ഒരു ദിവസം പോലും മുടങ്ങാതെ ആശുപത്രിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പൊതിച്ചോറ് എത്തിച്ചിട്ടുണ്ട്. പ്രളയ കാലഘട്ടത്തിലും ലോക്ക്ഡൌണില്‍ പോലും ഉച്ചഭക്ഷണ വിതരണം നിലച്ചിട്ടില്ല.
മലപ്പുറം: ഡിവൈഎഫ്ഐ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിവരുന്ന 'ഹൃദയപൂര്‍വം' പൊതിച്ചോര്‍ വിതരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പൊതിച്ചോര്‍ വിതരണം ആരംഭിച്ചിട്ട് ഇന്നലെ 369 ദിവസം പിന്നിട്ടു. പൊതിച്ചോര്‍ വിതരണം തുടങ്ങിയ അന്നു മുതല്‍ ഒരു ദിവസം പോലും മുടങ്ങാതെ ആശുപത്രിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പൊതിച്ചോറ് എത്തിച്ചിട്ടുണ്ട്. പ്രളയ കാലഘട്ടത്തിലും ലോക്ക്ഡൌണില്‍ പോലും ഉച്ചഭക്ഷണ വിതരണം നിലച്ചിട്ടില്ല.
എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും പൊതിച്ചോര്‍ വാങ്ങാനെത്തുന്നുണ്ട്. ഒരു ദിവസം ശരാശരി 600 പൊതികള്‍ വിതരണംചെയ്യുന്നുണ്ട്. ആയിരത്തിലധികം പൊതികള്‍ വിതരണം ചെയ്ത ദിവസങ്ങളുണ്ട്. ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിക്കാണ് പൊതിച്ചോറ് എത്തിക്കാനുളള ചുമതല.
മേഖലാ കമ്മിറ്റിക്ക് കീഴിലെ യൂണിറ്റുകള്‍ ആ പരിധിയിലെ വീടുകളില്‍നിന്ന് ശേഖരിക്കും. രണ്ടുമുതല്‍ അഞ്ചുവരെ പൊതികള്‍ ഒരു വീട്ടില്‍നിന്നും ശേഖരിക്കും. ഇന്നലെ നടന്ന വിതരണ ചടങ്ങില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, ജില്ലാ പ്രസിഡന്റ് പി ഷബീര്‍, തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ കീഴാറ്റൂര്‍ മേഖലയിലെ മൂന്ന് യൂനിറ്റുകളില്‍ നിന്നായി 1026 പൊതിച്ചോര്‍ വിതരണം ചെയ്യാനായി എത്തിച്ചു. ഇതുവരെയായി 2,52,069 പൊതിച്ചോര്‍ വിതരണം ചെയ്തതായി സംഘാടകര്‍ അറിയിച്ചു.