പാലത്തിലെ ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ശുചീകരണ തൊഴിലാളികളെ കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയത്.
ഷൊർണൂർ: ഷൊര്‍ണൂർ റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചത് പാലത്തിൽ നിന്നും മാറാൻ സൌകര്യമില്ലാത്തിനാലെന്ന് ദൃക്സാക്ഷി. ട്രെയിൻ വരുമ്പോൾ ശുചീകരണ തൊഴിലാളികൾക്ക് മാറി നിൽക്കാൻ സ്ഥലമില്ലായിരുന്നുവെന്ന് അപകടത്തിന് ദൃക്സാക്ഷിയായ പ്രാദേശിക മാധ്യമപ്രവർത്തകൻ മനോജ് പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി നാളെ ഷൊർണൂർ വഴി കടന്നു പോകുന്നുണ്ട്. അതുകൊണ്ടാണ് തിരക്കിട്ട് ട്രാക്ക് വൃത്തിയാക്കിയിരുന്നത്. പ്രദേശത്ത് കുറേ മാലിന്യങ്ങളുണ്ടായിരുന്നു. അത് ചാക്കിലാക്കി കൊണ്ടുപോകുമ്പാഴാണ് ദാരുണമായ അപകടം സംഭവിച്ചതെന്ന് മനോജ് പറഞ്ഞു.
സ്ഥിരം തൊഴിലാളികളല്ല അപകടത്തിൽപ്പെട്ടത്. 10 പേരെ ശുചീകരണത്തിനായി താൽക്കാലികമായി കൊണ്ടുവന്നതാണെന്നാണ് അറിഞ്ഞത്. അവർ പാലത്തിന് അപ്പുറത്ത് നിന്നും മാലിന്യ ചാക്കുമായി നടന്ന് പോകുമ്പോഴാണ് ട്രെയിൻ എത്തിയത്. അവർക്ക് മാറി നിൽക്കാൻ സൌകര്യമുണ്ടായിരുന്നില്ല. ട്രെയിൻ വരുന്നത് കണ്ട് 6 പേർ ഓടിമാറി. എന്നാൽ 4 പേർക്ക് രക്ഷപ്പെടാനായില്ലെന്ന് മനോജ് പറഞ്ഞു.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് ഇന്ന് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിൻ പാലമുള്ളത്. പാലത്തിലെ ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ശുചീകരണ തൊഴിലാളികളെ കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയത്.
മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വെ പുറം കരാര്‍ നൽകിയ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് വില്ലുപുരം സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. പുഴയിൽ വീണ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ഒരു പുരുഷന്‍റെ മൃതദേഹമാണ് കിട്ടാനുള്ളത്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More : വീണ്ടും ട്രെയിൻ തട്ടി അപകടം; മലപ്പുറം താനൂരിൽ ജനശതാബ്ദി എക്സ്പ്രസ് തട്ടി യുവാവ് മരിച്ചു
വീഡിയോ സ്റ്റോറി