'സാമ്പത്തിക വർഷാവസാനം കേസെടുക്കാനാകില്ല'; വിചിത്ര വാദവുമായി പൊലീസ്, പരാതിയുമായി സ്റ്റേഷൻ കയറിയിറങ്ങി വയോധിക

80 പവൻ സ്വർണ്ണം കൈക്കലാക്കിയ ബന്ധുവിനെതിരെ കേസ് എടുക്കണമെന്നാവശ്യത്തിൽ മൂന്ന് മാസമായി പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് വാഴമുട്ടം സ്വദേശി റോസമ്മ ദേവസ്യ.


പത്തനംതിട്ട: സ്വർണ്ണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ വയോധികയോട് വിചിത്ര വാദവുമായി പത്തനംതിട്ട പൊലീസ്. സാമ്പത്തിക വർഷാവസാനം കേസ് എടുക്കാനാകില്ലെന്ന് സിഐ അറിയിച്ചെന്നാണ് പൊലീസ് അറിയിച്ചുവെന്നാണ് വയോധിക പറയുന്നത്. 80 പവൻ സ്വർണ്ണം കൈക്കലാക്കിയ ബന്ധുവിനെതിരെ കേസ് എടുക്കണമെന്നാവശ്യത്തിൽ മൂന്ന് മാസമായി പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് വാഴമുട്ടം സ്വദേശി റോസമ്മ ദേവസ്യ.

73 കാരി റോസമ്മ ദേവസ്യ. മൂന്ന് മാസമായി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി കയറി ഇറങ്ങുന്നു. വിദേശത്തുള്ള മകളുടെ അടുത്തേക്ക് പോയസമയം, അടുത്ത ബന്ധുവിന്‍റെ പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ച 80 പവൻ സ്വർണ്ണം അവരുടെ മകൾ കൈക്കലാക്കി. കേസ് എടുക്കണമെന്നാണ് ആവശ്യം. എന്നാൽ പലവട്ടം അനുനയചർച്ച പൊലീസുകാർ നടത്തി. പ്രതിയെന്ന് ആരോപിക്കപ്പെടുന്നവർക്ക് തീയതി നീട്ടി നൽകിയെന്ന് റോസമ്മ ആരോപിക്കുന്നു. ഏറ്റവുമൊടുവിൽ മാർച്ച് 28 ന് സ്വർണ്ണം തിരികെ നൽകുമെന്നയായിരുന്നു പൊലീസ് ഉണ്ടാക്കിയ ധാരണ. ആ സമയപരിധിയും കഴിഞ്ഞതോടെ കേസ് എടുക്കണമെന്ന ആവശ്യത്തിൽ വീണ്ടും സ്റ്റേഷനിലെത്തി. 

Latest Videos

എന്നാല്‍, മാസവസാനമായത് കൊണ്ട് കേസെടുക്കാൻ പറ്റത്തില്ലാന്നാണ് പൊലീസ് നല്‍കിയ മറുപടിയെന്ന് റോസമ്മ പറയുന്നു. പൊലീസുകാർ ആരോപണ വിധേയർക്ക് കുടപിടിക്കുകയാണെന്നും റോസമ്മ ആരോപിച്ചു. എന്നാൽ റോസമ്മയുടെ ആരോപണം പൊലീസ് തള്ളി. അടുത്ത ബന്ധുക്കൾ തമ്മിലെ തർക്കത്തിൽ ഇരുകൂട്ടരുമായി സംസാരിച്ച് തീയതി നീട്ടി നൽകിയതാണ്. ആരോപണവിധേയരെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്നും ഉടൻ കേസ് എടുക്കുമെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം.

click me!