'കുട്ടികൾ കളിക്കട്ടെ' എന്ന പദ്ധതിയിലൂടെ കളിസ്ഥലങ്ങൾ നവീകരിക്കാനും, ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ എടുക്കാനും തീരുമാനിച്ചു
കോഴിക്കോട്: ലഹരിക്കെതിരെ ക്യാംപെയിനുമായി കോഴിക്കോട് കോർപ്പറേഷൻ ബജറ്റ്. കുട്ടികൾ കളിക്കട്ടെ പദ്ധതിയാണ് പ്രധാനമായും തുടങ്ങുക. കോർപറേഷന് കീഴിലുള്ള എല്ലാ കളിസ്ഥലങ്ങളും നവീകരിക്കാനും എല്ലാ കളിസ്ഥലങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. എല്ലാ വാർഡുകളിലും എൻഫോഴ്സ്മെന്‍റ് കമ്മറ്റികൾ രൂപീകരിക്കും. ബീച്ച് ആശുപത്രിയിൽ പുനരധിവാസ കേന്ദ്രം തുടങ്ങും. ലഹരിക്കടിമയായവരെ കിടത്തി ചികിത്സിക്കാൻ സൗകര്യം ഒരുക്കാനും കോർപറേഷൻ തീരുമാനിച്ചു. യോഗ, ആയോധന കലകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വാർഡ് തലത്തിൽ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന വാർത്ത ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു എന്നതാണ്. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബിബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലിസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഇവയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനമാണ് പൊലീസിന്‍റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങള്‍ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ പുതിയ സേനാംഗങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളാണ് പാസിംഗ് ഔട്ട് ചടങ്ങിലൂടെ കര്‍മ്മപഥത്തിലേക്ക് എത്തിയത്. ബിബിന്‍ ജോണ്‍ ബാബുജി നയിച്ച പരേഡിന്‍റെ സെക്കര്‍ഡ് ഇന്‍ കമാന്‍ഡ് വര്‍ഷാ മധുവായിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം