ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ദാരുണ അപകടമുണ്ടായത്. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മറിയുകയായിരുന്നു.
തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോറി പാഞ്ഞുകയറി നാല് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുമെന്നും അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ദാരുണ അപകടമുണ്ടായത്. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മറിയുകയായിരുന്നു. പാലക്കാട് നിന്ന് സിമന്‍റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് പരീക്ഷ കഴിഞ്ഞുമടങ്ങുകയായിരുന്ന കുട്ടികൾക്ക് മേൽ മറിഞ്ഞത്. കരിമ്പ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് വിദ്യാർത്ഥിനികളും അപകട സ്ഥലത്ത് തന്നെ മരിച്ചു. സിമന്റ് ലോഡുമായി കുട്ടികൾക്ക് മേൽ മറിഞ്ഞുവീണ ലോറി ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഉയർത്താനായത്.
Also Read: പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, ആളിക്കത്തി ജനരോഷം, നടുറോഡിൽ പ്രതിഷേധം
അപകടത്തില്‍ പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. കരിമ്പ പഞ്ചായത്തിലെ പനയമ്പാടം
സ്ഥിരം അപകടമേഖലയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം