ബിയജിംഗ്: തന്റെ സ്ഥാപനത്തിലെ ജീവനക്കാർ ചെയ്യുന്ന ജോലിയിൽ ഉടമയ്ക്ക് തൃപ്തിയില്ലെങ്കിൽ അവരെ പിരിച്ചുവിടുകയോ ആരോഗ്യപരമായ ശിക്ഷ അവർക്കു നൽകുകയോ ചെയ്യാം. എന്നാൽ ചൈനയിലെ ഒരു ഹോട്ടൽ മുതലാളി തന്റെ ജീവനക്കാർക്ക് നൽകിയ വിചിത്രമായ ശിക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ചൈനയിലുള്ള ബ്യൂട്ടി ആൻഡ് സ്കിൻ കെയർ എന്ന കമ്പനിയുടെ പതിനാലാമത് വാർഷിക സമ്മേളനത്തിലായിരുന്നു സംഭവം നടന്നത്. നൂറുകണക്കിനാളുകൾ സദസിൽ ഇരിക്കുന്പോൾ വേദിയിൽ മുഖത്തോട് മുഖം നോക്കി മുട്ടിൽ നിൽക്കുന്ന വനിതാ ജീവനക്കാർ പരസ്പരം മുഖത്ത് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഈ വർഷം ജോലിയിൽ അവർ മികവു പുലർത്താഞ്ഞതാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിക്കാൻ കന്പനി ഉടമയെ പ്രേരിപ്പിച്ചത്.
undefined
സദസിൽ ഇരുന്നത് ഇവരുടെ സഹപ്രവർത്തകരായിരുന്നു. ഇവർക്കു മുന്പിൽ നിന്നായിരുന്നു സെയിൽസ് ഡിപ്പാർട്ടുമെന്റിലെ വനിതാ ജീവനക്കാരുടെ മുഖത്തടി പ്രകടനം. ഉടമ നിർത്താൻ പറയുന്നതു വരെ ഇതു തുടരുകയും ചെയ്തു. സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി.
ഇതോടെ കമ്പനിയുടെ ടീം സ്പിരിറ്റ് കാണിക്കുവാൻ ജീവനക്കാർ മനഃപൂർവം നടത്തിയ പ്രകടനമായിരുന്നു ഇതെന്ന വിശദീകരണവുമായി കന്പനിയുടെ വക്താവ് എത്തുകയും ചെയ്തു. പുതിയ വർഷം തുടങ്ങുന്നതിന് മുന്നോടിയായി ഞങ്ങൾ ഇത്തരത്തിൽ ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.