പെണ്‍ജീവിതത്തിനു പിന്നില്‍ അശ്ലീലം മാത്രം  കാണുന്ന സമൂഹം ചിലത് അറിയേണ്ടതുണ്ട്!

By Speak Up  |  First Published Mar 30, 2019, 12:51 PM IST

'എനിക്കും ചിലത് പറയാനുണ്ട്; വീടകങ്ങളിലെ പെണ്‍ജീവിതക്കുരുക്കുകളെക്കുറിച്ച് ഫാത്തിമ ബീവി എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined

ദില്ലി, ബാംഗളൂര്‍,അമേരിക്ക തുടങ്ങിയ ദൂരെ സ്ഥലങ്ങളില്‍ പോയി പഠിച്ചും, ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയും തിരിച്ചെത്തുന്ന വനിതകള്‍ കേരളത്തില്‍ സ്വതന്ത്രരാണെന്ന് ഉറപ്പിച്ചു പറയുവാന്‍ ആകുമോ? ഒട്ടും ആലോചിക്കാതെ തന്നെ ഇല്ല എന്നു പറയാം. നേടിയ വിദ്യാഭ്യാസത്തിന്റെയും ഉദ്യോഗത്തിന്റെയും പ്രൗഢി സമൂഹത്തില്‍ നിന്നുകൊണ്ട് ഒരു സ്ത്രീയില്‍ വീക്ഷിക്കുവാനാകും. എന്നാല്‍ വീടകത്ത് പലപ്പോഴും സ്ത്രീ വെറും ഇരയാണ്. വീടിനുപുറത്തു ഒറ്റയ്ക്കാകുന്ന വഴികളില്‍ ഉണ്ടാകുന്ന തിക്താനുഭവങ്ങളിലും വീടിനകത്തു ഉണ്ടാകുന്ന പീഡനങ്ങളിലും പ്രതികരിക്കാന്‍ കഴിയാതെ സ്ത്രീ നിശ്ശബ്ദമാകുന്നു എന്നതാണ് വാസ്തവം.പ്രതികരിക്കാന്‍ തയ്യാറാവാത്തത് കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്ന സമൂഹത്തെ ഭയന്നാണ്.

'ഇല ചെന്നു മുള്ളില്‍ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും കേട് ഇലയ്ക്കാണ്' എന്ന വാക്കുകള്‍ ആണ് ഇവിടെ നാം ഓര്‍മ്മിക്കേണ്ടത്. അപകടത്തിലൊരു സ്ത്രീ മരണപ്പെട്ടാലും അത് ആത്മഹത്യയാക്കി തീര്‍ക്കുന്ന ഒരു സമൂഹത്തില്‍ എങ്ങനെ ഒരു സ്ത്രീക്ക് തന്റെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ ആകും? ഒരു പെണ്ണിന്റെ ജീവിതത്തിനു പിന്നില്‍ അശ്ലീലം മാത്രം കാണുന്ന സമൂഹത്തെ എങ്ങനെ നിസ്സാരമെന്നു കരുതി തള്ളിക്കളയുവാന്‍ ആകും? പൊതുവേദികളില്‍ കടന്നുചെന്നു തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുവാന്‍ ഒരു സ്ത്രീ മുതിര്‍ന്നാല്‍ അവള്‍ വായാടിയാകുന്നു. പുരുഷനൊപ്പം ഒളിമ്പിക്‌സില്‍ ഓടിയാല്‍ അവള്‍ അച്ചടക്കമില്ലാത്തവള്‍ ആകുന്നു.

ഒരു സമൂഹത്തിന്റെ പുരോഗമനം പൂര്‍ണ്ണതയിലെത്തുന്നതിന് സ്ത്രീ ശാക്തീകരണം ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. സ്ത്രീശാക്തീകരണം സാധ്യമാകണമെങ്കില്‍ സ്ത്രീവിദ്യാഭ്യാസം മുഖ്യഘടകമാണ്. സ്ത്രീസാക്ഷരതയിലൂടെ മാത്രമേ ഒരു സ്ത്രീക്ക് സ്വയം പര്യാപ്തമാകാന്‍ സാധിക്കുകയുള്ളൂ .ഇന്ന് സ്‌കൂള്‍-കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധികവും പെണ്‍കുട്ടികളാണ്. ആദ്യകാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങളിലും പുരോഗമനമുണ്ട്. എങ്കിലും ചില മനുഷ്യരുടെ ചിന്താഗതിയില്‍ മാറ്റം ഉണ്ടായിട്ടില്ല. കേരളത്തില്‍ തന്നെ ചിലയിടങ്ങളില്‍ പത്താംതരം കഴിഞ്ഞാല്‍ തുടര്‍ന്ന് പഠിക്കുവാന്‍ ആഗ്രഹിക്കാത്ത ഒരുപാട് പെണ്‍കുട്ടികളുണ്ട്. അല്ലെങ്കില്‍ തോറ്റു പോയ വിഷയങ്ങളെ വീണ്ടും എഴുതി മുടങ്ങിയ പഠനം തുടരാന്‍ ശ്രമിക്കാത്ത പെണ്കുട്ടികള്‍ ഉണ്ട്. 

വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെ കുറിച്ചു ഇത്തരം പെണ്‍കുട്ടികള്‍ ബോധവാന്മാരല്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. അങ്ങനെയൊരു സമൂഹത്തിലാണ് ഇവര്‍ ജീവിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. അവര്‍ക്ക് ചുറ്റുമുള്ള സമൂഹം 'പെണ്ണെന്നാല്‍ ചോറും കറിയും വെക്കാനും, അടുപ്പ് ഊതുവാനും, പ്രസവിക്കാനും മാത്രം ജനിച്ചവള്‍ ആണെന്നുമാണ് അവരെ പഠിപ്പിച്ചിട്ടുണ്ടാവുക. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു വന്നത് കൊണ്ടു നിസ്സംശയം എനിക്കിത് പറയുവാനാകും. സ്ത്രീകള്‍ തന്നെ സ്ത്രീയെ കുറ്റപ്പെടുത്തുന്ന, അവളില്‍ കുറവുകള്‍ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹം. അവളിലെ വിശാലമായ ആകാശത്തെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കിവെക്കുന്നു ആ സമൂഹം. എന്റെ വീട്ടില്‍നിന്നും ഉമ്മാന്റെ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ വേറിട്ട ഒരു അനുഭവമാണ് അവിടെ നിന്നും എനിക്ക് ഉണ്ടായത്. വായനാശാലകളില്‍ നിന്നും ഒരു പുസ്തകമെടുത്തു വായിക്കുവാനോ, പരീക്ഷ സമയത്തുപോലും രാത്രികളില്‍ ഒരുപാട് നേരം പഠിക്കുവാനോ എനിക്ക് അവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല അവിടുത്തെ പെണ്‍കുട്ടികള്‍ എന്റെ പഠനത്തെ ഒരു തമാശയെന്ന രീതിയില്‍ ആയിരുന്നു കണ്ടിരുന്നത്. അപ്പോഴാണ് മനസ്സിലായത് വിദ്യാഭ്യാസത്തേക്കാള്‍ അടുക്കളപ്പണിക്കാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാര്‍ അല്ലാ എന്നും. ഈയൊരു തിരിച്ചറിവാണ് എന്നെ ഇത്രയും എഴുതുവാന്‍ പ്രേരിപ്പിച്ചത്.

ഇത്തരം പെണ്‍കുട്ടികളോട് എനിക്ക് ചിലത് പറയുവാന്‍ ഉണ്ട്.

പുരുഷന്മാരെ പോലെതന്നെ സ്ത്രീകള്‍ക്കും ഈ പ്രപഞ്ചത്തില്‍ തുല്യഇടമുണ്ട്. ഇന്നത്തെക്കാലത്ത് പുരുഷനേക്കാള്‍ ഒരുപടി മേലെ വിദ്യാഭ്യാസമുള്ളവരാണ് സ്ത്രീ എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ഉദ്യോഗത്തിന്റെ കാര്യത്തിലും സ്ത്രീ ഒട്ടും പിറകിലല്ല. ആത്മവിശ്വാസവും ധൈര്യവും സ്ത്രീകള്‍ക്കുണ്ട്. അതിനാല്‍ ചരിത്രം സൃഷ്ടിച്ചവരും ചരിത്രത്തിനൊപ്പം നടക്കുന്നവരുമായ സ്ത്രീകളെ അനുകരിക്കുക. ഭൂതകാലത്തില്‍ ആയാലും വര്‍ത്തമാനകാലത്തില്‍ ആയാലും കരുത്തും കഴിവും തെളിയിച്ചിട്ടുള്ള സ്ത്രീ വ്യക്തിത്വങ്ങളെ പരിചയപ്പെടുക. സമൂഹം പടുത്തുയര്‍ത്തിയ വിലങ്ങുകളെ തകര്‍ത്തു വിദ്യാഭ്യാസം നേടുകയും സ്വയം പര്യാപ്തമാവുകയും ചെയ്യുക. കുടുംബത്തിലെ സ്ത്രീകള്‍ വീട്ടിലെ ജോലികള്‍ക്ക് ശേഷം ലഭിക്കുന്ന ഒഴിവ് സമയങ്ങളില്‍ വീട്ടില്‍ ഇരുന്നു കൊണ്ടു ചെയ്യുവാന്‍ ആകുന്ന ചെറിയതരം വരുമാന മാര്‍ഗ്ഗങ്ങളില്‍ ഏര്‍പ്പെടുക. ഉദാഹരണത്തിന് തയ്യല്‍, സോപ്പ് നിര്‍മ്മാണം, പപ്പടനിര്‍മ്മാണം മുതലായവ. 

വിദ്യാഭ്യാസം ഒരു മനുഷ്യന്റെ ജന്മാവകാശം ആണ്. അത് നേടിയെടുക്കുക തന്നെ വേണം. വിവാഹത്തിന്റെ പേരില്‍ വിദ്യാലയത്തില്‍ വിട്ടയക്കാതെ ദാമ്പത്യമെന്ന ഒരു പുതിയ തടവറയിലേക്കു പെണ്‍കുട്ടികളെ തള്ളിവിടുന്ന മാതാപിതാക്കളോട് എനിക്ക് പറയുവാനുള്ളത് ഒരു കാര്യം മാത്രമാണ്: 'നിങ്ങള്‍ നിങ്ങളുടെ മക്കളുടെ ഭാവിയാണ് ഇല്ലായ്മ ചെയ്യുന്നത്'.

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം
 

click me!