രാജ്യത്തെ തന്നെ വളരെ സ്വാധീനമുള്ള പദവികളിൽ ജോലി ചെയ്യുന്നവരാണ് അവളുടെ അച്ഛനും അമ്മയും. പക്ഷെ നാട് വിട്ട് പുറത്തു പോയി പഠിക്കാൻ അവൾക്ക് അനുവാദമില്ലായിരുന്നു.
ഒരു കേന്ദ്ര സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് ഞാൻ ആ കുട്ടിയെ കാണുന്നത്. 'ചേച്ചി ഏഷ്യാനെറ്റ് ന്യൂസിൽ നിന്നാണല്ലേ, ഒരു സഹായം ചെയ്യണം. എൻറെ മുഖം ഷൂട്ട് ചെയ്യരുത്. വീട്ടിൽ അറിഞ്ഞാൽ കുറച്ച് പ്രശ്നമാണ്’ ഇല്ല, ചെയ്യില്ല, ക്യാമറാമാനോട് പറഞ്ഞോളാമെന്ന് ഉറപ്പ് കൊടുത്തെങ്കിലും കേട്ടപ്പോൾ ആദ്യം അത്ഭുതമാണ് തോന്നിയത്. ദില്ലിയിൽ വന്ന് കേന്ദ്ര സർവകലാശാലകളിൽ പഠിക്കുന്ന കുട്ടികൾക്കുമുണ്ടോ ഇത്തരം പേടിയൊക്കെ എന്ന അത്ഭുതം. എന്താണ് വീട്ടിൽ അറിഞ്ഞാൽ പ്രശ്നമെന്ന് ആ കുട്ടിയോട് ചോദിക്കണമെന്ന് തോന്നി. അടുത്ത ദിവസം അവളോട് വിശദമായി സംസാരിച്ചു.
രാജ്യത്തെ തന്നെ വളരെ സ്വാധീനമുള്ള പദവികളിൽ ജോലി ചെയ്യുന്നവരാണ് അവളുടെ അച്ഛനും അമ്മയും. പക്ഷെ നാട് വിട്ട് പുറത്തു പോയി പഠിക്കാൻ അവൾക്ക് അനുവാദമില്ലായിരുന്നു. പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങിയ കുട്ടിയെ നല്ല കോഴ്സിന് വിടണമെന്ന് അധ്യാപകരുടെ ശുപാർശയും പിന്നെ രണ്ട് ദിവസം വീട്ടിൽ സമരം നടത്തിയുമൊക്കെ ആണ് ഒടുവിൽ പഠിക്കാൻ തന്നെ വിട്ടത്. അപ്പോഴും കുറെ നിബന്ധനകൾ ഉണ്ടായിരുന്നു. രാഷ്ട്രീയമോ പ്രണയമോ പാടില്ല. പഠിച്ച് പരീക്ഷ എഴുതുന്നതല്ലാതെ മറ്റൊരു പരിപാടിയെ കുറിച്ചും ചിന്തിക്കരുത്. പോരാത്തതിന് അവൾ എങ്ങോട്ട് പോകുന്നു എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കാൻ ദില്ലിയിലെങ്ങും അച്ഛനും അമ്മയും ഏൽപ്പിച്ച നിരീക്ഷകരും ഉണ്ടായിരുന്നു.
ആ ഭീഷണിയൊക്കെ പേടിച്ച് ആദ്യം ഒരു വർഷം മിണ്ടാതെ വലിയ സുഹൃത്ബന്ധങ്ങളൊന്നുമില്ലാതെ അങ്ങനെ കടന്നു പോയി. പക്ഷെ, വിദ്യാർത്ഥി എന്ന നിലയിൽ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു തുടങ്ങിയപ്പോൾ പിന്നെ മിണ്ടാതിരിക്കാനായില്ല. പതുക്കെ വിദ്യാർത്ഥി സംഘടയിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളോട് അത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. അവർ സമരം ചെയ്യുമ്പോൾ അതിനൊപ്പം ഇറങ്ങി തുടങ്ങി. പതുക്കെ പതുക്കെ രാഷ്ട്രീയം മനസ്സിലാക്കി തുടങ്ങി. ഇപ്പോഴും സമരത്തിൽ പങ്കെടുത്തതൊക്കെചിലപ്പോൾ വീട്ടിൽ അറിയാറുണ്ട്.
undefined
“നീ വേണ്ടാത്ത പരിപാടിക്ക് പോകുന്നത് ഞാൻ അറിയുന്നുണ്ടെ“ന്ന് അച്ഛൻ ഒരിക്കൽ വിളിച്ചു പറഞ്ഞിട്ടുമുണ്ട്. മറ്റൊരിക്കൽ ക്യാമ്പസിലെ ഒരു പരിപാടിയിൽ ബോധമില്ലാത്ത കുറച്ച് ആൺകുട്ടികൾ മോശമായി പെരുമാറിയപ്പോൾ അവരോട് അവൾക്ക് തട്ടിക്കയറേണ്ടി വന്നു. ആ സംഭവം വീട്ടിൽ പറഞ്ഞപ്പോഴും തിരിച്ച് ചോദിച്ചത് എന്തിനാണ് ആ പരിപാടിക്ക് പോയത് എന്നായിരുന്നു. അതിനു ശേഷവും പലപ്പോഴും ഇതുപോലുള്ള ചോദ്യങ്ങൾ ആവർത്തിച്ചു. പക്ഷെ, ഈ ക്യാമ്പസിനകത്തെ ബാക്കിയുള്ള കുറച്ച് വർഷങ്ങൾ മാത്രമാണ് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും തനിക്ക് അനുവാദമുള്ളൂ എന്ന് അറിയാവുന്നത് കൊണ്ട് മാറി നിൽക്കാൻ അവൾ തയ്യാറല്ല. മാത്രമല്ല കോഴ്സ് കഴിഞ്ഞ് തിരിച്ച് അതേ കൂട്ടിലടയ്ക്കപ്പെടുമല്ലോ എന്ന പേടിയും ആ കുട്ടിയുടെ കണ്ണിൽ കണ്ടു.
ഇത് കേൾക്കുന്ന ഒരു ശരാശരി മലയാളിക്ക് ഇതിലൊന്നും ഒരു പ്രശ്നവും തോന്നില്ല എന്നതാണ് സത്യം. സുരക്ഷിതത്വത്തിന്റെ പേരിൽ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ. എന്തിനാണ് പെൺകുട്ടികൾ ദൂരെ പോയി പഠിക്കുന്നത്, എന്തിനാണ് രാത്രി ഇറങ്ങി നടക്കുന്നത്. പതിനെട്ട് വയസ്സ് തികഞ്ഞ കുട്ടിക്ക് പ്രണയം തോന്നുന്നതൊക്കെ ഇന്നും നമ്മുടെ നാട്ടിൽ തെറ്റാണ്. അതിനിടയിലൂടെ മനുഷ്യരായി ജീവിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ജീവിതം തന്നെ സമരമാണ്.