പിണറായി വിജയന്‍റെ വാചകമടിയല്ല, പ്രവൃത്തികളാണ് വേണ്ടത്

By Sindhu Sooryakumar  |  First Published Dec 4, 2018, 7:02 PM IST

ഹൈക്കോടതി ശരിവച്ച നിരോധനാജ്ഞക്ക് എതിരായാണ് കോൺഗ്രസുകാർ നിയമസഭയിൽ അഭ്യാസങ്ങൾ കാണിക്കുന്നത്. ഇതാരെ കാണിക്കാനാണ്? ആരെ ബോധ്യപ്പെടുത്താനാണ്? ആചാരസംരക്ഷണം ആഗ്രഹിക്കുന്ന വിശ്വാസികൾ രാഷ്ട്രീയം കളിക്കാനല്ല അത് ആഗ്രഹിക്കുന്നത്. അതൊന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ രമേശ് ചെന്നിത്തലയുടെ പ്രശ്നം.


ഇടത് നിലപാട് യുവതീപ്രവേശത്തിന് അനുകൂലമാണെന്ന് പ്രഖ്യാപിക്കുമ്പോഴും ഒരു യുവതിയും സന്നിധാനത്ത് പ്രവേശിക്കില്ല എന്നുറപ്പാക്കുകയാണ് പിണറായി വിജയന്‍റെ സർക്കാർ ചെയ്തത്. ആരെങ്കിലും എത്തിയാൽ അവരുടെയൊക്കെ ചരിത്രം, കുടുംബ പശ്ചാത്തലം, പണ്ട് സ്കൂളിൽ പോയപ്പോൾ സമരം ചെയ്തിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുക. മല കയറാതിരിക്കാനുള്ള ശാരീരികവും, മാനസികവും, ആചാരപരവുമായ ഉപദേശങ്ങൾ നൽകി യുവതികളെ തിരിച്ചയക്കുക എന്നതാണ് പിണറായി വിജയന്‍റെ നവോത്ഥാന ശൈലി.

Latest Videos

undefined

കള്ളം പറഞ്ഞും കുതന്ത്രം കാണിച്ചും ഏറെക്കാലം ആർക്കും പിടിച്ചുനിൽക്കാനാകില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ബിജെപി ഇപ്പോൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ. കോൺഗ്രസിനേയും സിപിഎമ്മിനേയും ഒക്കെ പോലെ തന്നെ ബിജെപിക്കും കേരളത്തിൽ പ്രവർത്തിക്കാനും വളരാനുമുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. പക്ഷേ, അത് ജനങ്ങൾക്കിടയിൽ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടായിരിക്കണം എന്നുമാത്രം. അതിനുപകരം നുണ പ്രചാരണം നടത്തുകയും മത വ്യാപാരം നടത്തുകയും ആളുകളുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവൃത്തിയാണ് എടുക്കുന്നതെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ദയനീയ അവസ്ഥയിൽ ഓരോ നുണകളായി പൊളിഞ്ഞുവീണ് ബിജെപി ഇപ്പോൾ നാണംകെട്ട് തറപറ്റിയിരിക്കുന്നു. ഇതുവരെ ബിജെപിക്ക് ചൂട്ടുപിടിച്ചു കൊടുത്ത രമേശ് ചെന്നിത്തല അടക്കമുള്ളവർ ആത്മപരിശോധന നടത്തേണ്ട സമയമാണ് ഇത്.

ഇനി, തീർത്ഥാടകർക്ക് സമാധാനമായി ശബരിമല കയറാം. മുതലെടുപ്പുകാർ ഒഴിഞ്ഞുപോകുന്നുണ്ട്. ഇതരസംസ്ഥാനക്കാർ ഇപ്പോഴും വരുന്നുണ്ട്. മലയാളിക്കല്ലേ ഇവിടുള്ള കാര്യം നന്നായി അറിയാവുന്നത്. തേങ്ങയേറ് തലയ്ക്കിട്ട് കിട്ടും എന്ന് പേടിച്ച മലയാളികളാണ് അയ്യപ്പദർശനം വേണ്ട എന്നുവച്ചത്. അവർക്ക് ഇനി വരാം. പതിനെട്ടാം പടിയിൽ ഓടിനടന്ന് അയ്യപ്പസ്വാമിയെ പിൻഭാഗം കാണിക്കൽ, നാൽപ്പത്തിയൊന്ന് ദിവസം പോയിട്ട് മര്യാദയ്ക്ക് നനയും കുളിയും ഇല്ലാതെ പേക്കൂത്ത് കാണിക്കൽ, ശ്രീകോവിലിന് ചുറ്റും മൂത്രമൊഴിച്ച് അശുദ്ധമാക്കാൻ ആലോചിക്കൽ ഇമ്മാതിരി കൃമികീട പ്രവർത്തനങ്ങൾ കാണിച്ചവരൊന്നും ഇനി തനിക്കൊണം കാണിക്കാൻ പമ്പ, സന്നിധാന പ്രദേശങ്ങളിലേക്ക് ജില്ല തിരിച്ച് ക്വട്ടേഷൻ എടുത്തു വരില്ല എന്ന് ഉറപ്പായിട്ടുണ്ട്.

വി. മുരളീധരനെ ശ്രീധരൻപിള്ള പക്ഷത്തിന് ഒട്ടും താൽപ്പര്യമില്ല

ഇതിൽ ഒരുമാതിരി പണിക്കൊന്നും നേതൃത്വം കൊടുക്കാൻ ഈ സീസണിൽ ആളെ കിട്ടിയിട്ടുമില്ല. ആരും നിയോഗിക്കാതെ ബിജെപിക്കുവേണ്ടി പോരാടിക്കൊണ്ടിരുന്ന കെ.സുരേന്ദ്രൻ കേസുകളിൽ നിന്ന് ജാമ്യം തേടി സംസ്ഥാന പര്യടനത്തിലാണ്. എ എൻ രാധാകൃഷ്ണൻ താവളം സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റി. വി. മുരളീധരനെ ശ്രീധരൻപിള്ള പക്ഷത്തിന് ഒട്ടും താൽപ്പര്യമില്ല. ശോഭാ സുരേന്ദ്രൻ ആചാരലംഘനം നടത്താറില്ലാത്തതുകൊണ്ട് കഷ്ടി പമ്പ വരെ മാത്രമേ എത്തൂ. പി.എസ്.ശ്രീധരൻ പിള്ളയ്ക്കാണെങ്കിൽ ആരോഗ്യപ്രശ്നം. ആർഎസ്എസുകാരുടെ പിൻബലം മാറിയതോടെ വത്സൻ തില്ലങ്കേരിയും കെ.പി.ശശികലയും ചിത്രത്തിൽ നിന്ന് മാറുകയാണ്. എല്ലാം കൊണ്ടും നിലയ്ക്കലും പമ്പയും സന്നിധാനവും ശാന്തം.

2018 നവംബർ 28 -ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ഇങ്ങനെ "ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം സൃഷ്ടിക്കുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇപ്പോൾ അത് പിൻവലിക്കേണ്ട കാര്യമില്ല. ഈ ആക്രമണ ഭീഷണി നിലനിൽക്കുന്ന ഘട്ടം വരെ ഈ നിയന്ത്രണം പിൻവലിക്കേണ്ട സാഹചര്യമില്ല." സർക്കാർ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. പക്ഷേ, ഇനി എന്തിനാണ് നിരോധനാജ്ഞ എന്ന് പിണറായി വിജയന് വേണമെങ്കിൽ ആലോചിക്കാം. ആസ്ഥാന അലമ്പുകാർ ഒഴിഞ്ഞുപോയല്ലോ.

ഹൈക്കോടതി ശരിവച്ച നിരോധനാജ്ഞക്ക് എതിരായാണ് കോൺഗ്രസുകാർ നിയമസഭയിൽ അഭ്യാസങ്ങൾ കാണിക്കുന്നത്. ഇതാരെ കാണിക്കാനാണ്? ആരെ ബോധ്യപ്പെടുത്താനാണ്? ആചാരസംരക്ഷണം ആഗ്രഹിക്കുന്ന വിശ്വാസികൾ രാഷ്ട്രീയം കളിക്കാനല്ല അത് ആഗ്രഹിക്കുന്നത്. അതൊന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ രമേശ് ചെന്നിത്തലയുടെ പ്രശ്നം.

ബിജെപിയെ വളർത്തിയതാര്, വളർത്തുന്നതാര് എന്നെല്ലാം പലരും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, അങ്ങനെയൊരു ചർച്ചയുടെ ഒരാവശ്യവും ഇല്ല. കാലാകാലങ്ങളിൽ കോൺഗ്രസും സിപിഎമ്മും ആവശ്യത്തിന് വെള്ളവും വളവും നൽകിത്തന്നെയാണ് ബിജെപിയെ വളർത്തിയതും ഇപ്പോഴും വളർത്തിക്കൊണ്ടിരിക്കുന്നതും. ഒരു കാര്യത്തിൽ രമേശ് ചെന്നിത്തലയും പിണറായി വിജയനും തർക്കിക്കേണ്ട ആവശ്യമേയില്ല. ബിജെപി വളരുന്നുണ്ട് എന്ന കാര്യത്തിൽ രണ്ടുകൂട്ടർക്കും തർക്കമില്ല. രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും പഴിചാരുമ്പോൾ സ്വന്തം പങ്ക് കാണാതിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് പി.എസ്.ശ്രീധരൻപിള്ള ദയവുചെയ്ത് ഒരു കാര്യം ചെയ്യണം. പാർട്ടി വളർന്നതിന്‍റെ പകുതി ക്രെഡിറ്റ് രമേശ് ചെന്നിത്തലയ്ക്കും പിണറായിക്കുമായി വീതംവച്ചു കൊടുക്കണം. പകുതി ക്രെഡിറ്റ് മാത്രം ബിജെപി സ്വന്തമായിട്ട് എടുത്താൽ മതി.

മൂന്നാം സ്ഥാനത്താണ് ബിജെപി ശക്തമായി മത്സരിക്കുന്ന സ്ഥലങ്ങളിൽ

മുഖ്യശത്രു ആര് എന്ന കാര്യത്തിൽ എല്ലാ നേതാക്കൾക്കും എല്ലാ കാലത്തും കൺഫ്യൂഷനാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2015 ജൂൺ 25 -ന് ഉമ്മൻചാണ്ടി പറഞ്ഞത് ഓർക്കുക. "തിരുവനന്തപുരം പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ പ്രാവശ്യം സംഭവിച്ചതുപോലെ മാർക്സിസ്റ്റ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല." ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2016 മെയ് ഏഴാം തീയതി ഉമ്മൻചാണ്ടി ഇങ്ങനെയും പറഞ്ഞു. "ഇന്ന് കേരളത്തിൽ ബിജെപി ശക്തമായി മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം കോൺഗ്രസുമായാണ് മത്സരം. അവിടെ മാർക്സിസ്റ്റ് പാർട്ടി മൂന്നാം സ്ഥാനത്താ... മൂന്നാം സ്ഥാനത്താണ് ബിജെപി ശക്തമായി മത്സരിക്കുന്ന സ്ഥലങ്ങളിൽ. ഇപ്പോള്‍ മഞ്ചേശ്വരം, കാസർകോട് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലൊക്കെ കോൺഗ്രസും ബിജെപിയും തമ്മിലാ മത്സരം."ഉമ്മൻചാണ്ടി ബിജെപിയെ വളർത്തുകയാണെന്ന് അന്ന് സിപിഎമ്മുകാർ ആക്ഷേപത്തോട് ആക്ഷേപമായിരുന്നു. കാലം മാറി. ഏറ്റവും ഒടുവിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് സഭാ കേസിലെ വിധി ഓർത്തഡോക്സുകാർക്ക് വേണ്ടി ചില പള്ളികളിൽ നടപ്പാക്കി സഭാ പിന്തുണ ഉറപ്പിച്ച് സകലമാന ജാതി, സമുദായ കാർഡുകളും ഇറക്കിയ സിപിഎം ബിജെപിക്ക് ശബരിമല വിധി വന്നപ്പോൾ കളിക്കാനുള്ള മൈതാനം ഒരുക്കിവച്ചു. വിധി വന്നപ്പോൾ ഒരു ചർച്ചയും ഒരു സമവായവും ഇല്ലാതെ ഏകപക്ഷീയമായ നിലപാടുമായി ഇടതുസർക്കാർ മുന്നോട്ടു പോയതാണ് ശബരിമല പ്രശ്നം ഇത്രയേറെ വഷളാക്കിയത്. വിധി പെട്ടെന്ന് നടപ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല എന്ന കാര്യം സർക്കാർ ഇക്കാര്യത്തിൽ ഉൾക്കൊണ്ടില്ല. അതുകൊണ്ടാണ് ബിജെപി കളം പിടിച്ചതും ഇത്രയേറെ പ്രതിസന്ധികൾ ഉണ്ടായതും അതുവഴി അവർക്ക് മുകളിലേക്ക് കടന്നുകയറാൻ പറ്റിയതും.

2018 നവംബർ 15 -ന് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞത് ഇങ്ങനെ. "ആഭ്യന്തരവകുപ്പ് പൊലീസിന്‍റെ കയ്യിൽ നിന്ന് മാറ്റിയിട്ട് സെക്യൂരിറ്റി കൗൺസിലിനെ ഏൽപ്പിക്കണം. പൊലീസിന് തൊഴിൽ സ്വാതന്ത്ര്യം നൽകണം എന്ന് സുപ്രീം കോടതി വിധി ഉണ്ടായിരുന്നു. 01/01/2007 മുതൽ നടപ്പാക്കണമെന്ന് അന്ത്യശാസനം ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. എന്നിട്ട് നടപ്പാക്കിയോ? സുപ്രീം കോടതിയുടെ ഔന്നത്യത്തെ ഞങ്ങൾ മാനിക്കുന്നു. അതിന്‍റെ അധീശത്വത്തെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. അതുകൊണ്ട് നിയമത്തെ മാനിച്ചുകൊണ്ട് പൗരന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്."

അപ്പോൾ, പി.എസ്. ശ്രീധരൻ പിള്ളയുടെ രാഷ്ട്രീയ ലക്ഷ്യത്തിൽ സിപിഎമ്മും ബിജെപിയും നേർക്കുനേർ പോരാടുന്ന ചിത്രമായിരുന്നു. ഇതേ ചിത്രം അരുവിക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് സ്വപ്നം കണ്ട ഉമ്മൻചാണ്ടിയും കൂട്ടരും ശബരിമല കാലമായപ്പോൾ സ്വന്തം കുഴി തോണ്ടിക്കഴിഞ്ഞിരുന്നു എന്നുള്ളത് മറുവശം. അതായതുത്തമാ... കാലാകാലം കോൺഗ്രസും സിപിഎമ്മും ബിജെപിക്ക് വളമിട്ടുകൊടുത്ത് ന്യൂനപക്ഷ പ്രീണനം നടത്തിയിരുന്നു എന്നർത്ഥം. വിതച്ചതൊക്കെ കൊയ്യാതെ നിവൃത്തിയില്ലല്ലോ. ഏറ്റവും ഒടുവിലാണ് ദേവസ്വം ബോർഡ് ആർഎസ്എസ് അനുകൂല നിലപാട് എടുത്തത്. അന്നദാനത്തിനായി അയ്യപ്പ സേവാ സമാജം എന്ന ആ‍ർഎസ്എസ് അനുകൂല സംഘടനയുമായി കരാറുണ്ടാക്കി. ശബരിമല കർമസമിതി എന്ന ഇപ്പോഴത്തെ കോലഹലത്തിലെ പ്രധാന കണ്ണിയുടെ ഭാഗമാണ് അയ്യപ്പ സേവാ സമാജം. 2018 നവംബർ 24 -ന് ദേവസ്വം കമ്മീഷണർ എൻ.വാസു പറഞ്ഞത് ഇങ്ങനെ. "ദേവസ്വം ബോർ‍ഡ് അന്നദാനം നടത്തുന്നത് അന്നദാന ഫണ്ട് ശേഖരിച്ചാണല്ലോ, ആ ഫണ്ടിന് പകരമായിട്ട് ഇവര്‍ മെറ്റീരിയൽസ് തരുന്നു. വോളണ്ടിയർമാരെയും തരുന്നു. അതല്ലാതെ അന്നദാനം സ്വകാര്യ സംഘടനകൾക്കോ വ്യക്തികൾക്കോ കൊടുത്തിട്ടില്ല. കൊടുക്കത്തുമില്ല " നവംബർ 30 -ന് ചെന്നിത്തലയുടെ മറുപടി. "ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാർ തന്നെ പറയുന്നു, കർമസമിതിയുമായി ചർച്ച നടത്തി, ആർഎസ്എസുമായി ചർച്ച നടത്തി, ഇനിയും ചർച്ച നടത്തും, സമവായം ഉണ്ടാക്കും. അപ്പോൾ ആര് തമ്മിലാണ് ഇവിടെ ഒത്തുകളി? ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യമായ ഒരു അജണ്ട തയ്യാറാക്കിയിരിക്കുകയാണ്."

യുവതികളെ തിരിച്ചയക്കുക എന്നതാണ് പിണറായി വിജയന്‍റെ നവോത്ഥാന ശൈലി

ഇടത് നിലപാട് യുവതീപ്രവേശത്തിന് അനുകൂലമാണെന്ന് പ്രഖ്യാപിക്കുമ്പോഴും ഒരു യുവതിയും സന്നിധാനത്ത് പ്രവേശിക്കില്ല എന്നുറപ്പാക്കുകയാണ് പിണറായി വിജയന്‍റെ സർക്കാർ ചെയ്തത്. ആരെങ്കിലും എത്തിയാൽ അവരുടെയൊക്കെ ചരിത്രം, കുടുംബ പശ്ചാത്തലം, പണ്ട് സ്കൂളിൽ പോയപ്പോൾ സമരം ചെയ്തിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുക. മല കയറാതിരിക്കാനുള്ള ശാരീരികവും, മാനസികവും, ആചാരപരവുമായ ഉപദേശങ്ങൾ നൽകി യുവതികളെ തിരിച്ചയക്കുക എന്നതാണ് പിണറായി വിജയന്‍റെ നവോത്ഥാന ശൈലി.

ആചാരസംരക്ഷണത്തിന് പിണറായി പൊലീസ് തന്നെ ഇത്ര ചിട്ടയായി മുന്നേറുമ്പോൾ ആർഎസ്എസിന് പ്രത്യേകം കരുതൽ എടുക്കേണ്ടതില്ലല്ലോ. നവോത്ഥാന പ്രസംഗമൊക്കെ നാട്ടിലെമ്പാടും നടന്നു പറയാം, ശബരിമലയിൽ ആചാര സംരക്ഷണം നടപ്പാക്കാം എന്നു തീരുമാനിച്ചപ്പോൾ പിണറായി വിജയൻ മനസിൽ കരുതിയത് ഒരു വെടിക്ക് രണ്ട് പക്ഷി എന്നാണ്. ശബരിമല പ്രശ്നം കത്തി നിന്ന സമയത്ത് ഗൾഫിലായിരുന്ന പിണറായി വിജയൻ തിരിച്ചെത്തിയപ്പോൾ പറഞ്ഞത് ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. "നല്ല തന്മയത്വം പാലിച്ചിട്ടുണ്ട്. നല്ല രീതിയിൽ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി എല്ലാവരും അത് അപ്രീഷിയേറ്റ് ചെയ്തിട്ടുമുണ്ട്. വന്ന സ്ത്രീകൾ തന്നെ ഇത്തരം കാര്യങ്ങളിൽ പൊലീസ് നല്ല നിലപാടാണ് സ്വീകരിച്ചത് എന്ന് അവിടെവച്ചുതന്നെ പറഞ്ഞിട്ടുമുണ്ട്. അതും ഒരു വസ്തുതയാണ്. ഇത് നല്ലരീതിയിൽ തന്നെ തീരും. അതിലൊന്നും ഒരു പ്രശ്നവുമില്ല. അതിലൊരു ആശങ്കയും വേണ്ട."

സത്യത്തിൽ ബിജെപി എന്തിനാണ് ശബരിമലയിൽ ഇക്കണ്ട സമരമത്രയും നടത്തിയത്? എന്തിനായിരുന്നു അവർ ആളുകളെ തടഞ്ഞതും അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിച്ചതും? ബിജെപിയുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു? വിശ്വാസികളെ സംരക്ഷിക്കലായിരുന്നോ? ആചാര സംരക്ഷണം ആയിരുന്നോ? അങ്ങനെയാണെങ്കിൽ എന്തിനാണ് ഇപ്പോഴവർ സമരം നിർത്തിയത്? എന്തിനാണ് സെക്രട്ടേറിയറ്റ് നടയിലേക്ക് സമരം മാറ്റുന്നത്? ബിജെപിയുടെ ഈ സമരം ആർക്കെതിരെയാണ്? ആർക്കുവേണ്ടിയാണ്?

ഒരു കാര്യം പറഞ്ഞാൽ അതിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഉറച്ചുനിൽക്കാൻ പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു കോഴ്സ് ഏതെങ്കിലും രാജ്യത്തുണ്ടെങ്കിൽ ഉടനടി അതിന് പി.എസ്. ശ്രീധരൻ പിള്ളയെ ചേർക്കേണ്ടതാണ്. അദ്ദേഹത്തിന് അടുത്ത കാലത്തായി പറഞ്ഞതിലൊന്നും ഉറച്ചുനിൽക്കാനാകാത്ത ഒരു അവസ്ഥയുണ്ട്.

ഇപ്പോഴും അവർക്ക് ഗോളം തിരിഞ്ഞിട്ടില്ല

കേരള സർക്കാർ ശബരിമല തകർക്കുകയാണ്, യുവതികളെ ശബരിമല കയറ്റുകയാണ്, യുവതികളുടെ ഇരുമുടിക്കെട്ടിൽ സാനിട്ടറി നാപ്കിനാണ്, ഹിന്ദു ദേവാലയങ്ങൾ മുടിപ്പിക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇങ്ങനെയൊക്കെ പലതും പറയുന്ന ബിജെപി ആദ്യം പറഞ്ഞത് വിശ്വാസ സംരക്ഷണത്തിനായി വിശ്വാസികൾക്കൊപ്പം ഏതറ്റം വരേയും പോകും എന്നാണ്. 'ഏതറ്റം വരേയും പോകാൻ' ബിജെപിക്ക് ആയില്ല. പിന്നെ, പറഞ്ഞു യുവതീപ്രവേശമല്ല ബിജെപിയുടെ പ്രശ്നമെന്ന്. പിന്നെ, പറഞ്ഞു കമ്യൂണിസ്റ്റുകാരാണ് ബിജെപിയുടെ പ്രശ്നമെന്ന്. ഇപ്പോഴും അവർക്ക് ഗോളം തിരിഞ്ഞിട്ടില്ല. സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. കാരണമൊക്കെ പതുക്കെ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. പ്രളയ ദുരിതാശ്വാസം എല്ലാവർക്കും കിട്ടിയിട്ടില്ല, കെ.ടി. ജലീൽ നടത്തിയ ബന്ധുനിയമനം അഴിമതിയാണ് എന്നൊക്കെ പറഞ്ഞ് ബിജെപിക്കാർക്ക് ജനസ്നേഹികൾ ആകാവുന്നതേയുള്ളൂ. പക്ഷേ, തൽക്കാലം നാണക്കേടാണ്.

വിശ്വാസികളുടെ സമരത്തെ പിന്തുണച്ച്, പതുക്കെ അവരുടെ വക്താവായി സ്വയം തുടങ്ങിയ സമരമാണ് ഇപ്പോൾ ബിജെപി നിർത്തുന്നത്. ഇക്കഴിഞ്ഞ നവംബർ 29-ആം തീയതി പി.എസ്. ശ്രീധരൻ പിള്ള പറ‌ഞ്ഞു ഡിസംബർ മൂന്നാം തീയതി മുതൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ബിജെപി നിരാഹാര സമരം തുടങ്ങുമെന്ന്. പതിനഞ്ച് ദിവസത്തേക്കുള്ള നിരാഹാരമാണ് പ്ലാൻ. സന്നിധാനത്തും പമ്പയിലും ബിജെപി സമരം നടത്തിയിട്ടില്ലെന്നും ശ്രീധരൻ പിള്ള പറയുന്നു! ശബരിമല കർമ്മസമയിതിയും ഭക്തൻമാരുമാണ് അവിടെ 'ചില കാര്യങ്ങൾ' ചെയ്തത് എന്നും ശ്രീധരൻ പിള്ള പറയുന്നു. ഭക്തൻമാർ അനാഥരല്ല. അവരെ സഹായിക്കുക മാത്രമാണ് ബിജെപി ചെയ്തത്. പക്ഷേ, ബിജെപി എല്ലാ സമരങ്ങളും ശബരിമലയ്ക്ക് പുറത്താണ് നടത്തിയിട്ടുള്ളതെന്നും ശ്രീധരൻപിള്ള!

പാർട്ടി അധ്യക്ഷപദവിയിൽ ശ്രീധരൻപിള്ളയ്ക്ക് ഇത് കഷ്ടകാലമാണ്. ചുറ്റുമുള്ളവരൊക്കെ പിള്ളസാറിന് പണി കൊടുക്കുകയാണ്. അതല്ലായിരുന്നു എങ്കിൽ ശബരിമല പ്രശ്നം പിള്ളസാർ സ്വപ്നം കണ്ടതുപോലെ 'ഗോൾഡൻ ഓപ്പർച്യൂണിറ്റി' ആയേനെ. 'കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊന്നതും നീയേ ചാപ്പാ' എന്ന് ബിജെപിക്കാർ പി.എസ്.ശ്രീധരൻപിള്ളയുടെ മുഖത്തുനോക്കി പാടുന്ന സ്ഥിതിയാണ് ഇപ്പോൾ. അപ്പോൾ സമരം പിൻവലിച്ചു അല്ലേ എന്ന് നിരാശപ്പെട്ട ബിജെപിക്കാർ തിരിഞ്ഞുനോക്കുമ്പോൾ അതാ നിൽക്കുന്നു ബി.മുരളീധരൻ!

"ഒത്തുതീർപ്പു നടന്നു എന്ന് ഞാൻ കരുതുന്നില്ല. സിപിഎമ്മുകാരുമായി ഒത്തുതീർപ്പ് നടത്താൻ ഒരു ബിജെപി സംസ്ഥാന അധ്യക്ഷനും സാധ്യമല്ല. അങ്ങനെയൊരു ഒത്തുതീർപ്പിന് ആത്മാഭിമാനമുള്ള ഒരു ബിജെപിയുടെ പ്രവർത്തകനും അനുവദിക്കുകയും ചെയ്യില്ല." ബി.മുരളീധരൻ ഈ പറഞ്ഞതാണോ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞതാണോ പാർട്ടിക്കാർക്ക് വിശ്വസിക്കാൻ തോന്നുന്നതെന്ന് ഇപ്പോൾ ആർക്കും കൃത്യമായി പറയാനാകില്ല.

ആർക്കും വേണ്ടാത്ത പൂഞ്ഞാറിലെ വിഷപ്പുലി കറുപ്പണിഞ്ഞ് ബിജെപിക്കൊപ്പം സമരം ചെയ്യാൻ വലതുകാൽ വച്ചങ്ങോട്ട് ഇറങ്ങിയതേയുള്ളൂ. ഐശ്വര്യമായി ബിജെപി ആ സമരം തന്നെ നിർത്തി. ദക്ഷിണേന്ത്യ മുഴുവൻ പല ഭാഷകളിൽ ആരും കാണിക്കയിടരുതെന്ന് പ്രചാരണം നടത്തുകയായിരുന്നു. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമെല്ലാം അക്രമാസക്തമായ പ്രതിഷേധം. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നാടൊട്ടുക്കും നുണപ്രചാരണം. കാണിക്കയിടരുതെന്ന് നോട്ടീസ് പ്രചാരണം. ഇതെല്ലാം കൊണ്ട് ബിജെപി എന്ത് നേടി?

ആ കള്ളക്കളിക്ക് കൂട്ടുനിന്ന കോൺഗ്രസ് സ്വയം അസ്ഥിവാരം തോണ്ടി എന്നുമാത്രം

ദേവസ്വം ബോർ‍ഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന് വ്യാപകമായ പ്രചാരവേല നടത്തിയവർ എന്തുമാത്രം വലിയ ദോഷമാണ് ചെയ്യുന്നതെന്ന് ആലോചിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എ.പത്മകുമാർ. സ്വന്തം വരുമാനം കൊണ്ട് മുന്നോട്ടുപോകാൻ കഴിയുന്ന നൂറോളം ക്ഷേത്രങ്ങൾ മാത്രമേ ബോർഡിന് കീഴിലുള്ളൂ. ബാക്കി ആയിരത്തി ഇരുന്നൂറോളം ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾ നടക്കുന്നത് വരുമാനമുള്ള ക്ഷേത്രങ്ങളിലെ വരവിൽ നിന്നാണ്. കൂടാതെ ആറായിരത്തിലധികം വരുന്ന ജീവനക്കാർ, ആറായിരത്തിലേറെ പെൻഷൻകാർ, ഈ പതിമൂവായിരത്തോളം പേരും ഹിന്ദുക്കൾ തന്നെയാണ്. ഇവരുടെയൊക്കെ കഞ്ഞികുടി മുട്ടിച്ചേ അടങ്ങൂ എന്നാണ് ചിലരുടെ തീരുമാനം.

ഇപ്പോൾ ബിജെപി പറയുന്നത് ശബരിമലയിലെ അസൗകര്യങ്ങൾക്ക് എതിരെയാണ് പ്രതിഷേധം എന്നാണ്. അതിന് പ്രതിഷേധിക്കുകയല്ല വേണ്ടത്. പറ്റാവുന്നതുപോലൊക്കെ ശബരിമലയിൽ സൗകര്യങ്ങളൊരുക്കാൻ ബിജെപി പ്രവർത്തകരും സഹകരിക്കണം. കേരളം നവോത്ഥാനത്തിന് പുറകേ പോകുന്ന ഉയർന്ന സാമൂഹ്യബോധമുള്ള സംസ്ഥാനം ഒന്നുമല്ല. നല്ല വ‍ർഗ്ഗീയതയും അന്തമില്ലാത്ത ജാതീയതയും വിളയുന്ന നാടാണ് ഇത്. നവോത്ഥാന സന്ദേശമൊന്നും കേരളം ഏറ്റെടുത്തിട്ടില്ല. ബിജെപിക്കാരുടെ കള്ളത്തരം ഇത്തവണകൂടി പൊളിഞ്ഞു എന്നുമാത്രം. ആ കള്ളക്കളിക്ക് കൂട്ടുനിന്ന കോൺഗ്രസ് സ്വയം അസ്ഥിവാരം തോണ്ടി എന്നുമാത്രം.

നവോത്ഥാനമൊക്കെ പറയാൻ കേരളം ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കണം. അതിനുവേണ്ടത് പിണറായി വിജയന്‍റെ വാചകമടിയല്ല. പ്രവൃത്തികളാണ് വേണ്ടത്. ഓർത്തഡോക്സ് സഭക്കാർക്കും നായൻമാർക്കും ഫ്രാങ്കോ പിതാവിനും ഒരുപോലെ മനസിലാകണം ഇന്ത്യൻ ശിക്ഷാനിയമം എല്ലാവർക്കും ബാധകമാണെന്നും ഇന്ത്യൻ ഭരണഘടന എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും. അധികാരത്തിന്‍റെ കയ്യൂക്കല്ല, സമവായത്തിന്‍റെ ജനാധിപത്യബോധമാണ് സർക്കാരുകൾക്ക് നവോത്ഥാനത്തിനും മുമ്പേ ഉണ്ടാകേണ്ടത് എന്നും പിണറായി വിജയൻ ഓർമ്മിക്കേണ്ടിവരും.

അയ്യപ്പനോട് കളിക്കാന്‍ പോകരുതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. അയ്യപ്പനോട് കളിച്ചവർ ഓരോരുത്തരായി വിവരം അറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രി. ഗുരുവായൂരപ്പനെ ഇടംകയ്യിലും അയ്യപ്പസ്വാമിയെ വലംകയ്യിലും ഭക്ത്യാദരപൂർവം കൊണ്ടുനടക്കുന്ന മന്ത്രി പറഞ്ഞതാണ് യഥാർത്ഥ കാര്യം. ഇനിയിപ്പോൾ കെ.ടി. ജലീലിന്‍റെ മന്ത്രിസ്ഥാനം സംരക്ഷിച്ചതും. എ.എൻ.ഷംസീറിന്‍റെ ഭാര്യയുടെ പണി കളഞ്ഞതും പി.കെ.ശശിക്ക് സസ്പെൻഷൻ കൊടുത്തതുമൊക്കെ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിന്‍റെ വകുപ്പിൽത്തന്നെ കൂട്ടണം. ഒടുക്കം സ്വയം പണി ഏറ്റുവാങ്ങുമ്പോഴും കടകംപള്ളി ഇതുതന്നെ പറയണം.

click me!