അതിരാവിലെയും വൈകുന്നേരവും മുടങ്ങാതെ എത്തി ഇരമത്തൂർ ജുമാ മസ്ജിദിന്റെ മുറ്റം വൃത്തിയാക്കുകയാണ് ഈ 76കാരി. പ്രതിഫലം പോലും ഇച്ഛിക്കാതെയുള്ള ഈ പ്രവർത്തിക്ക് പിന്നിൽ കുഞ്ഞമ്മയ്ക്കുള്ളത് ഒരു വിശ്വാസം
മാന്നാർ: ജീവിതചര്യപോലെ മുടങ്ങാതെ ഇരമത്തൂർ ജുമാ മസ്ജിദിന്റെ മുറ്റം വൃത്തിയാക്കുകയാണ് പൊതുവൂർ പ്ലാന്തറയിൽ പരേതനായ രാഘവന്റെ ഭാര്യ കുഞ്ഞമ്മ(76). അതിരാവിലെ പ്രഭാത നിസ്കാരത്തിന് മുമ്പ് തന്നെ എത്തി പള്ളി മുറ്റവും പരിസരവും അടിച്ച് വൃത്തിയാക്കുന്ന ജോലി നാലര പതിറ്റാണ്ടു പിന്നിടുമ്പോഴും മറ്റാർക്കും കൈമാറാതെ കുഞ്ഞമ്മ ചെയ്ത് വരികയാണ്. വൈകുന്നേരങ്ങളിലും പള്ളിയിലെത്തി മുറ്റവും പള്ളിയ്ക്ക് മുൻപിലെ റോഡും എതിർവശത്തുള്ള മദ്രസയുടെ മുറ്റവും വൃത്തിയാക്കി കുഞ്ഞമ്മ മടങ്ങും.
ഇതിനൊന്നും യാതൊരു പ്രതിഫലവും കുഞ്ഞമ്മ ആരോടും വാങ്ങാറില്ല. ഇത് ദൈവനിയോഗമായിട്ടാണ് കുഞ്ഞമ്മ കരുതുന്നത്. നാല്പത്തിയേഴ് വർഷം മുമ്പ് നാലുവയസുള്ള മകൻ സന്തോഷ് വെള്ളത്തിൽ വീണപ്പോൾ കുഞ്ഞമ്മ മകനെയും വാരിയെടുത്ത് ഓടിയെത്തിയത് ഇരമത്തൂർ മസ്ജിദിന്റെ മുറ്റത്തായിരുന്നു. അന്ന് മകന്റെ ജീവൻ രക്ഷിക്കാൻ കാരണമായത് പള്ളിയും പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ദിവ്യന്റെ ശക്തിയുമാണെന്നാണ് കുഞ്ഞമ്മ വിശ്വസിക്കുന്നത്. അന്ന് മുതൽ തുടങ്ങിയതാണ് കുഞ്ഞമ്മയ്ക്ക് ജുമാ മസ്ജിദുമായുള്ള ആത്മബന്ധം.
undefined
പല വീടുകളിലായി പ്രസവ ശുശ്രൂഷ ചെയ്ത് കിട്ടുന്ന തുശ്ച വരുമാനമാണ് കുഞ്ഞമ്മയുടെ ഉപജീവനം. പെരിങ്ങിലിപ്പുറം പ്രാഥമികാരോഗ്യത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ഭർത്താവ് രാഘവൻ 21 വർഷം മുൻപ് മരണപ്പെട്ടു. മകൻ സന്തോഷ് ഇപ്പോൾ പരുമലയിലാണ് താമസം. മകൾ സിന്ധു ഭർതൃ ഗൃഹത്തിലുമാണ്. കുഞ്ഞമ്മ കൊച്ചുമക്കളോടോപ്പം ഇരമത്തൂർ പൊതൂരിലുമാണ് താമസം.
ഇഅരമത്തൂർ ജുമാ മസ്ജിദ് പരിപാലന സമിതിയും ജമാഅത്ത് അംഗങ്ങളും കുഞ്ഞമ്മയോട് വളരെ കരുതലോടെയാണ് പെരുമാറുന്നത്. പള്ളിയിലെ വിശേഷ ദിവസങ്ങളിൽ ഒരു പ്രത്യേക പങ്ക് കുഞ്ഞമ്മയ്ക്കായി ജമാഅത്ത് കമ്മിറ്റി നീക്കി വെക്കുമെന്നും തങ്ങളുടെയൊക്കെ കുടുബത്തിലെ ഒരംഗമാണ് കുഞ്ഞമ്മയെന്നും ജമാത്ത് പ്രസിഡന്റ് മുഹമ്മദ് അജിത്തും സെക്രട്ടറി ഷിജാറും പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം