മഞ്ചേരി ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഡിഎംഒ

By Web Team  |  First Published Sep 29, 2024, 5:29 AM IST

ഡോക്ടര്‍മാരെ ഉള്‍പ്പെടെ ജീവനക്കാരെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും ഡിഎംഒ വിശദീകരിച്ചു.


മലപ്പുറം: മഞ്ചേരി ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ അറിയിച്ചു. എംഎല്‍എമാരായ പി ഉബൈദുള്ള, പി. അബ്‍ദുൾ ഹമീദ്, ടി വി ഇബ്രാഹിം എന്നിവരാണ് ആസൂത്രണസമിതി യോഗത്തില്‍  വിഷയം ഉന്നയിച്ചത്. ഡോക്ടര്‍മാരെ ഉള്‍പ്പെടെ ജീവനക്കാരെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും ഡിഎംഒ വിശദീകരിച്ചു.

നിപ, എം പോക്സ് പോലുള്ള രോഗങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്നും  ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ടി വി ഇബ്രാഹം എംഎല്‍എ പറഞ്ഞു. എം പോക്സ് പടരാതിരിക്കാന്‍ വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തണമെന്നും എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഒഴിവുള്ള എജുക്കേഷന്‍ മീഡിയാ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്താന്‍ നടപടി വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

Latest Videos

undefined

നാഷണല്‍ ഹൈവേയില്‍ പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ ഉടന്‍ തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പി അബ്‍ദുൾ ഹമീദ് എംഎല്‍എ ആവശ്യപ്പെട്ടു. കാക്കഞ്ചേരി ഭാഗത്ത് ചേളാരിച്ചന്തയിലേക്ക് ദേശീയപാതയില്‍ നിന്നുള്ള പ്രവേശനം സാധ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം വിട്ടുകിട്ടാത്തതാണ് ആക്സസ് റോഡ് നിര്‍മിക്കാന്‍ തടസ്സമെന്നും സ്ഥലം വിട്ടുകിട്ടിയാലുടന്‍ ആക്സസ് റോഡ് അനുവദിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

തിരൂര്‍-കടലുണ്ടി റോഡില്‍ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനുമുമ്പ് ജല്‍ജീവന്‍ മിഷന്റെ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറം മച്ചിങ്ങല്‍ ഭാഗത്ത് റോഡപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പി. ഉബൈദുള്ള എം.എല്‍.എയുടെ നിര്‍ദേശത്തിന് മറുപടിയായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  

മാലിന്യമുക്തം നവകേരളം കാംപയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലുമുള്ള ഉപയോഗശൂന്യമായ വാഹനങ്ങളും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ്കലക്ടര്‍ ദിലീപ് കൈനിക്കര, അസി. കലക്ടര്‍ വി.എം ആര്യ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

നടുറോഡിൽ 33 അടി ഉയരത്തിൽ ചീറ്റിത്തെറിച്ചത് മനുഷ്യ വിസര്‍ജ്യം; കാൽനടയാത്രക്കാരടക്കം നനഞ്ഞുകുളിച്ചു, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!