്നു.
“നമ്മൾ ഒരജണ്ട മുന്നോട്ടുവച്ചു, ആ അജണ്ടയ്ക്ക് മുമ്പിൽ ഓരോരുത്തരായി അടിയറ പറഞ്ഞ് രംഗം കാലിയാക്കുമ്പോൾ ഒടുവിൽ അവശേഷിക്കുന്നത് നമ്മളും ഇന്നത്തെ ഭരണകൂടവും അവരുടെ പാർട്ടികളും ആയിരിക്കുമെന്ന് ഞാൻ കരുതുകയാണ്.”
(2018 നവംബർ നാലാം തീയതി പിഎസ് ശ്രീധരൻ പിള്ള യുവമോർച്ച സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗം)
പിഎസ് ശ്രീധരൻ പിള്ളയ്ക്ക് സന്തോഷിക്കാം. പാർട്ടിയിൽ നേതൃക്ഷാമം ഉണ്ടാകില്ല. കോൺഗ്രസിന്‍റെ വോട്ടുകൂടി കിട്ടിയാൽ ബിജെപിക്ക് സാധ്യത കൂടും. ആദ്യം വന്ന രാമൻ നായരെ വൈസ് പ്രസിഡന്‍റ് ആക്കിയത് നന്നായി. അഞ്ച് വൈസ് പ്രസിഡന്‍റുമാർ, അതിന് മുകളിൽ അഞ്ച് വർക്കിംഗ് പ്രസിഡന്‍റുമാർ എന്നൊക്കെ കുറേ തസ്തികകൾ കണ്ടുവച്ചേക്കണം. കോൺഗ്രസുകാർ പൊതുവേ സ്ഥാനമോഹികളാണ്. ഇവിടെ വന്നിട്ട് കിട്ടിയില്ലെങ്കിൽ പിള്ളസാറിനെ തള്ളിപ്പറഞ്ഞ് അടുത്തയിടം നോക്കും. അതാണ് അവരുടെ ആചാരം. ആചാരം സംരക്ഷിക്കാനുള്ള ബാധ്യത ബിജെപിക്കുണ്ട് എന്നത് മറക്കണ്ട.
പിണറായി വിജയൻ എല്ലാ ജില്ലയിലും പ്രസംഗിച്ചാണ് ആ നേട്ടം ഉണ്ടാക്കാൻ നോക്കുന്നത്
കെ.സുധാകരനും പിഎസ് ശ്രീധരൻപിള്ളയുമെല്ലാം ഇങ്ങനെ യാത്ര നടത്തി നേട്ടമുണ്ടാക്കാൻ നോക്കുമ്പോൾ പിണറായി വിജയൻ എല്ലാ ജില്ലയിലും പ്രസംഗിച്ചാണ് ആ നേട്ടം ഉണ്ടാക്കാൻ നോക്കുന്നത്. പിണറായി വിജയൻ പ്രസംഗിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹത്തിന്‍റെ വകുപ്പിലെ താഴെയുള്ള ആളുകൾക്ക് മനസ്സിലാകുന്നില്ല എന്നത് ഒരുഭാഗത്ത് നാം കാണുന്നു. ഒരു ഭാഗത്ത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചുമെല്ലാം പിണറായി വിജയൻ പറയുമ്പോൾ സിപിഎം തന്നെ പികെ ശശിയെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അഴിമതി വിരുദ്ധതയെക്കുറിച്ച് പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ സിപിഎം തന്നെ കെടി ജലീൽ എന്ന മന്ത്രിയുടെ അധികാര ദുർവിനിയോഗം ഒരു പ്രശ്നമേയല്ല എന്ന നിലപാടെടുക്കുന്നു. ഇതെങ്ങനെയാണ് സിപിഎമ്മിനും പിണറായി വിജയനും ന്യായീകരിക്കാൻ കഴിയുന്നത്?