സമീപത്ത് കൃഷിപ്പണിക്കെത്തിയ കൃഷ്ണകുമാർ, കൈ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് പഴകിയ ശരീര ഭാഗം കരക്കടിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒരു കാലും നട്ടെല്ലിൻറെയും തലയോടിൻറെയും ഭാഗങ്ങളാണുണ്ടായിരുന്നത്.
ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് ശരീരഭാഗങ്ങൾ ഒഴുകിയെത്തിയ നിലയിലാണ് കണ്ടെത്തിയത്. തോട്ടിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ മൂന്നു മാസം മുമ്പ് കാണാതായ ഉപ്പുതറ സ്വദേശി ഇടവേലിക്കൽ ചെല്ലമ്മയുടേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പീരുമേട് ടീ കമ്പിനിയിലെ ലോൺട്രി ഡിവിഷനിൽ കല്ലുകാട് തോട്ടിലാണ് മൃതദേഹത്തിൻറെ അവശിഷ്ടം കണ്ടത്. സമീപത്ത് കൃഷിപ്പണിക്കെത്തിയ കൃഷ്ണകുമാർ, കൈ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് പഴകിയ ശരീര ഭാഗം കരക്കടിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒരു കാലും നട്ടെല്ലിൻറെയും തലയോടിൻറെയും ഭാഗങ്ങളാണുണ്ടായിരുന്നത്. സ്ത്രീയുടേതെന്ന് തോന്നിക്കുന്നതാണ് ശരീരാവശിഷ്ടം ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി. പൊലീസ് മൃതദേഹത്തിൻറെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ തുടങ്ങി. ഓഗസ്റ്റ് ഏഴിന് ഉപ്പുതറ സ്വദേശിയായ ഇടവേലിക്കൽ ചെല്ലമ്മയെന്ന 85 കാരിയെ കാണാതായിരുന്നു. ശരീരഭാഗങ്ങൾ ഇവരുടെ ആണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലും ചെല്ലമ്മയെ കാണാതായിരുന്നു. എന്നാൽ തെരച്ചിലിൽ തെയിലത്തോട്ടത്തിൽ നിന്നും കണ്ടെത്തി.
ഇത്തവണ കാട്ടിൽ കയറിയതിനു ശേഷം വഴി തെറ്റി അബദ്ധത്തിൽ കാൽവഴുതി തോട്ടിൽ വീണ് മരണം സംഭവിച്ച് ആകാം എന്നാണ് കരുതുന്നത്. ചെല്ലമ്മയെ കാണാതായത് സംബന്ധിച്ച് ഉപ്പുതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിഎൻഎ പരിശോധന ഫലവും, പോസ്റ്റുമോർട്ടം റിപ്പോർട്ടും വന്നതിനു ശേഷം മാത്രമേ ശരീര അവശിഷ്ടം ചെല്ലമ്മയുടെതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Read More : ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു