മിഥുന്‍ മോഹന്‍ എന്ന യുവ ചിത്രകാരന്‍റെ ഓർമ്മയ്ക്കായി ഒരു സംഘം സുഹൃത്തുക്കളാണ് ഡോൺ ക്വിക്സോട്ടിനെ പാലക്കാടന്‍ മണ്ണിലേക്ക് ഇറക്കുന്നത്.
പാലക്കാട്: ഗവൺമെന്‍റ് വിക്ടോറിയ കോളേജിൽ മാർച്ച് 29, 30 തീയതികളിൽ ഡോൺ ക്വിക്സോട്ട് ഇറങ്ങുകയാണ്. പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മിഗ്വെൽ ഡി സെർവാന്‍റസിന്‍റെ ഡോണ്‍ക്വിക്സോട്ട്. മധ്യയുഗത്തിലെ കഥാ സന്ദർഭത്തെ കേരളീയ പശ്ചാത്തലത്തില്‍ നാടകവത്ക്കരിക്കുകയാണ് ഒരു സംഘം സുഹൃത്തുക്കൾ. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച 2023 ജൂണ്‍ നാലിന് മിഥുന്‍ മോഹന്‍ എന്ന യുവ ചിത്രകാരന്‍റെ ഓർമ്മയ്ക്കായി ഒരു സംഘം സുഹൃത്തുക്കളാണ് ഡോൺ ക്വിക്സോട്ടിനെ പാലക്കാടന്‍ മണ്ണിലേക്ക് ഇറക്കുന്നത്.
ഓഡിയോ വിഷ്വൽ പെർഫോമൻസ് ആക്കാന്‍ മിഥുന്‍ പദ്ധതിയിട്ടിരുന്ന അദ്ദേഹത്തിന്‍റെ ഇഷ്ട നോവലായ ഡോണ്‍ക്വിക്സോട്ടിന്‍റെ സ്വതന്ത്ര നാടകാവിഷ്കാരമായി 'നന്മയിൽ ജോണ്‍ കിയോത്തെ' എന്ന നാടകം അലിയാർ അലിയാണ് സംവിധാനം ചെയ്യുന്നത്. യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കുമിടയ്ക്ക് മധ്യകാലത്തെ യൂറോപ്യന്‍ ഗ്രാമങ്ങളിലെ കാറ്റാടി യന്ത്രങ്ങളോട് യുദ്ധം ചെയുന്ന ക്വിക്സോട്ടിന് ഒരു ഭ്രാന്തൻ പരിവേഷമാണ് ലോകം കല്പിച്ചു നൽകിയത്.
ജീവിതം വളരെ സാധാരണമായ രീതിയില്‍ ജീവിച്ച് തീർക്കുന്നതാണ് ഭ്രാന്തെന്ന് 'നന്മയിൽ ജോണ്‍ ക്വിഹോത്തെ' തിരിച്ചറിയുന്നു. മധ്യകാല യൂറോപ്പില്‍ നിന്നും വരണ്ട തമിഴ്നാടന്‍ കാറ്റടിക്കുന്ന 21 -ാം നൂറ്റാണ്ടിലെ പാലക്കാടന്‍ മണ്ണിലേക്കെത്തുമ്പോൾ ഡോൺ കിക്സോട്ടില്‍ നിന്നും നന്മയിൽ ജോണ്‍ ക്വിഹോത്തെയിലേക്കുള്ള മാറ്റം വ്യക്തമാണ്. ഇതിനിടെ കേരളീയമായ മിത്തുകളും വടക്കൻ പാട്ടുകളും ആയോധനകലകളും 'തട്ടിൽ' കയറുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചു പോകാതിരിക്കാനാണ് ഒറ്റയ്ക്ക് ഒരു പടയാവുന്നതെന്ന മിഥുന്‍റെ ചിന്തകളെ ഒപ്പം നിര്‍ത്തി ആ ഓർമ്മകളില്‍ സുഹൃത്തുക്കളൊരുമിച്ച് സ്നേഹത്തിന്‍റെ മറ്റൊരു പടതീര്‍ക്കുകയാണ് 'നന്മയിൽ ജോണ്‍ ക്വിഹോത്തെ'യിലൂടെ.
സ്പോർട്ടീവ് തിയേറ്റർ സ്പേസ് പാലക്കാട്, മിന്നദം പികെഡി, വിപിഎസ് കളരി പൊന്നാനി എന്നിവര്‍ ചേർന്ന് അവതരിപ്പിക്കുന്ന 'നന്മയിൽ ജോണ്‍ ക്വിഹോത്തെ'യില്‍ സജി തുളസിദാസ്, ദാസൻ കോങ്ങാട്, കണ്ണനുണ്ണി, ഫിദ, ബിനി, സന്ദീപ്, ഷൈജു ആശാൻ, സത്യൻ കോട്ടായി, ആദിത്യൻ, അഷിൻ ബാബു, സിദ്ധാർത്ഥ്, രിദിൻ, സ്വാതി മോഹനൻ എന്നിവരാണ് അഭിനേതാക്കൾ. സ്റ്റാനു സ്റ്റാലിൻ (കോസ്റ്റ്യൂം ഡിസൈനർ), ഷാൻ്റോ ആൻ്റണി (സെറ്റ് ഡിസൈൻ), പ്രേമൻ ലാലൂർ (കോസ്റ്റ്യൂമർ), അർജുൻ എസ്, ഗോവിന്ദ് (സെറ്റ് എക്സിക്യൂഷൻ), അലക്സ് സണ്ണി (ലൈറ്റ് ഡിസൈൻ), സനീഷ് കെ.ഡി (സൗണ്ട് എക്സിക്യൂഷൻ), നാടകമ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് 9961885580 എന്ന വാട്സാപ്പ് നമ്പറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം