പോക്സോ കേസെടുത്തതോടെ മുങ്ങിയ കോട്ടയം സ്വദേശിയെ മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശ് - ഹരിയാന അതിർത്തിയിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നാണ് പിടികൂടിയത്.
കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ. കോട്ടയം മണിമല സ്വദേശി കാളിദാസ് എസ് കുമാറിനെയാണ് തിരുവല്ല പൊലീസ് ഉത്തർപ്രദേശിലെത്തി പിടികൂടിയത്. ആറ് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്.
ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് ഒന്നര വർഷക്കാലത്തോളം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാർ സ്വകാര്യ കൗൺസിലിംഗ് കേന്ദ്രത്തിൽ എത്തിച്ചു. അങ്ങനെയാണ് പീഡന വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടർന്ന് സിഡബ്ല്യുസിയെ വിവരം അറിയിച്ചു.
പോക്സോ കേസെടുത്തതോടെ പ്രതി കാളിദാസ് മുങ്ങി. മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശ് - ഹരിയാന അതിർത്തിയിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നാണ് പിടികൂടിയത്. സിം കാർഡുകൾ മാറിമാറി ഉപയോഗിച്ചു വന്നിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം