തിരുവനന്തപുരത്ത് എക്സൈസിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മാരക രാസലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ കുടപ്പനകുന്ന് സ്വദേശി സിദ്ധാർത്ഥ് അറസ്റ്റിലായി. ഇയാൾ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തി വരികയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസിന്‍റെ വൻ രാസലഹരി വേട്ട. ശ്രീകാര്യം പാങ്ങപ്പാറയിൽ 24 ഗ്രാം എംഡിഎംഎ, 90 എണ്ണം എൽഎസ്‍ഡി സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. കുടപ്പനകുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ധാർത്ഥ് (27) ആണ് മാരക ലഹരിവസ്തുക്കളുമായി പിടിയിലായത്.
പാങ്ങപ്പാറയിൽ വീട് വാടകയ്ക്ക് എടുത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് ലഹരി മരുന്നുകൾ കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ പി ലോറൻസ്, രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്‍റോ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം