'മേരെ പ്യാരേ ദേശ് വാസിയോം' എന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു നീറ്റലാണ്; അതിന്‍റെ കാരണമിതാണ്..

By Nee Evideyaanu  |  First Published Apr 2, 2019, 5:39 PM IST

ട്രെയിൻ കൊയിലാണ്ടി എത്തിയതും സൂചി കുത്താൻ ഇടമില്ലാത്തിടത്ത്‌ പിന്നേം കേറി ഡോറിന്റെ സ്റെപ്പിലും മറ്റുമായി കുറെ പേർ. ഡോറിന് അടുത്തു നിന്ന് തള്ള് സഹിക്കാൻ വയ്യാതെ ടോയ്‌ലെറ്റിനടുത്തു മൂക്കും പൊത്തി ഒരു വിധം നിൽക്കുമ്പോഴാണ് എവിടെയോ ഒരു നീറ്റൽ. കണ്ണ് ഇരുടാവുന്നത് പോലെ, കാലുകൾ തളരുന്നു, തല കറങ്ങുന്നു.. പിന്നെ ഒന്നും ഓർമ്മയില്ല..


കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

Latest Videos

undefined

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

കോഴിക്കോട് ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കാലം.. എന്നും രാവിലെ  ട്രെയിൻ പിടിക്കാനുള്ള സ്ഥിരം മാരത്തോൺ.. ചിലപ്പോൾ സമയവും മറ്റുചിലപ്പോൾ  ട്രെയിനും എനിക്ക് മുന്നാലെ ഓടി തോൽപ്പിച്ചു കൊണ്ടിരുന്നു. എന്നും പോലെ അന്നും രാവിലെ നിർത്താതെ ഉള്ള ഓട്ടമായിരുന്നു. വടകര റെയിൽവേയിൽ ബസ്സിറങ്ങി നടന്ന് തിക്കി തിരക്കി കോഴിക്കോടേക്ക് പരശുവിന് കയറി. സ്ഥിരം യാത്രക്കാർ.. കൂടുതലും അദ്ധ്യാപകരും നഴ്സുമാരും എഞ്ചിനീയർമാരും അടങ്ങിയ ഉദ്യോഗാർത്ഥികൾ. എന്നത്തെയും പോലെ അന്നും ലേഡീസ് കംപാർട്ട്മെന്റിൽ സൂചി കുത്താൻ സ്ഥലമില്ല. എന്തിന് പറയുന്നു ഒന്ന് ആഞ്ഞു ശ്വാസമെടുക്കാമെന്ന്  വിചാരിച്ചാൽ അടുത്ത നിൽക്കുന്ന ആളിന്റെ മുടിയോ തട്ടമോ മൂക്കിൽ കേറി പോകുന്ന അവസ്ഥ.. ജനറൽ കംപാർട്മെന്റിലെ തോണ്ടലും തുറിച്ചു നോട്ടവും സഹിക്കുന്നതിനേക്കാൾ നല്ലത് ലേഡീസ് കംപാർട്മെന്‍റിലെ തിരക്ക് തന്നെയാണ്. ഒന്നും പോരാത്തതിന് അന്ന് എനിക്ക് പിരിയഡ്‌സ് പെയിനും. തിരക്ക് കാരണം തളർന്ന് തലകറങ്ങി വീഴുന്നവരെ ആരൊക്കെയോ ചേർന്ന് താങ്ങി പിടിക്കുന്നതിന്റെ ബഹളം എന്നത്തേയും പോലെ അന്നും കേൾക്കാമായിരുന്നു. രാവിലെ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് അതൊക്കെ പതിവു കാഴ്ചകളാണ്. അത് കൊണ്ട് തന്നെ അതത്ര പുത്തരി ആയി  തോന്നാറില്ല.

ആരൊക്കെയോ മുഖത്തു തന്നെ നോക്കുന്നുണ്ട്

തലകറങ്ങിയാലും നിലത്തു വീഴില്ല എന്നത് പരശുവിന്റെ മാത്രം പ്രത്യേകതയാണ്. കാരണം വീഴാനുള്ള സ്പേസ് ഇല്ല എന്നത് തന്നെ. ഒന്നും പോരാഞ്ഞിട്ട് പാന്‍ട്രിയിലെ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ പുകയും ടോയിലെറ്റിന്‍റെ  ദുർഗന്ധവും. മൊത്തത്തിൽ ഒരു മിനി വാഗൺ ട്രാജഡിക്കുള്ള സ്കോപ്പ് ഉണ്ട്. അപ്പുറത്തു തലകറങ്ങിയ  പെൺകുട്ടിയെ തുറിച്ചു നോക്കി ഈ പെണ്ണിനൊന്നും തീരെ ആരോഗ്യമില്ലെന്ന് ഞാൻ വെറുതെ മനസ്സിൽ മന്ത്രിച്ചു..

ട്രെയിൻ കൊയിലാണ്ടി എത്തിയതും സൂചി കുത്താൻ ഇടമില്ലാത്തിടത്ത്‌ പിന്നേം കേറി ഡോറിന്റെ സ്റെപ്പിലും മറ്റുമായി കുറെ പേർ. ഡോറിന് അടുത്തു നിന്ന് തള്ള് സഹിക്കാൻ വയ്യാതെ ടോയ്‌ലെറ്റിനടുത്തു മൂക്കും പൊത്തി ഒരു വിധം നിൽക്കുമ്പോഴാണ് എവിടെയോ ഒരു നീറ്റൽ. കണ്ണ് ഇരുടാവുന്നത് പോലെ, കാലുകൾ തളരുന്നു, തല കറങ്ങുന്നു.. പിന്നെ ഒന്നും ഓർമ്മയില്ല..

കണ്ണ് തുറന്നപ്പോൾ ഞാൻ ഇരിക്കുകയായിരുന്നു. അത്ഭുതമായിരിക്കുന്നു, ആദ്യമായിട്ടാണ് പരശുവിൽ സീറ്റിൽ ഇരിക്കുന്നത്. ഒരു സ്ത്രീ എന്‍റെ ഇടത് കൈ പിടിച്ച് അവരുടെ വാച്ചിൽ നോക്കിയിരിക്കുന്നുണ്ട്. BP നോക്കുകയാണെന്ന് തോന്നുന്നു. ഇടക്കെന്‍റെ കൺപോള പൊക്കി നോക്കി. നേഴ്സ്  ആയിരിക്കണം. ആരൊക്കെയോ മുഖത്തു തന്നെ നോക്കുന്നുണ്ട്. 'എങ്ങനെയുണ്ട്? രാവിലെ ഭക്ഷണം കഴിച്ചില്ലേ?' എന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ കുഴപ്പമില്ലെന്ന് തലയാട്ടി. ആരോ വെള്ളം കുടിക്കാൻ തന്നു. ഛർദിക്കണമെന്ന് തോന്നി. പക്ഷെ, ടോയിലെറ്റിക്ക് എത്താൻ യാതൊരു മാർഗവുമില്ല....അത്രയും തിരക്കാണ്....അടുത്തിരുന്ന ചേച്ചി അവരുടെ ചോറ്റു പാത്രമിട്ട സഞ്ചി തന്നു....ഞാനതിൽ മുഖം താഴ്‌ത്തി ഛർദിക്കരുതേ എന്ന് പ്രാർത്ഥിച്ച് ഇരുന്നു.. ഭാഗ്യത്തിന് ഛർദ്ദിച്ചില്ല..

മറ്റു യാത്രക്കാർ എന്നിലേക്കുള്ള  നോട്ടം നിർത്തി കഴിഞ്ഞ ദിവസത്തെ മോദിജിയുടെ നോട്ടുനിരോധന പ്രഖ്യാപനത്തെ  കുറിച്ചുള്ള ഘോരമായ ചർച്ചയും ആവലാതികളും പരസ്പരം പങ്കു വെക്കുകയാണ്.. കോഴിക്കോട് ട്രെയിൻ ഇറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന  സുഹൃത്തുക്കൾ എന്നെ സ്ത്രീകളുടെ വിശ്രമ മുറിയിലാക്കി അവരവരുടെ ജോലി സ്ഥലത്തേക്ക് പോയി..

വയറു വേദന അസഹ്യമായിരിക്കുന്നു. സ്ഥിരമായി കൊണ്ട്  നടക്കാറുള്ള mefthal spasm ഗുളിക കഴിച്ചു.. ഈ അവസ്ഥയിൽ ഓഫീസിൽ പോകൽ സാധ്യമല്ല. കുറച്ചു സമയം കൂടി റെസ്റ്റ് റൂമിൽ  തന്നെ ഇരിക്കാൻ തീരുമാനിച്ച്  എത്താൻ വൈകുമെന്ന് ഓഫീസിൽ വിളിച്ചു പറഞ്ഞ് അവിടെ നിന്ന് ഒരു ചായ വാങ്ങി കുടിച്ചു. കാലിൽ വല്ലാത്ത തണുപ്പ്.. പോരാത്തതിന് ക്ഷീണവും. വിശ്രമ മുറിയിലെ കസേരയിൽ ചാരിയിരുന്ന് ഒന്ന് മയങ്ങിപ്പോയി..

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ്  എണീറ്റത്, ഉപ്പയാണ്. എത്തിയോ എന്നറിയാൻ വിളിച്ചതാണ്. റെയിൽവേ സ്റ്റേഷനിൽ എത്തി എന്ന് പറഞ്ഞു ഫോൺ വച്ച് വീണ്ടും മയക്കത്തിലേക്ക് പോവുമ്പോഴാണ്  മുറിയിൽ ഞാനും മറ്റൊരു പെൺകുട്ടിയും മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്. എന്റെ അതേ പ്രായം തോന്നിക്കുന്ന ആ കുട്ടി എന്റെ ഇരിപ്പ് കണ്ടിട്ടാവണം അടുത്ത് വന്ന്  എന്ത് പറ്റി എന്ന് ചോദിച്ചത്. വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ അവൾ എനിക്കടുത്ത്‌ വന്നിരുന്നു..

അത് കേട്ട് കൊണ്ടിരിക്കെ എനിക്ക് കരച്ചിൽ വന്നു

പിന്നെയവൾ നിർത്താതെ സംസാരം തുടങ്ങി. ഡോക്ടർ ആണ്. മാംഗ്ലൂരിൽ  നിന്ന് വരികയാണെന്നും മലപ്പുറം ജില്ലയിലെ എവിടയോ എത്തണമെന്നും പെട്ടന്നുള്ള നോട്ട് നിരോധനം കാരണം ബസ്സിന് കൊടുക്കാൻ കയ്യിൽ 1000 രൂപയുടെ നോട്ടും ചില്ലറയും അല്ലാതെ മറ്റു പണമില്ല. റെയിൽവേ സ്റ്റേഷനിലെ ATM മെഷീനിലും പണമില്ല. ഭക്ഷണം കഴിക്കാൻ പോലും കയ്യിലുള്ള ബാക്കി തുക തികയില്ല. ഇവിടെ ആരെയും പരിചയമില്ല. എന്ത് ചെയ്യണമെന്ന് അറിയില്ല.. ഇതൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയപ്പോൾ എനിക്കും ഉത്തരമില്ലായിരുന്നു. ഞാനുമെന്‍റെ ബാഗ് പരതി. 1100 രൂപയുണ്ട്. അത്യാവശ്യ അവസരത്തിൽ ഉപയോഗിക്കാൻ വച്ച 1000 രൂപയുടെ നോട്ട് ബാഗിൽ കിടന്ന് എന്നെ നോക്കി കണ്ണിറുക്കി. അവശേഷിക്കുന്ന 100 രൂപ അവൾക്ക് കൊടുത്താൽ എനിക്ക് തിരിച്ചു നാദാപുരം എത്താൻ ആവില്ല. പോരാത്തതിന് സുഖമില്ലാത്ത അവസ്ഥയും. ആകെപ്പാടെ നിസ്സഹായാവസ്ഥ.. അവൾ  ഇടയ്ക്കിടെ ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. അമ്മയോ മറ്റോ ആവണം. ഞാനും എന്ത് പറയണമെന്നറിയാതെ ഒന്നും മിണ്ടാനാവാതെ ചിന്തയിലാണ്ടു.. 

കുറച്ചു നേരത്തെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് അവൾ വേദന കുറവുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു എന്ന് പോലും ഞാൻ ഓർത്തത്. കുറവില്ല എന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ അൽപ്പം മുൻപ് വിളറിയ മുഖത്തോടെ എനിക്ക് മുൻപിൽ ഇരുന്ന ആ പെൺകുട്ടി തികഞ്ഞ പക്വതയോടെ എന്നെ നോക്കി രക്തകുറവ് ഉണ്ട് എന്നും, നന്നായി ഭക്ഷ്ണം കഴിക്കണമെന്നും വ്യായാമം ചെയ്യണമെന്നുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു.. അത് കേട്ട് കൊണ്ടിരിക്കെ എനിക്ക് കരച്ചിൽ വന്നു.. എങ്ങനെ ഞാനവരെ സഹായിക്കും. എന്നിൽ നിന്നും അവർ ദയ പ്രതീക്ഷിക്കുന്നുണ്ടാകുമോ? ഞാൻ അവരെ സഹായിക്കുമെന്ന് കരുതുന്നുണ്ടാകുമോ..?!

'എനിക്ക് സഹായിക്കണമെന്നുണ്ടെന്നും  പക്ഷെ, കയ്യിൽ പണമില്ല' എന്ന് പോലും പറയാൻ എന്ത് കൊണ്ടോ അപ്പോളെനിക്ക് തോന്നിയില്ല. അവൾ വീണ്ടും ഒരുപാട് സംസാരിച്ചു. ജോലി ചെയ്യുന്ന ആശുപത്രിയെ കുറിച്ച്. പീരീഡ്‌സ് ടൈമിൽ ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച്. വൈകി ഓടുന്ന ട്രെയിനുകളെ കുറിച്ച്. അങ്ങനെ അങ്ങനെ ഒരുപാട്.. എനിക്ക് സംസാരിക്കാൻ വിഷയങ്ങൾ ഇല്ലായിരുന്നു. പേര് പോലും ചോദിച്ചില്ല. എന്റെ മൗനം സംസാരിച്ചു കൊണ്ടിരുന്നത് മുഴുവൻ  ഞാൻ എന്ന വ്യക്തിയുടെ സ്വാർത്ഥതയെ കുറിച്ചായിരുന്നു.. ആ നഗരത്തിൽ എന്നെ സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നിട്ട് പോലും ഞാൻ അവരെ സഹായിക്കാൻ ശ്രമിച്ചില്ല. പടച്ചോൻ നമുക്ക് മുൻപിൽ ആവശ്യക്കാരന്‍റെ രൂപത്തിൽ വരുമെന്ന് അറിയാമായിരുന്നിട്ടും അത് തിരിച്ചറിഞ്ഞില്ല.

അങ്ങനെ എത്രയെത്ര പേർ പെട്ടെന്നുള്ള നോട്ട് നിരോധനം കൊണ്ട് കഷ്ടപ്പെട്ടു

കുറച്ചു സമയം കൂടെ എനിക്കടുത്തിരുന്ന്, യാത്ര പറഞ്ഞ് അവർ എണീറ്റു പോയി.. മനസ്സ് കുറ്റബോധത്താൽ മൂടപ്പെട്ടു.. ചിലപ്പോൾ മറ്റാരുടെയെങ്കിലും സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു  പോയതാവണം അവൾ.. ഇനി അവൾ  കണ്ടുമുട്ടുന്ന ആൾ എന്നെപ്പോലെ ക്രൂരയാവരുതേ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു. മനസ്സും ശരീരവും വേദനകൊണ്ടും കുറ്റബോധം കൊണ്ടും നീറിക്കൊണ്ടിരുന്നു..

വർഷങ്ങൾ കഴിഞ്ഞിട്ടും ആ കുറ്റബോധം മനസ്സിൽ നിന്ന് മായുന്നില്ല. ആ പെൺകുട്ടി എന്തായിക്കാണും, ആരെങ്കിലും സഹായിച്ചു കാണുമോ, വീട്ടിലെത്തിക്കാണുമോ തുടങ്ങിയ ചോദ്യങ്ങൾ ഇന്നും അവശേഷിക്കുന്നു. ഇന്നും 'മേരെ പ്യാരേ ദേശ് വാസിയോം' എന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു നീറ്റലാണ്. ആ പെൺകുട്ടിയെ കുറിച്ച് ഓർക്കും.. അങ്ങനെ എത്രയെത്ര പേർ പെട്ടെന്നുള്ള നോട്ട് നിരോധനം കൊണ്ട് കഷ്ടപ്പെട്ടു കാണണം.

പേരറിയാത്ത പെൺകുട്ടീ, ഇനി നേരിൽ കാണുകയാണെങ്കിൽ പറയാൻ കരുതി വച്ചതാണ്‌, മനസ്സ് കൊണ്ട് ഒരുപാട് തവണ പറഞ്ഞു കഴിഞ്ഞതുമാണ്.. 'മാപ്പ്‌..!!'

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!