അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിയുണ്ടാവില്ല. ഇരവും പകലുമറിയാതെ അവരങ്ങനെ ജീവിച്ചു പോവും. ജീവിതം കടന്നുപോവുന്നത് ഒരുതരം നിസ്സംഗതയോടെ നോക്കിനില്‍ക്കും. ചിന്തകളില്‍ ഇരുട്ട് മൂടിക്കിടക്കും. ഇനിയൊരു വെളിച്ചവും ഉണ്ടാവില്ലെന്ന് ഉറച്ചുവിശ്വസിക്കും.അങ്ങിനെയാവണംഭ്രാന്തവരിലേക്കു ഒഴുകിപ്പടരുന്നത്.
സ്‌ക്രീനിനു പുറകില്‍ നിന്നുകൊണ്ട് അവളെ പരിശോധിച്ച് കൊണ്ടിരുന്ന ഡോക്ടറെ അസിസ്റ്റ് ചെയ്യുകയായിരുന്നു ഞാനന്നേരം. കത്തുന്ന സിഗരറ്റു കുറ്റികള്‍ കൊണ്ട് കുത്തിമര്‍ത്തിയതിന്റെ പാടുകളായിരുന്നു ഉടലിലുടനീളം. മീന്‍ വരിഞ്ഞത് പോലെയാണ് തുടകളില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞിരുന്നത്. എന്റെ ഞെട്ടല്‍ കണ്ടാവണം ഡോക്ടര്‍ എനിക്കവളെക്കുറിച്ചു പറഞ്ഞു തന്നത്.
undefined
ഭ്രാന്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിരീക്ഷണം പൗലോ കൊയ്ലോയുടേതാണെന്ന് തോന്നിയിട്ടുണ്ട്.
ഒരാള്‍ അവനവന്റെ മാത്രം ലോകത്തില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അല്ലെങ്കില്‍ ഒരാള്‍ മറ്റുള്ളവരേക്കാള്‍ വ്യത്യസ്തരായി ജീവിക്കാന്‍ തുടങ്ങുമ്പോളാണല്ലോ നാമവര്‍ക്ക് ഭ്രാന്താണെന്ന് പറയുക.
അങ്ങിനെ ആലോചിച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍ ഭ്രാന്തുണ്ടാവില്ലേ?
നല്ലൊരു മഴ നനഞ്ഞാല്‍...
പാതിരാത്രിവരെ കുത്തിപ്പിടിച്ചിരുന്നു വായിച്ചാല്‍...
ഒന്ന് ചൂളമടിച്ചാല്‍...
അങ്ങിനെ പേരുള്ളതും ഇല്ലാത്തതുമായ അനേകം അവസരങ്ങളില്‍ പലതവണ പലരില്‍ നിന്നും ആ ചോദ്യം നേരിട്ടിട്ടില്ലേ?
ഭ്രാന്താല്ലേ!
അതേ ഭ്രാന്ത് പലര്‍ക്കും പലപ്പോഴും കാവ്യാത്മകമാണ്. എന്നാല്‍ കാവ്യാത്മകമല്ലാത്ത, കടുത്ത യാഥാര്‍ത്ഥ്യത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ഭ്രാന്തു കടന്നു വരുന്ന ചില ജീവിതങ്ങളുണ്ട്. ചിലരില്‍ ചെറിയ കാലത്തില്‍ ഒതുങ്ങുമ്പോള്‍ ചിലര്‍ക്കത് ജീവിതകാലം മുഴുവനുമായിരിക്കും. നിരന്തര പീഡനങ്ങളുടെ, മുറിവുകളുടെ, വേദനയുടെ, അവഗണനകളുടെ ബാക്കിപത്രമാണ് പലതും.
അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിയുണ്ടാവില്ല. ഇരവും പകലുമറിയാതെ അവരങ്ങനെ ജീവിച്ചു പോവും. ജീവിതം കടന്നുപോവുന്നത് ഒരുതരം നിസ്സംഗതയോടെ നോക്കിനില്‍ക്കും. ചിന്തകളില്‍ ഇരുട്ട് മൂടിക്കിടക്കും. ഇനിയൊരു വെളിച്ചവും ഉണ്ടാവില്ലെന്ന് ഉറച്ചുവിശ്വസിക്കും.അങ്ങിനെയാവണം ഭ്രാന്തവരിലേക്കു ഒഴുകിപ്പടരുന്നത്.
കഴിഞ്ഞ വര്‍ഷം ഒരു സെമിനാറിന്റെ ഭാഗമായാണ് ഞാനാദ്യമായൊരു മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിക്കുന്നത്. സിനിമകളും വായനകളും നല്‍കിയ അറിവുകള്‍ വെച്ച് മെനഞ്ഞുണ്ടാക്കിയ അത്തരമൊരിടത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ അമ്പേ തകര്‍ന്നുപോയൊരു കാഴ്ചയായിരുന്നു അത്. അന്നാണ് പൊള്ളലുള്ള ജീവിതാനുഭവങ്ങളുടെ കേള്‍വിക്കാരിയായി എനിക്ക് മാറേണ്ടിവന്നത്.
ചത്ത മീനിന്‍റതു പോലുള്ള കണ്ണുകളുള്ള, വികാരവിചാരങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്ത മുഖഭാവമുള്ള ഒരുവളെയായിരുന്നു ആദ്യം കണ്ടത്.
അവളുടെ പേരിപ്പോഴും മറന്നിട്ടില്ല. പക്ഷെ അത് പറയുന്നില്ല. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു. അതുമല്ലെങ്കില്‍ പേരു പോലും മറന്നുപോയവരുടെ പേര് നമ്മളെന്തിന് തിരയുന്നു
സ്‌ക്രീനിനു പുറകില്‍ നിന്നുകൊണ്ട് അവളെ പരിശോധിച്ച് കൊണ്ടിരുന്ന ഡോക്ടറെ അസിസ്റ്റ് ചെയ്യുകയായിരുന്നു ഞാനന്നേരം. കത്തുന്ന സിഗരറ്റു കുറ്റികള്‍ കൊണ്ട് കുത്തിമര്‍ത്തിയതിന്റെ പാടുകളായിരുന്നു ഉടലിലുടനീളം. മീന്‍ വരിഞ്ഞത് പോലെയാണ് തുടകളില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞിരുന്നത്. എന്റെ ഞെട്ടല്‍ കണ്ടാവണം ഡോക്ടര്‍ എനിക്കവളെക്കുറിച്ചു പറഞ്ഞു തന്നത്.
അത്യാവശ്യം സാമ്പത്തികാവസ്ഥയൊക്കെയുള്ള കുടുംബത്തിലെ മൂന്ന് പെണ്‍മക്കളില്‍ മൂത്തവളായിരുന്നു അവള്‍. താഴെ പെണ്‍കുഞ്ഞുങ്ങളാണെന്ന ഒറ്റക്കാരണത്താല്‍ പതിനാറാം വയസ്സില്‍ ഇരട്ടി പ്രായമുള്ളൊരാള്‍ക്കു അവളെ വിവാഹം ചെയ്തു കൊടുത്തു. നല്ല കുടുംബപശ്ചാത്തലമുള്ള മാന്യനെന്ന് അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു അവളുടെ ഭര്‍ത്താവ്. നന്നായി പഠിച്ചിരുന്ന അവളുടെ പഠനം അതോടെ നിഷേധിക്കപ്പെട്ടു. അതിലൊന്നും അവള്‍ക്കു പരാതിയില്ലായിരുന്നു.
ആദ്യമൊക്കെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ പഠനം, ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, ആഗ്രഹങ്ങള്‍... ഒന്നൊന്നായി അവള്‍ ഉപേക്ഷിച്ചു കൊണ്ടിരുന്നു. ലോകം കൈവിട്ടു കറങ്ങിപ്പോയെന്ന് അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ആരും ആരും കാണാതെ അവള്‍ കരഞ്ഞിരുന്നു. പിന്നീട് സമര്‍ത്ഥമായി അവളാ ശീലം മാറ്റിയെടുത്തു.
കല്യാണം കഴിച്ചയാള്‍ ഒരു സെക്‌സ് മാനിയാക് ആണെന്ന് പിന്നീടാണ് അവള്‍ക്ക് മനസ്സിലായത്. അപ്പോഴേക്കും മൂന്ന് കുഞ്ഞുങ്ങളായിരുന്നു. എന്നിട്ടും രക്ഷപ്പെടാന്‍ അവള്‍ ശ്രമിച്ചു. ലോകത്തിനു മുന്നില്‍ ആദര്‍ശദമ്പതികളായി അവര്‍ തുടരേണ്ടത് ബന്ധുക്കളുടെയും കുടുംബക്കാരുടെയും ആവശ്യമായിരുന്നു.
അവളുടെ ശരീരത്തെ അയാളൊരു പരീക്ഷണവസ്തുവാക്കി. രാത്രികള്‍ വേദനയുടേത് മാത്രമായി. ചിലപ്പോളൊക്കെ സഹിക്കവയ്യാതെ അവള്‍ വീട്ടിലേക്ക് തിരികെയെത്തി. 'മക്കളെ ഓര്‍ക്കണം' എന്ന മുഖവരെയോടെ വീട്ടുകാര്‍ അവളെ ഭര്‍ത്താവിനടുത്തേക്കു തന്നേ തിരിച്ചയച്ചു. എപ്പോഴെങ്കിലും വെയില്‍ തെളിയും എന്നോര്‍ത്ത് മൂടല്‍മഞ്ഞില്‍ നടക്കുന്നതുപോലെ അവള്‍ അയാളുടെ കൂടെ നടന്നുകൊണ്ടിരുന്നു.അങ്ങിനെയൊരു ദിവസമാണ് ഒന്‍പതു മാസം പ്രായമുള്ള ഇളയകുഞ്ഞിന്റെ വായിലേക്ക് ലിംഗം കയറ്റി ആസ്വദിക്കുന്ന അയാളെ അവള്‍ കണ്മുന്നില്‍ കണ്ടത്. അന്നാണ് ആദ്യമായവള്‍ക്കു നിലതെറ്റിയത്.
അവളുടെ മനസ്സു കാണാനോ വേദനകളിലേക്ക് തിരിഞ്ഞു നോക്കാനോ ആശ്വസിപ്പിക്കാനോ ഉള്ള ഹൃദയമോ സമയമോ പലപ്പോഴും കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും ഇല്ലാതെ പോയി. അത്രമാത്രം അക്കാലത്തു മുറിവേറ്റവള്‍ ആയിരുന്നു അവള്‍. അന്ന് സ്‌നേഹത്തോടെ ഒരിക്കലെങ്കിലും ആരെങ്കിലും കൈപിടിച്ചിരുന്നെങ്കില്‍ അവളീ അവസ്ഥയിലാവുമായിരുന്നില്ല.
അങ്ങിനെയാവണം ഭ്രാന്തവരിലേക്കു ഒഴുകിപ്പടരുന്നത്.
ഒറ്റപ്പെടലിന്റെ മുറി
ഇനി മറ്റൊരുവനെ പറ്റിപ്പറയാം. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പണ്ടാരോ പറഞ്ഞത് എത്രത്തോളം ശരിയാണെന്ന് അവന്റെ മുഖത്ത് നോക്കിയപ്പോളാണ് മനസ്സിലായത്. ഭയവും നിസ്സഹായതയുമല്ലാതെ മറ്റൊന്നും വേര്‍തിരിച്ചെടുക്കാനാവാത്ത മുഖം.
പത്തിലും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് വാങ്ങിയവനാണ്. പാട്ടിലും ക്വിസിലുമെല്ലാം നിരവധി സമ്മാനങ്ങള്‍. എല്ലാവര്‍ക്കും നല്ലതുമാത്രം പറയാനുള്ള മിടുക്കന്‍ കുട്ടി. എന്‍ട്രന്‍സിന് നല്ല റാങ്കില്‍ പാസായി എന്‍ജിനിയറിങ്ങിന് ചേര്‍ന്നു .
പിന്നീടാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. സദാസമയവും അവന്‍ ഫോണിലായി. മുറിയടച്ചിട്ടു മണിക്കൂറുകളോളം തനിച്ചിരുന്നു. ക്ലാസ്സില്‍ പോകാന്‍ താത്പര്യമില്ലാതായി. ഒരുദിവസം അര്‍ദ്ധരാത്രി അവനെ സദാചാരഗുണ്ടകള്‍ ഭര്‍തൃമതിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പിടികൂടി. ഇഞ്ചചതയ്ക്കുന്നതു പോലെ ആള്‍ക്കൂട്ടം അവനെ കയ്യേറ്റം ചെയ്തു. അവനാകെ ഭയന്നു വിറച്ചു. ഇതുപോലൊരു സാഹചര്യത്തില്‍ എത്തിപ്പെടുമെന്നു അവനൊട്ടും കരുതിയില്ലായിരുന്നു.
പിതാവിനെ വിളിച്ചു വരുത്തി താക്കീതോടെ പോലീസ് അവനെ വീട്ടിലേക്കയച്ചു. അപ്പോളാണ് മാതാപിതാക്കള്‍ അവന്റെ മുറി പരിശോധിക്കുന്നതും അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ള സ്ത്രീകളുടെ സ്വകാര്യതകളെ മൊബൈലില്‍ ചിത്രീകരിച്ചിരുന്ന അവന്റെ സ്വഭാവത്തെ കുറിച്ചറിയുന്നതും.
അതോടെ മാതാവിന് അവനോടുള്ള മനോഭാവം മാറി. അവനുള്ള വീട്ടില്‍ കഴിയാന്‍ അമ്മയ്ക്കും പെങ്ങള്‍ക്കും ഭയമാണെന്നവര്‍ പറഞ്ഞു. ഇങ്ങനൊരു മകനെ ആവശ്യമില്ലെന്നും നീയൊക്കെ ചാവുന്നതാണ് നല്ലതെന്നുകൂടിയവര്‍ കൂട്ടിച്ചേര്‍ത്തു. ആ പറച്ചിലിലാണവന്‍ തകര്‍ന്നു പോയതും കൊടിയ വിഷാദത്തിലേക്ക് കൂപ്പു കുത്തിയതും.
അന്നേരമാവും മരണം രക്ഷയാവുമെന്ന തോന്നലവനുണ്ടായിട്ടുണ്ടാവുക. ആത്മഹത്യയിലേക്കു ഇറങ്ങി നടക്കാന്‍ തിരുമാനിച്ചിട്ടുണ്ടാവുക. ജീവന്‍ തിരികെ കിട്ടിയപ്പോളേക്കും മനസ്സവന് കൈവിട്ടുപോയി. മറ്റൊരാള്‍ക്കും മനസ്സിലാവാത്ത വിധം മനുഷ്യര്‍ ഒറ്റപ്പെടുന്നത് ഇങ്ങനൊക്കെ കൂടിയാണ്. സ്‌നേഹത്താല്‍ ചേര്‍ത്തുപിടിക്കാന്‍ ഒരാളുണ്ടാകുമെന്ന ഓര്‍മ്മപോലും വരാത്തവിധം ഭ്രാന്തിന്റെ ചതുപ്പിലേക്ക് താണുപോകുന്നതും അങ്ങനെയൊക്കെതന്നേയാണ്.
ഒരുദിവസം അര്‍ദ്ധരാത്രി അവനെ സദാചാരഗുണ്ടകള്‍ ഭര്‍തൃമതിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പിടികൂടി.
മനസ്സറിഞ്ഞു മനസ്സറിയുന്നുണ്ടോ?
മനുഷ്യര്‍ക്കൊപ്പം കഥകളും മാറുന്നുണ്ടെന്നേയുള്ളൂ. അവസാനം എത്തിചേരുന്നത് അതേ ഇടത്തേക്കാണ്. വിഭ്രാന്തിയുടെ ലോകത്തേക്കാണ്.
സൈക്യാട്രിയുടെ ആദ്യ ക്ലാസ്സില്‍ അദ്ധ്യാപകന്‍ പറഞ്ഞതോര്‍മ്മിക്കുന്നു, 'ഒരാള്‍ക്കും ഒരിക്കലും വരരുതെന്ന് ആഗ്രഹിക്കേണ്ട പ്രാര്‍ത്ഥിക്കേണ്ട ഒരസുഖമാണ് മനോരോഗം. ഞാനെന്ന വ്യക്തിയെ എനിക്കറിയാതാവുന്നിടത്തോളം ഭീകരമല്ല മറ്റെന്തും. ബോധമനസ്സിന്റെ പിടിവിട്ടാല്‍ പിന്നെന്തു ജീവിതം. ചിന്തിക്കാനോ സ്വപ്നം കാണാനോ കഴിയാതെ വിശപ്പിനെ മാത്രം ധ്യാനിച്ച് കഴിയുന്നോരവസ്ഥ.
അന്നേരം ബാല്യം മുതല്‍ കണ്ട് പരിചയിച്ച മുഖങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞ് വരികയേ ഇല്ല. പ്രിയപ്പട്ടവരുടെ പേരുകള്‍, ആദ്യ ചുംബനം, മക്കളുടെ മനോഹരമായ ചിരി, അവരുടെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങള്‍ എല്ലാം ഒന്നൊന്നായി ഓര്‍മ്മയില്‍ നിന്നൊഴിഞ്ഞു പോകും. ഒടുവില്‍ ഭൂതകാലം കാറ്റത്തെ പതിരുപോലെ പറന്നൊഴിയുമ്പോള്‍ ഒരാള്‍ക്ക് തന്നെ തന്നെ നഷ്ടമാകും.
അറിവാണ് ആഴമുള്ള ആനന്ദം നല്‍കുന്നത്. സ്വയമറിയുക എന്നതാണ് ഏറ്റവും വലിയ ജ്ഞാനം. ആ അറിവില്ലാതാവുന്ന ഒരവസ്ഥ ആലോചിച്ചു നോക്കൂ.
മനോരോഗത്തിന്റെ ചതുപ്പിലേക്ക് വീഴുന്ന യുവതീയുവാക്കളുടെ എണ്ണം വളരെകൂടുതലാണ്. കുടുബാംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിന്റെ അഭാവമാണ് പ്രധാന കാരണം. ഹൃദയത്തില്‍ തൊട്ട് സംസാരിക്കാന്‍ കഴിയുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നത്. മനസ് തുറന്ന് സംസാരിച്ചാല്‍, പരസ്പരം പറയുന്നത് കേള്‍ക്കാന്‍ തയ്യാറായാല്‍ അവിടെ മാത്രമേ ബന്ധങ്ങള്‍ ദൃഢമാകുകയുള്ളൂ.
ആത്മഹത്യയാണ് മനുഷ്യന്റെ ഏറ്റവും വലിയ ദാര്‍ശനികപ്രശ്നമെന്ന് വിഖ്യാത നോവലിസ്റ്റായ അല്‍ബേര്‍ കാമു ഒരിക്കല്‍ പറയുകയുണ്ടായി. ഐ.ഐ.ടി.യില്‍ നിന്ന് ബിരുദം നേടിയശേഷം ഐഐഎമ്മില്‍ ബിരുദാനന്തര പഠനം നടത്തിയിരുന്ന ഒരു വിദ്യാര്‍ഥി, എല്ലാവര്‍ക്കും കാണാനായി വെബ്ക്യാമില്‍ തന്റെ മരണം റെക്കോഡു ചെയ്യാന്‍ വെച്ച ശേഷം ഒരു മുഴം കയറില്‍ ജീവനൊടുക്കിയത് അടുത്ത കാലത്തായിരുന്നു. പഠിച്ച ക്‌ളാസ്സുകളിലൊക്കെ റാങ്കു വാങ്ങിയിട്ടുള്ള, ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസനിലവാരമുള്ള ആളാണ്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം! ജീവിക്കാന്‍ മാത്രം പഠിച്ചില്ല. പരീക്ഷകള്‍ പാസ്സാകുന്നതിനെക്കാള്‍ എത്രയോ പ്രധാനമാണ് ജീവിക്കാന്‍ പഠിക്കുക എന്നത്.
ആത്മഹത്യ മഹത്തായ കര്‍മ്മമാണെന്നുള്ള പ്രചാരണം പൊതുവെ നമ്മുടെ സമൂഹത്തിലുണ്ട് . യുദ്ധത്തില്‍ തോല്‍ക്കേണ്ടി വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന യോദ്ധാക്കളുടെ ചരിത്രമാണ് നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് . ആത്മഹത്യക്കു വീരപരിവേഷം നല്‍കുന്ന ആ സംസ്‌കാരം ആപത്കരമാണ്. പ്രതിസന്ധികളില്‍ പതറാതെ അവയെ നേരിട്ട് ജീവിക്കാനുള്ള മനുഷ്യരുടെ ധീരതയെ അത് ഇല്ലാതാക്കുന്നു. ആത്മഹത്യചെയ്യുന്നതില്‍ ധീരതയില്ല. ഒരു നിമിഷത്തില്‍ ദുര്‍ബലരായ മനുഷ്യര്‍ എടുക്കുന്ന മണ്ടന്‍ തീരുമാനം മാത്രമാണത്. യഥാര്‍ത്ഥത്തില്‍ ക്ലേശങ്ങളോടു പടവെട്ടി ജീവിക്കുന്നതാണ് ധീരത, അതിലാണ് മഹത്വവും. അതു കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ഒരു നിമിഷത്തില്‍ ദുര്‍ബലരായ മനുഷ്യര്‍ എടുക്കുന്ന മണ്ടന്‍ തീരുമാനം മാത്രമാണത്.
മനസ്സിലാവണം നമുക്കവരെ
അടുത്തിടെ ചിലപുസ്തകങ്ങള്‍ ഇറങ്ങുന്നുണ്ട്. അവളുടെ/അവന്റെ മരണശേഷം കണ്ടെത്തിയത് എന്ന നെടുവീര്‍പ്പോടുകൂടി. അവരെഴുതുമായിരുന്നെന്നു ഞങ്ങള്‍ക്കറിയില്ലായിരുന്നെന്ന ഉറ്റവരുടെ ഏറ്റുപറച്ചിലുകള്‍കള്‍ക്കൊപ്പം പ്രസാധനം ചെയ്യപ്പെടുന്നത്. കൂടെ ജീവിച്ചിരുന്നവരുടെ ആന്തരികജീവിതത്തെകുറിച്ച് ഒന്നുമറിയാത്തത്ര അന്ധത ബാധിച്ചവരാണോ നമ്മളെന്ന് സ്വയം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. സ്വന്തം ജീവിതപരിസരങ്ങളില്‍ ഒരാള്‍ മനസ്സിലാക്കപ്പെടാതെപോകുന്നതിനേക്കാള്‍ വേദനയെന്തുണ്ട്?
ഉള്ളറിയാന്‍ പോന്ന അടുപ്പവും ഏതു പ്രതിസന്ധിയിലും കുറ്റപ്പെടുത്താതെ നേര്‍വഴി കാട്ടുമെന്ന വിശ്വാസവുമാണ് മക്കള്‍ക്കു നല്‍കേണ്ടത്. അതിനെക്കാള്‍ വലിയ ശക്തി വേറെ നല്‍കാനില്ല അവര്‍ക്ക്.
മാനസികരോഗത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. മസ്തിഷ്‌കത്തിലെ അസ്വാഭാവികമായ രാസപ്രവര്‍ത്തനങ്ങളും, ജന്മവൈകല്യങ്ങളും, അസുഖകരമായ അനുഭവങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്നതും (Post Traumatic Stress Disorder പോലുള്ളവ) എല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. അതികഠിനമായ ജീവിതസാഹചര്യങ്ങളില്‍ എത്തിപ്പെടുന്ന എല്ലാ മനുഷ്യര്‍ക്കും മനസ്സിന്റെ താളം തെറ്റാണമെന്നില്ല.
ഇപ്പോള്‍ മനസ്സിലെന്താണ്?
ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരും ആരോടും ചോദിക്കുന്ന, ചോദിക്കാവുന്ന ഒരു ചോദ്യം.
ഈ മനസ്സെന്ന്പറയുന്നത് എന്താണെന്നും എവിടെയാണെന്നും ഇപ്പോളും പലര്‍ക്കും സംശയമുണ്ടാവാം.
കാലം മുന്നേറിയിട്ടും സാങ്കേതികവിദ്യ പുരോഗമിച്ചിട്ടും ഒരാളുടെ മനസ്സ് അറിയാനുള്ള വിദ്യ ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇതു പലപ്പോഴും ചില നിസ്സഹായവസ്ഥകളിലും നമ്മെക്കൊണ്ടെത്തിക്കാറുണ്ട്. അതുകൊണ്ടാണല്ലോ ഇനി എന്തുവേണം മനസ്സു തുറന്നു കാണിക്കണോ? എന്ന് നാം ചോദിച്ചുപോകുന്നത്.
ആധുനികപഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ച് മനസ്സിന്റെ ഉറവിടം അഥവാ മനസ്സു മാറ്റങ്ങളുടെ ഉത്തരവാദി തലച്ചോറാണ്. തലച്ചോറിലെ നാഡികളുടെയും രാസപദാര്‍ഥങ്ങളുടേയുമൊക്കെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് മനസ്സ് എന്നു പറയുന്നത്. അബോധമനസ്സായാലും ഉപബോധമനസ്സായാലും ബോധമനസ്സായാലും തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. തുറന്നുകാണിക്കാന്‍ പറ്റും വിധം ശരീരത്തില്‍ അടക്കി വച്ചിരിക്കുന്ന ഒരു അവയവമല്ല അത്.
തലച്ചോറിലെ സ്വാഭാവിക രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതും കൂടെ ജീവിതസാഹചര്യങ്ങളും ചേരുമ്പോഴാണ് വിഷാദവും ഉന്മാദവും ചിത്തഭ്രമവും അതിനു സാധ്യതയുള്ള ഒരു വിഭാഗം ആളുകളില്‍ പുറത്ത് വരുന്നത്. ചിലര്‍ക്കത് കുട്ടിക്കാലം മുതലേയുള്ള ദാരിദ്ര്യം, യാതനകള്‍, ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളില്‍ നിന്നാണെങ്കില്‍ മറ്റുചിലര്‍ക്കത് കുഞ്ഞുന്നാള്‍ മുതല്‍ തങ്ങളുടെ ശരീരത്തിലേക്ക് നീണ്ടുവരുന്ന ലൈംഗിക പീഡനങ്ങളാവും. .ചിലര്‍ക്കാവട്ടെ ജീവിതത്തിന്റെ ഏതെങ്കിലും അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ അല്ലെങ്കില്‍, ചെന്നു പെടുന്ന ഏതെങ്കിലും ഇടങ്ങള്‍ നല്‍കുന്നത്. അത് വീടുകളോ വിദ്യാലയങ്ങളോ ജോലിസ്ഥലങ്ങളോ അങ്ങിനെ എന്തുമാവാം.
മനസ്സുറപ്പില്ലാത്തവര്‍ എന്നൊക്കെ അവരെ വിളിച്ചു പരിഹസിക്കുകയോ ഉപദേശിക്കുകയോ ചെയ്യും മുമ്പേ കാതു കൊടുക്കാത്തത് കൊണ്ടുമാത്രം അറിയാതെ പോവുന്ന കഥകളെക്കുറിച്ച് നമ്മളും അറിയേണ്ടതുണ്ട് .
കാതു കൊടുക്കാത്തത് കൊണ്ടുമാത്രം അറിയാതെ പോവുന്ന കഥകളെക്കുറിച്ച് നമ്മളും അറിയേണ്ടതുണ്ട്
ആ നിശ്ശബ്ദതയിലേക്ക് എത്തണം നമ്മുടെ ശബ്ദങ്ങള്‍
നന്തന്‍കോട് കൂട്ടക്കൊലയിലെ മുഖ്യപ്രതിയായ കേഡാല്‍ ജിന്‍സണ്‍ രാജയെ ഓര്‍മ്മയില്ലേ? സിക്സോഫ്രീനിയ എന്ന കടുത്ത മനസികരോഗത്തിനു നേരത്തെ തന്നേ കേഡാല്‍ ഉടമയായിരുന്നു. മകന്റെ മനോവൈകല്യം കാര്‍ഡിയോളജിസ്റ്റ കൂടിയായിരുന്ന ഡോ. ജീന്‍ പത്മ മറച്ചു വെച്ചു. റിസര്‍ച്ച് ഗൈഡ് ആയിരുന്ന അച്ഛനും അതിന് കൂട്ട് നിന്നു. ഒരുപക്ഷെ രോഗം ശ്രദ്ധയില്‍ പെട്ടപ്പോഴേ ചികിത്സിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തം ഒഴിവാക്കാനാവുമായിരുന്നു.
ഭംഗം സംഭവിക്കുന്നത് ശരീരത്തിനല്ല, മറിച്ച് മനസ്സിനാണ് എന്ന് മനസ്സിലാക്കി കൊണ്ട് വേണം നാമവരെ ചേര്‍ത്തു പിടിക്കാന്‍.
നല്ലൊരു സൈക്യാട്രിസ്റ്റിന് അവരെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ട് വരാന്‍ പറ്റും. മരുന്നുകളോടൊപ്പം കൗണ്‍സലിങ്ങിനും നല്ല ഒരു റോളുണ്ട്. അവരേത് ശ്രേണികളില്‍ പെട്ടവരാകട്ടെ , സാമൂഹികമായ വിലയിരുത്തലുകള്‍ ഭയന്ന് സൈക്യാട്രിസ്റ്റിനെ ചെന്ന് കാണാന്‍ വിമുഖത കാട്ടരുത്. നമ്മുടെ ചെറിയ അശ്രദ്ധ വലിയ ദുരന്തങ്ങളിലേക്കു വഴി വെച്ചേക്കാം.
ഭയാനകമായ നിശ്ശബ്ദത കുമിഞ്ഞു നില്‍ക്കുന്ന ഏകാന്തലോകങ്ങളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുവാന്‍ മനുഷ്യശബ്ദങ്ങള്‍ക്കേ സാധിക്കൂ. ഹൃദയം തൊടുന്ന ഉറ്റവരുടെ ശബ്ദങ്ങള്‍. അതിനാല്‍ നമുക്ക് കുറച്ചൂടെ പരിഗണനകള്‍ ഉള്ളവരാകാം.
മനസ്സുപിടിവിടുന്ന നേരങ്ങളില്‍ ഒന്ന് തട്ടിയുണര്‍ത്തിയാല്‍ മതി; സങ്കടങ്ങളില്‍ ഈ അവസ്ഥയും കടന്നുപോകുമെന്നൊരാള്‍ പറഞ്ഞാല്‍ മതി; സ്നേഹംകൊണ്ടും കരുതല്‍ കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും ചേര്‍ത്തുപിടിച്ചാല്‍ മതി അവര്‍ ശാന്തരാവാന്‍. ആയുഷ്‌കാലം തിളങ്ങിനില്‍ക്കുന്നൊരു പുഞ്ചിരി സ്വന്തമായുള്ളവരാകാന്‍.