എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

By Web Team  |  First Published Dec 4, 2024, 12:39 PM IST

രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും തകർന്നു.


ചടയമംഗലം: എം.സി റോഡിൽ ചടയമംഗലത്ത് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം നിലമേൽ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. 

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു സംഭവം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും വിപരീത ദിശയിൽ ചടയമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. 

Latest Videos

അപകട സമയം രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. തകർന്ന കാറിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഇവരെ നാട്ടുകാർ പുറത്തെടുത്തത്. രണ്ട് പേരെയും ഉടൻ തന്നെ ഗുരുതരാവസ്ഥയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ ഇപ്പോൾ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!