ദുബൈ നഗരത്തിലെ വളരെ തിരക്കുപിടിച്ച ഒരു ഓഫിസിലാണ് ഞാന്‍ ശ്രീലങ്കക്കാരിയായ ആ അമ്മയെ കണ്ടത്. സുഖമില്ലാത്ത പത്തു വയസ്സുകാരനായ മകനേയുംകൂട്ടി ജോലിക്കെത്തുന്ന ഒരമ്മ. ഗായനി എന്നായിരുന്നു അവരുടെ പേര്.
undefined
ഓഫിസിലെ വിശ്രമമുറിയില്‍ ചെറിയൊരു ഷീറ്റ് വിരിച്ച് മകനെ അതില്‍ ഉറങ്ങാന്‍ കിടത്തിയിട്ട് ഗായനി തിരക്കിട്ട ഓഫിസ് ജോലികളിലേക്ക് പ്രവേശിക്കും. ഇടയ്ക്കിടെ ജോലിയുടെ ഇടവേളകളില്‍ ഓടിയെത്തി മകനെ നോക്കും. മരുന്നു കൊടുക്കും. ഉച്ചക്ക് അവനേയും കൂട്ടി പോയി ഭക്ഷണം കഴിക്കും. ചില ദിവസങ്ങളില്‍ രാത്രി വൈകുംവരെ ഗായനി ജോലി തുടരും.
മകന്‍ നന്നായി ഉറങ്ങിയുണര്‍ന്ന് ഓഫിസിലെ സ്വീകരണമുറിയില്‍ ഒറ്റയ്ക്ക് അമ്മയേയും കാത്തിരിക്കും. ഭാഗ്യം, അതൊരു ഇന്ത്യന്‍ ഓഫിസായിരുന്നില്ല. ഭൂരിപക്ഷം വിദേശികള്‍ ജോലിചെയ്തിരുന്ന ആ ഓഫിസില്‍ ആരും ആ സ്ത്രീയുടെ സ്വകാര്യതകളിലേക്ക് കടന്നുകയറിയില്ല. പകരം കഴിവതും ഓഫിസില്‍ എല്ലാവരും ആ അമ്മയോടും മകനോടും കരുണ കാട്ടി.
സുഖമില്ലാത്ത മകനേയുംകൂട്ടി ജോലിക്കുവരാന്‍ നിര്‍ബന്ധിതയായ ആ പാവം അമ്മയ്ക്ക് കേരളത്തിലെ ഒരു ഓഫിസില്‍ ഇത്തരമൊരു കാരുണ്യം ലഭിക്കുമോയെന്ന് എനിക്കറിയില്ല. ഒരു പക്ഷേ, അവര്‍ കേരളത്തില്‍ ഒരു കാരണംകാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കേണ്ടി വന്നേക്കാം, കുട്ടിയെ ജോലിസ്ഥലത്ത് കൊണ്ടുവന്നതിന്. ഗോസിപ്പുകള്‍ വേറെയും.
വേണ്ടതിലധികം മലയാളി കാല്‍പ്പനികവത്കരിച്ച വാക്കാണ് അമ്മ
ജീവിതത്തിന്റെ കൈത്താങ്ങുകളില്ലാത്ത വഴിയില്‍ ഒറ്റയ്ക്ക് മകനേയും ചേര്‍ത്തുപിടിച്ചു നടക്കുന്ന ആ അമ്മയെ കാണുമ്പോഴൊക്കെ ഞാന്‍ പീച്ചുവിനെ ഓര്‍ക്കുമായിരുന്നു. കുട്ടിക്കാലത്ത് നാട്ടില്‍ ഞാന്‍ കണ്ടിരുന്ന പീച്ചു. പണിക്കുപോകുന്ന വീടുകളുടെ അടുക്കളപ്പുറത്ത് മോളെ ഉറക്കിക്കിടത്തിയിട്ട് കനലെരിയുന്ന അടുപ്പിനരികില്‍ പ്രാണന്‍കൊണ്ട് തീയൂതുന്ന, പുകയേറ്റ് കരിഞ്ഞുപോയ മുഖവും ഒട്ടിയ മാറിടങ്ങളുമുള്ള ഒരു പാവം പീച്ചു. നമ്മുടെ അമ്മ സങ്കല്പങ്ങള്‍ക്ക് ഒട്ടും ചേരാത്ത ഒരു പാവം നാട്ടിന്‍പുറത്തുകാരി ഉമ്മ.
വേണ്ടതിലധികം മലയാളി കാല്‍പ്പനികവത്കരിച്ച വാക്കാണ് അമ്മ. 'അമ്മജീവിത'ത്തിന്റെ 'വില'യെക്കുറിച്ച് സ്വാതി ശശിധരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ ഗായനി മുതല്‍ പീച്ചു വരെ ഒരുപാട് അമ്മമാരുടെ മുഖം മനസില്‍ തെളിഞ്ഞു. തീര്‍ച്ചയായും സ്വാതിയുടെ കുറിപ്പിലെ അമ്മമനസ്സിന്റെ ആര്‍ദ്രതയിലും തെളിഞ്ഞ സത്യസന്ധതയിലും എനിക്കൊട്ടും സംശയമില്ല. ആ കുറിപ്പിനൊരു മറുകുറിപ്പുമല്ല ഇത്. പക്ഷേ, സ്വാതിയുടെ കുറിപ്പിലും അതിനെ ശരിവച്ചുകൊണ്ട് വന്ന അനേകം കമന്റുകളിലും വരാതെപോയ ചില അമ്മ ജീവിതങ്ങളുണ്ട്. നമ്മള്‍ മറന്നുപോകാന്‍ പാടില്ലാത്ത ചില അമ്മമുഖങ്ങള്‍. അതുകൂടി ഈ ചര്‍ച്ചകളില്‍ ഉയരേണ്ടതുണ്ട്.
എത്ര വേണമെന്നുവച്ചാലും ശരി, തുച്ഛമായ ശമ്പളംകിട്ടുന്ന ജോലി വലിച്ചെറിഞ്ഞുകളഞ്ഞിട്ട് മക്കള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയാത്ത അമ്മമാരുടെ കൂടി ലോകമാണിത്. പൊള്ളുന്ന പനിക്കിടക്കയില്‍ മക്കളെ 'നിര്‍ദ്ദയം' ഉപേക്ഷിച്ചിട്ട് ജോലിസ്ഥലത്തേക്ക് ഓടിയെത്തിയാല്‍ മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന പാവം പാവം അമ്മമാര്‍ എത്രയധികമുണ്ടെന്നോ നമുക്കുചുറ്റും! മലയാളി കൊട്ടിഘോഷിച്ചുപറയുന്ന 'ആണ്‍തുണ' ഇല്ലാതെ, ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ ഒരുപാട് അമ്മമാര്‍. സ്വന്തം വരുമാനംകൊണ്ടു മാത്രം ഭര്‍ത്താവിന്റെ കീമോതെറാപ്പി ജീവിതത്തിന് ആശ്വാസംനല്‍കുന്ന ഉദ്യോഗസ്ഥയെ ഞാന്‍ കണ്ടത് ഷാര്‍ജയിലെ ഒരു അമേരിക്കന്‍ കമ്പനിയിലാണ്.
മലയാളി കൊട്ടിഘോഷിച്ചുപറയുന്ന 'ആണ്‍തുണ' ഇല്ലാതെ, ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ ഒരുപാട് അമ്മമാര്‍.
ഉദ്യോഗസ്ഥനും ഉത്തരവാദിത്തമുള്ളവനുമായ ഭര്‍ത്താവിന്റെ വരുമാനത്തിന്റെ തണലില്‍, ആ വലിയ തണല്‍ തരുന്ന പ്രിവിലേജിന്റെ ആവേശത്തില്‍ സ്വന്തം ജോലി രാജിവച്ചിട്ട് മക്കള്‍ക്കൊപ്പം 'മാതൃകാ അമ്മയായി' വീട്ടില്‍ വന്നിരിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ തീര്‍ച്ചയായും ഭാഗ്യവതികള്‍തന്നെ. എനിക്കു സംശയമില്ല.
പക്ഷേ, അപ്പോഴുമൊരു ചോദ്യം ബാക്കിയാവും, ആ അമ്മ തന്റെ മക്കള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? കട്ടിലില്‍നിന്ന് വിളിച്ചുണര്‍ത്തി കുളിപ്പിച്ച് പൊട്ടുതൊടീച്ച് സ്‌കൂളില്‍വിട്ട് പിന്നെ രാത്രി ഉറങ്ങുംവരെ മക്കളുടെ സഹായിയായി മാത്രം ജീവിക്കുന്ന ഒരമ്മ തീര്‍ച്ചയായും നാളെ മക്കള്‍ക്ക് നല്ലൊരു കാല്‍പ്പനിക ഓര്‍മ്മയാവും. 'എന്റെ അമ്മ എനിക്കു വേണ്ടി ജീവിച്ചു, ജോലി കളഞ്ഞു' എന്നൊക്കെ അവര്‍ വികാരഭരിതരായേക്കാം.
പക്ഷേ, എനിക്കു തോന്നുന്നു, പീച്ചുവിന്റെ മകള്‍ക്കും ഗായനിയുടെ മകനും നാളെ അവരുടെ അമ്മയെക്കുറിച്ചുള്ള അഭിമാനം അതിനൊക്കെ മുകളിലാവും. അതൊരു കാല്‍പ്പനികസുന്ദര ത്യാഗഭരിത അടുക്കളയമ്മയുടേത് ആവില്ല, ഒരിക്കലും. പക്ഷേ, അതിനപ്പുറം ഒരുപാട് ജീവിതമാനങ്ങളുള്ള ഒന്നാവും. സ്വന്തം വിയര്‍പ്പുകൊണ്ട് അമ്മ ഊട്ടിവളര്‍ത്തിയ അന്നത്തിന്റെ രുചി ആ മക്കള്‍ മറക്കില്ല.
എന്റെ മകന്‍ ഒരിക്കല്‍ എന്നെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു, 'ഉമ്മാ, ഞാന്‍ ജോലിയുള്ള ഒരു പെണ്‍കുട്ടിയെയാവും വിവാഹം കഴിക്കുക. എന്റെ ഉമ്മ ജോലിചെയ്തല്ലേ എന്നെ വലുതാക്കിയത്'. ഞാന്‍ ഏറ്റവും സന്തോഷിച്ച ഒരു നിമിഷമായിരുന്നു അത്.
ലോകത്ത് ഒരമ്മയും മക്കളെ പിരിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മക്കള്‍ക്കരികില്‍, അവരുടെ വളര്‍ച്ചയുടെ ഓരോ സുന്ദരനിമിഷങ്ങളും ആസ്വദിച്ച് ഒപ്പമുണ്ടാവാനാണ് ഭൂമിയില്‍ എല്ലാ അമ്മമാരുടേയും മോഹം. പക്ഷേ, അതിനു കഴിയാത്ത അവസ്ഥയുടെകൂടി പേരാണ് ജീവിതം.
അടുത്തിടെ ദുബായില്‍ വലിയൊരു ഐ.ടി കമ്പനിയില്‍ ഞാന്‍ പോയിരുന്നു. മക്കളെ ഡേ കെയറിലാക്കിയേശഷം അവര്‍ ഉറങ്ങുന്നതും കളിക്കുന്നതും ഡേകെയറിന്റെ ആപ്പില്‍ ജോലിക്കിടെ ലൈവ് ആയി കാണുന്ന അമ്മമാരെ ഞാനവിടെ കണ്ടു. അവരോടുപോലും എനിക്കു ദേഷ്യം തോന്നിയില്ല. കാരണം, ടെക്കികള്‍ എന്നൊക്കെ നാം വിളിക്കുന്ന, പുറമേക്ക് ഒരുപാട് ആഡംബരം കാണിക്കുന്ന ആ തൊഴില്‍ സമൂഹത്തിനുമുണ്ട് അവരുടേതായ നിസ്സഹായതകള്‍. ജോലിക്കുപോയാലേ ജീവിക്കാന്‍ കഴിയൂ എന്ന അനിവാര്യതകള്‍.
അതിനു കഴിയാത്ത അവസ്ഥയുടെകൂടി പേരാണ് ജീവിതം.
കൈക്കുഞ്ഞിനെ വിട്ടു ജോലിക്കു വന്നിട്ട് ഓഫിസ് ബാത്ത് റൂമില്‍പോയി മുലപ്പാല്‍ പിഴിഞ്ഞു കളയേണ്ടിവരുന്ന അമ്മമാരുണ്ട്. മക്കളെ വല്യമ്മയുടെ അടുത്താക്കിയിട്ട് വിദേശത്തേയ്ക്കു പറന്ന് ഏറെക്കാലം പിരിഞ്ഞിരിക്കേണ്ടിവരുന്ന അമ്മമാരുണ്ട്. ആ അവസ്ഥകളുടെയെല്ലാം പേരും മാതൃത്വം എന്നുതന്നെയാണ്.
മാറാപ്പിലൊരു കുഞ്ഞിനെ ചേര്‍ത്തുകെട്ടിയിട്ട് പൊള്ളുന്ന ചൂടില്‍ ചുമടെടുത്തു നീങ്ങുന്ന അമ്മമാരെ കണ്ടിട്ടില്ലേ? അതും അമ്മജീവിതമാണ്. ആ മക്കള്‍ക്കൊക്കെ നാളെ അവരുടെ അമ്മമാരോട് മാനസിക അകല്‍ച്ചയുണ്ടാകുമെന്നത്, അല്ലെങ്കില്‍ അവര്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ അവരുടെ അമ്മയുണ്ടാവില്ലെന്നത് നമ്മുടെ വെറുമൊരു മുന്‍വിധിയാണ്. ഒരുപാട് പ്രിവിലേജുകളുടെ മുകളിലിരുന്ന് ചിന്തിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വെറും തോന്നല്‍.
ഗായനിയുടെ മകനോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നു, 'അമ്മയ്ക്ക് കുറച്ചുനേരം കൂടി ജോലിയുണ്ട്, കേട്ടോ. എന്നും ഇങ്ങനെ അമ്മയെ കാത്തിരുന്ന് മോന് ബോറടിച്ചോ?'. പുഞ്ചിരിച്ചുകൊണ്ട് ആ പത്തു വയസ്സുകാരന്‍ പറഞ്ഞു, 'ഇല്ല ആന്റീ, എനിക്ക് ബോറടിയൊന്നും ഇല്ല. എനിക്കുവേണ്ടിയല്ലേ അമ്മ ജോലി ചെയ്യുന്നത്. ഞാന്‍ വലുതായാല്‍പ്പിന്നെ അമ്മയെ ജോലിക്കു വിടില്ല'.
എനിക്ക് ഉറപ്പുണ്ട്, ഗായനിയുടെയും പീച്ചുവിന്റെയും അതുപോലുള്ള ആയിരമായിരം അമ്മമാരുടേയും മക്കളും അവരുടെ മനസ്സില്‍ 'ഐ ലവ് മൈ അമ്മ' എന്ന് എഴുതും. അവര്‍ വരയ്ക്കുന്ന ഏതു ചിത്രത്തിലും അമ്മയുണ്ടാവും, സ്വന്തം കരളാഴത്തോളം ചേര്‍ന്നുനില്‍ക്കുന്ന ഒരമ്മ! കാരണം, അമ്മ ഒരു ഏകാര്‍ത്ഥ വാക്കല്ല, അമ്മയുടെ നാനാര്‍ത്ഥങ്ങളും പര്യായങ്ങളും ഈ ലോകത്തോളം വിശാലമാണ്.
'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!