ഓരോ ട്രിപ്പിന് മുൻപും ചെക്കിങ്; ടൂറിസ്റ്റ് ബസുകൾ കട്ടപ്പുറത്ത്; കെഎസ്ആർടിസിയെ രക്ഷിക്കാനോ?

By Ardra S Krishna  |  First Published Dec 5, 2022, 3:34 PM IST

'90 ദിവസത്തെ ടാക്സ് അടച്ചാൽ 45 ദിവസം പോലും വണ്ടിയോടുന്നില്ല, നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കട്ടെ. പക്ഷേ എന്നും ബസ് ഹാജരാക്കി റിപ്പോർട്ട് വാങ്ങാൻ ആവശ്യപ്പെടുന്നത് ക്രൂരതയാണ്. ലോണടക്കം വലിയ ബാധ്യത ഞങ്ങളുടെമേലുണ്ട്. ഈ ദുരിതം ആരോട് പറയും..?'


തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസുകളിലെ പഠനയാത്രകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന്  പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വേഗപരിധിക്ക് പൂട്ടിട്ടതുൾപ്പെടെ സ്വീകരിച്ച നടപടികൾ വലിയ കരുതൽ പകർന്നു. അതേസമയം, സുരക്ഷയുടെ പേരിലുണ്ടായ ചില പരിഷ്കരണങ്ങൾ ടൂറിസ്റ്റ് ബസ് വ്യവസായത്തെ തന്നെ പ്രതിസന്ധിയിലാക്കിയെന്ന വിമർശനവും ഉയരുന്നു.

വിദ്യാർഥികളുമായുള്ള പഠനയാത്രക്ക് മുന്നോടിയായി ബസുകൾ പരിശോധിക്കണമെന്ന നിർദ്ദേശമാണ് ബസ് ഉടമകളേയും തൊഴിലാളികളെയും വലയ്ക്കുന്നത്. എല്ലാ സ്കൂൾ- കോളേജ് യാത്രയ്ക്ക് മുൻപും ആർടിഒയിൽ നിന്ന് അനുമതി വാങ്ങണമെന്നാണ് പുതിയ നിർദ്ദേശം. അതിനാൽ ഒരോ സ്കൂളുകളിലെയും യാത്രയ്ക്ക് വേണ്ടി പ്രത്യേകം ഇൻസ്പെക്ഷൻ റിപ്പോർട്ട് വാങ്ങേണ്ടി വരുന്നു.  ഇതിലൂടെ ഭീമമായ തൊഴിൽ, സാമ്പത്തിക നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ബസ് ഉടമകളും തൊഴിലാളികളും പറയുന്നു.

Latest Videos

undefined

വിമർശനങ്ങൾ ഉയർന്നതോടെ യാത്രയ്ക്ക് ഏഴ് ദിവസം മുൻപ് കേരളത്തിലെ ഏത് ഓഫീസിലും വാഹനം പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഇളവ് നൽകി. എന്നാൽ ഇതൊന്നും പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നില്ല.  സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളുടേയും പരിശോധന നടത്തേണ്ട മോട്ടേർ വാഹന വകുപ്പിന് തന്നെയാണ് ഈ അധിക ചുമതല എന്നതും പ്രായോഗിക ബുദ്ധമുട്ടുകൾ വർധിപ്പിക്കുന്നു.

'ഓഗസ്റ്റ് മുതൽ സ്കൂൾ കോളേജ് യാത്രകളുടെ സീസനാണ്. പക്ഷേ ഓരോ ട്രിപ്പിനും മുൻപുള്ള പരിശോധന മൂലം പകുതി യാത്രകളും മുടങ്ങുന്നു. എല്ലാ ദിവസവും ഞങ്ങൾ ഓഫീസിൽ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ്. ഒരാഴ്ച മുഴുവൻ വണ്ടി സർവ്വീസ് നടത്തുന്നുണ്ടെങ്കിൽ അതിന് തൊട്ട് മുൻപുള്ള ആഴ്ചയിൽ അത്രതന്നെ ദിവസം അനുമതിക്കായി കാത്ത് നിൽക്കണം. എല്ലാ ബസുകളും ഈ അനുമതി തേടിയെത്തുമ്പോൾ പരിശോധനയ്ക്കെടുക്കുന്ന സമയവും നീളും. ചുരുക്കത്തിൽ ഈ ദിവസങ്ങളിൽ സർവ്വീസ് മുടങ്ങും.'  എറണാകുളത്തെ ബ്രദേഴ്സ് ഹോളിഡേയ്സ് ഉടമ ജോബി പറഞ്ഞു.

'വിളിക്കുന്നവർ ആവശ്യപ്പെടുന്ന ദിവസം സർവ്വീസ് നടത്താമെന്ന് ഉറപ്പ് പറയാനാവുന്നില്ല. കാരണം, ഒരു തവണ അനുമതി ലഭിച്ചാലും അടുത്ത പരിശോധനയിൽ പല മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി അനുമതി തരാത്ത അവസ്ഥയുണ്ട്. ഒരു വിഭാഗം നടത്തുന്ന നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുഴുവൻ പേരെയും കഷ്ടപ്പെടുത്തുകയാണ്. ഒരു ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ ഒരു യാത്രമാത്രമേ നടത്താനാകൂ.' എട്ട് വർഷമായി ടൂറിസ്റ്റ് ബസ് ഡ്രൈവറും പാക്കേജറുമായ ജോർജ് പിവി പറയുന്നു.

'ബസ് ചെക്കിങ്ങിനായി കൊണ്ടുപോകുമ്പോൾ മിക്കപ്പോഴും ഒരു ദിവസം മുഴുവൻ ഓഫീസുകളുടെ പടിക്കൽ കിടക്കേണ്ടി വരും. ആ ദിവസത്തെ വരുമാനം നഷ്ടംമാകും.  മാത്രമല്ല ആർടി ഓഫീസലേക്ക് ഏകദേശം 20 കിലോമീറ്ററോളമുണ്ട്. ഇവിടേക്കുള്ള ഡീസൽ ചിലവ് തന്നെ താങ്ങാനാവുന്നില്ല.' ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബോട്ട്കിങ് ബസ്സിലെ തൊഴിലാളികളുടെ ആശങ്കൾ നീളുന്നു.

'ഒരു വണ്ടിയുടെ പെർമിറ്റ് കുറഞ്ഞത് മൂന്ന് മാസമെങ്കിലും നീട്ടിതന്നുകൂടെ. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കട്ടെ. പക്ഷേ എന്നും ബസ് ഹാജരാക്കി റിപ്പോർട്ട് വാങ്ങൻ ആവശ്യപ്പെടുന്നത് ക്രൂരതയാണ്. 90 ദിവസത്തെ ടാക്സ് അടച്ചാൽ 45 ദിവസം പോലും വണ്ടിയോടുന്നില്ല, ലോണടക്കം വലിയ ബാധ്യത ഞങ്ങളുടെമേലുണ്ട്. കിട്ടുന്ന വരുമാനം  ജീവനക്കാരുടെ ശമ്പളത്തിനുപോലും തികയുന്നില്ല. ഈ ദുരിതം ആരോടാണ് പറയേണ്ടത്..? ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷനായ സിസിഒഎ പ്രസിഡൻറ് ബിനു ജോണിന്റെ പ്രതികരണം ഇങ്ങനെ.

അനധികൃത മോഡിഫിക്കേഷനുകൾ ഒഴിവാക്കാനാണ് ഇത്തരം നടപടികളെന്ന വിശദീകരണമാണ് ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്നത്. അങ്ങനെയെങ്കിൽ സ്കൂൾ കോളേജ് യാത്രകൾക്കു മാത്രമല്ല എല്ലാ യാത്രയിലും ഈ പരിശോധന നടത്തേണ്ടതല്ലെ എന്ന ചോദ്യവും ഉയരുന്നു.

അതേസമയം, ടൂറിസ്റ്റ് ബസുകളെ പ്രതികൂലമായി ബാധിക്കുന്ന നിപാടുകൾ സ്വീകരിക്കുന്നത് കെഎസ്ആർടിസിയെ സംരക്ഷിക്കാനാണെന്ന വിമർശനവും ഉയരുന്നുണ്ട്. ടൂറിസ്റ്റ് ബസ് മേഘല നേരിടേണ്ടി വരുന്ന ഈ വെല്ലുവിളികളൊക്കെ കെഎസ്ആർടിസിക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. മാത്രമല്ല സ്റ്റിക്കർ പതിക്കുന്നതു മുതൽ കർട്ടനുകൾ ഉപയോഗിക്കുന്നതിൽ വരെ  നിർദ്ദേശിക്കുന്ന നിയമങ്ങളൊന്നും കെഎസ്ആർടിസി പാലിക്കുന്നില്ലെന്ന വിമർശനവുമുണ്ട്.

വരുമാനം നഷ്ടപ്പെടുമ്പോൾ കൊറോണയും തുടർന്നുണ്ടായ സാമ്പത്തിക ആഘാതങ്ങളും തരണം ചെയ്യാൻ കഷ്ടപ്പെടുന്ന ബസുടമകളും തെഴിലാളികളും നിസ്സഹായരാകുകയാണ്. ടാക്സും ഇൻഷുറൻസും അടച്ച് നിർദ്ദേശങ്ങളും പാലിച്ച് നിരത്തിലിറങ്ങുന്നവർക്ക് നേരെയുള്ള പ്രഹരമാണ് ഈ നടപടികൾ.

.കോടികളുടെ നികുതി വരുമാനമാണ് ഈ വ്യവസായത്തിൽ നിന്ന് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനോടകം   മറ്റു സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വിറ്റതും സർവ്വീസ് അവസാനിപ്പിച്ചതുമായ ബസുകളുടെ പട്ടിക വളരെ വലുതാണ്. സർക്കാരിൽ നിന്ന് വേണ്ട പിൻതുണ ലഭിക്കാതിരിക്കുമ്പോൾ ടൂറിസ്റ്റ് ബസ് വ്യവസായം തന്നെ ഇല്ലാകുമെന്ന നിസംഗതയും ഇവർ ചൂണ്ടിക്കാട്ടുന്നു.

സര്‍വ്വീസ് നടത്താനുള്ള ഒരു രേഖയുമില്ല, വ്യാജ നമ്പറുമായി വിദ്യാര്‍ത്ഥികളുമായി എത്തിയ 'സ്പാര്‍ടന്‍സ്' പിടിയില്‍

വടക്കഞ്ചേരി ബസ് അപകടം:'കെഎസ്ആര്‍ടിസി ബസിന്‍റെ ഭാഗത്തും പിഴവ്',മോട്ടോര്‍ വാഹനവകുപ്പിന്‍റെ അന്തിമ റിപ്പോർട്ട്

click me!