ആരോഗ്യവകുപ്പിന്റെ മോഷണം പോയ ജീപ്പ് ഉപേക്ഷിച്ച നിലയിൽ, അകത്ത് രക്തക്കറ, അന്വേഷണം ഊര്‍ജിതം

By Web TeamFirst Published Jul 26, 2022, 10:26 AM IST
Highlights

ജീപ്പിന്റെ രണ്ട് ഡോറുകളിലെ ചില്ലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. പൂട്ട് പൊളിച്ച നിലയിലാണുള്ളത്. ജീപ്പിനകത്ത് രക്തക്കറയും കണ്ടെത്തി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കവർന്ന ആരോഗ്യവകുപ്പിന്റെ ജീപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളി റോഡിലാണ് ജീപ്പ് കണ്ടെത്തിയത്. ജീപ്പിനകത്ത് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസിലെ ലക്ചറർ തിയേറ്റർ കോംപ്ലക്സിൽ നിർത്തിയിട്ടിരുന്ന ജീപ്പാണ് കാണാതായത്. 

തിങ്കളാഴ്ച പുലർച്ചെ ഇരിങ്ങാടൻ പള്ളി റോഡിന് സമീപം ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ജീപ്പിന്റെ രണ്ട് ഡോറുകളിലെ ചില്ലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. പൂട്ട് പൊളിച്ച നിലയിലാണുള്ളത്.  ജീപ്പിനകത്ത് രക്തക്കറയും കണ്ടെത്തി. പൂട്ട് പൊളിക്കുന്നതിനിടെ കൈയിൽ മുറിവുണ്ടായതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടർച്ചയായി ജീപ്പിൻ്റെ ഹോൺ ശബ്ദം കേട്ട നാട്ടുകാരാണ് ജീപ്പ് കണ്ടെത്തിയത്. 

Latest Videos

ജീപ്പിൽ നിന്നിറങ്ങി രണ്ടുപേർ പോകുന്നതും നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവരം അറിയിക്കുമ്പോഴാണ് ജീപ്പ് കവർച്ച നടത്തിയ വിവരം അധികൃതർ അറിയുന്നത്. ജീപ്പിൽ രക്തക്കറ കണ്ടെത്തിയതോടെ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കാട്ടുപന്നികളുടെ വിളയാട്ടം: കോഴിക്കോട് കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട്: കോഴിക്കോട്  കൃഷിയിടത്തിൽ ഇറങ്ങിയ  പന്നിയെ വെടിവെച്ച് കൊന്നു.  താമരശ്ശേരിയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ ആണ് കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നത്. താമരശ്ശേരി വെഴുപ്പുർ വൃന്ദാവൻ എസ്റ്റേറ്റിലെ വിശ്വനാഥൻറെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെയാണ് വനം വകുപ്പ് എം പാനൽ ഷൂട്ടർ മൈക്കാവ്കുന്നു പുറത്ത് തങ്കച്ചൻ വെടിവെച്ച് കൊന്നത്. 

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.ടി. അബ്ദ റഹിമാൻ മാസ്റ്റർ, സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നിയെ സംസ്ക്കരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ് നൽകാനുള്ള അധികാരം കൈവന്ന ശേഷം താമരശ്ശേരിയിലെ ആദ്യ സംഭവമാണ് ഇത്.  കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്.  വനപ്രദേശത്തിനോട് അടുത്തുള്ള കൃഷിയിടങ്ങളില്‍ മാത്രമല്ല, ജനവാസ കേന്ദ്രങ്ങളില്‍ കൃഷി ചെയ്താലും കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. 

കപ്പ കൃഷിയാണ് പന്നികള്‍ ഏറ്റവും കൂടുതൽ  നശിപ്പിക്കുന്നത്. കൂടാതെ വാഴ,  ചേമ്പ്, ചേന തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകരെല്ലാം പന്നികളേ പേടിച്ചാണ് കഴിയുന്നത്. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന പന്നികള്‍ എല്ലാ കൃഷികളും നശിപ്പിക്കുന്നുണ്ട്. കപ്പയ്ക്ക് മാർക്കറ്റിൽ 40 രൂപയാണ് വിലയെങ്കിലും കർഷകർക്ക് കൃഷി ഇറക്കിയതിന്‍റെ ചെലവിനുള്ള  വിളവ് പോലും പന്നികൾ നൽകുന്നില്ല. വല്ലപ്പോഴും മാത്രമാണ് ഒന്നോ രണ്ടോ പന്നിയെ വെടിവെച്ച് ഇല്ലാതാക്കാൻ കർഷകർക്ക് അനുവാദം ലഭിക്കുന്നത്.   പന്നി ശല്യം ഒഴിവാക്കാനായി വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Read More : പന്നിപ്പനി കേസുകളിൽ വർദ്ധനവ്: അറിയാം കാരണങ്ങളും ലക്ഷണങ്ങളും

click me!