മാസം പകുതി കഴിഞ്ഞിട്ടും ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

By Web TeamFirst Published Oct 18, 2024, 12:05 AM IST
Highlights

ആംബുലൻസുകളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിലും ജീവനക്കാരുടെ ശമ്പളം, ആംബുലൻസുകളിലെ ഓക്സിജൻ, മരുന്നുകൾ എന്നിവ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ സർവീസ് നിർത്തി വെക്കേണ്ട സ്ഥിതിയാണ്.

കൊച്ചി: മാസം പകുതി കഴിഞ്ഞിട്ടും  108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ. വരും ദിവസങ്ങളിൽ കനിവ് 108 ആംബുലൻസ്  സർവീസ് നിലയ്ക്കാൻ സാധ്യത എന്ന് സൂചന. പതിനേഴാം തീയതി ആയിട്ടും ജീവനക്കാർക്ക് ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട കുടിശിക തുക 100 കോടി പിന്നിട്ടതോടെയാണ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുന്നത്. 

ആംബുലൻസുകളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിലും ജീവനക്കാരുടെ ശമ്പളം, ആംബുലൻസുകളിലെ ഓക്സിജൻ, മരുന്നുകൾ എന്നിവ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് തുക കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് വരും ദിവസങ്ങളിൽ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനവുമായി കരാർ കമ്പനി എത്തിയിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ ശമ്പള വിതരണം സംബന്ധിച്ചോ സർവീസ് നിർത്തുന്നത് സംബന്ധിച്ചോ വ്യക്തത നൽകാൻ അധികൃതർ തയ്യാറാകുന്നില്ല എന്ന് ജീവനക്കാർ ആരോപിക്കുന്നു. 

Latest Videos

108 ആംബുലൻസ് പദ്ധതി നിലച്ചാൽ അടിയന്തര സാഹചര്യങ്ങൾ പൊതുജനത്തിന് മറ്റു മാർഗ്ഗങ്ങൾ തേടേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി കാരണം നിലവിൽ ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തിലാണ്. ആരോഗ്യവകുപ്പിന്റെ 60 ശതമാനം വിഹിതത്തിലും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 40% വിഹിതത്തിലുമാണ് 108 ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പ്. ഇതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വിഹിതം ലഭിക്കാതെ വന്നതും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വിഹിതത്തിൽ കുടിശ്ശിക വന്നതുമാണ് പ്രതിസന്ധി രൂക്ഷമായതെന്ന് അധികൃതർ വ്യക്തമാക്കി.  

2023 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കുടിശ്ശികത്തുകയാണ് 100 കോടി പിന്നിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 3ന് സ്വകാര്യ കമ്പനിയുമായുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ 5 വർഷത്തെ കരാർ അവസാനിച്ചെങ്കിലും ഇത് മൂന്നുമാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. ഓഗസ്റ്റ് മൂന്നിന് ഈ കരാറും അവസാനിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. നിലവിൽ വ്യക്തമായ കരാർ ഇല്ലാതെയാണ് സ്വകാര്യ കമ്പനി സംസ്ഥാനത്ത് 108 ആംബുലൻസ് പ്രവർത്തനം നടത്തുന്നത്. പുതിയ ടെൻഡർ നടപടികൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആരംഭിച്ചെങ്കിലും ഇതും മന്ദഗതിയിലാണ്.

Read More : 'ബൈപാസ് ശസ്ത്രക്രിയ ഒഴിവാക്കി ഓർബിറ്റല്‍ അതരക്ടമി'; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നൂതന ഹൃദ്രോഗ ചികിത്സ വിജയം
 

click me!