'ഗവൺമെന്‍റേ ഞങ്ങൾക്ക് കളിക്കാൻ ഒരു പന്ത് വാങ്ങിത്തരോ'; ചോദ്യപ്പെട്ടിയിലെ കത്ത് വൈറൽ, പിന്നാലെ സമ്മാനം

By Web TeamFirst Published Oct 5, 2024, 2:07 PM IST
Highlights

എല്ലാ ദിവസവും ഫുട്‌ബോള്‍ കളിക്കാന്‍ ഞങ്ങളെ വിടാറുണ്ട്. ഞങ്ങള്‍ എല്ലാ ദിവസവും തോല്‍ക്കാറും ജയിക്കാറുമുണ്ട്. പക്ഷെ ഞങ്ങള്‍ക്കൊരു വിഷമമുണ്ട്. ഞങ്ങള്‍ക്ക് നല്ലൊരു ഫുട്‌ബോള്‍ ഇല്ല. ഞങ്ങള്‍ ഇത്രയും കാലം പൊട്ടിയ ബാസ്‌കറ്റ് ബോള്‍ ഉപയോഗിച്ചാണ് കളിച്ചത്. ഗവണ്‍മെന്റ് സഹകരിച്ച് ഞങ്ങള്‍ക്കൊരു ഫുട്‌ബോള്‍ വാങ്ങിതരുമോയെന്ന് കുട്ടികൾ

ചാലക്കുടി: സ്കൂൾ കുട്ടികളുടെ കത്ത് വൈറലായതിന് പിന്നാലെ സമ്മാനം. ചാലക്കുടി നായരങ്ങാടി ഗവ. യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ കത്താണ് വൈറലായത്. ഗാന്ധിജയന്തി ദിനത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭയുടെ മുന്നോടിയായി സ്‌കൂളുകളില്‍ സ്ഥാപിച്ച ചോദ്യപ്പെട്ടിയിലാണ് നായരങ്ങാടി യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഹൃദ്വിന്‍ ഹരിദാസും നീരജും കത്തെഴുതിയിട്ടത്.

പ്രിയപ്പെട്ട ഗവണ്‍മെന്റ്, ഞങ്ങള്‍ നായരങ്ങാടി ജി.യു.പി.എസ്. സ്‌കൂളിലാണ് പഠിക്കുന്നത്. എല്ലാ ദിവസവും ഫുട്‌ബോള്‍ കളിക്കാന്‍ ഞങ്ങളെ വിടാറുണ്ട്. ഞങ്ങള്‍ എല്ലാ ദിവസവും തോല്‍ക്കാറും ജയിക്കാറുമുണ്ട്. പക്ഷെ ഞങ്ങള്‍ക്കൊരു വിഷമമുണ്ട്. ഞങ്ങള്‍ക്ക് നല്ലൊരു ഫുട്‌ബോള്‍ ഇല്ല. ഞങ്ങള്‍ ഇത്രയും കാലം പൊട്ടിയ ബാസ്‌കറ്റ് ബോള്‍ ഉപയോഗിച്ചാണ് കളിച്ചത്. ഗവണ്‍മെന്റ് സഹകരിച്ച് ഞങ്ങള്‍ക്കൊരു ഫുട്‌ബോള്‍ വാങ്ങിതരുമോ. ഇതായിരുന്നു കുട്ടിക്കൂട്ടത്തിന്റെ വൈറലായ കത്തിലുണ്ടായിരുന്നത്

Latest Videos

കുട്ടികളുടെ കൗതുകമുണര്‍ത്തുന്ന കത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലിട്ടതോടെ വൈറലായി. പിന്നാലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് കളിക്കാനായി 3 ഫുട്‌ബോളുകൾ സമ്മാനമായി വാങ്ങി നൽകുകയായിരുന്നു.  കത്ത് കണ്ട കോടശേരിയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് പന്ത് സമ്മാനമായി നൽകിയത്. 

സ്കൂൾ കുട്ടികൾക്ക് പന്ത് നൽകുന്ന ചടങ്ങ് വാര്‍ഡ് മെംബര്‍ ഇ.എ. ജയതിലകന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ലിവിത വിജയകുമാര്‍ അധ്യക്ഷയായി. വി.ജെ. വില്യംസ്, പ്രധാനാധ്യാപിക ബബിത, രാഹുല്‍, വിഷ്ണു, ജിജി ജോയ്, ബിന്ദു അനിലന്‍, ഷീബ ബാലന്‍, ഗീത വിശ്വംഭരന്‍, രമ്യ ബാബു എന്നിവര്‍ പ്രസംഗിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!