എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന്  നില്‍ക്കുന്ന കാലം!

By Rini Raveendran  |  First Published Feb 4, 2021, 7:44 PM IST

ഉള്‍മരങ്ങള്‍. റിനി രവീന്ദ്രന്‍ എഴുതുന്ന കോളം തുടരുന്നു. ചിത്രീകരണം: പ്രമോദ് കെ.ടി.


ഓരോ ചീത്തവാക്കിനും ഏതെങ്കിലും തരത്തില്‍ സ്ത്രീകളുമായി ബന്ധമുണ്ട് എന്ന് മനസിലായത് ആ കമന്റ് ബോക്‌സുകളില്‍ നിന്നാണ്. എങ്ങനെയാണ് മറ്റൊരു മനുഷ്യജീവിയുടെ ശരീരത്തെ ഇത്ര അറപ്പോടെ, വെറുപ്പോടെ, ഉപദ്രവിക്കണമെന്ന വാശിയോടെ സമീപിക്കാന്‍ തോന്നുന്നതെന്ന് നിസ്സഹായത വന്ന് പലവട്ടം വിഴുങ്ങി. ന്യൂസ് റൂമില്‍ നിന്നും ജോലി തീര്‍ത്ത് പുറത്തിറങ്ങവെ, ഓരോ ആണിനെ കാണുമ്പോഴും ഭയത്തോടും അറപ്പോടും മുഖം തിരിക്കാന്‍ തോന്നി. 'മറ്റൊരു ശരീരത്തില്‍ നിന്നും നിങ്ങള്‍, വാത്സല്യമേറ്റുവാങ്ങിക്കാണില്ലേ, പ്രേമമേറ്റുവാങ്ങിക്കാണില്ലേ, കാമമേറ്റുവാങ്ങിക്കാണില്ലേ? ഒരിക്കല്‍ സ്വീകരിച്ചിരുന്ന ആ ശരീരഭാഗത്തെയെങ്ങനെയാണ് ഇത്ര നീചമായി നിന്ദിക്കാനാവുന്നത്?' എന്ന് പലതവണ ചോദിച്ചു. താന്‍തന്നെ ഊറ്റിയെടുത്ത ശരീരത്തെ ഇങ്ങനെ അപമാനിക്കാന്‍ പുരുഷനേ കഴിയൂ എന്ന് മനസ്സിലെഴുതിവച്ചു.

 

Latest Videos

undefined

 


ഉള്ളിന്റെയുള്ളില്‍ നിന്നുള്ള ആ ശബ്ദം അവര്‍ക്ക് വഴികാട്ടിയും തിരുത്തല്‍ ശക്തിയുമായി. സ്ത്രീകള്‍ തങ്ങളുടെ ശരീരങ്ങള്‍ വീണ്ടെടുത്തു തുടങ്ങി. എഴുപതിനും തൊണ്ണൂറിനും ഇടയിലുള്ള ഏതാണ്ട് മുപ്പത് സ്ത്രീകള്‍ മുഷ്ടിയുയര്‍ത്തി 'യോനി' എന്നുരുവിട്ടു. ഐസ്‌ലന്‍ഡ് പ്രസിഡന്റ് സ്വയം 'യോനീയോദ്ധാവ്' എന്ന് വിശേഷിപ്പിച്ചു. തങ്ങളുടെ ഭഗശിശ്‌നികകള്‍ മുറിക്കപ്പെടാതെ നൂറുകണക്കിന് കെനിയന്‍ പെണ്‍കുട്ടികള്‍ സൂര്യനു കീഴെ നൃത്തമാടി ('ദ വജൈന മോണലോഗ്‌സ്' എന്ന കൃതിയുടെ പത്താം വാര്‍ഷികത്തില്‍ രചയിതാവ് ഈവ് എന്‍സ്ലര്‍ നല്‍കിയ ആമുഖത്തില്‍ നിന്ന്).

എന്ന് മുതലാണ് തെറി കേട്ടു തുടങ്ങിയത്? ഓര്‍മ്മവച്ചകാലം തൊട്ട്. അതും പെണ്ണുങ്ങളടക്കം വിളിക്കണ നല്ല നാടന്‍തെറികള്. മേക്‌സിയും പാവാടയില്‍ കേറ്റിച്ചെര്തി അവര്‍ ഉച്ചത്തില്‍ തെറിവിളിച്ചു. അമ്മയൊക്കെ വിളിക്കുന്ന തെറികേട്ട് പറമ്പിലെ ചെടികള്‍ക്കൊപ്പം നാണക്കേട് കൊണ്ട് ഞാനും തലതാഴ്ത്തി നിന്നു. 'കുലസ്ത്രീകളിങ്ങനെ തെറിവിളിക്കരുതമ്മേ' എന്ന്, എന്ത് വന്നാലും ഒരു കുലസ്ത്രീയാകണം എന്ന് അന്ന് തീരുമാനമെടുത്തിരുന്ന പെണ്‍കുട്ടി കണ്ണ് നിറച്ചു. തെറി കേള്‍ക്കാത്ത ഒറ്റദിവസമുണ്ടെങ്കില്‍ അതുപോലും വീടിന് ഒരാഡംബരമായിരുന്നു. എന്ത് ചീത്ത വിളിക്കുമ്പോഴും അതിനൊപ്പം ബോണസെന്ന പോലെ തെറിവാക്കുകളും പുറത്തേക്ക് തെറിച്ചു. 

 

..................................

അമ്മ നേരെ കുന്നിന്‍മുകളില്‍ കേറി ചീത്തവിളി തുടങ്ങും. ചില സ്ത്രീകള്‍ നിലനിന്നിരുന്നത് നാവിന്റെ ബലം കൊണ്ടാണെന്ന് പിന്നീടാണ് മനസിലായത്.

ചിത്രീകരണം: പ്രമോദ് കെ.ടി.

 

അച്ഛനും അമ്മയും വഴക്കുണ്ടാകുമ്പോഴായിരുന്നു രസം. അമ്മ നേരെ കുന്നിന്‍മുകളില്‍ കേറി ചീത്തവിളി തുടങ്ങും. ചില സ്ത്രീകള്‍ നിലനിന്നിരുന്നത് നാവിന്റെ ബലം കൊണ്ടാണെന്ന് പിന്നീടാണ് മനസിലായത്. പ്രിവിലേജുകളില്ലാത്ത മനുഷ്യര്‍ക്ക് നിലനിന്നുപോരാന്‍ ഉച്ചത്തിലുള്ള ശബ്ദവും, തെറിയുമല്ലാതെ മറ്റെന്താണൊരു പിടിവള്ളി! 

അമ്മ ചീത്ത പറയുമ്പോള്‍, തല്ലിത്തല്ലി പതം വരുത്തുമ്പോള്‍ രക്ഷാമാര്‍ഗം തേടി ഓടും. ഇരുട്ടിലൂടെ തൊട്ടാവാടിച്ചെടികളും കമ്മ്യൂണിസ്റ്റ്  പച്ചക്കാടും കടന്ന് ഏതെങ്കിലും അയല്‍വീടുകളില്‍ അഭയം പ്രാപിക്കാന്‍ ശ്രമിക്കും. 'പൊന്നുമോളേ, നിന്നെ ഈട കെടത്തണം ന്ന്ണ്ട്. പക്ഷേ, നിന്റമ്മ പറയ്ന്ന ചീത്തക്ക് ഒരു കയ്യും കണക്കുമുണ്ടാകില്ല' എന്ന് പല അയല്‍വീടുകളുടെയും വാതിലുകള്‍ നിസ്സഹായതയോടെ മുന്നിലടയും. തെറിക്കൊപ്പം കൈവിട്ടുനില്‍ക്കുന്ന തല്ല് വാങ്ങി കണക്കില്‍ ചേര്‍ക്കാനായി തിരികെ നടക്കും. പിന്നീട് കുറേക്കാലം ആര് ചീത്ത വിളിക്കുന്നത് കേള്‍ക്കുമ്പോഴും ചെവി പൊത്തും. തെറിവാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസിലുറപ്പിക്കും, 'ഉഫ്, ഞാനൊരിക്കലും തെറി പറയില്ല. ഒരിക്കലും ചീത്തയും പറയില്ല. ഞാനൊരു മാന്യയാവും. ഹാ, അമ്പട മാന്യേ എന്ന് കാലാകാലം അഭിമാനിക്കും.'

 

.........................................

ഏതെങ്കിലും ചുമരുകളില്‍, ട്രെയിനിലെ കക്കൂസില്‍ ഒക്കെയും വികൃതമായി ആ പദങ്ങളെഴുതി വയ്ക്കപ്പെട്ടത് കണ്ടപ്പോള്‍ മനസ് അറിയാതെ തന്നെ കര്‍ക്കടകമാസമായി,

ചിത്രീകരണം: പ്രമോദ് കെ.ടി.

 

എവിടെയെങ്കിലും ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, ഏതെങ്കിലും ചുമരുകളില്‍, ട്രെയിനിലെ കക്കൂസില്‍ ഒക്കെയും വികൃതമായി ആ പദങ്ങളെഴുതി വയ്ക്കപ്പെട്ടത് കണ്ടപ്പോള്‍ മനസ് അറിയാതെ തന്നെ കര്‍ക്കടകമാസമായി, നെഞ്ചിലിടിവെട്ടി. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അവിടെനിന്ന് കരയാന്‍ തോന്നി. പക്ഷേ, കാലം വല്ലാത്തൊരു സാധനാണല്ലോ, അസ്വസ്ഥതപ്പെടുത്തിയിരുന്ന പലതും ശീലമാകും. പയ്യെപ്പയ്യെ 'ചീത്ത'വാക്കുകളോരോന്നായി ഉള്ളില്‍ പതിഞ്ഞു. തമാശയ്ക്ക് വിളിക്കുന്നവ, സ്‌നേഹത്തോടെ വിളിക്കുന്നവ, പൊളിറ്റിക്കലി കറക്ടല്ലാത്തവ എന്ന് തുടങ്ങി ഈ തെറിവാക്കുകള്‍ക്ക് പലപല കാറ്റഗറികള്‍ പോലുമുണ്ടായി.

പക്ഷേ, ഏറ്റവും നിസ്സഹായത തോന്നുന്ന ചില നേരങ്ങള്‍ എല്ലാ മനുഷ്യരുടെയും ജീവിതത്തിലുണ്ടായിക്കൊണ്ടിരിക്കും. ഒഴിഞ്ഞുമാറാന്‍ ആകാത്തവണ്ണം അനുവാദമില്ലാതെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലത്. എനിക്കത് വാര്‍ത്തകളുടെ കമന്റ് ബോക്‌സുകളായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഒഴിഞ്ഞുനില്‍ക്കാനാകാത്ത ഒരിടമാണ് സോഷ്യല്‍ മീഡിയ. ഓരോ വാര്‍ത്തകള്‍ക്കു കീഴെയും വരുന്ന അനേകം 'ചീത്ത'കള്‍, സ്ത്രീവിരുദ്ധതകള്‍. പണ്ട് കേട്ടുകൊണ്ടിരുന്ന, അത്ര ആപത്കരമല്ലാത്ത തെറികള്‍ പോലെയായിരുന്നില്ല അവ. ഒരു സ്ത്രീക്ക് അറപ്പോടെ തന്റെതന്നെ ശരീരത്തിലേക്ക് നോക്കേണ്ടി വരുന്നതരം അവഹേളനങ്ങള്‍. ഒരു പെണ്ണെന്ന നിലയില്‍ പലവട്ടമെനിക്ക് കരച്ചില്‍ വന്നു. രോഷം കൊണ്ട് കണ്‍മുന്നിലെ അക്ഷരങ്ങള്‍ ഞെരിച്ചമര്‍ത്തണമെന്ന് തോന്നി.

ഓരോ ചീത്തവാക്കിനും ഏതെങ്കിലും തരത്തില്‍ സ്ത്രീകളുമായി ബന്ധമുണ്ട് എന്ന് മനസിലായത് ആ കമന്റ് ബോക്‌സുകളില്‍ നിന്നാണ്. എങ്ങനെയാണ് മറ്റൊരു മനുഷ്യജീവിയുടെ ശരീരത്തെ ഇത്ര അറപ്പോടെ, വെറുപ്പോടെ, ഉപദ്രവിക്കണമെന്ന വാശിയോടെ സമീപിക്കാന്‍ തോന്നുന്നതെന്ന് നിസ്സഹായത വന്ന് പലവട്ടം വിഴുങ്ങി. ന്യൂസ് റൂമില്‍ നിന്നും ജോലി തീര്‍ത്ത് പുറത്തിറങ്ങവെ, ഓരോ ആണിനെ കാണുമ്പോഴും ഭയത്തോടും അറപ്പോടും മുഖം തിരിക്കാന്‍ തോന്നി. 'മറ്റൊരു ശരീരത്തില്‍ നിന്നും നിങ്ങള്‍, വാത്സല്യമേറ്റുവാങ്ങിക്കാണില്ലേ, പ്രേമമേറ്റുവാങ്ങിക്കാണില്ലേ, കാമമേറ്റുവാങ്ങിക്കാണില്ലേ? ഒരിക്കല്‍ സ്വീകരിച്ചിരുന്ന ആ ശരീരഭാഗത്തെയെങ്ങനെയാണ് ഇത്ര നീചമായി നിന്ദിക്കാനാവുന്നത്?' എന്ന് പലതവണ ചോദിച്ചു. താന്‍തന്നെ ഊറ്റിയെടുത്ത ശരീരത്തെ ഇങ്ങനെ അപമാനിക്കാന്‍ പുരുഷനേ കഴിയൂ എന്ന് മനസ്സിലെഴുതിവച്ചു.

അപ്പോഴും മനോഹരമെന്ന് മാത്രം ചില പദങ്ങളെ മനസില്‍ കൊണ്ടുനടന്നു, 'യോനി' പോലെ, കാരണം അതെന്റെ ശരീരത്തിന്റെ ഭാഗമാണല്ലോ. പച്ചമലയാളത്തില്‍ യോനിക്ക് വേറൊരു പേരുണ്ട്. പക്ഷേ, മലയാളികളതിനെ തെറിയായേ കേള്‍ക്കൂ. 'വജൈന മോണലോഗ്‌സി'ല്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊണ്ട് ഈവ് എന്‍സ്ലര്‍, 'യോനി' എന്ന വാക്ക് പറയിപ്പിക്കുന്നുണ്ട്. ഒന്നോര്‍ത്തുനോക്കൂ, പെണ്ണുങ്ങള്‍ കൂട്ടത്തോടെ ആ വാക്ക് ഉറക്കെയുറക്കെ പറയുന്നത്. പ്രണയപൂര്‍വം മാത്രം സ്വന്തം ശരീരത്തിലോട്ട് നോക്കുന്നത്. അത് സഹിക്കാന്‍ സത്യമായും ആണിന്, ആണ്‍ലോകങ്ങള്‍ക്ക് പറ്റുകയുണ്ടാവില്ല.

 

.......................................

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്നൊരു സിനിമയുണ്ട്. നാല് സ്ത്രീകളുടെ അഭിലാഷങ്ങളെയും അവയെ അടിച്ചമര്‍ത്തുന്ന ചുറ്റുമുള്ള പുരുഷാധിപത്യ സമൂഹത്തെയും വരച്ചിടുന്ന ചിത്രം.

'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ'

 

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്നൊരു സിനിമയുണ്ട്. നാല് സ്ത്രീകളുടെ അഭിലാഷങ്ങളെയും അവയെ അടിച്ചമര്‍ത്തുന്ന ചുറ്റുമുള്ള പുരുഷാധിപത്യ സമൂഹത്തെയും വരച്ചിടുന്ന ചിത്രം. അതില്‍ രത്‌ന പഥക് അവതരിപ്പിക്കുന്ന ഉഷ എന്ന കഥാപാത്രമുണ്ട്. അമ്പത്തിയഞ്ചുകാരിയായ വിധവ. ചുറ്റിലുമുള്ള സകലരും ബഹുമാനിക്കുന്ന, വീട്ടിലെ ഏറ്റവും സ്ഥാനമുള്ള സ്ത്രീ. എന്നാല്‍, ഒരിടത്തുവച്ച് അവര്‍, താന്‍ വായിക്കുന്ന നോവലിലെ റോസിയെന്ന പേര് സ്വീകരിച്ചുകൊണ്ട്, ഫോണില്‍ ഒരു യുവാവുമായി സംസാരിക്കുന്നുണ്ട്, പ്രണയിനിയെപ്പോലെ. പ്രേമത്തോടെയും കാമത്തോടെയും. പക്ഷേ, ഒടുവില്‍, അത് ഉഷയാണെന്ന് എല്ലാവരും തിരിച്ചറിയുകയാണ്. അതോടെ, അവര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. അതുവരെ ഉഷയോട് ബന്ധുക്കള്‍ക്കുണ്ടായിരുന്ന സകല ആദരവും ഒറ്റനിമിഷം കൊണ്ട് ഇല്ലാതാവുന്നു. കാരണം, അവര്‍ 'പ്രേമിക്കുകയാണ്, കാമിക്കുകയാണ്'. അതുപോലെയാണത് -ആ വാക്കും. അതുകൊണ്ടാണ് നമ്മളതിനെ തെറിയിലേക്ക് മാത്രം ചേര്‍ത്തുവായിക്കുന്നത്.

അയാളെ കുറിച്ച് കൂടി പറയാം: തെയ്യക്കാലങ്ങളിലാണ് ഞാനയാളെ കണ്ടുമുട്ടിയിരുന്നത്. അമ്മമ്മയുടെ അകന്ന ബന്ധുവായ ഒരു വയസ്സന്‍. ആളുടെ കയ്യിലൊരു ഭാണ്ഡമുണ്ട്, അതിനുള്ളില്‍ ഒരു പഴയ ഓടക്കുഴലും. അയാള്‍ക്കത് വായിക്കാനറിയുമോ? ആ, അത് ഞങ്ങള്‍ക്കാര്‍ക്കും അറിഞ്ഞൂടാ. അയാളുറങ്ങുമ്പോള്‍ ഞങ്ങളെക്കാള്‍ വളരെക്കുറച്ച് വയസ്സിന് മാത്രം മൂപ്പുള്ള കുഞ്ഞമ്മാമന്‍ ആ തുണിക്കെട്ടില്‍ നിന്നും ഓടക്കുഴല്‍ എടുത്തുകൊണ്ടുവരാന്‍ ആജ്ഞാപിക്കും. പേടിച്ചുപേടിച്ച്, ഞങ്ങളാരെങ്കിലും അതെടുത്തു കൊണ്ടുവരും. അതുംകൊണ്ട് നേരെ പോകുന്നത് തൊട്ടപ്പുറത്ത് പുഴക്കരയിലേക്കാണ്. വികൃതമായ ശബ്ദത്തില്‍ മാമന്‍ ഓടക്കുഴല്‍ വായിക്കും. അയാളുണരാനാവുമ്പോഴേക്കും അത് അയാളുടെ തുണിഭാണ്ഡത്തില്‍ തന്നെ തിരികെയിടും. എനിക്കാ വയസ്സനെ പേടിയായിരുന്നു. പക്ഷേ, പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല. ഒരിക്കലും അയാള്‍ ഞങ്ങളെ വഴക്കു പറഞ്ഞേയില്ല.

 

......................................

നാലുദിവസത്തെ കളിയാട്ടം തീര്‍ന്നുകഴിയുമ്പോള്‍, അറേക്കാല് ആളും അരവവുമൊഴിയുമ്പോള്‍, പുതിയോതി തനിച്ചാകുമ്പോ ഓര്‍മ്മപോലെ വീര്‍ത്ത ഭാണ്ഡവും പേറി ആ വയസ്സന്‍ പുഴ കടന്നുപോകും.

ചിത്രീകരണം: പ്രമോദ് കെ.ടി.

 

നാലുദിവസത്തെ കളിയാട്ടം തീര്‍ന്നുകഴിയുമ്പോള്‍, അറേക്കാല് ആളും അരവവുമൊഴിയുമ്പോള്‍, പുതിയോതി തനിച്ചാകുമ്പോ ഓര്‍മ്മപോലെ വീര്‍ത്ത ഭാണ്ഡവും പേറി ആ വയസ്സന്‍ പുഴ കടന്നുപോകും. ഞാനയാളെ നോക്കിനില്‍ക്കും. അദ്ദേഹം മരിച്ചു. ആ ഭാണ്ഡത്തില്‍ വേറെന്തല്ലാമായിരുന്നുവെന്നത് എക്കാലവും കൗതുകമായിരുന്നു. പിന്നീടാരോ പറഞ്ഞാണ് അറിഞ്ഞത്. അതില്‍ നിറയെ എന്തിനെന്നറിയാത്ത, ഏതിനെന്നറിയാത്ത കീറക്കടലാസുകളായിരുന്നവത്രെ. അവസാനകാലത്തെല്ലാം അയാള്‍ കഴിഞ്ഞിരുന്നത് ഒരു പീടികക്കോലായിലാണ്. അതിന്റെ ചുമരുകളില്‍ നിറയെ തെറികളായിരുന്നുപോലും. ആ തെറികളെന്തെല്ലാമായിരുന്നുവെന്ന് ചോദിക്കാനും മാത്രം അടുപ്പമുള്ള ആരെയും കണ്ടില്ല, അതുകൊണ്ട് പുതിയൊരു കാറ്റഗറിയുണ്ടാക്കി അവയെ അതിലൊന്നാമതാക്കി -'അറിയാനേ അവസരം കിട്ടാത്ത ഹതഭാഗ്യരായ തെറികള്‍'.

ജീവിതകാലത്ത് 'നല്ലവള്‍' എന്ന് മാത്രം വിളിക്കപ്പെട്ട ഒരു സ്ത്രീ ഓര്‍മ്മ നഷ്ടപ്പെട്ട അവസാനകാലത്ത് തെറിവിളിച്ചു നടന്ന ഒരു കഥ എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. ഒരിക്കലൊരു കൂട്ടുകാരി ഇങ്ങനെ പറഞ്ഞു, 'എടീ, ഞാനൊരിക്കലും മദ്യപിക്കില്ല കാരണം എന്താന്നറിയ്യോ. എന്റെ അച്ഛനെ നിനക്കറിയില്ലേ? പുള്ളി വെള്ളമടിച്ചിട്ട് എന്തോരം തെറികളാണ് വിളിച്ചിരുന്നതെന്നറിയ്യോ? സ്‌കൂളില്‍ പഠിക്കുമ്പോ തന്നെ പല വെറൈറ്റി തെറികളും എനിക്കറിയാരുന്നു. ഹോ, ഞാനെങ്ങാനും വെള്ളമടിച്ച് ബോധം പോയാ, ഈ തെറി മുഴുവന്‍ വായും മനസ്സും വിട്ട് പുറത്തേക്ക് വീഴില്ലേ..!'

ഹോ, അതുപോലെ ജീവിതത്തിലെപ്പോഴെങ്കിലും ഓര്‍മ്മ നഷ്ടപ്പെട്ട് അല്ലെങ്കില്‍ മനസ്സിന്റെ നിലവിട്ട് തെറിവിളിച്ചു നടക്കുന്ന കാലം വന്നാല്‍, കേട്ടാലറപ്പ് തോന്നാത്ത, പേടി തോന്നാത്ത, ഒരാളെയും വേദനിപ്പിക്കാത്ത നല്ല പറങ്ക്യാങ്ങാപ്പഴം പോലത്തെ, ഉപ്പും മൊളകും കൂട്ടിത്തിന്നാന്‍ പറ്റണ 'തെറി'കളാവണേ വായില്‍...

 

............................................

വജൈന മോണലോഗ്‌സ് -ഈവ് എന്‍സ്ലര്‍ രചിച്ച നാടകമാണ് 'ദ വജൈന മോണലോഗ്‌സ്'. സ്ത്രീകളുടെ ശരീരത്തെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാനമാക്കിയ ശക്തമായ കൃതിയായിരുന്നു. അതിനാല്‍ തന്നെ വിമര്‍ശനവുമുണ്ടായി. ഇന്‍സൈറ്റ് പബ്ലിക്ക, 'യോനി ഭാഷണം' എന്ന പേരില്‍ പുസ്തകം മലയാളത്തില്‍ ഇറക്കുകയുണ്ടായി.

 

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...! 

 

click me!