50 ഏക്കറോളം വരുന്ന പ്രദേശത്ത് മുപ്പതിലധികം കെട്ടിടങ്ങളുള്ള ഹിൽ പാലസ് മ്യൂസിയത്തിന്റെ പരിപാലനം നിലവിൽ പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും സംയുക്തമായാണ് നിർവ്വഹിച്ചുവരുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തി. ഹിൽ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്.
തൃപ്പൂണിത്തുറ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി രണ്ട് യൂണിറ്റ് ബയോഡൈജസ്റ്ററുകളും, ഒരു മിനി എം.സി.എഫും (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നാല് ബോട്ടിൽ ബൂത്തുകളും ഹിൽ പാലസിൽ അനുവദിച്ചിട്ടുണ്ട്. കൂടാതെ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീസ് നൽകിക്കൊണ്ട് കൈമാറുന്നതിനുള്ള സംവിധാനവും ഹിൽ പാലസ് ക്യാമ്പസിൽ നഗരസഭ ഒരുക്കിയിട്ടുണ്ട്.
50 ഏക്കറോളം വരുന്ന പ്രദേശത്ത് മുപ്പതിലധികം കെട്ടിടങ്ങളുള്ള ഹിൽ പാലസ് മ്യൂസിയത്തിന്റെയും ക്യാമ്പസിന്റെയും പരിപാലനം നിലവിൽ പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും സംയുക്തമായാണ് നിർവ്വഹിച്ചുവരുന്നത്. ക്യാമ്പസിന്റെ ശുചീകരണം, പരിപാലനം, സൗന്ദര്യവൽക്കരണം എന്നിവയ്ക്കായി 34 തൊഴിലാളികളെ പഠനകേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഇവരുടെ വേതനം ഉൾപ്പെടെ ക്യാമ്പസ് പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കും സന്ദർശകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രതിവർഷം 70 ലക്ഷത്തിലധികം രൂപ പൈതൃക പഠനകേന്ദ്രം വഹിക്കുന്നുണ്ട്.
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഓഫീസുകളിലെ ഇ-വേസ്റ്റുകൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നുണ്ട്. ഇ വേസ്റ്റുകൾ തരം തിരിക്കുന്ന പ്രവൃത്തിക്കും മറ്റുമായി 6,000 രൂപ പഠനകേന്ദ്രം ചെലവഴിച്ചു. സ്ത്രീകളുടെ ടോയ്‌ലറ്റുകളിൽ സാനിറ്ററി നാപ്കിനുകളുടെ സംസ്കരണത്തിനായി ഒരുലക്ഷം രൂപ ചെലവിൽ രണ്ട് യൂണിറ്റ് ഇൻസിനറേറ്ററുകൾ സ്ഥാപിച്ചു. കൂടാതെ ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനായി എട്ട് സെറ്റ് ട്രൈകളർ ബിന്നുകൾ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സന്ദർശകർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി മലയാളത്തിലും ഇംഗ്ലീഷിലുമായി അഞ്ച് നിർദ്ദേശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മാസ് ക്ലീനിങ് ഡ്രൈവുകളും സംഘടിപ്പിച്ചിട്ടുണ്ട്.