കൊലക്ക് കാരണം കടക്ക് മുന്നിൽ കൂടോത്രം ചെയ്തതിലുള്ള വൈരാഗ്യം; അപകടം ആസൂത്രിത ഗൂഢാലോചന, പ്രതികൾ അറസ്റ്റിൽ

By Web Team  |  First Published Dec 4, 2024, 2:32 PM IST

വയനാട് ചുണ്ടേലിൽ ഥാര്‍ ജീപ്പ് ഇടിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന. കടയ്ക്കു മുൻപിൽ കൂടോത്രം നടത്തിയതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ്.


കല്‍പ്പറ്റ: വയനാട് ചുണ്ടേലിൽ ഥാര്‍ ജീപ്പ് ഇടിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സഹോദരങ്ങളായ പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഥാര്‍ ജീപ്പ് ഓടിച്ചിരുന്നത് സുമിൽഷാദ് ആയിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും വ്യക്തിവിരോധമാണ് കൊലപാതകത്തിന്‍റെ കാരണമെന്നും വൈത്തിരി സിഐ ബിജു രാജ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്.

അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലായിരുന്നു പ്രതികള്‍ ഗൂഢാലോചന നടത്തിയത്. എന്നാൽ, അന്വേഷണത്തിൽ നടന്നത് അപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും തെളിഞ്ഞതായി പൊലീസ് പറഞ്ഞു.ഓട്ടോ ഓടിച്ചിരുന്ന നവാസും ജീപ്പ് ഓടിച്ചിരുന്ന സുമിൽ ഷാദും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. കടയ്ക്കു മുൻപിൽ കൂടോത്രം നടത്തിയതുമായി ബന്ധപ്പെട്ട വൈരാഗ്യം ഇവർക്കിടയിൽ നിലനിന്നിരുന്നു. ഈ വൈരാഗ്യം മനസിൽ വെച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപാതകം നടത്തിയത്

Latest Videos

തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്.  ഓട്ടോ ഓടിച്ചിരുന്ന നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി സുമിൽ ഷാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമിൽ ഷാദ് ഥാര്‍ ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.


ഓട്ടോറിക്ഷയിൽ നവാസ് കയറി പോകുന്ന കാര്യം അജിൻഷാദ് സഹോദരനായ സുമിൽഷാദിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് റോഡരികിൽ വാഹനത്തിൽ കാത്തിരിക്കുകയായിരുന്ന സുമിൻഷാദ് അമിത വേഗത്തിലെത്തി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരുടെയും മൊഴിയെടുയം സിസിടിവി അടക്കമുള്ള മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അപകടം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായതെന്ന് വൈത്തിരി സിഐ ബിജു രാജ് പറഞ്ഞു.

കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്

undefined

 

click me!