പാതിയുള്ള കാഴ്ചയിൽ അവൾ ജീവിതം തിരികെപിടിച്ചു. ഫോട്ടോഗ്രഫിയിൽ അത്ഭുതം തീർത്തു.
കൊച്ചി: ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തെരുവുനായ ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. പലരും അതോടെ ജീവിതം അവസാനിച്ചു എന്ന് കരുതും. എന്നാൽ എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയായ പത്മപ്രിയ എന്ന പെൺകുട്ടി അങ്ങനെ കരുതിയില്ല. പാതിയുള്ള കാഴ്ചയിൽ അവൾ ജീവിതം തിരികെപിടിച്ചു. ഫോട്ടോഗ്രഫിയിൽ അത്ഭുതം തീർത്തു. ഇവിടെ വെച്ചാണ് തന്നെ തെരുവുനായ ആക്രമിച്ചതെന്ന് വീടിന് മുന്നിലെ ഇടവഴി ചൂണ്ടിക്കാട്ടി പത്മപ്രിയ പറഞ്ഞു.
''തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കാണ് പോയത്. അവിടെയെത്തി കണ്ണിന് ചുറ്റും ഒരുപാട് ഇഞ്ചക്ഷനെടുത്തു. അപ്പോൾത്തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക്. ആറ് സർജറികൾ. അതിൽ രണ്ട് പ്ലാസ്റ്റിക് സർജറികളും. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. സ്കൂളിലൊന്നും പോകാൻ പറ്റിയില്ല.'' പൈലറ്റാകണമെന്നായിരുന്നു ആഗ്രഹമെന്ന് പത്മപ്രിയ പറയുന്നു. പിന്നീടത് നടക്കില്ലെന്ന് മനസിലായി. അങ്ങനെ ഒരു കല്യാണ സ്ഥലത്ത് വെച്ചാണ് ഒരു കണ്ണടച്ച് പിടിച്ച് ഫോട്ടോയെടുക്കുന്നത് കണ്ടത്. ഒരു കണ്ണ് അടച്ച് പിടിച്ച് ക്യാമറയിലൂടെ മനോഹരമായ ഫ്രെയിമുകൾ ഒപ്പിയെടുക്കുന്നവരെ കണ്ടപ്പോൾ അവൾക്ക് തോന്നിയത്, തനിക്ക് ഒരു കണ്ണിൽ എപ്പോഴും ഇരുട്ടാണല്ലോ, അത് കൊണ്ട് അവരെ പോലെ തനിക്ക് കണ്ണ് അടച്ച് പിടിക്കണ്ടല്ലോ എന്നാണ്. അല്ലാതെ തനിക്ക് ഒരു കണ്ണ് ഇല്ലല്ലോ എന്നോർത്ത് സങ്കടപ്പെടുക അല്ല അവൾ ചെയ്തത്.
അവിടെയാണ് പത്മപ്രിയ വിജയിച്ചു തുടങ്ങിയത്. അങ്ങനെയാണ് ആദ്യമായി ക്യാമറ വാടകക്ക് എടുത്ത് വര്‍ക്ക് തുടങ്ങുന്നത്. ഇപ്പോള്‍ വർക്കുകള്‍ കിട്ടുന്നുണ്ടെന്ന് പറയുന്നു പത്മപ്രിയ. 'പിന്നെ എനിക്ക് റോൾ മോഡലുകൾ ഇല്ല.' ശരിയല്ലേ അവളേക്കാൾ അവൾക്ക് റോൾ മോഡലാക്കാവുന്ന മറ്റാരാണ് ഉള്ളത്? ജീവിതത്തിലെ പ്രതിസന്ധികളിൽ ഇനി മുന്നിൽ ഒന്നും ഇല്ലെന്ന് കരുതുന്നവർക്ക് പ്രതീക്ഷയാകുന്നുണ്ട് പത്മപ്രിയയും അവളുടെ വാക്കുകളും.