ജലീൽ സാഹിബേ, പത്രത്തിൽ പരസ്യം കൊടുക്കാതെ, വാർത്താക്കുറിപ്പ് നൽകി മൂത്താപ്പാടെ കൊച്ചുമോന് പാകത്തിൽ യോഗ്യത നിശ്ചയിച്ച് നിയമനം നടത്താൻ പോകുമ്പോൾ ഞങ്ങള്‍ ആളെ കൊണ്ടുവന്നിട്ട് എന്തുകാര്യം?
ഇപ്പോഴുയർന്ന അധികാര ദുർവിനിയോഗ ആരോപണങ്ങളൊന്നും ഒരു പ്രശ്നമേയല്ലെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ഇത് ഇപി ജയരാജൻ ചെയ്യുമ്പോൾ കുറ്റവും കെടി ജലീൽ ചെയ്യുമ്പോൾ നല്ല കാര്യവുമാകുന്നത് എന്തുകൊണ്ടാണ്? കെടി ജലീലിനെ സിപിഎമ്മിന് പേടിയാണോ? അതോ കെടി ജലീലിന് പകരം വയ്ക്കാൻ മറ്റൊരാളെ സിപിഎം പോലൊരു പാർട്ടിക്ക് കിട്ടാനില്ല എന്നാണോ? എന്തുതന്നെ ആയാലും സിപിഎം ഇപ്പോൾ കാണിക്കുന്നത് ഇരട്ടത്താപ്പ് മാത്രമാണ്. സിന്ധു സൂര്യകുമാര്‍ എഴുതുന്നു.
undefined
പികെ കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തിയ പുലിക്കുട്ടി വെറുമൊരു കഴുതപ്പുലിയായി മാറുമെന്ന് നമ്മളാരും പ്രതീക്ഷിച്ചില്ല. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് കെടി ജലീൽ. സമാനമായ ആരോപണം നേരിട്ട ഇപി ജയരാജൻ രാജിവച്ചൊഴിഞ്ഞത് കെടി ജലീലിന്‍റെ കൺമുന്നിലാണ്. പക്ഷേ അത് കെടി ജലീലിനെ പിന്തിരിപ്പിക്കാഞ്ഞത് എന്തുകൊണ്ടാകണം? നാട്ടുകാരെ മുഴുവൻ ചരിത്രം പഠിപ്പിക്കുന്ന, നവോത്ഥാനം മാത്രം പ്രസംഗിക്കുന്ന, നവകേരളം നിർമ്മിക്കാനൊരുങ്ങുന്ന പിണറായി വിജയൻ കെടി ജലീൽ സ്വയമേ രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ തൂക്കി പുറത്തിടണം. അതിന് കഴിയില്ലെങ്കിൽ ഇനി നാട്ടുകാർക്ക് സാരോപദേശം നൽകരുത്.
എംവി നികേഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പു ഹർജിയിൽ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധി വന്ന അടുത്ത നിമിഷം മുതൽ പ്രതികണങ്ങളുടെ ഒഴുക്കാണ്. സിപിഎം നേതാക്കളും, ഘടകകക്ഷി നേതാക്കളും സമൂഹമാധ്യമങ്ങളിലെ പിണറായി ഭജനസംഘവുമെല്ലാം വിശകലനവും പരിഹാസവും ട്രോളുമെല്ലാമായി സജീവമാണ്. നല്ല കാര്യം. വർഗ്ഗീയത പച്ചയ്ക്ക് വിളിച്ചുകൂവി വോട്ടുപിടിച്ചാൽ ഇതാണ് ഫലമെന്ന് തിരിച്ചറിവ് ഷാജിക്ക് മാത്രമല്ല, എല്ലാവർക്കും ഉണ്ടാകുന്നത് നല്ലതാണ്. അക്കാര്യം ഇനി സുപ്രീം കോടതി തീരുമാനിക്കട്ടെ.
പറഞ്ഞുവരുന്നത് കെഎം ഷാജിയെപ്പറ്റിയല്ല, ഷാജിയുടെ പഴയ സഹപ്രവർത്തകൻ കെടി ജലീലിനെപ്പറ്റിയാണ്. ജലീലിനെതിരെ ബന്ധുനിയമന വിവാദം വന്നിട്ട് ഒരാഴ്ചയായി. കെഎം ഷാജിക്കെതിരെ ചന്ദ്രഹാസമിളക്കുന്ന ഭക്തൻമാരൊന്നും കെടി ജലീലിനെതിരെ ഉറഞ്ഞുതുള്ളിയിട്ടില്ല. ഭക്തൻമാർക്കും പാർട്ടിക്കാർക്കും സെലക്ടീവ് അംനീഷ്യ എന്ന അസുഖം സ്വാഭാവികമായി ഉണ്ടാകുമെന്ന് പറയുന്നത് വെറുതേയല്ല. അതുകൊണ്ട് അതങ്ങ് വിശ്വസിച്ച് ക്ഷമിക്കാം. പക്ഷേ, നമ്മൾ സാധാരണക്കാർ കെടി ജലീലിനോട് എന്തിന് ക്ഷമിക്കണം? എങ്ങനെ ക്ഷമിക്കും?
“പിതൃസഹോദരന്‍റെ പുത്രന്‍റെ പുത്രൻ.. എത്ര അടുത്ത ബന്ധമാണ് എന്നറിയാമോ? അതാണ് വളരെ അടുത്ത ബന്ധം എന്നുപറഞ്ഞത്!” കെടി ജലീലിന്‍റെ ന്യായീകരണങ്ങളിൽ ഒന്നാണ്. നൻമ നിറഞ്ഞ ആദർശവാനായ കെടി ജലീൽ, താങ്കൾക്ക് അൽപ്പമെങ്കിലും ഉളുപ്പുണ്ടാകും എന്നു കരുതി. തെറ്റിപ്പോയി. അൽപ്പമെങ്കിലും വകതിരിവുണ്ടായിരുന്നെങ്കിൽ നിങ്ങളിത് ചെയ്യില്ലായിരുന്നു. കുറച്ചെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടായിരുന്നെങ്കിൽ വിവാദമായപ്പോഴെങ്കിലും മൂത്താപ്പയുടെ കൊച്ചുമോനെ രാജി വയ്പ്പിച്ചേനെ.
“ന്നാ നിങ്ങള് കൊണ്ടുവരുമോ ഒരാളെ? അല്ല, അത്രയും കൂടുതൽ കാൻഡിഡേറ്റ്സ് ഉണ്ടെങ്കിൽ നിങ്ങൾക്കും ശുപാർശ ചെയ്യാം. നിങ്ങള് കൊണ്ടുവാ. ഞാൻ ഇദ്ദേഹത്തെ പിരിച്ചുവിട്ട് നിങ്ങള് പറയുന്ന ആളെ വയ്ക്കാം. നിങ്ങള് കൊണ്ടുവരൂ...” ജലീലിന്‍റെ അടുത്ത ന്യായീകരണം!
അഭിമാനപുളകം കൊള്ളണം തവനൂരിലെ വോട്ടർമാർ
ജലീൽ സാഹിബേ, പത്രത്തിൽ പരസ്യം കൊടുക്കാതെ, വാർത്താക്കുറിപ്പ് നൽകി മൂത്താപ്പാടെ കൊച്ചുമോന് പാകത്തിൽ യോഗ്യത നിശ്ചയിച്ച് നിയമനം നടത്താൻ പോകുമ്പോൾ ഞങ്ങള്‍ ആളെ കൊണ്ടുവന്നിട്ട് എന്തുകാര്യം? നിങ്ങളുടെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷൻ, നിങ്ങൾക്കു വേണ്ടപ്പെട്ട ചെയർമാനും എംഡിയും, നിങ്ങളുണ്ടാക്കിയ യോഗ്യതാ മാനദണ്ഡം, നിങ്ങളുടെ മൂത്താപ്പയുടെ കൊച്ചുമോന് നിയമനം. ഗംഭീരം! എൽഡിഎഫ് പറഞ്ഞതുപോലെ എല്ലാം ശരിയാക്കി.
പിണറായി പറഞ്ഞ നവകേരളം സ്വന്തം കുടുംബാംഗങ്ങൾക്കായി കെടി ജലീൽ നടപ്പാക്കുന്നത് കാണുമ്പോൾ രോമാഞ്ചപ്പെടണം നാട്ടുകാർ. അഭിമാനപുളകം കൊള്ളണം തവനൂരിലെ വോട്ടർമാർ. പിന്തുണച്ച് ‘കണ്ണേ കരളേ ജലീലേ’യെന്ന് ഉച്ചത്തിലുച്ചത്തിൽ വിളിക്കണം സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി. ഇതിലപ്പുറം എന്തു മികച്ച മാതൃകാ പ്രവർത്തനമാണ് കെടി ജലീൽ കേരളത്തിന് സമ്മാനിക്കേണ്ടത്?
ഇപ്പോഴുയർന്ന അധികാര ദുർവിനിയോഗ ആരോപണങ്ങളൊന്നും ഒരു പ്രശ്നമേയല്ലെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ഇത് ഇപി ജയരാജൻ ചെയ്യുമ്പോൾ കുറ്റവും കെടി ജലീൽ ചെയ്യുമ്പോൾ നല്ല കാര്യവുമാകുന്നത് എന്തുകൊണ്ടാണ്? കെടി ജലീലിനെ സിപിഎമ്മിന് പേടിയാണോ? അതോ കെടി ജലീലിന് പകരം വയ്ക്കാൻ മറ്റൊരാളെ സിപിഎം പോലൊരു പാർട്ടിക്ക് കിട്ടാനില്ല എന്നാണോ? എന്തുതന്നെ ആയാലും സിപിഎം ഇപ്പോൾ കാണിക്കുന്നത് ഇരട്ടത്താപ്പ് മാത്രമാണ്.
ബന്ധുനിയമനം തന്നയാണ് ഇപി ജയരാജന് പുറത്തേയ്ക്കുള്ള വഴി കാണിച്ചത്. പാർട്ടിതല അന്വേഷണം പോലുമില്ലാതെ ജയരാജനെ അന്ന് രാജിവയ്പ്പിച്ചു. പക്ഷേ അപ്പോഴും പികെ ശ്രീമതിയുടെ മകന്‍റെ നിയമനം മാത്രമാണ് റദ്ദാക്കിയത്. കോടിയേരിയും പിണറായിയും അടക്കമുള്ള നേതാക്കളുടെ ബന്ധുക്കളുടെ നിയമനം ചൂണ്ടിക്കാണിച്ച് പികെ ശ്രീമതി നൽകിയ കത്ത് സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ പക്കൽ ഇപ്പോഴും കാണും. ആ നിയമനങ്ങളിൽ ചിലതിന്‍റെ പേരിൽ കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് ആഭ്യന്തരമന്ത്രി പിണറായി വിജയൻ പൂഴ്ത്തിവച്ചിട്ടുണ്ട്. ആ ബന്ധുക്കളൊക്കെ മിടുമിടുക്കാരായി ജോലി ചെയ്ത് ശമ്പളം വാങ്ങുന്നുമുണ്ട്. അതിലൊരാളായ കോലിയക്കോടിന്‍റെ മകൻ ഈയടുത്തിടെ ബ്രൂവറി അഴിമതി വിവാദത്തിലും പ്രശസ്തനായി. ഇതൊക്കെയാണ് സാഹചര്യം. ഇതിനുശേഷമാണ് ബന്ധുനിയമനം ഒഴിവാക്കാൻ സർക്കാർ നടപടിയെടുത്തത്. അതൊന്നും കെടി ജലീലിന് ബാധകമായില്ല.
പക്ഷേ ആ അജണ്ടയ്ക്ക് വഴങ്ങിത്തരാൻ തൽക്കാലം ഞാൻ തയ്യാറല്ല
“അതൊക്കെ നിങ്ങൾ എന്താണെന്നുവച്ചാൽ എഴുതിക്കോ. എനിക്കതിലൊന്നും ഒരു ഭയവുമില്ല. നിങ്ങൾ കഴിയുന്നതുപോലെയൊക്കെ നോക്കിക്കോ. ഒരു ഭയവുമില്ല, എന്തിനാ ഭയപ്പെടേണ്ട കാര്യം. നിങ്ങൾ ഓരോ കാര്യങ്ങൾ ഓരോരുത്തരെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ്. അതൊരു അജണ്ടയാണ്. പക്ഷേ ആ അജണ്ടയ്ക്ക് വഴങ്ങിത്തരാൻ തൽക്കാലം ഞാൻ തയ്യാറല്ല.”
(2018 നവംബർ ഏഴിന് മന്ത്രി കെടി ജലീൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന്.)
കൂരിപ്പറമ്പിൽ തെക്കുംപാട്ട് ജലീലിന് അറിയില്ലെങ്കിൽ പറഞ്ഞുതരാം, സർക്കാരും ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷനും ജലീലിന്‍റെ തറവാട്ടുസ്വത്തല്ല. ജലീലിരിക്കുന്ന മന്ത്രിക്കസേരയുടെ ആത്യന്തികമായ ഉടമാവകാശം ഇപ്പോൾ കട്ട പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനും എകെജി സെന്‍ററിനും അല്ല. ആ കസേര ഇന്നാട്ടിലെ ജനങ്ങളുടേതാണ്. കൂരിപ്പറമ്പിൽ തെക്കുംപാട്ട് കുടുംബക്കാർക്ക് സർക്കാർ നിയമനങ്ങൾ വാരിക്കോരി കൊടുക്കാനല്ല കെടി ജലീൽ മന്ത്രിക്കസേരയിൽ ഇരിക്കുന്നത്. അത് പറഞ്ഞുകൊടുക്കാൻ കോടിയേരിക്കും പിണറായി വിജയനും ആയില്ലെങ്കിൽ ഇന്നാട്ടിലെ ജനങ്ങൾക്ക് ആകണം.
കെടി ജലീലിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ച് അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള മുസ്ലീം ലീഗിന്‍റെ ആസൂത്രിത നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പക്ഷം. ജലീൽ കുറ്റം ചെയ്തതായി പാർട്ടി കരുതുന്നില്ലെന്നും പാർട്ടി സെക്രട്ടറി പറയുന്നു. ഇപി ജയരാജനില്ലാത്ത പിന്തുണ കോടിയേരി കെടി ജലീലിന് കൊടുക്കുന്നത് എന്തിനാണ്? പകരം മന്ത്രിയാക്കാൻ ആളില്ലാഞ്ഞിട്ടാണോ? പിവി അൻവറോ നൗഷാദോ തന്നെ മന്ത്രിയാകണമെന്ന് നിങ്ങളിപ്പോൾ പറയുന്ന നവോത്ഥാന, മതേതര കേരളത്തിന് ഒരു നിർബന്ധവുമില്ല സഖാവേ, അതങ്ങ് പച്ചക്ക് പറയാം.
കൊച്ചാപ്പ മന്ത്രിസ്ഥാനത്ത് തുടർന്നാൽ കുടുംബത്തിന് നല്ലതാണെന്ന് മനസിലായില്ലേ?
ഇപ്പോൾ കെടി ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതാണ് സിപിഎമ്മിനും സർക്കാരിനും നല്ലത്. പുറത്തുവന്നതിനേക്കാൾ ഗൗരവമുള്ള ഒരുപാട് ആരോപണക്കഥകൾ അകത്തളങ്ങളിൽ നിന്ന് കേട്ടുതുടങ്ങുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ള, അതിസമർത്ഥനായ, മറ്റൊരുപാട് ജോലിസാധ്യതകളുള്ള കെടി അദീപ് എന്ന ചെറുപ്പക്കാരനെങ്കിലും ഇത്തിരി ആത്മാഭിമാനം കാണിക്കണം. ഒരു കൊല്ലത്തേക്കുള്ള ഈ നക്കാപ്പിച്ച ഡെപ്യൂട്ടേഷൻ വേണ്ടെന്നുവച്ച് കൊച്ചാപ്പ മന്ത്രിയുടെ കസേര രക്ഷിക്കണം. കൊച്ചാപ്പ മന്ത്രിസ്ഥാനത്ത് തുടർന്നാൽ കുടുംബത്തിന് നല്ലതാണെന്ന് മനസിലായില്ലേ?
മൂന്നാമതൊരു വഴി കൂടിയുണ്ട്. കെടി ജലീലിനെ രാജി വയ്പ്പിച്ച് സിപിഎം ജലീലിന്‍റെ വകയിലൊരു ബന്ധുവിനെ മന്ത്രിയാക്കുക. സിപിഎം എന്തു ചെയ്താലും ശരിയാണെന്ന് പറയാൻ വലിയ ഭജനസംഘം പിന്നിലുള്ളപ്പോൾ എന്തുമാകാമല്ലോ.