ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; തൊഴിൽ പീഡനമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്

സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കള്‍.

Kerala employee made to crawl like dog Labor Officer report finds it not to be labor harassment

കൊച്ചി: നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ തൊഴില്‍ പീഡനമല്ലെന്ന് കണ്ടെത്തിയതായി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ അവ്യക്തത ഉണ്ടെന്നും വ്യക്തിവൈരാഗ്യമെന്നടക്കം വിവരമുണ്ടെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു. സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കള്‍. എന്നാല്‍ സമ്മര്‍ദം കൊണ്ടാണ് യുവാക്കള്‍ മൊഴി മാറ്റി പറയുന്നതെന്നും സ്ഥാപന ഉടമയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുന്‍ ജീവനക്കാരന്‍ മനാഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കേരളത്തെ നടുക്കിയ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴില്‍ പീഡന ആരോപണം പാടെ നിഷേധിക്കുകയാണ്. പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മനാഫ് മറ്റൊരു സാഹചര്യത്തില്‍ എടുത്ത ദൃശ്യങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്മെന്‍റ് പരിപാടി എന്ന പേരില്‍ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോള്‍ പുറത്തു വന്നത് സ്ഥാപനത്തെ തകര്‍ക്കാനെന്നും ഇരുവരും പറയുന്നു. 

Latest Videos

തിരിച്ചും മറിച്ചും ചോദിച്ചിട്ടും ദൃശ്യങ്ങളിലുള്ള യുവാക്കള്‍ പരാതി പറയാന്‍ തയാറാകാതെ വന്നതോടെയാണ് തൊഴില്‍ പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറിയത്. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ നടപടി വേണമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ ആവശ്യം. എന്നാല്‍ സ്ഥാപനത്തിന്‍റെ ഉടമയായ ഉബൈല്‍ യുവാക്കളെ സമ്മര്‍ദത്തിലാക്കി മൊഴി മാറ്റിച്ചുവെന്നാണ് മുന്‍ ജീവനക്കാരന്‍ മനാഫിന്‍റെ മറുപടി. തൊഴില്‍ പീഡനത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പക്കലുണ്ടെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാനനഷ്ട കേസ് കൊടുക്കുമെന്നും മനാഫ് പറയുന്നു. തൊഴില്‍ പീഡന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഡയറക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് തൊഴില്‍ വകുപ്പ്.

vuukle one pixel image
click me!