
കൊളംബോ: 1996 ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ലങ്കന്‍ ക്രിക്കറ്റ് താരങ്ങളുമായി ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലങ്കന്‍ ഇതിഹാസങ്ങളായ സനത് ജയസൂര്യ, ചാമിന്ദ വാസ്, അരവിന്ദ ഡി സില്‍വ, മാര്‍വന്‍ അട്ടപ്പട്ടു, രവീന്ദ്ര പുഷ്‌പകുമാര, ഉപുല്‍ ചന്ദന, കുമാര്‍ ധര്‍മ്മസേന, റൊമേഷ് കലുവിതരണ എന്നിവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സമയം ചിലവിട്ടു. കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ഒരു പ്രത്യേക ആവശ്യം ലങ്കന്‍ മുന്‍ താരങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു.
ഊഷ്‌മളമായ കൂടിക്കാഴ്ചയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലങ്കന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളും തമ്മില്‍ കൊളംബോയില്‍ നടന്നത്. ജാഫ്ന അടക്കമുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പണിയാന്‍ ഇന്ത്യ പിന്തുണയ്ക്കണമെന്ന് ശ്രീലങ്കന്‍ മുന്‍ താരങ്ങള്‍ മോദിയോട് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് താരങ്ങള്‍ നന്ദി അറിയിച്ചു. അയല്‍ബന്ധമാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന്, അടുത്തിടെ ഭൂകമ്പം പിടിച്ചുലച്ച മ്യാന്‍മാറിനടക്കം ഇന്ത്യ ചെയ്ത സഹായങ്ങള്‍ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി മറുപടി നല്‍കി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1983 ഏകദിന ലോകകപ്പും ലങ്ക 1996 ലോകകപ്പും സ്വന്തമാക്കിയത് ആഗോള ക്രിക്കറ്റിനെ മാറ്റിമറിച്ചതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാണിച്ചു. 1996 ലോകകപ്പിലെ ആക്രമണോത്സുക ശൈലിയിലുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗാണ് ടി20 ഫോര്‍മാറ്റിന് പ്രചോദനമായത് എന്ന് മോദി നിരീക്ഷിച്ചു. ബോംബ് സ്ഫോടനത്തിനിടയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1996ല്‍ ലങ്കയിലെത്തിയത് ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധത്തെയും സ്പോര്‍ട്‌സ്മാന്‍ഷിപ്പിനെയും ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഉടന്‍ തന്നെ താന്‍ ശ്രീലങ്ക സന്ദര്‍ശിച്ചതും ലങ്കയോടുള്ള ഇന്ത്യയുടെ സമീപനത്തിന് തെളിവാണെന്നും മോദി പറഞ്ഞു.
1996 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ ലാഹോറില്‍ വച്ച് ഓസ്ട്രേലിയയെ തകര്‍ത്താണ് ശ്രീലങ്ക കപ്പുയര്‍ത്തിയത്. 22 പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റിനായിരുന്നു ലങ്കന്‍ കിരീടധാരണം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ 241-7 എന്ന സ്കോറിലൊതുങ്ങി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ സെഞ്ചുറി നേടിയ അരവിന്ദ ഡി സില്‍വ (124 പന്തില്‍ 107*), അര്‍ധസെഞ്ചുറിക്കാരന്‍ അസങ്ക ഗുരുസിന്‍ഹ (99 പന്തില്‍ 65), ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ (37 പന്തില്‍ 47*) എന്നിവരുടെ കരുത്തില്‍ ലങ്ക 46.2 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക ജയത്തിലെത്തുകയായിരുന്നു. സെഞ്ചുറിയും മൂന്ന് വിക്കറ്റുമായി അരവിന്ദ ഡി സില്‍വയായിരുന്നു ഫൈനലിലെ താരം.
Read more: ദൈവത്തിന്റെ പോരാളികളുടെ രക്ഷകൻ, അയാളുണ്ടായിരുന്നെങ്കില്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!