അലൻ വാക്കറുടെ സംഗീതപരിപാടി നടന്ന മറ്റ് ഏതൊക്കെ നഗരങ്ങളിൽ കൂട്ടമോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എന്നതും അന്വേഷിക്കുന്നു.
കൊച്ചി : അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ നടന്ന വ്യാപക ഫോൺ മോഷണത്തിന് പിന്നിൽ അസ്ലം ഖാൻ ഗ്യാങ്ങെന്ന് സംശയം. ഇവരെ തേടി കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ദില്ലിക്ക് പോകും. വലിയ ആൾക്കൂട്ടമെത്തുന്ന പരിപാടിക്ക് കാലേക്കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് എത്തുക. തിരക്കിന്റെ ആനുകൂല്യത്തിൽ ഫോണുകൾ മോഷ്ടിക്കുക. അന്ന് തന്നെ വിമാനത്തിലും ട്രെയിനിലുമായി സ്ഥലം വിടുക. ഈ രീതി അസ്ലം ഖാൻ ഗ്യാങ്ങിന്റേതാണ്. അതുകൊണ്ടാണ് കുപ്രസിദ്ധ പോക്കറ്റടി സംഘത്തിലേക്ക് മുളവുകാട് പൊലീസിന്റെ അന്വേഷണം നീളുന്നത്. മോഷണം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പല ഫോൺ ലൊക്കേഷനുകളും ദില്ലിയിലാണെന്ന് വ്യക്തമായതും കാരണമായി.
അസ്ലം ഖാൻ ഗ്യാങ് മുമ്പ് പിടിയിലായ സമയത്തെ ഫോട്ടോകളും വിവരങ്ങലും ദില്ലി പൊലീസിൽ നിന്ന് ശേഖരിക്കണം. എന്നിട്ട് ആ ഗ്യാങ്ങിൽ നിന്നുള്ള ആരെങ്കിലും ബോൾഗാട്ടിയിൽ എത്തിയിരുന്നോ എന്ന് ദൃശ്യങ്ങൾ വിലയിരുത്തി പരിശോധിക്കണം. സംഗീതപരിപാടി നടക്കുന്നിടത്തെ ഇരുണ്ട വെളിച്ചവും ഡ്രോൺ ഷോയും ഒക്കെയാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തുമ്പും തെളിവും കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
undefined
അലൻ വാക്കറുടെ സംഗീതപരിപാടി നടന്ന മറ്റ് ഏതൊക്കെ നഗരങ്ങളിൽ കൂട്ടമോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എന്നതും അന്വേഷിക്കുന്നുണ്ട്. ഇതന്റെ ഭാഗമായി മുളവുകാട് നിന്നുള്ള ടീം ബെംഗളൂരുവിലേക്കും പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ, ജസ്റ്റിൻ ബീബറുടെ സംഗീതപരിപാടി തുടങ്ങി ആളു കൂടുന്നിടത്ത് നിന്നെല്ലാം വ്യാപമകായി ഫോൺ മോഷ്ടിച്ചാണ് അസ്ലം ഖാൻ ഗ്യാങ് കുപ്രസിദ്ധി നേടിയത്. ഇതിനിടെ പ്രവേശനകവാടത്തിലെ തിക്കിലും തിരക്കിനുമിടയിലാണ് ഫോൺ നഷ്ടമായതെന്ന് ചില പരാതിക്കാർ ഉന്നയിച്ച സാഹചര്യത്തിൽ തിക്കും തിരക്കും മനപൂർവം ഉണ്ടാക്കിയോ ഉണ്ടാക്കിയെങ്കിൽ അതാര് ചെയ്തു, പ്രാദേശികമായി എന്തെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.