ഇടുക്കി പള്ളിക്കുന്നിലെ സെന്റ് ജോർജ് സിഎസ്ഐ ദേവാലയം വിദേശികളുടെ ശവകുടീരങ്ങളാൽ ശ്രദ്ധേയമാണ്. 155 വർഷം പഴക്കമുള്ള ഈ പള്ളിയിൽ ജോൺ ഡാനിയൽ മൺറോ ഉൾപ്പെടെ 36 വിദേശികളുടെ കല്ലറകളുണ്ട്.
ഇടുക്കി: വിദേശികളുടെ ശവകുടിരങ്ങൾ ഒന്നര നൂറ്റാണ്ടിലധികമായി സംരക്ഷിക്കുന്ന ചരിത്ര പ്രാധാന്യമുള്ള പള്ളിയുണ്ട്
ഇടുക്കിയിൽ. പീരുമേടിനടുത്ത് പള്ളിക്കുന്നിലുള്ള സെന്‍റ് ജോർജ് സിഎസ്ഐ ദേവാലയത്തെ തീർത്ഥാടന ടൂറിസം
പട്ടികയിൽ ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് വിനോദ സഞ്ചാര വകുപ്പ്. ഇടുക്കിയിലെ തേയില വ്യവസായത്തിന് തുടക്കം കുറിച്ച വിദേശികളുടെ ശവകുടിരങ്ങൾ ഒന്നര നൂറ്റാണ്ടിലധികമായി സംരക്ഷിക്കുന്ന ചരിത്ര പ്രാധാന്യമുള്ള പള്ളിയാണിത്.
മൂന്നാറുൾപ്പെടെ ഇടുക്കിയിലെ തേയില വ്യവസായത്തിന് തുടക്കം കുറിച്ച ജോൺ ഡാനിയൽ മൺറോയുടേതടക്കം 36 വിദേശികളുടെ കല്ലറകളാണ് പള്ളിക്കുന്ന് സെന്‍റ് ജോർജ് പള്ളിയിലെ ബ്രിട്ടിഷ് സെമിത്തേരിയിലുള്ളത്. നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന ഡിങ്ർൺ വിനി ഫ്രെഡ് മേരിയും രണ്ടു വയസുകാരി ബ്രിജെറ്റ് മേരിയും 71 കാരൻ മിൽനർ വാൾട്ടറുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും പീരുമേട്ടിലെ തേയിലത്തോട്ട വ്യവസയവുമായി ബന്ധപ്പെട്ട് എത്തിയവരാണ്. മൺറോയുടെ സന്തത സഹചാരിയായിരുന്ന ഡൗണിയെന്ന വെളുത്ത കുതിരയെ അടക്കം ചെയ്തിരിക്കുന്നതും മൺറോയുടെ കല്ലറയുടെ സമീപത്താണ്. ദേവാലയ സെമിത്തേരിയിൽ കുതിരയ്ക്ക് സ്മാരകമുള്ളത് അപൂർവ സംഭവമാണ്.
ഹെൻട്രി ബേക്കർ 155 വർഷം മുൻപ് ഗോതിക് ശൈലിയിൽ നിർമിച്ച പള്ളിക്കുന്ന് ദേവാലയത്തിൽ ബ്രിട്ടിഷുകാർ ഉപയോഗിച്ച ഫർണിച്ചറുകളും പിയാനോ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സംരക്ഷിച്ചിട്ടുണ്ട്. ബ്രിട്ടിഷ് പൗരൻമാരുടെ ജനന- മരണ രേഖകൾ, കാനോനിക്കൽ രേഖകൾ, ഹെൻട്രി ബേക്കർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്നിവയുമുണ്ട്. ഇവിടുത്തെ കബറിടങ്ങളും പുരാതന സ്മാരകങ്ങളും കാണാൻ കൂടുതൽ സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനായി ടൂറിസം വകുപ്പ് മന്ത്രിയും നേരിട്ടെത്തി. പള്ളിക്കുന്ന് പള്ളിയുടെ പ്രത്യേകതകൾ കേട്ടറിഞ്ഞ് നിരവധി സഞ്ചാരികളും ഇപ്പോഴിവിടേക്കെത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം