ചക്കിട്ടപാറയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൈഗർ സഫാരി പാര്‍ക്ക് കേന്ദ്ര മാനനദണ്ഡങ്ങളുടെ കുരുക്കിൽ

By Web TeamFirst Published Jun 18, 2024, 8:07 AM IST
Highlights

പ്രതിസന്ധി മറികടക്കാന്‍ പദ്ധതിയുടെ പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. സഫാരി പാര്‍ക്കിന്പകരം ബയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് തീരുമാനമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍

ചക്കിട്ടപാറ: കോഴിക്കോട് ചക്കിട്ടപാറയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൈഗര്‍ സഫാരി പാര്‍ക്ക് കേന്ദ്ര മാനനദണ്ഡങ്ങളുടെ കുരുക്കില്‍. കടുവ സങ്കേതങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമെ സഫാരി പാര്‍ക്ക് പാടുളളൂ എന്ന ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാനണ്ഡമാണ് പദ്ധതിക്ക് തിരിച്ചടിയായത്. പ്രതിസന്ധി മറികടക്കാന്‍ പദ്ധതിയുടെ പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. സഫാരി പാര്‍ക്കിന്പകരം ബയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് തീരുമാനമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചക്കിട്ടപാറ പഞ്ചായത്തില് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ കീഴിലുള്ള പാട്ടക്കാലാവധി കഴിഞ്ഞ 120 ഹെക്ടര്‍ ഭൂമിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ ടൈഗര്‍ സഫാരി പാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വയനാട് അടക്കമുളള സ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന കടുവകളെ ഇവിടെ പാര്‍ക്കിക്കാനും ഒരു ടൂറിസം കേന്ദ്രമെന്ന നിലയില്‍ പാര്‍ക്കിനെ അവതരിപ്പിക്കാനുമായിരുന്നു ശ്രമം. പദ്ധതിയുടെ ഏകോപനത്തിനായി നോഡല്‍ ഓഫീസറെയും നിയോഗിച്ചിരുന്നു. എന്നാല്‍ ദേശീയ വന്യ ജീവി ബോര്‍ഡിന്‍റേയും, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടേയും മാര്‍ഗ നിര്‍ദേശങ്ങളാണ് സഫാരി പാര്ക്ക് നിര്‍ദിഷ്ട സ്ഥലത്ത് തുടങ്ങുന്നതിനു തടസ്മമായത്. ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന മേഖലകളില്‍ മാത്രമേ സഫാരി പാര്‍ക്ക് പാടുള്ളൂവെന്നതാണ്എന്‍ടിസിഎയുടെ മാര്‍ഗ നിര്‍ദേശം. ഇതനുസരിച്ച് ചക്കിട്ടപാറയിലെ നിര്‍ദിഷ്ട ഭൂമിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് തുടങ്ങാന്‍ അനുമതി കിട്ടില്ല. ഈ സാഹചര്യത്തിലാണ് ടൈഗര്‍ സഫാരി പാര്‍ക്കിനു പകരം ബയോളജിക്കല്‍ പാര്‍ക്ക് തുടങ്ങാനുള്ള വനം വകുപ്പിന്‍റെ തീരുമാനം.

Latest Videos

കോര്ബറ്റ് ടൈഗര്‍ റിസര്‍വുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പ്രകാരം ടൈഗര്‍ സഫാരി പാര്‍ക്കിന് നിലവിലുള്ള മാര്‍ഗ രേഖകള്‍ പുതുക്കേണ്ടതുമുണ്ട്. ഇതിനായി മൂന്നംഗ വിദഗ്ധസമിതിയേയും നിയോഗിച്ചു. ഈ മാസം അവസാനത്തോടെ പുതുക്കിയ മാര്‍ഗരേഖ സമര്‍പ്പിക്കും. ഈ മാര്‍ഗരേഖയുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറക്കാകും പാര്‍ക്കിന്‍റെ അനുമതിക്കായി വനം വകുപ്പ് നീക്കം തുടങ്ങുക. പാര്‍ക്ക് തുടങ്ങുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ക്കിന്‍റെ അനുമതി ലഭ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഉടന്‍ തന്നെ ഉന്നത തല യോഗം ചേരാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!