അന്യഗ്രഹങ്ങളില്‍ സ്ത്രീകള്‍ കാലുകുത്തുന്നൊരു ലോകത്തിരുന്ന് അമ്പലത്തില്‍ കാലുകുത്തുന്നതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ കൂമ്പടഞ്ഞു പോയ നവോത്ഥാനത്തിന്റെ കൂടി അടയാള പത്രമാണ്. നമുക്കൊരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം നാം ചെന്നുപെട്ടൊരു കുരുക്കാണിത്- ഷിജു ആര്‍ എഴുതുന്നു
വ്യവസ്ഥാപിതവും പ്രബലവുമായ സാമുദായിക ശക്തികളാവട്ടെ, സ്‌കൂളുകളും കോളേജുകളും കോര്‍പ്പറേറ്റ് വ്യവസായ സംരംഭങ്ങളുമെല്ലാമായി വലിയ വിലപേശല്‍ ശക്തികളായി നില്‍ക്കുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിലോ സംഘടനാ രീതിയിലോ, നാളിതുവരെ തുടരുന്ന സ്ത്രീവിരുദ്ധതയും ഹിന്ദുത്വാഭിമുഖ്യവും കയ്യൊഴിയാത്ത ശക്തികള്‍ നേതൃസ്ഥാനത്തിരുന്ന് പണിയുന്ന മുന്നണികള്‍ നാളെ ആര് കൊയ്തു കൊണ്ടുപോവാനുള്ള വിതകളാണ് എന്നതാണ് ചോദ്യം .
വിമോചന സമരമാണ് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും സകലമാന നവോത്ഥാന മൂല്യങ്ങളെയും സ്തംഭിപ്പിച്ച ഒരു ചരിത്രസന്ധി. അത് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയിലെ നവോത്ഥാനധാരയെ നിഷ്പ്രഭമാക്കി കൂടുതല്‍ വലതുവല്‍ക്കരണത്തിലേക്കും വര്‍ഗ്ഗീയ/സമുദായ പ്രീണനത്തിലേക്കും നയിച്ചു. നവോത്ഥാനത്തിന്റെ ചരിത്ര സന്ദര്‍ഭത്തില്‍ ഉദയം ചെയ്ത സാമുദായിക സംഘടനകളെ കേവലം ജാതി പരിഷ്‌കരണ പ്രസ്ഥാനങ്ങളാക്കി മാറ്റി . അവയ്ക്ക് വലിയ വിലപേശല്‍ ശേഷി സംഭാവന ചെയ്തു.
undefined
ഇതൊക്കെ ധാരാളം പഠിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രത്യക്ഷത്തില്‍ വിമോചന സമരത്തിന്റെ ഇരകളും അതിനെതിരായി നിരന്തരം സംസാരിക്കുന്നവരുമായ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ആന്തരിക ചൈതന്യത്തെ വിമോചന സമരം എത്ര ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യം കാര്യമായി പഠിക്കപ്പെട്ടിട്ടില്ല. സാമുദായിക സമവാക്യങ്ങള്‍ക്കനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുരങ്കം വയ്ക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രത്യക്ഷപ്രക്ഷോഭ പരിപാടികള്‍ വരെ എണ്ണമറ്റ വലതു പദ്ധതികള്‍ കൊണ്ട് ഇടതുപക്ഷം താലോലിക്കാന്‍ ശ്രമിച്ചത് വിമോചന സമരത്തിന് ശേഷം തങ്ങള്‍ക്കകത്തുതന്നെ പ്രബലമായിത്തുടങ്ങിയ ഈ അരാഷ്ട്രീയ മദ്ധ്യവര്‍ഗ താല്‍പര്യങ്ങളെയാണ്. വിമോചന സമരകാലം മുതല്‍ തുടങ്ങുന്നുണ്ട് ഇടതുപക്ഷത്തിന്റെ ഈയൊരു പ്രതിസന്ധി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം ഈ വലതു സ്വാധീനം കൂടുതല്‍ പ്രകടമായി എന്നേയുള്ളൂ.
വിമോചന സമരകാലം മുതല്‍ തുടങ്ങുന്നുണ്ട് ഇടതുപക്ഷത്തിന്റെ ഈയൊരു പ്രതിസന്ധി.
ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ കോടതിവിധിയാണ് ഇന്നീ കാണും വിധം നവോത്ഥാന സംവാദങ്ങളെ വീണ്ടും സജീവമാക്കിയത്. മുന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം തിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച സ്ത്രീപ്രവേശനാനുകൂല നിലപാട് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഒരുവേള അതൊരു അത്ഭുതകരമായ കാര്യവുമായിരുന്നു. കാരണം വിമോചനനാന്തരകേരളത്തില്‍ മത സാമുദായിക താല്പര്യങ്ങളോട് ഏറ്റുമുട്ടാന്‍ ഒരു അധികാര രാഷ്ട്രീയ പ്രസ്ഥാനവും മുതിര്‍ന്നിട്ടില്ല. പല നിലകളില്‍ തന്ത്രപരമായ നിലപാടെടുത്തും പ്രീണിപ്പിച്ചുമൊക്കെയാണ് ഇരു മുന്നണികളും അധികാരം നിലനിര്‍ത്തിപ്പോന്നത് . ആ പതിവില്‍ നിന്നൊരു വഴിമാറി നടത്തം എന്ന നിലയിലാണ് ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് ശ്രദ്ധിക്കപ്പെട്ടത് . എന്നാല്‍ കേവലം ആശയ പ്രചരണത്തിനപ്പുറം (അത് ഒട്ടും നിസ്സാരവുമല്ല) പ്രയോഗത്തിന്റെ മണ്ഡലത്തില്‍ ഒന്നും ഇതുവരെ സംഭവിച്ചില്ല.
സുപ്രീം കോടതിവിധിയും അധികാരികളുടെ ഉറപ്പും വിശ്വസിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ തുനിഞ്ഞ സ്ത്രീകള്‍ സമാനതകളില്ലാത്ത വിധം ഒറ്റതിരിഞ്ഞാക്രമിക്കപ്പെട്ടു. സംസ്ഥാന ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവിന്റെ വീട് നേരെ ആക്രമണം നടന്നു. മേരി സ്വീറ്റിയുടെ കഴക്കൂട്ടത്തെയും മുരുക്കുംപുഴയിലെയും വീടാക്രമിക്കപ്പെട്ടു. രഹ്ന ഫാത്തിമ, ബിന്ദു തങ്കം കല്യാണി, അപര്‍ണ ശിവകാമി എന്നിവരുടെയും വീടുകള്‍ക്കു നേരെ ആക്രമണം നടന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ബി.ജെപി നേതാവിന്റെ പരാതിയില്‍ രഹ്ന ഫാത്തിമ അറസ്റ്റിലായി. ബി എസ് എന്‍ എല്‍ അവരെ ജോലിയില്‍നിന്നും സസ്‌പെന്റ് ചെയ്തു. ഷന്‍ നേരിട്ടു. ഗവ. സ്‌കൂള്‍ അദ്ധ്യാപികയായ ബിന്ദു തങ്കം കല്യാണിക്ക് തൊഴിലിടത്തില്‍ ഭീകരമായ കയ്യേറ്റവും ആക്രമണവും നേരിടേണ്ടി വന്നു. അപര്‍ണ ശിവകാമിയും സുഹൃത്തുക്കളും വാര്‍ത്താ സമ്മേളനം നടത്തുന്ന നേരം കൊച്ചി പ്രസ് ക്ലബിനു നേരെ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ഭീഷണികള്‍ മുഴക്കി. വലതു വര്‍ഗ്ഗീയ ഭരണകൂടങ്ങള്‍ക്ക് കീഴിലെ യാഥാസ്ഥിതിക സമൂഹങ്ങളെ വെല്ലുവിളിച്ച് പല 'പെണ്ണു കേറാ മലകളും' തീണ്ടിയ തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിനിപ്പുറം കാലു കുത്താന്‍ കഴിയാതെ മടങ്ങി. ബിന്ദു ടീച്ചറുടെ തൊഴില്‍ പ്രശ്‌നത്തെ ഒരദ്ധ്യാപക സംഘടന പോലും ഒരു ചെറു പ്രസ്താവം കൊണ്ടുപോലും പ്രതിരോധിച്ചില്ല. വിരലെണ്ണാവുന്ന ആക്ടിവിസ്റ്റുകളുടേയും പ്രദേശവാസികളുടേയും പിന്തുണയോടെ പ്രാദേശികമായ വെല്ലുവിളികളെ ബിന്ദു അതിജീവിച്ചു വരുന്നു. രഹ്ന ജയില്‍ മോചിതയായെങ്കിലും കര്‍ശന വ്യവസ്ഥകളുടെ അദൃശ്യ ബന്ധനത്തിലാണിപ്പോഴും. ഈ സാഹചര്യത്തിലാണ് വനിതാമതിലും അതിന്റെ നേതൃ സംഘാടക മുന്നണിയും കേരളത്തില്‍ ചര്‍ച്ചാ കേന്ദ്രമാവുന്നത്.
ഈ പുതിയ മുന്നണി വിമോചന സമര കാലത്തെ മുന്നണിയുടെ പരിഷ്‌കരിച്ച പതിപ്പാണെന്നതാണ് സത്യം
ജാതി ഹിന്ദുത്വത്തിനകത്തെ വ്യത്യസ്ത സമുദായ സംഘടനകളെ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ ഈ പുതിയ മുന്നണി വിമോചന സമര കാലത്തെ മുന്നണിയുടെ പരിഷ്‌കരിച്ച പതിപ്പാണെന്നതാണ് സത്യം. ഈ വലതു വര്‍ഗീയ സാമുദായിക മുന്നണിയുടെ നേതൃസ്ഥാനം വ്യവസ്ഥാപിത ഇടതുപക്ഷത്തിന് കൈവരുന്നു എന്നതാണ് ഇപ്പോഴുണ്ടായ മാറ്റം. ഇതില്‍ 'സവര്‍ണ്ണ / മുന്നാക്ക' സമുദായങ്ങളില്ല എന്നതും പിന്നാക്ക/ആദിവാസി വിഭാഗങ്ങള്‍ക്ക് പങ്കാളിത്തമുണ്ട് എന്നതും ഗുണപരമായ വ്യത്യാസമായിത്തോന്നാം. തീര്‍ച്ചയായും കേരള രാഷ്ട്രീയത്തില്‍ എന്‍ എസ് എസ്, എസ് എന്‍ ഡി പി പോലുള്ള പ്രബല സമുദായ സംഘടനകള്‍ പോലെയല്ല, ദളിത് പിന്നാക്ക ആദിവാസി സംഘടനകളെ കാണേണ്ടത്. ഭൂമിക്കും അധികാര പ്രാതിനിധ്യത്തിനും അന്തസ്സുള്ള ജീവിതത്തിനും വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ദളിത് /ആദിവാസി സംഘടനകളുടെ ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ നൈതികവും സുതാര്യവുമാക്കി വികസിപ്പിക്കാനുള്ളതാണ്. എന്നാല്‍ വ്യവസ്ഥാപിതവും പ്രബലവുമായ സാമുദായിക ശക്തികളാവട്ടെ, സ്‌കൂളുകളും കോളേജുകളും കോര്‍പ്പറേറ്റ് വ്യവസായ സംരംഭങ്ങളുമെല്ലാമായി വലിയ വിലപേശല്‍ ശക്തികളായി നില്‍ക്കുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിലോ സംഘടനാ രീതിയിലോ, നാളിതുവരെ തുടരുന്ന സ്ത്രീവിരുദ്ധതയും ഹിന്ദുത്വാഭിമുഖ്യവും കയ്യൊഴിയാത്ത ശക്തികള്‍ നേതൃസ്ഥാനത്തിരുന്ന് പണിയുന്ന മുന്നണികള്‍ നാളെ ആര് കൊയ്തു കൊണ്ടുപോവാനുള്ള വിതകളാണ് എന്നതാണ് ചോദ്യം .
ആണ്‍കൂട്ടങ്ങളുടെ നയരൂപീകരണവും (ജാതി സംഘടനകളില്‍ മിക്കവാറും ഈ 'കൂട്ടം' പോലും ഉണ്ടാവില്ല. നേതൃസ്ഥാനത്തെ വ്യക്തികള്‍ തന്നെയാവും നയങ്ങള്‍ രൂപപ്പെടുത്തുക) അനുസരിച്ച് ആളെക്കൂട്ടുന്ന പെണ്ണുങ്ങളുമെന്ന പരമ്പരാഗത രീതി തന്നെയാണ് ഈ മുന്നണിയിലും സംഭവിക്കുന്നത്. സ്ത്രീകള്‍ സ്വയം ഇറങ്ങുകയല്ല, ഇറക്കുകയാണ്. അതെല്ലാം ഒറ്റയടിക്ക് മാറുകയൊന്നുമില്ലെന്നറിയാം. പരിപൂര്‍ണ്ണമായ ശരികളില്‍ ഉറച്ചു നില്‍ക്കുന്ന സംഘങ്ങളെയോ വ്യക്തികളെയോ മാത്രം ഒപ്പം നിര്‍ത്തി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളുമല്ല നാമിന്ന് അഭിമുഖീകരിക്കുന്നത്. പക്ഷേ ഈ സാഹചര്യത്തിലെ ഏറ്റവും മൂര്‍ത്തമായ 'ശബരിമലയിലെ സ്ത്രീ പ്രവേശന' മെന്ന ഒരു പ്രശ്‌നത്തിലെങ്കിലും മുന്നണിക്കുള്ളില്‍ യോജിപ്പുണ്ടാവണ്ടേ?
എന്നാല്‍ സ്വയം സന്നദ്ധരായി രംഗത്തിറങ്ങുകയും ഇടപെടുകയും ചെയ്യുന്ന സ്ത്രീകളെയും സംഘടനകളെയും അവരുടെ ആവശ്യങ്ങളെയും ഇതേ പോലെ എന്‍ഗേജ് ചെയ്യാന്‍ ഇടതുപക്ഷത്തിന് സാധിക്കുന്നുണ്ടോ? ജാതിസംഘടനകള്‍ പോലെ പ്രബലമായ സ്വാധീനശക്തിയല്ലെങ്കില്‍ പോലും സ്വയം നിര്‍ണ്ണയ ശേഷിയുള്ള, സോഷ്യല്‍ മീഡിയയൊക്കെ ശക്തമായി ഉപയോഗിക്കുന്ന ഒട്ടനേകം സ്ത്രീകളും യുവജനങ്ങളും അവരുടെ കൂട്ടായ്മകളുമുണ്ട്. ഒരു പക്ഷേ ശബരിമല പ്രശ്‌നത്തിലൊക്കെ ഏറ്റവും ആര്‍ജ്ജവമുള്ള നിലപാടെടുത്തവര്‍. അവരെ അഭിസംബോധന ചെയ്യാനും ഒരു ഇടപെടല്‍ ശേഷിയാക്കാനും സാധിക്കേണ്ടതാണ് . അവര്‍ക്ക് കൂടി നേതൃപങ്കാളിത്തവും പ്രാതിനിധ്യവുമുള്ള മുന്നണികളിലാണ് ഭാവി കേരളത്തിന് പ്രതീക്ഷകളര്‍പ്പിക്കാനാവുക.
ഇളകി നില്‍ക്കുന്നൊരു മണ്ണിലാണ് വനിതാ മതില്‍ അതിന്റെ അസ്ഥിവാരമുറപ്പിക്കാന്‍ ശ്രമിക്കുന്നത്
ഈ ആണ്‍കൂട്ട യുക്തികളുടെ ഏറ്റവും മൗലികമായ ദൗര്‍ബല്യം ഇന്നലെ നാം കണ്ടു. പല നിലകളില്‍ സര്‍ക്കാരിനോടോ വനിതാ മതിലിനോടോ വിയോജിക്കുന്ന മനുഷ്യര്‍ നേരിടുന്നത് വലിയ ആണ്‍കൂട്ട വിചാരണകള്‍ കാണുക. സണ്ണി എം കപിക്കാട്, മഞ്ജു വാര്യര്‍ എന്നിവരുടെ നിലപാടുകളോടുള്ള പ്രതികരണം നോക്കിയാല്‍ അതറിയാം.
വിയോജിപ്പുകളും സംവാദങ്ങളുമാണ് നമ്മുടെ നവോത്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറ. ഇന്ന് നാം മഹത്താണെന്ന് പറയുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഒരു കമ്മിറ്റിയുടെയോ നേതാവിന്റെയോ തീരുമാനങ്ങള്‍ക്കനുസരിച്ച് നിര്‍വ്വഹിക്കപ്പെട്ടതല്ല. ശ്രീനാരായണ ഗുരുവിനോട് സഹോദരന്‍ അയ്യപ്പനും, എസ് എന്‍ ഡി പി യോഗത്തോട് നാരായണ ഗുരു തന്നെയും വിയോജിക്കുകയും വ്യത്യസ്ത വഴികളില്‍ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീം കോടതി വിധി വന്ന അന്നു തൊട്ട് ഈ വിധിയെക്കുറിച്ച് കേരള ജനതയോട് സംവദിച്ചു കൊണ്ടിരിക്കുന്ന സണ്ണി എം കപിക്കാട് ഇപ്പോള്‍ ഈ വിഷയത്തില്‍ വലിയ ആള്‍ക്കൂട്ട അക്രമം നേരിടുന്നുണ്ട്. ഏതുതരം ഭാവുകത്വത്തില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങള്‍ രൂപപ്പെടുന്നത്? തങ്ങളുടെ നേതൃസ്ഥാനം വിമര്‍ശിക്കപ്പെടുമ്പോള്‍ അക്രമോത്സുകമായി പെരുമാറുന്ന ആരാധക സംഘങ്ങള്‍ ഒരു നവോത്ഥാനവും കൊണ്ടുവരില്ല, ചരിത്രത്തെ പിറകോട്ടു വലിക്കുകയല്ലാതെ.
നാടിന്റെ പുരോഗതിക്ക്, പ്രത്യേകിച്ച് പ്രളയാനന്തര കേരളത്തിന്റെ നവനിര്‍മ്മിതിക്ക്, അതില്‍ പുലര്‍ത്തേണ്ട പാരിസ്ഥിതിക ജാഗ്രതയ്ക്ക്, നമ്മുടെ ജനാധിപത്യത്തിന്റെ ശാക്തീകരണത്തിന് അങ്ങനെ വസ്തുനിഷ്ഠമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ചെലവഴിക്കേണ്ട ഊര്‍ജ്ജവും സമയവും ചിന്താശേഷിയും ഒരു മിഥ്യയുടെ പിറകില്‍ ചെലവഴിക്കേണ്ടി വരുന്നു എന്ന ഗതികേടുകൂടിയാണിത്. ഭരണഘടനാപരമായി നിയമമായിക്കഴിഞ്ഞ ഒരു കാര്യത്തിന് പിറകിലാണ് നാം. ഈ ഊര്‍ജ്ജം പാഴായി എന്നല്ല. വിനിയോഗിക്കേണ്ടതില്‍ കൂടുതല്‍ നാം വിനിയോഗിച്ചു കഴിഞ്ഞു എന്നതാണ് പറയാന്‍ ശ്രമിക്കുന്നത്.
വാസ്തവത്തില്‍ നവോത്ഥാനമെന്നത് ഏറ്റവും കാലികമായ കാര്യങ്ങളെ ഏറ്റവും കാലികമായ യുക്തികള്‍ കൊണ്ട് വിശകലനം ചെയ്യലാണ്. അന്യഗ്രഹങ്ങളില്‍ സ്ത്രീകള്‍ കാലുകുത്തുന്നൊരു ലോകത്തിരുന്ന് അമ്പലത്തില്‍ കാലുകുത്തുന്നതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ കൂമ്പടഞ്ഞു പോയ നവോത്ഥാനത്തിന്റെ കൂടി അടയാള പത്രമാണ്. നമുക്കൊരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം നാം ചെന്നുപെട്ടൊരു കുരുക്കാണിത്.
വൈരുദ്ധ്യങ്ങളും സങ്കീര്‍ണ്ണതകളും കൊണ്ട് ഇളകി നില്‍ക്കുന്നൊരു മണ്ണിലാണ് വനിതാ മതില്‍ അതിന്റെ അസ്ഥിവാരമുറപ്പിക്കാന്‍ ശ്രമിക്കുന്നത്