'ലൈസൻസില്ല, ഹെൽത്ത് കാർഡും, വെള്ളത്തിൽ കോളിഫോം', പൈനാവിലെ ബുഹാരി ഹോട്ടൽ, എൻജിനിയറിംഗ് കോളേജ് ക്യാൻറീൻ അടച്ചു

By Web Team  |  First Published Oct 28, 2024, 2:09 PM IST

ഏഴ് ദിവസത്തിനകം ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്


ഇടുക്കി: വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും ആരോഗ്യ വിഭാഗം അടച്ചു പൂട്ടി. പൈനാവില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനുമാണ് ആരോഗ്യ വകുപ്പധികൃതര്‍ അടച്ചു പൂട്ടിയത്. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി  കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ കണ്ടെത്തി. 

ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും  ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിന്റെ കാന്റീനില്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. കാന്റീന് ലൈസന്‍സുമില്ല.  വൃത്തിഹീനമായാണ് അടുക്കള പ്രവര്‍ത്തിച്ചത്. കുടിവെള്ളം പരിശോധിച്ചതിന്റെ രേഖകളില്ല. മയോണൈസില്‍ പച്ചമുട്ട ചേര്‍ത്തതായും കണ്ടെത്തി. തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടി. നാസറിന്റെ ഭാര്യ ജവന്‍സിയുടെ പേരിലാണ് ബുഹാരി ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് ദിവസത്തിനകം ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇരുവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദമാക്കിയിരിക്കുന്നത്.

Latest Videos

സമാനമായ മറ്റൊരു സംഭവത്തിൽ ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!