ഞാന്‍ ഒരു അധ്യാപികയായി തീര്‍ന്നതില്‍ ഏറ്റവും അധികം അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും ബീന ടീച്ചര്‍ ആണെന്ന് ആ നിമിഷം എനിക്ക് തോന്നിപ്പോയി.
'എന്‍റെ ജീവിതത്തിലെ സ്ത്രീ' ചിഞ്ചു ലക്ഷ്മി സി എഴുതുന്നു
പണ്ട് പത്രം വായിച്ച് എഴുതിവെച്ച വാര്‍ത്തകള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. സദ്ദാം ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തകളും വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകളും ഒക്കെ ഉദാഹരണങ്ങള്‍.
പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിലെ ഒരു സ്‌കൂളിലാണ് ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചത്. സിസ്റ്റേഴ്‌സ് നടത്തുന്ന ഒരു വിദ്യാലയമായിരുന്നു അത്. അതിനാല്‍, ചിട്ടകള്‍ ഒരുപാടുണ്ട്. ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഡയറി എഴുതുക. ദിവസവും പത്രം വായിച്ച് പ്രധാനപ്പെട്ട വാര്‍ത്തകള്‍ കുറിച്ചുവെയ്ക്കുക. അസംബ്ലിയില്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ മെറീന പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ എഴുതുക. അങ്ങനെ പല ചിട്ടകള്‍.
ഞാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം അക്ഷരംപ്രതി പാലിച്ചിരുന്നു. എഴുതുന്നത് ക്ലാസ് ടീച്ചറിനെ കാണിക്കണം. അഞ്ചാം ക്ലാസില്‍ ബീന ടീച്ചര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ഓരോന്നും വായിച്ച് ടീച്ചര്‍ എനിക്ക് വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും തന്നു.
ഒരിക്കല്‍ ബീന ടീച്ചര്‍ എന്‍റെ ബുക്കില്‍ ഒരു വരി അഭിനന്ദന വാചകം എഴുതി. ടീച്ചര്‍ അത് എഴുതിയത് ഒരു പേപ്പറില്‍ ആണെങ്കിലും ഞാന്‍ അതിനെ കാണുന്നത് എന്‍റെ ഹൃദയത്തില്‍ എഴുതിയതായിട്ടാണ്. അടുത്ത ക്ലാസ്സില്‍ എത്തിയപ്പോഴും ഈ എഴുത്ത് തുടര്‍ന്നു. എഴുതാനുള്ള മോട്ടിവേഷന്‍ തന്നത് ബീന ടീച്ചര്‍ തന്നെ. ഇന്ന് ഈ കുറിപ്പ് എഴുതാനുള്ള കാരണം പോലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീന ടീച്ചര്‍ തന്ന പ്രോത്സാഹനം മാത്രമാണ്.
പണ്ട് പത്രം വായിച്ച് എഴുതിവെച്ച വാര്‍ത്തകള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. സദ്ദാം ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തകളും വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകളും ഒക്കെ ഉദാഹരണങ്ങള്‍.
ബീന ടീച്ചര്‍ പിന്നെ സ്‌കൂളില്‍ നിന്ന് പോയി. ഞാന്‍ പത്ത് കഴിഞ്ഞ് ഹയര്‍സെക്കന്‍ഡറി പഠനത്തിനായി മറ്റൊരു സ്‌കൂളില്‍ ചേര്‍ന്നു. ഡിഗ്രി, പിജി പഠനത്തിന് ശേഷം ബിഎഡ് പഠിച്ചു. എംഎഡ് പഠനത്തിന് ശേഷം ഒരു അണ്‍ എയ്ഡഡ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ പഠിപ്പിക്കാന്‍ കയറി.
അവിടെ രണ്ട് വര്‍ഷത്തോളം പഠിപ്പിച്ചു. ബിഎഡ് പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കോഴ്‌സിന്‍റെ ഭാഗമായിട്ട് സ്‌കൂളില്‍ പോയി പഠിപ്പിക്കണം. അധ്യാപിക എന്ന നിലയ്ക്ക് എനിക്ക് അവരുടെ ക്ലാസുകള്‍ വിലയിരുത്താന്‍ പോകേണ്ടതായിട്ടുണ്ട്.
ഒരിക്കല്‍ ക്ലാസ് കാണാന്‍ എത്തിയപ്പോള്‍ ബീന ടീച്ചറെ കണ്ടു. ടീച്ചര്‍ ആ സ്‌കൂളിലെ അധ്യാപിക ആണ്. ടീച്ചര്‍ ഒരുപാട് സന്തോഷത്തോടെ എല്ലാവര്‍ക്കും എന്നെ പരിചയപ്പെടുത്തി. ഞാന്‍ ഒരു അധ്യാപികയായി തീര്‍ന്നതില്‍ ഏറ്റവും അധികം അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും ബീന ടീച്ചര്‍ ആണെന്ന് ആ നിമിഷം എനിക്ക് തോന്നിപ്പോയി.
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം