നവംബർ മാസം കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും യമഹ കമ്പനിയുടെ ബൈക്കുകൾ മാത്രം മോഷണം പോയിരുന്നു. എസ്പിയുടെ മേൽനോട്ടത്തിലെ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്ന ബൈക്ക് മോഷണ കേസുകളിൽ മൂന്നുപേർ പിടിയിൽ. മേത്തല ചിത്തിര വളവ് കോന്നത്ത് വീട്ടിൽ യമഹ ടുട്ടു എന്ന സുമേജ്, കണ്ടംകുളം കനാൽ കോളനി കോന്നംപറമ്പിൽ അച്ചൂട്ടി എന്ന അഭിനവ്, അഴീക്കോട് തയ്യിൽ കുഞ്ഞൻ എന്ന വിജിൽ എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ രാജുവിൻ്റ മേൽ നോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുണും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നവംബർ മാസം കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും യമഹ കമ്പനിയുടെ ബൈക്കുകൾ മാത്രം മോഷണം പോയിരുന്നു. കുന്നംകുളം നവകൈരളി ക്ലബ്ബിന് സമീപം താമസിക്കുന്ന ഇൻഷാദ്, കടുക്കച്ചുവട്ടിൽ താമസിക്കുന്ന സിവിൻ, പടന്ന സ്വദേശി മുനീർ എന്നിവരുടെ യമഹ മോട്ടോർ ബൈക്കുകളാണ് വീടുകളിൽ നിന്നും മോഷണം പോയിരുന്നത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാന സ്വഭാവമുള്ള കേസുകളിലുൾപ്പെട്ട രണ്ട് പേരെ പറവൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ മാള, ഞാറയ്ക്കൽ, ആലുവ വെസ്റ്റ്, നോർത്ത് പറവൂർ എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇവർ ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു.
എസ്.ഐമാരായ കെ സാലിം, കെ.ജി സജിൽ, ഗ്രേഡ് എ.എസ്.ഐ. പി.ജി ഗോപകുമാർ, ഗ്രേഡ് എസ്.സി.പി.ഒ ഗിരീഷ്, സി.പി.ഒമാരായ ഷമീർ, വിഷ്ണു. അഖിൽരാജ്, അഖിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം