നമ്മുടെ ഭരണാധികാരികള്‍ക്ക് പുരാണേതിഹാസങ്ങളിലുള്ള കമ്പം നമ്മുടെ നാടിന്റെ ശാസ്ത്രാഭിരുചിയേയും അതിന്റെ ഭാവിയെയും അവതാളത്തിലാക്കാതിരിക്കാന്‍ ഇനിയെങ്കിലും പരിശ്രമങ്ങളുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
ഇന്ത്യയിലെ പുരാണേതിഹാസങ്ങളുടെ ഭാവനാപ്രപഞ്ചം തീര്‍ത്തും ഉദാത്തമായ ഒന്നാണ്. മനസ്സ് ഉന്മത്തമായിരിക്കുന്ന അവസ്ഥയില്‍ ചിലപ്പോള്‍ അവയിലെ പല വര്‍ണ്ണനകളിലും ശാസ്ത്രബന്ധങ്ങളുണ്ടെന്നു തോന്നിയാലും കുറ്റം പറഞ്ഞുകൂടാ. എന്നാല്‍, അത്തരം തോന്നലുകള്‍ പ്രബന്ധങ്ങളിലേക്ക് പകര്‍ത്തി ഗൗരവതരമായ ശാസ്ത്രസമ്മേളനങ്ങളില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നത് ശാസ്ത്രമെന്ന പേരില്‍ 'കപടശാസ്ത്രത്തിന്' പ്രചാരം നല്‍കുന്നതിന് തുല്യമാണ്. നമ്മുടെ ഭരണാധികാരികള്‍ക്ക് പുരാണേതിഹാസങ്ങളിലുള്ള കമ്പം നമ്മുടെ നാടിന്റെ ശാസ്ത്രാഭിരുചിയേയും അതിന്റെ ഭാവിയെയും അവതാളത്തിലാക്കാതിരിക്കാന്‍ ഇനിയെങ്കിലും പരിശ്രമങ്ങളുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
undefined
ഇന്ത്യയിലെ പ്രതിഭാധനരായ മുപ്പതിനായിരത്തിലധികം ശാസ്ത്രജ്ഞര്‍ അംഗങ്ങളായുള്ള നൂറിലധികം വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു വിശിഷ്ടസംഘടനയാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍. 1914ല്‍ കൊല്‍ക്കത്തയിലാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ പ്രൊഫ.ജെ എല്‍ സിമോണ്‍സനും പ്രൊഫ.പി എസ് മക്‌മോഹനും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും ശാസ്ത്രചിന്തയില്‍ അധിഷ്ഠിതമായ പഠനങ്ങള്‍ പ്രസിദ്ധീകരിക്കാനും അവതരിപ്പിക്കാനും മറ്റുമായി ഈ സംഘടന തുടങ്ങുന്നത്.
വര്‍ഷാവര്‍ഷം ജനുവരി ആദ്യവാരത്തിലാണ് സയന്‍സ് കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനം കൂടുന്നതും മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളോടെ നിശ്ചിത വിഷയങ്ങളില്‍ പ്രബന്ധങ്ങളും മറ്റും അവതരിപ്പിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതും. ഇന്ത്യയിലും വിദേശത്തും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള പല പ്രഖ്യാത ശാസ്ത്രജ്ഞരും ഈ സയന്‍സ് കോണ്‍ഗ്രസുകളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു പോന്നിട്ടുണ്ട്.
എന്നാല്‍, കഴിഞ്ഞ കുറച്ചു കാലമായി, കൃത്യമായിപ്പറഞ്ഞാല്‍ 2014 മുതല്‍ക്കിങ്ങോട്ട് കാല്‍പനികവും ഒരളവുവരെ കാവ്യാത്മകവുമായ പൗരാണിക വിഷയങ്ങളെ യാഥാര്‍ഥ്യവല്‍ക്കരിച്ചുകൊണ്ടുള്ള വാചാടോപങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് നമ്മുടെ സയന്‍സ് കോണ്‍ഗ്രസുകള്‍. അസംബന്ധജടിലമായ പ്രബന്ധങ്ങളും അവാസ്തവികമായ അവകാശവാദങ്ങളും നിരത്തി ലോകത്തിനു മുന്നില്‍ത്തന്നെ ഏറെ പരിഹാസ്യമാവുകയാണിന്ന്, ഒരു കാലത്ത് നമ്മുടെ സ്വകാര്യ അഭിമാനമായിരുന്ന ഈ മഹദ് സമ്മേളനം. ശാസ്ത്രജ്ഞരുടെ ഗൗരവതരമായ ഉള്‍ക്കാഴ്ചകള്‍ക്ക് വേദിയാവേണ്ട ഈ സമ്മേളനങ്ങള്‍ കാര്യഗൗരവം തിരിച്ചറിയാത്ത രാഷ്ട്രീയക്കാര്‍ അവരുടെ തട്ടുപൊളിപ്പന്‍ പ്രസംഗങ്ങള്‍ക്ക് വേദിയാക്കുന്ന കാഴ്ചയും ഇന്നു നമ്മള്‍ കാണുന്നു.
'ജ്യോതിഷത്തിനുമുന്നില്‍ ശാസ്ത്രം ഇന്നോളം കൈവരിച്ച നേട്ടങ്ങളെല്ലാം ചെറുതാണ്'
2014ലാണ് ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ ഈ ശാസ്ത്രാപചയത്തിന്റെ സാമ്പിള്‍ വെടി പൊട്ടുന്നത്. ലോക്‌സഭാ സമ്മേളനം നടക്കുന്നതിനിടെ, അന്ന് ബിജെപിയുടെ എംപി ആയിരുന്ന രമേശ് പോക്രിയാല്‍ നിശാങ്ക് 'ജ്യോതിഷത്തിനുമുന്നില്‍ ശാസ്ത്രം ഇന്നോളം കൈവരിച്ച നേട്ടങ്ങളെല്ലാം ചെറുതാണ്' എന്നൊരു പരാമര്‍ശം നടത്തി. അക്കൊല്ലം നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍, ജിയോളജിസ്റ്റായ ആശു ഖോസ്ല, 'ദിനോസറുകളെ കണ്ടെത്തിയത് ബ്രഹ്മാവായിരുന്നെന്നും അദ്ദേഹം അത് അന്നുതന്നെ അതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വേദങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു' എന്നും അവകാശപ്പെട്ടു. അക്കൊല്ലം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തോട്, 'ഇന്ത്യയില്‍ കോസ്മറ്റിക് സര്‍ജറി നിലവിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഗണപതി ' എന്നു പറഞ്ഞു. 2017ല്‍ രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി, ഗോമാതാവിന്റെ ശാസ്ത്രീയ പ്രാമുഖ്യം അരക്കിട്ടുറപ്പിക്കാനായി 'ഓക്‌സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഒരേയൊരു സസ്തനിയാണ് ഗോമാതാവ്' എന്ന രഹസ്യം ലോകത്തോട് വെളിപ്പെടുത്തി. ആ വര്‍ഷം തന്നെ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയായിരുന്ന സത്യപാല്‍ സിങ്ങ് പൗരാണിക കാലത്ത് വിമാനങ്ങള്‍ നിര്‍മിച്ചു പറത്തിയിരുന്നതായി അവകാശപ്പെട്ടു. ഒരു പടികൂടി കടന്ന്, റൈറ്റ് സഹോദരന്മാര്‍ക്കും എട്ടുവര്‍ഷം മുമ്പ് വിമാനം നിര്‍മിച്ച ഒരു ശിവകര്‍ ബാബുജി തല്‍പഡേയുടെ പേരും അദ്ദേഹം പറഞ്ഞു.
പിടിച്ചതിലും വലുതായിരുന്നു മടയില്‍ എന്ന് തെളിയിക്കുന്നതായിരുന്നു ഇത്തവണ ജനുവരി മൂന്നിന് ജലന്ധറിലെ ലവ്ലി യൂണിവേഴ്സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് സമ്മേളനത്തിലെ ചില പ്രസംഗങ്ങള്‍. ആന്ധ്രാ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ നാഗേശ്വര റാവുവാണ്, 'കൗരവന്മാര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നു' എന്ന പരാമര്‍ശം കൊണ്ട് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആധുനിക വൈദ്യശാസ്ത്രം വർഷങ്ങളുടെ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത 'സ്‌റ്റെം സെല്‍' സാങ്കേതിക വിദ്യയായിരുന്നു കൗരവരുടെ നിര്‍മ്മാണത്തിന് ആധാരമായത് എന്നുവരെ അദ്ദേഹം പറഞ്ഞുകളഞ്ഞു. 24 തരത്തിലുള്ള പാസഞ്ചര്‍ ഫൈറ്റര്‍ വിമാനങ്ങള്‍ രാവണന്റെ ഹാങ്ങറില്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. നാഗേശ്വര റാവു ചില്ലറക്കാരനല്ല. 'കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഇന്‍ കെമിസ്ട്രി' എന്നൊരു ശാസ്ത്രഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ട്. മുന്നൂറോളം ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
'ഇന്ത്യയില്‍ കോസ്മറ്റിക് സര്‍ജറി നിലവിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഗണപതി '
തുടര്‍ന്ന് നടന്ന ഒരു സെഷനിലായിരുന്നുഅതുവരെ കേട്ടതിനെയൊക്കെ കടത്തിവെട്ടിയ പരാമര്‍ശങ്ങള്‍ കടന്നുകൂടിയത്. ആ സെഷന്‍ അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന കണ്ണന്‍ ജഗതല കൃഷ്ണന്‍ ഐസക് ന്യൂട്ടന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും ഒക്കെ ആജീവനാന്ത ഗവേഷണഫലങ്ങളെ നിഷ്‌കരുണം തമസ്‌കരിച്ചു. മേല്‍പ്പറഞ്ഞ ലബ്ധപ്രതിഷ്ഠരെക്കാളും മികവുള്ള തന്റെ പഠനങ്ങള്‍ ഊര്‍ജ്ജതന്ത്രത്തില്‍ ഇന്നവശേഷിക്കുന്ന ഒരുവിധം എല്ലാ സമസ്യകള്‍ക്കും ഉത്തരമേകുന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ശാസ്ത്രബിരുദമില്ലെങ്കിലും ടിയാന് മെല്‍ബണിലെ വിക്‌ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്നും 'റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസി'ല്‍ 'കരസ്ഥ'മാക്കിയ ഒരു ഡോക്ടറേറ്റുണ്ട്. ''അല്ലെങ്കിലും ഇന്ത്യയില്‍ ശാസ്ത്രഗവേഷണം നടത്തുന്നതിന് ശാസ്ത്രബിരുദത്തിന്റെ ആവശ്യമെന്താ..?'' എന്നായിരുന്നു ഒരു പത്രപ്രവര്‍ത്തകനോടുള്ള അദ്ദേഹത്തിന്റെ മറുചോദ്യം.
ജനുവരി നാലാം തീയതി ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇന്ത്യയിലെ ഭാവി ശാസ്ത്രജ്ഞരുടെ സദസ്സിനു മുന്നില്‍ പ്രബന്ധമവതരിപ്പിച്ച അദ്ദേഹം ന്യൂട്ടന്റെ റിലേറ്റിവിറ്റി തിയറി, ഹോക്കിങ്ങിന്റെ ബ്ലാക്ക് ഹോള്‍സ് തിയറി, ന്യൂട്ടന്റെ ചലന നിയമം തുടങ്ങി ഊര്‍ജ്ജതന്ത്രത്തിലെ ഒട്ടു മിക്ക നിയമങ്ങളെയും നിമിഷനേരം കൊണ്ട് പൊളിച്ചടുക്കി. 'ന്യൂട്ടന് ഭൂഗുരുത്വബലം വേണ്ടത്ര മനസ്സിലായിരുന്നില്ല', 'ഐന്‍സ്റ്റീന്റെ റിലേറ്റിവിറ്റി തിയറി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്..' എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പരാതികള്‍. ഭൂഗുരുത്വ നിയമങ്ങളെ താന്‍ പൊളിച്ചെഴുതാന്‍ പോവുകയാണെന്നും, തന്റെ തിയറികള്‍ക്ക് ശാസ്ത്രലോകത്തിന്റെ അംഗീകാരം കിട്ടിയാലുടന്‍ താന്‍ ഗ്രാവിറ്റേഷനല്‍ വേവ്‌സിനെ 'മോദി വേവ്‌സ്' എന്ന് പുനര്‍നാമകരണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. തന്റെ ശാസ്ത്ര ഗവേഷണങ്ങള്‍ ജന്മനാടിനുപകരിക്കാനായി, ഇപ്പോള്‍ ഒരു ആസ്‌ട്രേലിയന്‍ പൗരനായ താന്‍, ഇന്ത്യയിലേക്ക് മടങ്ങി വന്ന് ഇവിടെത്തന്നെ സ്ഥിരതാമസമാക്കുന്നുണ്ടെന്നും തന്റെ മുന്നിലിരുന്ന കുരുന്നുകള്‍ക്ക് വാക്കുനല്കി. ഇരുപതാം നൂറ്റാണ്ട് ഐന്‍സ്റ്റീന്റേതാണെങ്കില്‍ ഈ നൂറ്റാണ്ട് തന്റേതായിരിക്കും എന്നദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ഗവേഷണഫലങ്ങള്‍ ഹോക്കിങ്ങിനുവരെ മെയില്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
'കൗരവന്മാര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നു'
ഈ പ്രസ്താവനകള്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിമര്‍ശിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ വിവാദമായിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി', 'ആള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് നെറ്റ്വര്‍ക്ക്', 'അഖില കര്‍ണാടക വിചാരവാദിഗല വേദികെ' തുടങ്ങിയ ശാസ്ത്രാഭിമുഖ്യമുള്ള പല സംഘടനകളും ഇന്ത്യയെ ലോകത്തിനുമുന്നില്‍ പരിഹാസ്യമാക്കുന്ന ഇത്തരം പ്രഹസനങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.
അതിനു പിന്നാലെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഇനിമേല്‍ പ്രസംഗിക്കാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്കുള്ള മാനദണ്ഡങ്ങള്‍ അതീവ കര്‍ശനമാക്കിക്കൊണ്ട് ISCA അതിന്റെ പോളിസി തന്നെ മാറ്റിയെഴുതാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രബന്ധങ്ങള്‍ വിശദമായി പരിശോധിച്ചുറപ്പു വരുത്തിയ ശേഷം മാത്രമേ ഇനിമേല്‍ പ്രസംഗകരെ തെരഞ്ഞെടുക്കൂ .സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ഭാവനാവിലാസങ്ങള്‍ക്കു മുതിരില്ലെന്നുള്ള ഒരു ഉറപ്പും അധികൃതര്‍ ആദ്യമേ എഴുതിവാങ്ങും.
ഇന്ത്യയിലെ പുരാണേതിഹാസങ്ങളുടെ ഭാവനാപ്രപഞ്ചം തീര്‍ത്തും ഉദാത്തമായ ഒന്നാണ്. മനസ്സ് ഉന്മത്തമായിരിക്കുന്ന അവസ്ഥയില്‍ ചിലപ്പോള്‍ അവയിലെ പല വര്‍ണ്ണനകളിലും ശാസ്ത്രബന്ധങ്ങളുണ്ടെന്നു തോന്നിയാലും കുറ്റം പറഞ്ഞുകൂടാ. എന്നാല്‍, അത്തരം തോന്നലുകള്‍ പ്രബന്ധങ്ങളിലേക്ക് പകര്‍ത്തി ഗൗരവതരമായ ശാസ്ത്രസമ്മേളനങ്ങളില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നത് ശാസ്ത്രമെന്ന പേരില്‍ 'കപടശാസ്ത്രത്തിന്' പ്രചാരം നല്‍കുന്നതിന് തുല്യമാണ്. നമ്മുടെ ഭരണാധികാരികള്‍ക്ക് പുരാണേതിഹാസങ്ങളിലുള്ള കമ്പം നമ്മുടെ നാടിന്റെ ശാസ്ത്രാഭിരുചിയേയും അതിന്റെ ഭാവിയെയും അവതാളത്തിലാക്കാതിരിക്കാന്‍ ഇനിയെങ്കിലും പരിശ്രമങ്ങളുണ്ടാവും എന്ന് പ്രതീക്ഷിക്കാം.