കാറിൽ കഞ്ചാവുമായി യുവാക്കൾ, വാഹന പരിശോധനയ്ക്ക് ഇറങ്ങി പൊലീസ്; രണ്ട് പേ‍ർ പിടിയിൽ

By Web Team  |  First Published Nov 19, 2024, 6:46 PM IST

ഒഡീഷ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ഇടുക്കിയിൽ വിപണനം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ്. 


ഇടുക്കി: തൊടുപുഴയിൽ വിൽപ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. തൊടുപുഴ സ്വദേശികളായ റിൻസാദ്, നൗഫൽ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന അനൂപ് ഓടി രക്ഷപ്പെട്ടു.

ഒഡീഷ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ഇടുക്കിയിൽ വിപണനം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ എത്തിച്ച കഞ്ചാവുമായി തൊടുപുഴയിലേക്ക് വരികയായിരുന്നു സംഘം. രഹസ്യ വിവരം ലഭിച്ച പൊലീസ് പെരുമ്പള്ളിച്ചിറയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂവർ സംഘം കഞ്ചാവുമായി എത്തിയത്.  

Latest Videos

തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇവരുടെ സംഘം ലഹരി വില്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട തൊടുപുഴ സ്വദേശി അനൂപിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ റിൻസാദ് മൂന്ന് കഞ്ചാവ് കേസുകളിലും അങ്കമാലിയിൽ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. നൗഫലിനെതിരെയും മറ്റു കേസുകൾ നിലവിലുണ്ട്.

READ MORE: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി; ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുറിച്ച് ചർച്ച, നിർണായക നീക്കം

click me!