മാറാത്ത വയറുവേദന, 40 വയസുകാരി ആശുപത്രിയിലെത്തി; ഗര്‍ഭപാത്രത്തിലെ 4.5 കിലോ വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു

By Web Team  |  First Published Apr 1, 2024, 2:30 PM IST

സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.


കോട്ടയം: കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനേയും  മന്ത്രി വീണാ അഭിനന്ദിച്ചു.

വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നിലകൂടി വിലയിരുത്തിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം രോഗി സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സങ്കീര്‍ണ ശസ്ത്രക്രിയ പാലാ ജനറല്‍ ആശുപത്രിയെ സംബന്ധിച്ച് നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

Latest Videos

undefined

ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്തരം സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്താനാകുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് ടി.പി.യുടെ ഏകോപനത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ആശാറാണി, ഡോ. തോമസ് കുര്യാക്കോസ്, ഡോ. സന്ദീപ എന്നിവരും അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. രമ്യ, സ്റ്റാഫ് നഴ്സ് സീന എന്നിവരും അടങ്ങിയ ടീമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

Read More : നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്‍റെ വീട്ടിലെത്തി മന്ത്രി വീണ ജോർജ്

click me!