പിണറായി വിജയൻ മാത്രം ജാത്യാധിക്ഷേപം നേരിടുന്നത് എന്തുകൊണ്ടാണ്?

By Sindhu Sooryakumar  |  First Published Jan 8, 2019, 3:29 PM IST

പക്ഷേ, മുണ്ടയിൽ കോരന്‍റെ മകൻ വിജയൻ തെങ്ങിൽ കയറാതെ മുഖ്യമന്ത്രി ആയത് തെമ്മാടിത്തരമാണെന്ന്  പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ടാകും. ചെത്തുതൊഴിലാളി ആയിരുന്ന മുണ്ടയിൽ കോരൻ ജാതിയിൽ ഈഴവനായിരുന്നു. കുമ്പക്കുടി സുധാകരനും തീയ്യനാണ്. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും അതേ. 


മുഖ്യമന്ത്രിക്കെതിരായ ഈ അധിക്ഷേപം കേട്ടിട്ടും ശരിയല്ല എന്നു പറയാനും പരസ്യമായി അപലപിക്കാനും പി.എസ്.ശ്രീധരൻ പിള്ളയ്ക്കും ഉമ്മൻചാണ്ടിക്കും ശോഭയ്ക്കും കുമ്പക്കുടി സുധാകരനും തോന്നലുണ്ടാകാത്തത് എന്തുകൊണ്ടായിരിക്കും? രാഷ്ട്രീയത്തെ രാഷ്ട്രീയം പറഞ്ഞ് നേരിടാൻ പറ്റാത്തതുകൊണ്ടാണോ സവർണ്ണനാണ് വോട്ടുബാങ്കെന്ന് ചിന്തിക്കുന്നതു കൊണ്ടാണോ?

Latest Videos

undefined

കവർ സ്റ്റോറി പിണറായി വിജയന്‍റെ ഫാൻ ക്ലബ്ബിൽ അംഗമല്ല. അദ്ദേഹത്തിന്‍റെ ഭക്ത സംഘത്തിലും ആരാധകസംഘത്തിലും ഇല്ല.  പിണറായി വിജയൻ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന തോന്നൽ ഇല്ല എന്നു മാത്രമല്ല, ഒരുപാടു കാര്യങ്ങൾ തെറ്റാണെന്ന് തോന്നുകയും അതുറക്കെ പറയുകയും ചെയ്യുന്നുണ്ട്. ഈ നിലപാടുകളെല്ലാം പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ നയത്തിന്‍റെ, സമീപനത്തിന്‍റെ, പ്രവർത്തനത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ്. മുണ്ടയിൽ കോരന്‍റെ മകൻ പിണറായി വിജയൻ ഈഴവ, തീയ്യനാണോ, അതോ മുണ്ടയിൽ കോരൻ എന്ന അദ്ദേഹത്തിന്‍റെ അച്ഛൻ ചെത്തുതൊഴിലാളിയാണോ എന്നു നോക്കിയിട്ടല്ല നിലപാടുകൾ എടുക്കുന്നത്. ചായ വിറ്റുനടന്നയാൾക്ക് പ്രധാനമന്ത്രിയാകാനും ചെത്തുതൊഴിലാളിയുടെ മകന് മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് ആരാണ് ഈ ബിജെപി നേതാക്കൾക്ക് ഒന്നു പറഞ്ഞുകൊടുക്കുക? എന്തുകൊണ്ടാണ് പിണറായി വിജയന്‍റെ ജാതി മാത്രം ഇത്ര അധിക്ഷേപ പാത്രമായി മാറുന്നത്?

അങ്ങനെയൊരു ജാതിയായിരുന്നു എന്ന് അവരെന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്

അധ്യാപകനായിരുന്ന കെ.ഒ.ചാണ്ടിയുടെ മകൻ ഉമ്മൻ ചാണ്ടിക്ക് ആ പണി ചെയ്താൽ പോരായിരുന്നോ? അധ്യാപകനായിരുന്ന രാമകൃഷ്ണൻ നായരുടെ മകൻ രമേശൻ ആ ജോലിയല്ലേ ചെയ്യേണ്ടിയിരുന്നത്? നെയ്ത്തുതൊഴിലാളി ആയ വി.രാമുണ്ണിയുടെ മകൻ കുമ്പക്കുടി സുധാകരൻ എന്തിനാണ് രാഷ്ട്രീയക്കാരനായത്? ആരെങ്കിലും എന്നെങ്കിലും ഇങ്ങനെ ചോദിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

പക്ഷേ, മുണ്ടയിൽ കോരന്‍റെ മകൻ വിജയൻ തെങ്ങിൽ കയറാതെ മുഖ്യമന്ത്രി ആയത് തെമ്മാടിത്തരമാണെന്ന്  പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ടാകും. ചെത്തുതൊഴിലാളി ആയിരുന്ന മുണ്ടയിൽ കോരൻ ജാതിയിൽ ഈഴവനായിരുന്നു. കുമ്പക്കുടി സുധാകരനും തീയ്യനാണ്. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും അതേ. എന്നിട്ടും എന്തുകൊണ്ടാണ് പിണറായി വിജയന്‍റെ മാത്രം ജാതിയും പിണറായി വിജയന്‍റെ അച്ഛന്‍റെ തൊഴിലും രാഷ്ട്രീയ എതിരാളികൾ പരിഹാസത്തിനും അധിക്ഷേപത്തിനും ഉപയോഗിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

2019 ജനുവരി മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഈ ആക്ഷേപത്തിന് മറുപടി പറ‌ഞ്ഞത് ഇങ്ങനെയായിരുന്നു.

“എത്ര കാലായി വ്യക്തിപരമായ അധിക്ഷേപം കേൾക്കുന്നു. (ചിരിക്കുന്നു)  കുറച്ചു പറയട്ടേ... ജാതീയമായ അധിക്ഷേപം ഒരു പുതിയ വിദ്യയാണ്. അങ്ങനെയൊരു ജാതിയായിരുന്നു എന്ന് അവരെന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്, ഞാൻ ഇന്ന ജാതിയിൽ പെട്ട ആളാണ് എന്ന്. പണ്ട് ചാതുർവർണ്യം നിലനിൽക്കുന്ന കാലത്ത്, ഇന്ന ജാതിയിൽപ്പെട്ട ആൾ ഇന്ന ജോലിയേ ചെയ്യാൻ പാടുള്ളൂ എന്നുണ്ടായിരുന്നു.  ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, എന്‍റെ അച്ഛൻ ചെത്തുതൊഴിലാളി ആയിരുന്നു. ജ്യേഷ്ഠൻമാരും ചെത്തുതൊഴിൽ എടുത്തവരാണ്. അപ്പോൾ വിജയനും ചെത്തുതൊഴിൽ എടുക്കട്ടെ എന്നാഗ്രഹിക്കുന്ന ചിലരുണ്ടായിരിക്കും. അതു പറഞ്ഞിട്ടെന്താ കാര്യം! ”

പിണറായി വിജയനെതിരെ ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നവരിൽ അധികവും ബിജെപി അനുകൂല നിലപാടുകാരാണ്. ഒടുവിൽ പറഞ്ഞത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷൻ എം.ശിവരാജൻ. ബിജെപി മുഖപത്രമായ ജൻമഭൂമി മുഖ്യമന്ത്രിക്കെതിരെ കാർട്ടൂൺ വരയ്ക്കാൻ വിഷയമാക്കിയതും അദ്ദേഹത്തിന്‍റെ ജാതിയും അദ്ദേഹത്തിന്‍റെ അച്ഛന്‍റെ തൊഴിലുമാണ്. ബിജെപിയുടെ രാഷ്ട്രീയത്തിൽ വർഗ്ഗീയത മാത്രമല്ല, ജാതീയതയും എങ്ങനെ ലയിച്ചിരിക്കുന്നു എന്നതിന് ചെറിയൊരു ഉദാഹരണം മാത്രമാണിത്.

പി.എസ്.ശ്രീധരൻ പിള്ള, എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ. എല്ലാവരും സവർണ്ണ നായർ സമുദായത്തിൽ ഉള്ളവർ. ഈഴവനായ, നിത്യവൃത്തിക്ക് ബുദ്ധിമുട്ടിയിരുന്ന കുഞ്ഞിരാമന്‍റേയും കല്യാണിയുടേയും മകൻ കെ.സുരേന്ദ്രൻ അദ്ദേഹത്തിന്‍റെ അച്ഛനെപ്പോലെ കഷ്ടപ്പെടാത്തതിൽ ആർക്കും പരിഭവമില്ല. അച്ഛന്‍റേയും അമ്മയുടേയും സാമ്പത്തിക ചുറ്റുപാടാണോ തനിക്കിപ്പോൾ ഉള്ളതെന്ന് ശോഭാ സുരേന്ദ്രൻ പറയട്ടെ. അവരുടെ തൊഴിലായിരുന്നോ ശോഭ ചെയ്യുന്ന പൊതുപ്രവർത്തനം. കെ.സുരേന്ദ്രനും ശോഭയ്ക്കും ബാധകമല്ലാത്ത ജാതിയും അച്ഛന്‍റെ തൊഴിലുമൊക്കെ പിണറായി വിജയന് മാത്രം എങ്ങനെ ബാധകമാകുന്നുവെന്ന് ബിജെപി നേതാക്കൾ വിശദീകരിക്കേണ്ടതാണ്.

ശബരിമലയിലെ യുവതീപ്രവേശവും അത് സംബന്ധിച്ച സുപ്രീം കോടതി വിധിയും ഒരു ചെറിയ കാര്യമല്ല

മുഖ്യമന്ത്രിക്കെതിരായ ഈ അധിക്ഷേപം കേട്ടിട്ടും ശരിയല്ല എന്നു പറയാനും പരസ്യമായി അപലപിക്കാനും പി.എസ്.ശ്രീധരൻ പിള്ളയ്ക്കും ഉമ്മൻചാണ്ടിക്കും ശോഭയ്ക്കും കുമ്പക്കുടി സുധാകരനും തോന്നലുണ്ടാകാത്തത് എന്തുകൊണ്ടായിരിക്കും? രാഷ്ട്രീയത്തെ രാഷ്ട്രീയം പറഞ്ഞ് നേരിടാൻ പറ്റാത്തതുകൊണ്ടാണോ സവർണ്ണനാണ് വോട്ടുബാങ്കെന്ന് ചിന്തിക്കുന്നതു കൊണ്ടാണോ? കള്ളുചെത്തുന്നതും ഈഴവനാകുന്നതും അധിക്ഷേപമായി കാണുന്ന പാർട്ടി നേതാക്കളുടെ കൂടെ മകൻ രാഷ്ട്രീയം കളിക്കുന്നതിൽ ഈഴവരുടെ നേതാവ് എന്നഭിമാനിക്കുന്ന വെള്ളാപ്പള്ളി നടേശന് ലേശമെങ്കിലും ഉളുപ്പ് തോന്നേണ്ടതല്ലേ?

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയാണ് നിലവിലെ വാഗ്വാദങ്ങളുടേയും ഇപ്പോൾ നടക്കുന്ന ഈ അധിക്ഷേപത്തിന്‍റേയും ഒക്കെ പരിസരം. അക്കാര്യത്തിലെ കവർ സ്റ്റോറിയുടെ നിലപാട് ഒരിക്കൽക്കൂടി ആവർത്തിച്ച് ഈ ലക്കം അവസാനിപ്പിക്കുന്നു. ശബരിലയിലെ യുവതി പ്രവേശനമല്ല കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. പക്ഷേ അതിന്‍റെ പേരിൽ ഒരു നാട് നിന്നുകത്തുമ്പോൾ അതു മാത്രമാണ് കേരളത്തിന്‍റെ വലിയ പ്രശ്നം. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവല്ല, അതിൽ ഒരു ജഡ്ജി പ്രകടിപ്പിച്ച വിയോജിപ്പാണ് ശ്രദ്ധിക്കേണ്ടതെന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രി പറയുന്ന സാഹചര്യം കൂടിയുണ്ട്. ഒരു സുപ്രീം കോടതി വിധി നടപ്പാക്കുന്ന സംസ്ഥാനം കനത്ത വില നൽകേണ്ടിവരും എന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന സന്ദർഭം കൂടിയാണിത്. അതുകൊണ്ട് ശബരിമലയിലെ യുവതീപ്രവേശവും അത് സംബന്ധിച്ച സുപ്രീം കോടതി വിധിയും ഒരു ചെറിയ കാര്യമല്ല. രാജ്യമാകെയുള്ള ജനാധിപത്യവാദികൾ ഉറ്റുനോക്കുന്ന പ്രശ്നമാണ്. ഭരണഘടനയിൽ വിശ്വസിക്കുന്ന, ആണും പെണ്ണും തുല്യരാണെന്ന് കരുതുന്ന, സാധാരണ ബുദ്ധിയുള്ള മനുഷ്യരെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. അതുതന്നെയാണ് ആ വിധിയുടെ പ്രാധാന്യവും.
 

click me!