അഗ്നിരക്ഷാ സേന എത്തുന്നതുവരെ എസ്.ഐ കാത്തുനിന്നില്ല. ജയേഷ് കിണറ്റിലേക്ക് ഇറങ്ങി. മുങ്ങിത്താഴ്ന്ന് അവശനിലയിലായ വയോധികയെ വെളളത്തിൽ നിന്ന് ഉയർത്തി താങ്ങി നിർത്തി.
കൊല്ലം: കൊല്ലം പുത്തൂരിൽ കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകനായി പൊലീസ് ഉദ്യോഗസ്‌ഥൻ. പുത്തൂർ സ്റ്റേഷനിലെ എസ്.ഐ ടി. ജെ ജയേഷാണ് അതിസാഹസികമായി രാധമ്മയെ രക്ഷപ്പെടുത്തിയത്. പുത്തൂർ വെണ്ടാറിൽ കാടുമൂടി ഉപയോഗ ശൂന്യമായി കിടന്ന കിണറ്റിലാണ് 74 കാരിയായ രാധമ്മ വീണത്. രാധമ്മയുടെ വീടിനോട് ചേർന്നാണ് കിണർ. വിവരമറിഞ്ഞ് പുത്തൂർ സ്റ്റേഷനിലെ എസ്.ഐ ജയേഷും സംഘവും സ്ഥലത്ത് പാഞ്ഞെത്തി.
അഗ്നിരക്ഷാ സേന എത്തുന്നതുവരെ എസ്.ഐ കാത്തുനിന്നില്ല. ജയേഷ് കിണറ്റിലേക്ക് ഇറങ്ങി. മുങ്ങിത്താഴ്ന്ന് അവശനിലയിലായ വയോധികയെ വെളളത്തിൽ നിന്ന് ഉയർത്തി താങ്ങി നിർത്തി. പിന്നാലെ അഗ്നിരക്ഷാ സേന എത്തി. നാട്ടുകാരുടെ കൂടി സഹായത്തോടെ രാധമ്മയെ കരക്കെത്തിച്ചു. സ്വന്തം ജീവൻ പോലും വകവെക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ എസ്.ഐയ്ക്ക് അഭിനന്ദന പ്രവാഹമാണ്. പതിനൊന്ന് വർഷം ജയേഷ് അഗ്നിരക്ഷാസേനയിൽ ജോലി ചെയ്‌തിരുന്നു. ആ പാഠങ്ങളാണ് വയോധികയുടെ ജീവൻ രക്ഷിക്കാൻ കരുത്തായത്.