എ എസ് ഐ സലീമിന്‍റെ കാർഡ് മറ്റൊരു സ്വകാര്യ വ്യക്തി ദുരുപയോഗിച്ചെന്നാണ് കണ്ടെത്തിയത്. പൊലീസുദ്യോഗസ്ഥർക്കും കുടുംബത്തിനും മാത്രമാണ് പൊലീസ് കാന്‍റീനിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ കഴിയുക എന്നിരിക്കെയാണ് ഇത്
പെരുമ്പാവൂർ: പൊലീസ് കാന്‍റീൻ ദുരുപയോഗിച്ചുവെന്ന അന്വേഷണത്തിൽ എറണാകുളം പെരുമ്പാവൂരിൽ എ എസ് ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. എ എസ് ഐ സലീമിനെതിരെയാണ് അന്വേഷണം. എ എസ് ഐ സലീമിന്‍റെ കാർഡ് മറ്റൊരു സ്വകാര്യ വ്യക്തി ദുരുപയോഗിച്ചെന്നാണ് കണ്ടെത്തിയത്. പൊലീസുദ്യോഗസ്ഥർക്കും കുടുംബത്തിനും മാത്രമാണ് പൊലീസ് കാന്‍റീനിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ കഴിയുക എന്നിരിക്കെയാണ് ഇത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് ഇന്ന് വൈകുന്നേരം റിപ്പോർട്ട് നൽകും.
മറ്റൊരു സംഭവത്തിൽ എ എസ് പിയുടെ ഒഫീഷ്യൽ മെയിൽ ഐഡിയും സീലും ദുരുപയോഗം ചെയ്ത പൊലീസുകാരനെതിരെ നടപടിയെടുത്തു. എറണാകുളം പെരുന്പാവൂർ ഡി വൈ എസ് പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ വി എസ് ഷർനാസിനെതിരെയാണ് നടപടി. ഇയാളെ സസ്പെൻഡ് ചെയ്തു. എ എസ് പിയുടെ മെയിലിൽ നിന്ന് പശ്ചിമ ബംഗാളിലെ നരേന്ദ്ര പൂർ പൊലീസ് സ്റ്റേഷനിലേക്ക് മെയിൽ അയച്ചെന്ന് കണ്ടെത്തിയതിനേ തുടർന്നാണ് നടപടി.
സ്വകാര്യ ആവശ്യത്തിനായി ആയിരുന്നു ഈ മെയിൽ ഉപയോഗിച്ചത്. എറണാകുളം റൂറൽ എ എസ് പിയുടെ ഓഫീസിലായിരുന്നു കുറച്ചുദിവസത്തേക്ക് ഷർനാസിന് ഡ്യൂട്ടി. ഈ സമയത്താണ് എ എസ് പിയുടെ മെയിൽ ദുരുപയോഗം ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് സസ്പെൻഷൻ നടപടി. എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേനയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം